എം.ജയചന്ദ്രൻ–ശ്രേയ ഘോഷാൽ കോംബോ വീണ്ടും; ആയിഷയ്ക്കായ് പാട്ടൊരുങ്ങുന്നു
Mail This Article
മഞ്ജു വാരിയർ നായികയായെത്തുന്ന ‘ആയിഷ’ എന്ന ചിത്രത്തിനു വേണ്ടി പിന്നണിയിൽ സ്വരമാകാൻ ശ്രേയ ഘോഷാൽ. എം.ജയചന്ദ്രൻ ആണ് സിനിമയ്ക്കായി സംഗീതമൊരുക്കുന്നത്. മലയാളത്തിൽ മനോഹര ഗാനങ്ങളുമായി തിരിച്ചെത്തുകയാണെന്ന് സമൂഹമാധ്യമത്തിലൂടെ ശ്രേയ ഘോഷാൽ ആരാധകരെ അറിയിച്ചു. ആയിഷയിലെ പാട്ടുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ഇന്തോ-അറബിക് ചിത്രമാണ് ‘ആയിഷ’. മലയാളത്തിനു പുറമേ ഇംഗ്ലിഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും റിലീസ് െചയ്യും. പ്രഭുദേവയാണ് ആയിഷയുടെ നൃത്ത സംവിധാനം. ബി.കെ.ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവര്‍ ചിത്രത്തിനു വേണ്ടി ഗാനങ്ങളെഴുതുന്നു.
മഞ്ജു വാരിയരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാവും ആയിഷയെന്നാണ് കരുതപ്പെടുന്നത്. ക്ലാസ്മേറ്റ്സിലൂടെ ശ്രദ്ധേയയായ രാധിക ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. സജ്ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫർ (ഫിലിപ്പീൻസ്), സറഫീന (നൈജീരിയ), സുമയ്യ (യമൻ), ഇസ്‌ലാം (സിറിയ) തുടങ്ങിയ വിദേശതാരങ്ങളും അണിനിരക്കുന്നു.