വിനയൻ തെറ്റുകാരനാണോ? യേശുദാസിനു പോലും പാടിയ പാട്ട് നഷ്ടപ്പെട്ടിട്ടുണ്ട്: സിനിമയിലെ ചില ‘പതിവുകൾ’!
ആഗ്രഹിച്ചു പാടിയ പാട്ട് സിനിമയിറങ്ങുമ്പോൾ അപ്രത്യക്ഷമാകുക, അല്ലെങ്കിൽ മറ്റൊരാളിന്റെ ശബ്ദത്തിൽ കേൾക്കേണ്ടിവരിക. രണ്ടിലേതായാലും പാട്ടുകാർക്ക് അതു വേദനാജനകമാണ്. ഒപ്പം, ചിലർക്ക് അഭിമാനത്തകർച്ചയും. പക്ഷേ ഇതൊക്കെ സിനിമയിൽ പതിവാണ്. സാഹചര്യത്തിനും തിരക്കഥയിലെ മാറ്റങ്ങൾക്കും അനുസരിച്ചു പാട്ടുകൾ ചേർക്കുകയും
ആഗ്രഹിച്ചു പാടിയ പാട്ട് സിനിമയിറങ്ങുമ്പോൾ അപ്രത്യക്ഷമാകുക, അല്ലെങ്കിൽ മറ്റൊരാളിന്റെ ശബ്ദത്തിൽ കേൾക്കേണ്ടിവരിക. രണ്ടിലേതായാലും പാട്ടുകാർക്ക് അതു വേദനാജനകമാണ്. ഒപ്പം, ചിലർക്ക് അഭിമാനത്തകർച്ചയും. പക്ഷേ ഇതൊക്കെ സിനിമയിൽ പതിവാണ്. സാഹചര്യത്തിനും തിരക്കഥയിലെ മാറ്റങ്ങൾക്കും അനുസരിച്ചു പാട്ടുകൾ ചേർക്കുകയും
ആഗ്രഹിച്ചു പാടിയ പാട്ട് സിനിമയിറങ്ങുമ്പോൾ അപ്രത്യക്ഷമാകുക, അല്ലെങ്കിൽ മറ്റൊരാളിന്റെ ശബ്ദത്തിൽ കേൾക്കേണ്ടിവരിക. രണ്ടിലേതായാലും പാട്ടുകാർക്ക് അതു വേദനാജനകമാണ്. ഒപ്പം, ചിലർക്ക് അഭിമാനത്തകർച്ചയും. പക്ഷേ ഇതൊക്കെ സിനിമയിൽ പതിവാണ്. സാഹചര്യത്തിനും തിരക്കഥയിലെ മാറ്റങ്ങൾക്കും അനുസരിച്ചു പാട്ടുകൾ ചേർക്കുകയും
ആഗ്രഹിച്ചു പാടിയ പാട്ട് സിനിമയിറങ്ങുമ്പോൾ അപ്രത്യക്ഷമാകുക, അല്ലെങ്കിൽ മറ്റൊരാളിന്റെ ശബ്ദത്തിൽ കേൾക്കേണ്ടിവരിക. രണ്ടിലേതായാലും പാട്ടുകാർക്ക് അതു വേദനാജനകമാണ്. ഒപ്പം, ചിലർക്ക് അഭിമാനത്തകർച്ചയും. പക്ഷേ ഇതൊക്കെ സിനിമയിൽ പതിവാണ്. സാഹചര്യത്തിനും തിരക്കഥയിലെ മാറ്റങ്ങൾക്കും അനുസരിച്ചു പാട്ടുകൾ ചേർക്കുകയും നീക്കുകയും ചെയ്യേണ്ടിവരാം. ചിത്രത്തിന്റെ ദൈർഘ്യം കുറയ്ക്കാൻ വേണ്ടിയും പാട്ടുകൾ ഒഴിവാക്കാറുണ്ട്. അവിടെ സംവിധായകൻ തെറ്റുകാരനാണെന്നു പറയാനാകുമോ?
‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിൽ താൻ പാടിയ ഗാനം ഒഴിവാക്കിയെന്ന പേരിൽ ഗായകൻ പന്തളം ബാലൻ സംവിധായകൻ വിനയനെതിരെ ഉയർത്തിയ വിമർശനങ്ങൾ സിനിമയിലെ ചില രീതികളിലേക്കു കൂടി വിരൽ ചൂണ്ടുകയാണ്. പാട്ടുകാർക്കു പകരക്കാരെ കൊണ്ടുവരുന്നതും പാട്ടുകൾ നീക്കം ചെയ്യുന്നതും സിനിമയിൽ പുതിയ സംഭവമല്ല. അതു മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലെ സിനിമാ വ്യവസായത്തിലും നടക്കാറുണ്ട്. ഈ മാറ്റി നിർത്തല്‍ അനുഭവിക്കാത്ത ഗായകർ കുറവായിരിക്കും. അങ്ങനെ ഒഴിവാക്കപ്പെട്ട പ്രമുഖരിൽ സാക്ഷാൽ യേശുദാസ് പോലുമുണ്ട്.
യേശുദാസിന്റെ നഷ്ടം!
എന്നു നിന്റെ മൊയ്തീൻ എന്ന ചിത്രത്തിനു വേണ്ടി കെ.ജെ.യേശുദാസ് ആലപിച്ച ഗാനമാണ് ‘ഈ മഴ തൻ വിരലീ പുഴയിൽ’. പാട്ടിന്റെ ജോലികളെല്ലാം പൂർത്തിയായപ്പോഴാണ് ചിത്രത്തിൽ അത് ഉപയോഗിക്കുന്നില്ലെന്ന് സംവിധായകൻ ആർ.എസ്.വിമൽ തീരുമാനിച്ചത്. അങ്ങനെ ‘കണ്ണോണ്ട് ചൊല്ലണ്’, ‘കാത്തിരുന്നു’, ‘ശാരദാംബരം’, ‘മുക്കത്തെ പെണ്ണേ’, എന്നീ ഗാനങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തി. രമേശ് നാരായണനാണ് ‘ഈ മഴതൻ വിരലീ പുഴയിൽ’ എന്ന പാട്ടിന് ഈണമൊരുക്കിയത്. റഫീഖ് അഹമ്മദ് വരികൾ കുറിച്ചു. എം.ജയചന്ദ്രനും ഗോപി സുന്ദറുമായിരുന്നു ചിത്രത്തിന്റെ മറ്റു സംഗീതസംവിധായകർ. യേശുദാസിന്റെ പാട്ടൊഴിവാക്കിയത് തന്നെ ഒരുപാട് അമ്പരപ്പിച്ചുവെന്ന് രമേശ് നാരായണൻ പൊതു വേദിയിലുൾപ്പെടെ വെളിപ്പെടുത്തിയിട്ടുണ്ട്. ആശയവിനിമയത്തിലുണ്ടായ പിഴവാണ് പാട്ടൊഴിവാക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. റെക്കോർഡിങ് കഴിഞ്ഞ് അവസാനഘട്ടത്തിൽ യേശുദാസിന്റെ പാട്ടു നീക്കം ചെയ്തത് അദ്ദേഹത്തെ ഒരുപാട് വേദനിപ്പിച്ചുവെന്നും രമേശ് നാരായണൻ പറഞ്ഞു.
രമേശ് നാരായണന്റെ വാക്കുകൾ ഇങ്ങനെ: ‘‘എന്നു നിന്റെ മൊയ്തീൻ എന്ന ചിത്രത്തിനു വേണ്ടി ആറ് പാട്ടുകൾ റെക്കോർഡ് ചെയ്തിരുന്നു. പൃഥ്വിരാജ് സ്റ്റുഡിയോയിൽ വന്ന് നാലു പാട്ടുകൾ കേൾക്കുകയും ചെയ്തു. സന്തോഷത്തോടെയാണ് ഇറങ്ങിപ്പോയത്. എന്നാൽ രണ്ടു ദിവസം കഴിഞ്ഞപ്പോൾ വിമൽ വിളിച്ചുപറഞ്ഞു പൃഥ്വിരാജിന് ഇഷ്ടപ്പെട്ടില്ല എന്ന്. രമേശ് നാരായണന്റെ പാട്ട് എടുക്കുകയാണെങ്കിൽ ചിത്രത്തിൽ അഭിനയിക്കില്ല എന്ന് പൃഥ്വിരാജ് പറഞ്ഞതായി പിന്നീട് കേട്ടു. നിർമാതാവിന്റെ മകളെക്കൊണ്ട് ഒരുപാട്ട് പാടിക്കണം എന്ന ധാരണയുണ്ടായിരുന്നു. അതും പാലിക്കപ്പെട്ടില്ല. അവസാന നിമിഷം അക്കാര്യത്തിലും ചില ഉരുണ്ടുകളികളുണ്ടായി.’’
പാട്ട് റെക്കോർഡ് ചെയ്ത ശേഷം സിനിമ തന്നെ ഇറങ്ങാതിരുന്ന അനുഭവവും ഉണ്ടായിട്ടുണ്ട് യേശുദാസിന്. രവീന്ദ്ര ജെയിൻ ഒരുക്കിയ ‘താൻസൻ’ എന്ന ഹിന്ദി ചിത്രത്തിലെ 9 പാട്ടുകളും പാടിയത് യേശുദാസ് ആണ്. പക്ഷേ ആ സിനിമ പുറത്തിറങ്ങിയില്ല. അത് അദ്ദേഹത്തെ ഒരുപാട് വേദനിപ്പിച്ചു. ചിത്രത്തിലെ ‘ഷഡജനെ പായാ ഏ വര്ധൻ....’ എന്നു തുടങ്ങുന്ന 13 മിനിറ്റോളം നീളുന്ന ഗാനം ഏറെ ബുദ്ധിമുട്ടി പഠിച്ചു പാടിയതാണെന്നും ചിത്രം റിലീസ് ചെയ്യാതിരുന്നപ്പോൾ ഒരുപാട് വേദനിച്ചുവെന്നും യേശുദാസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പാട്ടുകൾ ഒഴിവാക്കപ്പെട്ടതിന്റെ പേരിൽ വലിയ സങ്കടം തോന്നാറില്ലെന്നും സ്വന്തം ജോലി ആത്മാർഥമായി ചെയ്തു കഴിഞ്ഞാൽ ബാക്കിയെല്ലാം പാട്ടിന്റെ വിധിയാണെന്നേ കരുതാറുള്ളുവെന്നും യേശുദാസ് പിൽക്കാലത്ത് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
വേണുഗോപാലിനു പകരം മാർക്കോസ്
ജോഷിയുടെ സംവിധാനത്തിൽ 1985 ൽ പുറത്തിറങ്ങിയ ‘നിറക്കൂട്ട്’ എന്ന മമ്മൂട്ടി ചിത്രത്തിലെ ‘പൂമാനമേ’ എന്ന നിത്യഹരിത ഈണം ആദ്യം പാടിയത് ജി.വേണുഗോപാൽ ആണ്. പാട്ട് റെക്കോർഡ് ചെയ്ത് കുറച്ചു മാസങ്ങൾക്കിപ്പുറം അത് കെ.ജി.മാർക്കോസ് പാടുകയും ചെയ്തു. അതോടെ ജി.വേണുഗോപാലിന് നഷ്ടമായത് കരിയറിൽ നാഴികക്കല്ലാകേണ്ടിയിരുന്ന ഒരു ഗാനമാണ്. വേണുഗോപാല്‍ അത് നഷ്ടത്തിന്റെ കണക്കു പുസ്തകത്തിൽ എഴുതിച്ചേർത്തപ്പോൾ മാർക്കോസ് അവിടെ ഹിറ്റിന്റെ പുതിയ അധ്യായം തുറക്കുകയായിരുന്നു. വേണുഗോപാൽ പാടിയ പാട്ടിനെ മാറ്റി നിർത്തി, സംവിധായകൻ ജോഷി മാർക്കോസിനെ വിളിച്ച് ഈ പാട്ട് പാടിപ്പിക്കുകയും അത് സിനിമയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ‘പൂമാനമേ’ എന്ന പാട്ടിന്റെ വേണുഗോപാൽ പാടിയ പതിപ്പ് ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്. എങ്കിലും ‘നിറക്കൂട്ട്’ കണ്ടവർക്ക് കെ.ജി.മാർക്കോസിന്റെ സ്വരസൗന്ദര്യമാണ് മനസ്സിൽ പതിഞ്ഞു കിടക്കുന്നത്. ശ്യാം ആണ് നിറക്കൂട്ടിനു വേണ്ടി സംഗീതമൊരുക്കിയത്. പൂവച്ചൽ ഖാദർ ഗാനരചന നിർവഹിച്ചു. ‘പൂമാനമേ’ എന്ന പാട്ടിന്റെ ഫീമെയിൽ വേർഷൻ പാടിയതിനാണ് കെ.എസ്.ചിത്രയ്ക്ക് ആദ്യമായി മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്.
പാട്ട് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് വേണുഗോപാൽ പറയുന്നതിങ്ങനെ: ‘‘നിറക്കൂട്ട് എന്ന ചിത്രത്തിനു വേണ്ടി ‘പൂമാനമേ’ എന്ന ഗാനം പാടാൻ ശ്യാം സർ ആണ് എന്നെ വിളിച്ചത്. ഞാൻ തിരുവനന്തപുരത്ത് സ്റ്റുഡിയോയിൽ പോയി പാടി. തിരികെ വന്നിട്ടും ഞാൻ സിനിമയ്ക്കായി പാടിയ കാര്യം ആരോടും പറഞ്ഞില്ല. കാരണം, സിനിമയിലെ ചില രീതികളെക്കുറിച്ച് എനിക്ക് അറിയാമായിരുന്നു. അങ്ങനെയിരിക്കെ പാട്ടിന്റെ കസെറ്റ് പുറത്തിറങ്ങി. കസെറ്റിൽ ഗായകനായി എന്റെ പേര് തന്നെയാണ് ചേർത്തത്. അതു കണ്ടപ്പോൾ സുഹൃത്തുക്കളും പരിചയക്കാരുമെല്ലാം ഞാൻ പാടിയ കാര്യം അറിഞ്ഞു. ഞാൻ അന്ന് കോളജ് വിദ്യാർഥിയാണ്. സിനിമ റിലീസ് ചെയ്യാൻ ഏകദേശം രണ്ടാഴ്ച ബാക്കി നിൽക്കെ, സിനിമയിൽനിന്ന് എന്റെ പാട്ട് ഒഴിവാക്കിയെന്ന തരത്തിൽ ചർച്ചകളുണ്ടായി. അതോടെ കൂടുതൽ വ്യക്തത തേടി ഞാൻ ശ്യാം സാറിനെ വിളിച്ചു. അദ്ദേഹത്തെ ഫോണിൽ കിട്ടാതായതോടെ നിർമാതാവിനെ വിളിച്ചു. അദ്ദേഹം എന്നോടു പറഞ്ഞു, ശ്യാം സർ പറഞ്ഞിട്ടാണ് പാട്ടൊഴിവാക്കിയതെന്ന്. തുടക്കക്കാരനെന്ന നിലയിൽ എനിക്കേറ്റ ഏറ്റവും വലിയ ആഘാതമായിരുന്നു അത്. സഹിക്കാൻ പറ്റാത്ത സങ്കടം. പക്ഷേ പിന്നീട് അതൊന്നുമോർത്ത് ദുഃഖിക്കേണ്ടി വന്നിട്ടില്ല. ഒരുപാട് അവസരങ്ങൾ ലഭിച്ചു. അതിനിടയിൽ വീണ്ടും ചില പാട്ടുകൾ ഒഴിവാക്കപ്പെട്ടു. ചിലതിൽ എനിക്കു പകരം മറ്റു ഗായകർ പാടി. വേറെ ചിലതിൽ പാട്ടിന്റെ ക്രെഡിറ്റിൽ എന്റെ പേര് ചേർക്കാതിരുന്നു. ഇത്തരത്തിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അതിലൊന്നും എനിക്കു സങ്കടമോ പരാതിയോ പരിഭവമോ ഇല്ല. സംഗീതം സിനിമയിലെ ഒരു ഘടകം മാത്രമാണ്. സിനിമയുടെ സ്വഭാവമനുസരിച്ച് ഗായകനോ ഗായികയ്ക്കോ അല്ല സന്ദർഭത്തിനാണ് പ്രാധാന്യം. അതിനനുസരിച്ചു പല കാര്യങ്ങളിലും മാറ്റം വരും. സിനിമ തന്നെയാണ് എനിക്ക് എല്ലാം തന്നത്. ജീവിതത്തിൽ പൂർണ സന്തോഷവും സംതൃപ്തിയുമുണ്ട് എനിക്ക്. കാരണം, എന്നെ സംബന്ധിച്ച് കിട്ടിയ അവസരങ്ങളെല്ലാം മികച്ചവ തന്നെയാണ്’’.
ആമേനും ദൃശ്യവും പിന്നെ പി.ജയചന്ദ്രനും
പാട്ട് ഒഴിവാക്കപ്പെട്ടതും പാടിയ പാട്ടിനു പകരക്കാരൻ വന്നതും ഒരുപാട് അനുഭവിച്ചിട്ടുള്ള ഗായകനാണ് പി.ജയചന്ദ്രൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ 2015ൽ പുറത്തിറങ്ങിയ ‘ആമേൻ’ എന്ന ചിത്രത്തിലെ ‘സോളമനും ശോശന്നയും’ എന്ന ഹിറ്റ് ഗാനം ആദ്യം പാടിയത് പി.ജയചന്ദ്രൻ ആയിരുന്നു. എന്നാൽ അത് സിനിമയിൽ ഉപയോഗിച്ചില്ല. പകരം പ്രീതി പിള്ളയും ശ്രീകുമാറും ചേർന്നു പാടിയ പതിപ്പ് ഉൾപ്പെടുത്തി. പി.എസ്.റഫീഖിന്റെ വരികൾക്ക് പ്രശാന്ത് പിള്ള ഈണമൊരുക്കിയ ഗാനമാണിത്. അതുപോലെ ‘ദൃശ്യം’ എന്ന ചിത്രത്തിലെ ‘മാരിവിൽ കുട നീർത്തും’ എന്ന പാട്ട് ജയചന്ദ്രന്‍ പാടിയെങ്കിലും നജിം അർഷാദ് പാടിയ ട്രാക്ക് ആണ് സിനിമയ്ക്കായി ഉപയോഗിച്ചത്. സന്തോഷ് വർമയുടെ വരികൾക്ക് വിനു തോമസ് ഈണമൊരുക്കിയ ഗാനമാണിത്. താൻ പാടിയ ഈ രണ്ട് പാട്ടുകളും സിനിമയിൽ ഉൾപ്പെടുത്താതെ പോയത് ജയചന്ദ്രനെയും അദ്ഭുതപ്പെടുത്തിയിരുന്നു.
തമിഴിൽ പാടിയപ്പോഴും ജയചന്ദ്രന് തിക്താനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. ‘വള്ളി വള്ളി എന്ന വന്താന്‍’ എന്ന തമിഴ് ഗാനം ജയചന്ദ്രന്‍ പാടിയെങ്കിലും അത് സിനിമയിൽ നിന്ന് നീക്കം ചെയ്തു. പാട്ട് പാടിക്കഴിഞ്ഞ് ‘എല്ലാം ഓക്കെ’ എന്നു കേട്ട് സ്റ്റുഡിയോയിൽനിന്നു പുറത്തിറങ്ങിയ ജയചന്ദ്രന് അപ്രതീക്ഷിതമായാണ് തിരിച്ചടി നേരിട്ടത്. അദ്ദേഹത്തിനു പകരം, ഈണമൊരുക്കിയ ഇളയരാജ തന്നെ ആ ഗാനം വീണ്ടും പാടി റെക്കോർഡ് ചെയ്യുകയായിരുന്നു.
പുറത്തിറങ്ങാതെ പോയ ‘ചിത്ര’ഗീതങ്ങൾ
വാനമ്പാടി കെ.എസ്.ചിത്രയുടെ പാട്ടുകളും സിനിമയിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ചിത്ര പാടിയത് ഒഴിവാക്കി മറ്റു ഗായകരെക്കൊണ്ടു പാടിപ്പിച്ച് സിനിമയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതൊന്നും പക്ഷേ സംഗീതജീവിതത്തിലുണ്ടായ തിക്താനുഭവമായി ചിത്ര കരുതുന്നില്ല. സിനിമയുടെ ആവശ്യത്തിനാണു പ്രാധാന്യം. അതിനനുസരിച്ചു വരുന്ന മാറ്റങ്ങളെ എല്ലായ്പ്പോഴും സ്വാഗതം ചെയ്യാറുണ്ട് ചിത്ര. ഹിന്ദിയിൽ താൻ പാടിയ പല പാട്ടുകളും പുറത്തുവന്നിട്ടില്ലെന്ന് ഗായിക പറയുന്നു. പക്ഷേ അതിലൊന്നും പരാതിയോ പരിഭവമോ ഇല്ല.
മുന്‍പ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ചിത്ര പറഞ്ഞത് ഇങ്ങനെ: ‘‘ഹിന്ദിയില്‍ ഞാൻ പാടിയ പല പാട്ടുകളും പുറത്തു വന്നിട്ടില്ല. അതൊരിക്കലും തിക്താനുഭവമാണെന്നു ഞാൻ പറയില്ല. ഞാൻ പാടിയപ്പോൾ ഉച്ചാരണപ്പിശകുകൾ വന്നിട്ടുണ്ടാകാം. അതുപോലെ ഓരോ റെക്കോർഡിങ് കമ്പനിയും പ്രാധാന്യം നൽകുന്ന ചില ഗായകർ ഉണ്ട്. അവർ പാടിയെങ്കിൽ മാത്രമേ ആ കമ്പനികൾ പാട്ടുകളെടുക്കൂ. അതൊക്കെ കൊണ്ടുകൂടിയായിരിക്കാം ഞാൻ പാടിയ പല പാട്ടുകളും ഒഴിവാക്കിയതും പകരം മറ്റു ഗായകരെക്കൊണ്ടു പാടിപ്പിച്ചതും. അതിലൊന്നും പക്ഷേ പരാതിയില്ല. കാരണം, സാഹചര്യങ്ങൾ കൂടി മനസ്സിലാക്കണമല്ലോ. എനിക്കു വിധിച്ചിട്ടുള്ളത് എനിക്കു വരും എന്നു തന്നെ വിശ്വസിക്കുന്നയാളാണു ഞാൻ. പ്രതീക്ഷിച്ചതിനേക്കാളേറെ പാട്ടുകൾ പാടാനുള്ള അവസരങ്ങൾ ദൈവം എനിക്കു തന്നിട്ടുമുണ്ട്. അതുകൊണ്ടു തന്നെ ഞാൻ പാടിയ പാട്ടുകൾ വേറെ ആരെങ്കിലും പാടിയതിൽ എനിക്കു സങ്കടമില്ല’’.
ഈണങ്ങളൊഴിവാക്കിയ ‘അകലെ’
ഈണമൊരുക്കിയ ഗാനം സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ട അനുഭവമുണ്ടായിട്ടുണ്ട് സംഗീതസംവിധായകൻ എം.ജയചന്ദ്രന്. 2004ൽ പുറത്തിറങ്ങിയ ‘അകലെ’ എന്ന ചിത്രത്തിനു വേണ്ടി 8 ഗാനങ്ങളാണ് ജയചന്ദ്രന്‍ ചിട്ടപ്പെടുത്തിയത്. ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിക്കും ചിത്രത്തിന്റെ സംവിധായകൻ ശ്യാമപ്രസാദിനുമൊപ്പമായിരുന്നു അകലെയ്ക്കു വേണ്ടിയുള്ള ജയചന്ദ്രന്റെ ജോലികൾ. പാട്ടുകളെല്ലാം തയ്യാറായെങ്കിലും അതിലൊന്നു പോലും സിനിമയില്‍ ഉപയോഗിച്ചില്ല. അതിന്റെ കാരണം തിരക്കിയപ്പോൾ പാട്ടിനനുയോജ്യമായ സാഹചര്യമോ പാട്ട് ചേർക്കാനുള്ള ഒരിടമോ സിനിമയില്‍ ഇല്ലായിരുന്നു എന്നാണ് ശ്യാമപ്രസാദ് നൽകിയ മറുപടി. സിനിമയുടെ രീതികളെക്കുറിച്ചറിയാവുന്ന ജയചന്ദ്രന് സാഹചര്യം എളുപ്പത്തിൽ പിടികിട്ടി.
പാട്ടുകൾ സിനിമയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പിൽക്കാലത്ത് പുറത്തിറങ്ങിയ ആ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായി. ‘അകലെ, അകലെ’, ‘നീ ജനുവരിയില്‍ വിരിയുമോ’ തുടങ്ങിയവയാണ് ആ ഗാനങ്ങൾ. പിന്നീട് ശ്യാമപ്രസാദ് ‘ഹേയ് ജൂഡ്’ എന്ന ചിത്രമൊരുക്കിയപ്പോൾ ചിത്രത്തിന്റെ സംഗീതസംവിധായകരിൽ ഒരാളായിരുന്നു എം.ജയചന്ദ്രൻ. അതിൽ ‘നിശാശലഭമേ’ എന്ന പേരിൽ അദ്ദേഹമൊരുക്കിയ പാട്ടിനും സിനിമയിൽ ഇടം പിടിക്കാനായില്ല. പാട്ട് സിനിമയിൽ നിന്നു നീക്കം ചെയ്തതിന് ജയചന്ദ്രന് യാതൊരു പരിഭവവുമില്ല. സിനിമ സംവിധായകന്റെ കലയാണെന്നും സിനിമയിൽ ജോലി ചെയ്യുന്ന ഓരോരുത്തരും മാറ്റങ്ങളെ അംഗീകരിച്ചു പെരുമാറുന്നവരായിരിക്കണമെന്നും ജയചന്ദ്രൻ പറയുന്നു. എങ്കിൽ മാത്രമേ ധാർമികതയോടെ ഓരോ കലാകാരനും നിലനിൽക്കാനാകൂ എന്നതിലാണ് തന്റെ വിശ്വാസമെന്ന് ജയചന്ദ്രൻ വെളിപ്പെടുത്തുന്നു.