പുതിയ പാട്ടിന്റെ ആഘോഷം അടങ്ങും മുന്പ് വെടിയേറ്റു വീണു; സ്വീഡിഷ് ഗായകന് ദാരുണാന്ത്യം
Mail This Article
സ്വീഡിഷ് റാപ്പർ നിൽസ് എറിക് എയ്നർ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. താമസിച്ചിരുന്ന അപ്പാർട്ട്മെന്റിനു പുറത്തു വച്ച് വ്യാഴാഴച രാത്രി പതിനൊന്നോടെയാണു സംഭവം. പത്തൊൻപതുകാരനായ എയ്നറിനു നേരെ അജ്ഞാതൻ തുടരെ തുടരെ നിറയൊഴിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഘം ചേർന്നുള്ള ആക്രമാണമായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.
എയ്നറിന്റെ മരണവാർത്ത കേട്ട് നടുങ്ങിയിരിക്കുകയാണ് സ്വീഡനിലെ സംഗീതരംഗം. ഈ മാസം 15നാണ് ഗായകൻ പുതിയ സംഗീത ആൽബം റിലീസ് ചെയ്തത്. പാട്ടിന്റെ വിജയാഘോഷങ്ങൾ കെട്ടടങ്ങുന്നതിനു മുന്‍പേയാണ് എയ്നറിന്റെ അപ്രതീക്ഷിത വിയോഗം.
പതിനാറാം വയസ്സിൽ പുറത്തിറക്കിയ സംഗീത ആൽബത്തിലൂടെയാണ് നിൽസ് എറിക് എയ്നർ ശ്രദ്ധേയനായത്. ചെറുപ്രായത്തിൽ തന്നെ ദശലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ അദ്ദേഹം, മികച്ച ഗായകനായി നിരവധി പുരസ്കാര വേദികളിൽ തിളങ്ങി. ഗായകന്റെ സ്വതന്ത്ര്യ സംഗീത ആൽബവും അംഗീകാരങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്.