ഇതൊക്കെ അവൾ എന്തിന് സഹിക്കണം? ഭ്രാന്തമായ പ്രണയം, മൃഗീയ പീഡനം, പരസ്ത്രീ ബന്ധം; ഹണി സിങ് എന്ന ‘ക്രൂരമുഖം’
‘കണി കണ്ട ദേവന്റെ കാലിലും ചെളി’ എന്ന പ്രയോഗം അന്വർഥമാവുകയാണ് ഗായകൻ യോ യോ ഹണി സിങ്ങിന്റെ ഭാര്യ ശാലിനി തൽവാറിന്റെ ജീവിതത്തിൽ. ശാലിനിയുടെ എക്കാലത്തെയും ആരാധനാ മൂർത്തിയായിരുന്നു ഹണി സിങ്. സ്കൂൾ കാലത്തു തുടങ്ങിയ പ്രണയം പതിറ്റാണ്ടുകൾക്കിപ്പുറം പാതിയിൽ തകർന്നു വീണിരിക്കുകയാണിപ്പോൾ. ജീവന്റെ മറുപാതിയായി
‘കണി കണ്ട ദേവന്റെ കാലിലും ചെളി’ എന്ന പ്രയോഗം അന്വർഥമാവുകയാണ് ഗായകൻ യോ യോ ഹണി സിങ്ങിന്റെ ഭാര്യ ശാലിനി തൽവാറിന്റെ ജീവിതത്തിൽ. ശാലിനിയുടെ എക്കാലത്തെയും ആരാധനാ മൂർത്തിയായിരുന്നു ഹണി സിങ്. സ്കൂൾ കാലത്തു തുടങ്ങിയ പ്രണയം പതിറ്റാണ്ടുകൾക്കിപ്പുറം പാതിയിൽ തകർന്നു വീണിരിക്കുകയാണിപ്പോൾ. ജീവന്റെ മറുപാതിയായി
‘കണി കണ്ട ദേവന്റെ കാലിലും ചെളി’ എന്ന പ്രയോഗം അന്വർഥമാവുകയാണ് ഗായകൻ യോ യോ ഹണി സിങ്ങിന്റെ ഭാര്യ ശാലിനി തൽവാറിന്റെ ജീവിതത്തിൽ. ശാലിനിയുടെ എക്കാലത്തെയും ആരാധനാ മൂർത്തിയായിരുന്നു ഹണി സിങ്. സ്കൂൾ കാലത്തു തുടങ്ങിയ പ്രണയം പതിറ്റാണ്ടുകൾക്കിപ്പുറം പാതിയിൽ തകർന്നു വീണിരിക്കുകയാണിപ്പോൾ. ജീവന്റെ മറുപാതിയായി
‘കണി കണ്ട ദേവന്റെ കാലിലും ചെളി’ എന്ന പ്രയോഗം അന്വർഥമാവുകയാണ് ഗായകൻ യോ യോ ഹണി സിങ്ങിന്റെ ഭാര്യ ശാലിനി തൽവാറിന്റെ ജീവിതത്തിൽ. ശാലിനിയുടെ എക്കാലത്തെയും ആരാധനാ മൂർത്തിയായിരുന്നു ഹണി സിങ്. സ്കൂൾ കാലത്തു തുടങ്ങിയ പ്രണയം പതിറ്റാണ്ടുകൾക്കിപ്പുറം പാതിയിൽ തകർന്നു വീണിരിക്കുകയാണിപ്പോൾ. ജീവന്റെ മറുപാതിയായി കണ്ടിരുന്ന ഹണി സിങ്ങിനെതിരെ ഗുരുതരമായ ആരാപണങ്ങൾ ഉന്നയിച്ച് ശാലിനി രംഗത്തെത്തിയതോടെയാണ് ഇവരുടെ വിവാഹജീവിതത്തിലെ വിള്ളലുകളെക്കുറിച്ച് ലോകം അറിഞ്ഞത്. ഹണി സിങ്ങിനെതിരെ ഉയർന്ന പരാതിയിലെ പീഡനത്തിന്റെ ആഴം കണ്ടവരെല്ലാം, ഇതൊക്കെ അവൾ എന്തിന് സഹിക്കണം എന്ന ഒറ്റച്ചോദ്യമാണ് ഉന്നയിക്കുന്നത്. പ്രണയ ജീവിതവഴിയില്‍ ഹണി സിങ്ങിനും ശാലിനി തൽവാറിനും താളം തെറ്റിയതെവിടെയെന്ന് അന്വേഷിക്കുകയാണ് ആരാധകർ. എവിടെയാണ് ഇരുവർക്കും പിഴച്ചത്? എന്താണ് ആ ബന്ധത്തകർച്ചയിലെ വില്ലൻ?
ആരാണ് ഹണി സിങ്?
ഹിർദേശ് സിങ് എന്നാണ് യഥാർഥ പേര്. സംഗീതലോകത്ത് ചേക്കേറിയതോടെ യോ യോ ഹണി സിങ് എന്നു ഔദ്യോഗികമായി പേര് മാറ്റി. 1983 ൽ പഞ്ചാബിലാണ് ജനനം. അച്ഛൻ: സർദാർ സറബ്ജിത്. അമ്മ: ഭൂപീന്ദർ കൗർ. സഹോദരി സ്നേഹ സിങ്. ഹണി സിങ്ങിന്റെ കുട്ടിക്കാലത്തു തന്നെ കുടുംബം ഡൽഹിയിലേക്കു താമസം മാറ്റി. സ്കൂൾ കാലം മുഴുവൻ ഡൽഹിയിൽ ആയിരുന്നു. ട്രിനിറ്റി കോളജ് ഓഫ് ലണ്ടനിൽനിന്ന് സംഗീതത്തിൽ ബിരുദം നേടി. ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും പാടുന്നതിനാണ് ഹണി സിങ് എപ്പോഴും പ്രാധാന്യം നൽകിയത്. ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചതോടെ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന ഗായകരിലൊരാളായി ഹണി സിങ് അതിവേഗം വളർന്നു. പാട്ടിൽ മാത്രമല്ല അഭിനയത്തിലും മികവു തെളിയിച്ചിട്ടുണ്ട്.
പാട്ടിൽ കൂട്ടായെത്തിയ ശാലിനി
കുട്ടിക്കാലം മുതൽ സംഗീതാത്മകമായിരുന്നു ഹണി സിങ്ങിന്റെ ജീവിതം. സ്കൂൾ കാലത്താണ് ശാലിനി തൽവാറുമായി പരിചയപ്പെടുന്നത്. ഡൽഹിയിലെ ഗുരു നാനാക് പബ്ലിക് സ്കൂളില്‍ ഒരേ ക്ലാസിൽ പഠിച്ച ഇരുവരും പഠനകാലത്തു തന്നെ പ്രണയത്തിലായി. പഠനത്തിനു ശേഷം പാട്ടിന്റെ ലോകത്തിലേയ്ക്ക് ഹണി സിങ് കുതിച്ചുയർന്നപ്പോഴും കൂട്ടായി ശാലിനി ഉണ്ടായിരുന്നു. പാട്ടുമായി ലോകയാത്രകളുടെ തിരക്കിലാണെങ്കിലും പലപ്പോഴും ശാലിനിയെ കാണാനായി ഇന്ത്യയിലെത്താൻ ഹണി സിങ് സമയം കണ്ടെത്തി. വർഷങ്ങളോളം കമിതാക്കളായി ജീവിക്കുകയും പിന്നീട് 2011 ജനുവരി 23ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഡൽഹിയിലെ ഫാം ഹൗസിൽ വച്ചായിരുന്നു പരമ്പരാഗത സിഖ് രീതിയിലുള്ള വിവാഹം. പരമ്പരാഗത വേഷം ധരിച്ചു വിവാഹവേദിയിലെത്തിയ ഹണി സിങ്ങിന്റെയും ശാലിനി തൽവാറിന്റെയും ചിത്രങ്ങൾ പിന്നീട് ഏറെ ചർച്ചയായതാണ്. ഇരുവരുടെയും പ്രണയ ചിത്രങ്ങൾ ആരാധകർക്കെന്നും പ്രിയപ്പെട്ട കാഴ്ചയായിരുന്നു. ലോകത്തെ മുഴുവൻ ഇളക്കി മറിച്ചു പാട്ടു പാടി നടക്കുന്ന ഹണി സിങ്ങിലെ മികച്ച ഭർത്താവിനെ കാണുമ്പോൾ അസൂയ തോന്നുന്നുവെന്ന് ആരാധകർ പല തവണ ചിത്രത്തിനു താഴെ കമന്റിട്ടിട്ടുമുണ്ട്.
ജീവിതം പറയാൻ മടിച്ച സിങ്
താൻ വിവാഹിതനാണെന്നു തുറന്നു പറയുന്നതിൽ ഹണി സിങ് പലപ്പോഴും വിമുഖത കാണിച്ചിരുന്നു. അഭിമുഖങ്ങളിലോ പൊതു പരിപാടികളിലോ ഭാര്യയെക്കുറിച്ചോ സ്വകാര്യ ജീവിതത്തെക്കുറിച്ചോ അദ്ദേഹം നിശബ്ദനായിരുന്നു. വിവാഹ മോതിരം ധരിക്കാതിരുന്ന ഹണി സിങ്ങിനെ ശാലിനി തന്നെ വിമർശിച്ചിട്ടുണ്ട്. 2014 വരെ താൻ വിവാഹിതനാണെന്ന കാര്യം ഗായകൻ മറച്ചു. വിവാഹക്കാര്യം പരസ്യമാക്കാൻ ഹണി സിങ്ങിനു താത്പര്യമില്ലായിരുന്നു എന്നും ശാലിനി തൽവാർ വെളിപ്പെടുത്തിയിട്ടുണ്ട്. ഹണി സിങ് പാട്ടുമായി ലോകം ചുറ്റുമ്പോഴും പൊതു സമൂഹത്തിനു മുന്നിൽ വരാതെ ഒതുങ്ങിക്കൂടുകയായിരുന്നു ശാലിനി. വർഷങ്ങൾ നീണ്ട വിവാഹജീവിതത്തിനിടയിൽ ഒരിക്കൽ മാത്രമാണ് ഹണി സിങ് ശാലിനിയെ പൊതുവേദിയിലെത്തിച്ച് ആരാധകർക്കു പരിചയപ്പെടുത്തിയത്. സംഗീതപരിപാടിയുമായി ലോകസഞ്ചാരം നടത്തുമ്പോൾ ഒരിക്കല്‍ പോലും തന്നെ കൂടെക്കൂട്ടിയിട്ടില്ലെന്നത് ശാലിനി നിരാശയോടെ വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രണയത്തിനെങ്ങനെ ക്രൂരമാകാൻ കഴിയും?
ഹണി സിങ്ങിന്റെയും ശാലിനിയുടെയും ദാമ്പത്യം ശിഥിലമായിത്തുടങ്ങിയെന്ന് പുറംലോകമറിയുന്നത് കഴിഞ്ഞ വർഷമാണ്. അറിയിച്ചതോ, ശാലിനിയും. ഹണി സിങ് തന്നെ ശാരീരികവും മാനസികവുമായി ക്രൂര പീഡനങ്ങള്‍ക്കിരയാക്കിയെന്നും അദ്ദേഹത്തിനു പരസ്ത്രീ ബന്ധമുണ്ടെന്നുമുള്ള ശാലിനിയുടെ ആരോപണങ്ങൾ ഞെട്ടലോടെയാണ് ഗായകന്റെ ആരാധകർ കേട്ടത്. ശാലിനി തൽവാർ ഗാർഹിക പീഡന പരാതി നൽകിയതിനെത്തുടർന്ന് ഹണി സിങ്ങിനെതിരെ മാനസികവും ശാരീരികവുമായ പീഡനത്തിന് കേസെടുത്തിരുന്നു. പ്രതിമാസം 4 കോടി രൂപ വരുമാനമുള്ള ഹണി സിങ്, മദ്യത്തിനും ലഹരിമരുന്നിനും അടിമയാണെന്നും നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ചില സമയങ്ങളിൽ ഭ്രാന്തമായ രീതിയിലാണ് പെരുമാറുന്നതെന്നും ശാലിനി പറഞ്ഞു. തങ്ങളുടെ വിവാഹ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് തന്നെ ക്രൂരമായി പീഡിപ്പിച്ചെന്ന ശാലിനിയുടെ വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിച്ചതാണ്. ഒരു പഞ്ചാബി നടിയുമായുള്ള ഹണി സിങ്ങിന്റെ വഴിവിട്ട ബന്ധവും ശാലിനി ചോദ്യം ചെയ്തു. ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുന്ന 118 പേജുള്ള പരാതിയിലാണ് ഹണി സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
വിവാദങ്ങളിൽ മുങ്ങിയ ഹണി സിങ്
2012ൽ നിർഭയ കേസിനെ അടിസ്ഥാനമാക്കി സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും പീഡനങ്ങളെയും പിന്തുണയ്ക്കുന്ന രീതിയിൽ പാട്ടുകളെഴുതി ഹണി സിങ് വിവാദത്തിലായിരുന്നു. പൊലീസ് കേസുമെടുത്തു. തുടർന്ന് ഗായകന്റെ സംഗീത പരിപാടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം സാമൂഹിക പ്രവർത്തകർ രംഗത്തെത്തി. വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് ഹണി സിങ് പുതുവർഷ പരിപാടികളെല്ലാം റദ്ദാക്കിയിരുന്നു. നിന്ദ്യമായ ആ വരികൾ താൻ എഴുതിയതല്ലെന്ന് ഹണി സിങ് ന്യായീകരിക്കാനും ശ്രമിച്ചു. അക്ഷയ് കുമാർ ചിത്രമായ ബോസില്‍ ഹണി സിങ് പാടിയ "പാർട്ടി ഓൾ നൈറ്റ്" എന്ന ഗാനവും വിവാദമുണ്ടാക്കി. പാട്ടിലെ അസഭ്യ വരികള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതി കോടതി പരിഗണിച്ചു. അശ്ലീലവും സ്ത്രീവിരുദ്ധതയുമുള്ള, സ്ത്രീപീഡനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും യുവാക്കളെ മോശമായി ചിത്രീകരിക്കുന്നതും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ഹണി സിങ്ങിന്റെ പാട്ടുകൾ ഇടതടവില്ലാതെ വിവാദക്കയത്തിൽ മുങ്ങിയിട്ടുണ്ട്.
ലഹരിക്ക് അടിമ
ഹണി സിങ് മദ്യത്തിനും ലഹരിമരുന്നിനും അടിമയായി സംഗീതലോകത്തുനിന്നു വിട്ടുനിന്നിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം തുടർ ഹിറ്റുകളുമായിഗായകൻ വൻ തിരിച്ചുവരവ് നടത്തി. ഹണി സിങ്ങിന്റെ അമിതമായ ലഹരി ഉപയോഗത്തെക്കുറിച്ച് ശാലിനി തൽവാർ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇരുവരുടെയും ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വീഴുന്നതിനു മുന്നേ ഹണി സിങ്ങിനെതിരെയുണ്ടായ ലഹരി ഉപയോഗ ആരാപണങ്ങളെ ശാലിനി ന്യായീകരിച്ചിരുന്നു. ഒരിക്കൽ ഒരു ഔദ്യോഗിക പരിപാടിക്കു വേണ്ടിയുള്ള യാത്രയ്ക്കിടയിൽ മദ്യപിച്ചു ലക്കുകെട്ട ഹണി സിങ്ങിനെ നടൻ ഷാരൂഖ് ഖാൻ മുഖത്തടിച്ചു എന്നാരോപണമുയർന്നപ്പോൾ, അതിനോട് രൂക്ഷമായാണ് ശാലിനി പ്രതികരിച്ചത്. ഹണി സിങ് ലഹരിക്ക് അടിമയല്ലെന്ന പ്രസ്താവനയിൽ ഉറച്ചു നിന്ന ശാലിനി തന്നെ പിന്നീട് ഗായകനെതിരെ ലഹരി ഉപയോഗത്തിന്റെ പേരിൽ പരാതി നൽകി.
തനിക്കെതിരെ പീഡനക്കേസ് നടക്കുന്നതിനിടയിലും ഹണി സിങ് സംഗീത ആൽബത്തിന്റെ തിരക്കിലായിരുന്നു. ശാലിനി പരാതി നൽകി േകവലം 20 ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് ‘കാന്ത ലഗ’ എന്ന തന്റെ പുതിയ ഗാനം ഹണി സിങ് ആരാധകർക്കു പരിചയപ്പെടുത്തിയത്. വിവാദങ്ങൾ ആളിപ്പടരുമ്പോഴും പുതിയ പാട്ടൊരുക്കിയ ഹണി സിങ് ആരാധകർക്കിടയിലും ചർച്ചാവിഷയമായിരുന്നു.
ഒടുവിൽ വേർപിരിയൽ
നീണ്ട പതിനൊന്ന് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ ഹണി സിങ്ങും ശാലിനി തൽവാറും കഴിഞ്ഞ ദിവസം നിയമപരമായി വേർപിരിഞ്ഞു. ജീവനാംശമായി 20 കോടി രൂപ ആവശ്യപ്പെട്ട ശാലിനിക്ക് ഒരു കോടി രൂപയാണ് ഹണി സിങ് നൽകിയത്. ഗാർഹിക പീഡനത്തിനെതിരെയുള്ള സ്ത്രീസംരക്ഷണ നിയമപ്രകാരമാണ് ശാലിനി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ടാനിയ സിങ്ങിനു മുൻപാകെ കേസ് ഫയൽ ചെയ്തത്. നിരവധി ചാനൽ അഭിമുഖങ്ങളിലും പോസ്റ്റുകളിലും ശാലിനി ഹണി സിങ്ങിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. ഈ ആരോപണങ്ങൾ തെറ്റും ദുരുദ്ദേശപരവുമാണെന്നു പറഞ്ഞ് ഹണി സിങ് സുദീർഘമായ സമൂഹമാധ്യമ കുറിപ്പ് പങ്കുവച്ചിരുന്നു. ഇരുവരുടെയും ഉടമസ്ഥതയിലുള്ള നോയിഡയിലെ ഭൂമിയുംം ഭാര്യയുടെ സ്വര്‍ണവും വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുതെന്ന് ഗായകനോട് കോടതി ഉത്തരവിട്ടിരുന്നു. ഒരു വർഷത്തിലേറെ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ശാലിനിയും ഹണി സിങ്ങും രണ്ടു വഴിക്ക് പിരിയുമ്പോൾ വീണ്ടും ചർച്ചകൾ സജീവമാവുകയാണ് സമൂഹമാധ്യമങ്ങളിൽ. വിവാഹമോചനത്തെക്കുറിച്ച് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
English Summary: The life story of rapper Yo Yo Honey Singh and ex wife Shalini Talwar