ജ്യോത്സ്ന പാടി, ദീപ്തി നൃത്തമാടി; ഒരു മുത്തശ്ശിക്കഥപോലെ 'മായിക'!
Mail This Article
വിഷുവിന് ഒരു ഡാന്‍സ്-മ്യൂസിക് വിഡിയോ ചെയ്യണമെന്ന ആലോചന മനസ്സില്‍ വന്നപ്പോള്‍ തന്നെ അടുത്ത കൂട്ടുകാരിയും നര്‍ത്തകിയുമായ ദീപ്തിയെ നായികയായി തീരുമാനിച്ചതാണ് ജ്യോത്സ്‌ന. വിഷു എന്ന അതിര്‍ത്തി മാറി, ഏത് കാലത്തും കേട്ടാസ്വദിക്കാന്‍ കഴിയുന്ന വിഡിയോയിലേക്ക് അത് വളര്‍ന്നപ്പോഴും ദീപ്തിക്ക് ഇളക്കമുണ്ടായില്ല. നാലഞ്ച് മാസമായി മനസ്സിലിട്ട് വളര്‍ത്തിയ ആ സ്വപ്‌നം 'മായിക'യുടെ രൂപത്തില്‍ യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് ജോയും ദീയും. ഒരു ദിവസം കൊണ്ട് വിഡിയോ ഒരു ലക്ഷം വ്യൂസ് പിന്നിട്ട് ഇപ്പോള്‍ മൂന്ന് ലക്ഷത്തിലെത്തി നില്‍ക്കുന്നതിന്റെ സന്തോഷം കൂടിയായപ്പോള്‍ സംതൃപ്തിയുടെ കൊടുമുടി കയറിയ അവസ്ഥ! ഏറ്റവും പുതിയ ഒറിജിനല്‍ മ്യൂസിക് വിഡിയോ ആല്‍ബം 'മായിക'യും പാട്ടും വിഡിയോയും ആ കോമ്പിനേഷനും ഹിറ്റായതിന്റെ ത്രില്ലിലാണ് ഗായിക ജ്യോത്സ്‌ന രാധാകൃഷ്ണനും ദീപ്തി വിധുപ്രതാപും.
'പത്ത് വര്‍ഷം മുമ്പ് ഞാന്‍ ചെയ്ത 'കൃഷ്ണ ദ് ഇറ്റേണല്‍' എന്ന ആല്‍ബത്തിലെ പത്ത് പാട്ടുകളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനമാണിത്. അന്ന് യൂ ട്യൂബ് ഇത്രയും പ്രചാരത്തിലായിട്ടില്ല. അതുകൊണ്ട് അധികമാര്‍ക്കും ആ പാട്ടുകള്‍ കേള്‍ക്കാന്‍ അവസരം കിട്ടിയില്ല. ആ പാട്ടുകള്‍ കുറച്ചുകൂടി ആളുകള്‍ കേട്ടിരുന്നെങ്കില്‍ എന്നെനിക്കു തോന്നി. അങ്ങനെയാണ് ശ്രീകൃഷ്ണന്‍ വിഷയമായുള്ള ഈ പാട്ട് വിഷുവിന് ഇറക്കാം എന്നു തീരുമാനിച്ചത്. സിംപിള്‍ ആയൊരു ഡാന്‍സ് മ്യൂസിക് വിഡിയോ ആയിരുന്നു മനസ്സില്‍.
എന്റെ കുടുംബത്തിലെ അറിയപ്പെടുന്ന കൃഷ്ണഭക്തയായിരുന്നു കല്യാണി അമ്മൂമ്മ. അമ്മൂമ്മയെക്കുറിച്ചും ഭക്തിയെക്കുറിച്ചും പറഞ്ഞപ്പോള്‍ അതില്‍ കുറച്ച് മാജിക്കല്‍ റിയലിസവും മിസ്റ്റിസിസവും ചേര്‍ത്തൊരു കഥയും വിഡിയോയുടെ ഭാഗമാക്കാമെന്നു തോന്നി. അതോടെ വിഡിയോ മറ്റൊരു തലത്തിലെത്തി. പഴയ ആ തറവാടും കുളവും ലാസ്യഭാവത്തിലുള്ള നൃത്താവതരണവും കൂടിയായതോടെ വിചാരിച്ചതിലും ഭംഗിയായി എല്ലാം. ഇത്രയും നല്ല പ്രതികരണം കിട്ടുമെന്ന് കരുതിയില്ല.' ജ്യോത്സ്നയുടെ പതിവുചിരിക്ക് ഒരിത്തിരി മാധുര്യം കൂടുതലുണ്ടിപ്പോള്‍.
'കൃഷ്ണ ദ് ഇറ്റേണല്‍' എന്ന ആല്‍ബത്തിലെ നാല് പാട്ടുകള്‍ ജ്യോത്സ്നയും നാല് പാട്ടുകള്‍ ഗിരീഷ്‌കുമാറും സംഗീതം നല്‍കിയതാണ്. വരികള്‍ പരമ്പരാഗതവും. അതില്‍ ഗിരീഷ്‌കുമാറിന്റെ സംഗീതത്തിലുള്ള 'കൃഷ്ണാ...സുന്ദരാ...' എന്നു തുടങ്ങുന്ന ഗാനമാണ് മായിക എന്ന പേരില്‍ പുറത്തിറങ്ങിയിരിക്കുന്നത്. കാഴ്ചയിലൂടെയും കേള്‍വിയിലൂടെയും ഫാന്റസിയുടെയും മാജിക്കല്‍ റിയലിസത്തിന്റെയും വ്യത്യസ്തമായൊരു ലോകത്തിലേക്ക് കൊണ്ടുപോകുന്നു ഈ ഗാനം.
'ഇതിനു മുമ്പ് ചെയ്ത എന്റെ ഒറിജിനല്‍ കോംപസിഷനുകള്‍ക്കൊന്നും കിട്ടാത്ത സ്വീകരണമാണ് 'മായിക'യ്ക്ക് ഇപ്പോള്‍ കിട്ടുന്നത്. ഒരു ദിവസം കൊണ്ട് ഒരു ലക്ഷം പേര്‍ ഗാനം കണ്ടു. ഇന്നത്തെകാലത്ത് ഒരു പാട്ട് സ്വീകരിക്കപ്പെടുക എന്നത് വലിയ കാര്യമാണ്. പ്രത്യേകിച്ച് ഇത്തരം സ്വതന്ത്ര അവതരണങ്ങള്‍. ഒരു നെഗറ്റിവ് കമന്റ് പോലും ഇതുവരെ വന്നില്ല. എന്തോ ഒരു അടുപ്പം തോന്നുന്നു, മനയില്‍ എത്തിയതു പോലെ, മനസ്സു നിറയുന്നു... എന്നൊക്കെ എല്ലാവരും പറയുന്നു. സന്തോഷം,' ജ്യോത്സ്ന പറയുന്നു.
മായിക സംവിധാനം ചെയ്തിരിക്കുന്നത് സുമേഷ് ലാല്‍ ആണ്. നൃത്തസംവിധാനം: അബ്ബാദ് റാം മോഹന്‍, തിരക്കഥ: വിനു ജനാര്‍ദ്ദനന്‍, കലാസംവിധാനം: സുബാഷ് കരുണ്‍, ഛായാഗ്രഹണം: മഹേഷ് എസ്. ആര്‍, അനീഷ് ചന്ദ്രന്‍, എഡിറ്റിങ്: ആല്‍ബി നടരാജ്.