അപ്രതീക്ഷിതമാണ് ജീവിതത്തിൽ സംഭവിക്കുന്നതൊക്കെയും.. അനിർവചനീയവും!
പള്ളിക്കൂടത്തിൽ കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കാനുള്ളതായിരുന്നു വെള്ളിയാഴ്ച്ചകളിലെ അവസാനമണിക്കൂർ. പരിപാടികളിൽ മിക്കവാറും പാട്ടും ചിലപ്പോഴൊക്കെ നൃത്തവും ഞാൻ അവതരിപ്പിക്കാറുണ്ടായിരുന്നു. ആ കുട്ടിക്കാലത്ത് ഞാൻ ക്ലാസിൽ പാടിയ മൂന്ന് പാട്ടുകൾ ഇന്നും ഇടയ്ക്കൊക്കെ മൂളാറുണ്ട് (പാടാറില്ല, എന്റെ പാട്ട്
പള്ളിക്കൂടത്തിൽ കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കാനുള്ളതായിരുന്നു വെള്ളിയാഴ്ച്ചകളിലെ അവസാനമണിക്കൂർ. പരിപാടികളിൽ മിക്കവാറും പാട്ടും ചിലപ്പോഴൊക്കെ നൃത്തവും ഞാൻ അവതരിപ്പിക്കാറുണ്ടായിരുന്നു. ആ കുട്ടിക്കാലത്ത് ഞാൻ ക്ലാസിൽ പാടിയ മൂന്ന് പാട്ടുകൾ ഇന്നും ഇടയ്ക്കൊക്കെ മൂളാറുണ്ട് (പാടാറില്ല, എന്റെ പാട്ട്
പള്ളിക്കൂടത്തിൽ കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കാനുള്ളതായിരുന്നു വെള്ളിയാഴ്ച്ചകളിലെ അവസാനമണിക്കൂർ. പരിപാടികളിൽ മിക്കവാറും പാട്ടും ചിലപ്പോഴൊക്കെ നൃത്തവും ഞാൻ അവതരിപ്പിക്കാറുണ്ടായിരുന്നു. ആ കുട്ടിക്കാലത്ത് ഞാൻ ക്ലാസിൽ പാടിയ മൂന്ന് പാട്ടുകൾ ഇന്നും ഇടയ്ക്കൊക്കെ മൂളാറുണ്ട് (പാടാറില്ല, എന്റെ പാട്ട്
പള്ളിക്കൂടത്തിൽ കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കാനുള്ളതായിരുന്നു വെള്ളിയാഴ്ചകളിലെ അവസാന മണിക്കൂർ. പരിപാടികളിൽ മിക്കവാറും പാട്ടും ചിലപ്പോഴൊക്കെ നൃത്തവും ഞാൻ അവതരിപ്പിക്കാറുണ്ടായിരുന്നു. ആ കുട്ടിക്കാലത്ത് ഞാൻ ക്ലാസിൽ പാടിയ മൂന്നു പാട്ടുകൾ ഇന്നും ഇടയ്ക്കൊക്കെ മൂളാറുണ്ട് (പാടാറില്ല, എന്റെ പാട്ട് എന്താണെന്ന് ഇപ്പോഴെനിക്കറിയാം).
'നായകാ പാലകാ' - ലക്ഷ്മീവിജയം
'സീമന്തരേഖയിൽ' - ആശീർവാദം
'ആഷാഢമാസം' - യുദ്ധഭൂമി
റേഡിയോയിൽനിന്ന് ഒഴുകിവരുന്ന പാട്ടുകൾ പലപ്പോഴായി കേട്ട് എഴുതിയെടുത്ത് പഠിച്ചു പാടിയതായിരുന്നു അവയൊക്കെ. പാട്ടുകൾ ശ്രദ്ധാപൂർവം ആസ്വദിക്കാൻ തുടങ്ങിയ ആ കൗമാരകാലത്ത് ഏറ്റവുമധികം ഞാനാസ്വദിച്ച പെൺശബ്ദം വാണി ജയറാമിന്റേതായിരുന്നുവെന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു.
'സീമന്തരേഖയിൽ' എന്ന പാട്ടിനോടുള്ള ഇഷ്ടം മൂത്ത്, ആ ഗാനരംഗത്ത് അഭിനയിച്ച വിധുബാലയോടും എനിക്ക് കടുത്ത പ്രേമം തോന്നിയെങ്കിലും വൈദികനാകാൻ അക്കാലത്തു ഞാൻ തീരുമാനിച്ചതിനാൽ ആ പ്രണയം ആശയടക്കി ദൈവത്തിന് കാഴ്ച വച്ചതും ഞാനിവിടെ തുറന്നു പറയുന്നു. സീമന്തരേഖയിൽ, മാവിന്റെ കൊമ്പിലിരുന്നൊരു, സ്വപ്നഹാരമണിഞ്ഞെത്തും.. എന്നിങ്ങനെയുള്ള ഗാനരംഗങ്ങൾ കാരണമാകാം, വിധുബാല പാടുന്നത് വാണി ജയറാമിന്റെ ശബ്ദത്തിലാണെന്ന് ഞാനിന്നും വിശ്വസിക്കുന്നു.
ഭാഷകൾ കടന്ന് ഗാനാസ്വാദനം കൂടുതൽ തീവ്രമായിത്തുടങ്ങിയ കാലങ്ങളിലെപ്പോഴോ വാണി ജയറാമിന്റെ ആലാപനത്തോടുള്ള താൽപര്യം കുറഞ്ഞു തുടങ്ങി. നിഷ്‌കളങ്കതയിൽനിന്ന് അറിയാതെതന്നെ നിരൂപണലക്ഷ്യത്തോടെയുള്ള കേൾവിയായി മാറിയപ്പോൾ മലയാളത്തിലുള്ള അവരുടെ ചെറിയ ഉച്ചാരണപ്രശ്നങ്ങളോടു പോലും സഹിഷ്ണുതയില്ലാതെയായി.
പിന്നണിഗായകർ അഭിനേതാക്കളായി മാറി, കഥാപാത്രങ്ങളോടിഴുകിച്ചേരുമ്പോഴാണ് ചലച്ചിത്രഗാനാലാപന പൂർണത എന്ന ശക്തമായ തോന്നലിൽ അവരുൾപ്പെടെയുള്ള പലരുടെ പാട്ടിനോടും മമതയില്ലാതായി. ശ്രുതിശുദ്ധിയിലും ആലാപനത്തികവിലും ഏറെ മുൻപന്തിയിൽ നിൽക്കുന്ന ചിലർ ഭാവപൂർണ്ണതയിൽ പരാജയപ്പെടുന്നതായി എനിക്ക് തോന്നി.
എങ്കിലും മലയാളത്തിൽ വാണി ജയറാം തനിയെ പാടിയ കുറേ പാട്ടുകൾ സിനിമയുടെ ഫ്രെയിമുകൾക്കപ്പുറം കടന്ന് കാതുകൾക്ക് പ്രിയപ്പെട്ടതായിത്തന്നെ തുടർന്നു.
'നന്ദസുതാവര തവജനനം'
'മൗനം പൊൻമണി തംബുരു മീട്ടി'
'ഏതോ ജൻമകല്പനയിൽ'
'മറഞ്ഞിരുന്നാലും'
'തിരയും തീരവും'
'ഒരു പ്രേമലേഖനം എഴുതി മായ്ക്കും'
'ധും തന ചിലങ്കേ'
'കണ്ണിൽ പൂവ്'
'നാദാപുരം പള്ളിയിലെ'
'കടക്കണ്ണിലൊരു'
'താത്തെയ്യത്തോം'
'നിലവിളക്കിൻ തിരിനാളമായ്'
‘എന്റെ കയ്യിൽ പൂത്തിരി'
'നാടൻ പാട്ടിലെ മൈന'
പക്ഷേ, തമിഴിൽ വാണി ജയറാം പാടിയ ഗാനങ്ങളെല്ലാം, പ്രത്യേകിച്ചും സോളോകൾ എനിക്ക് വളരെ പ്രിയപ്പെട്ടതായി തുടർന്നു.
'മല്ലിഗൈ എൻ മന്നൻ മയങ്കും'
'ഏഴ് സ്വരങ്കളുക്കുൾ'
'നിത്തം നിത്തം നെല്ല് ചോറ്'
'കവിതൈ കേളുങ്കൾ'
'ഏഴൈ വീട്ടിൽ പൂത്ത'
എന്നിങ്ങനെ ധാരാളം സിനിമാഗാനങ്ങളും തൊണ്ണൂറുകളിൽ തമിഴിൽ അവർ പാടിയ ക്രിസ്തീയ ഭക്തിഗാനങ്ങളും വാണി ജയറാമിന്റെ ശബ്ദത്തെ സജീവമായിത്തന്നെ എന്റെ കേൾവികളിൽ നില നിർത്തി.
സംഗീതസംബന്ധിയായി എഴുതപ്പെട്ടതെന്തും വായിക്കാൻ തുടങ്ങിയ സമയങ്ങളിൽ അവരുടെ ചില അഭിമുഖങ്ങൾ മലയാള പ്രസിദ്ധീകരണങ്ങളിൽ വായിക്കുകയുണ്ടായി. അപ്പോഴെല്ലാം കിട്ടിയതിൽ തൃപ്തയല്ലാത്ത, മലയാളത്തിൽ അംഗീകരിക്കപ്പെടുന്നില്ല എന്ന പരാതി മാത്രമുള്ള ഒരു ഗായികയെയാണ് വായിക്കാൻ കഴിഞ്ഞത്. വിനയം മാത്രം വാമുതലായ പലരുടെയും അഭിമുഖങ്ങൾ കണ്ട് കണ്ണു മഞ്ഞളിച്ച ഞാൻ വാണി ജയറാമിനെ അഹങ്കാരിയായി മനസ്സിൽ പ്രഖ്യാപിച്ചു. പ്രതിഫലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത അവരുടെ മനോഭാവത്തെക്കുറിച്ച് വാണി ജയറാമിനെക്കൊണ്ടു പാടിച്ചിട്ടുള്ള ചിലർ പറഞ്ഞ അഭിപ്രായങ്ങളും ഞാൻ അതിനോടു കൂട്ടിച്ചേർത്തു. പിൽക്കാലത്ത് ജോലിസംബന്ധമായ ചില കാര്യങ്ങൾക്കു വേണ്ടി അവരോടു സംസാരിച്ചപ്പോഴെല്ലാം, ആ അഭിപ്രായത്തെ ഉറപ്പിക്കുന്ന രീതിയിലായിരുന്നു അവരുടെ പ്രതികരണങ്ങളൊക്കെയും !
സംഗീതജ്ഞരുടെ കയ്യിൽനിന്ന് അവരുടെ ആദ്യറെക്കോർഡിൽ കയ്യൊപ്പ് വാങ്ങി സൂക്ഷിക്കുന്നൊരു ശീലം ഇടക്കാലത്ത് എനിക്കുണ്ടായിരുന്നു. വാണി ജയറാമിനെ നേരിൽ കണ്ടപ്പോൾ മലയാളത്തിലെ അവരുടെ ഹിറ്റ് ഗാനങ്ങൾ ചേർത്ത് കൊളംബിയ റിലീസ് ചെയ്ത വിനൈൽ റെക്കോർഡിൽ വാണി ജയറാമിന്റെ ഒപ്പ് വാങ്ങി സുഹൃത്ത് അനീഷ് കൃഷ്ണന് സർപ്രൈസായി സമ്മാനിക്കുകയും എന്റെ കൈവശമുള്ള റെക്കോർഡിൽ ഒരു ഓട്ടോഗ്രാഫ് വാങ്ങുകയും ചെയ്തു. (ആ റെക്കോർഡ് സ്ലീവിലുള്ള ഫൊട്ടോഗ്രഫ് അവരുടെ ഭർത്താവ് ജയ്റാം എടുത്ത ചിത്രമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്). കുറേ സമയം അവരോടൊപ്പം ഉണ്ടായിരുന്നെങ്കിലും എനിക്കജ്ഞാതമായ കാരണങ്ങളാൽ അസ്വസ്ഥയായി കാണപ്പെട്ട അവരോട് അധികം സംസാരിക്കുവാൻ ഞാൻ മെനക്കെട്ടില്ല.
കാലവും അനുഭവങ്ങളും കേൾവിയെയും അഭിപ്രായങ്ങളെയും പുതുക്കിക്കൊണ്ടേയിരുന്നു.
'വാണി ജയറാമിന് പത്മഭൂഷൺ' എന്ന വാർത്ത കണ്ടപ്പോൾ പത്തു വർഷങ്ങൾക്കു മുമ്പ് എസ്.ജാനകി ഇതേ അംഗീകാരം നിലപാട് വ്യക്തമാക്കി തിരസ്കരിച്ചതോർമ വന്നു. 'വാണിയമ്മയ്ക്ക് വൈകിയാണെങ്കിലും ഇത്രയും വലിയൊരു അംഗീകാരം കിട്ടിയല്ലോ' എന്ന സന്തോഷവുമായി അപ്പോൾ ഫോൺ ചെയ്ത മിനിച്ചേച്ചി (മിൻമിനി) വാണി ജയറാമിനെക്കുറിച്ച് വാചാലയായി. സ്റ്റുഡിയോകളിൽ താൻ ഏറ്റവുമധികം കാണാറുണ്ടായിരുന്ന, വളരെ സ്നേഹത്തോടെ മാത്രം പെരുമാറിയിരുന്ന, മിനിക്ക് ശബ്ദം നഷ്ടപ്പെട്ട നാളുകളിൽ വാത്സല്യത്തോടെ ചേർത്തുപിടിച്ചിരുന്ന വാണി ജയറാമിനെയാണ് ഞാൻ മിനിയിലൂടെ കേട്ടത്.
വാണി ജയറാമിന്റെ ഒരുപാട് പാട്ടുകളെക്കുറിച്ച് ഞങ്ങൾ കുറേ നേരം സംസാരിച്ചു.
അടിമകളെപ്പോലെ മിണ്ടാതെ നിൽക്കുന്നവരെ അംഗീകരിക്കുകയും സ്വന്തം അഭിപ്രായങ്ങളും നിലപാടുകളുമുള്ളവരെ നിഷേധികളായി മാറ്റി നിർത്താൻ പലരും ശ്രമിക്കുകയും ചെയ്തതുകൊണ്ടാവാം വാണി ജയറാം എപ്പോഴും ഒരു തനിമരമായി നില കൊണ്ടതെന്ന് അപ്പോൾ എനിക്കു വ്യക്തമായി. ഉള്ളിൽ തോന്നിയ തെറ്റിദ്ധാരണകളെക്കുറിച്ച് വളരെയേറെ പശ്ചാത്തപിക്കുകയും ചെയ്തു.
വെറും പത്തു ദിവസങ്ങൾക്കുള്ളിലാണ് വാണി ജയറാമിന്റെ വിയോഗവാർത്ത ഒരു കിടുക്കത്തോടെ കേട്ടത്. വല്ലാതെ തകർന്നു പോയി. എന്തൊക്കെയോ കുറ്റബോധങ്ങൾ എന്നെ കീഴടക്കി.
വാണിയമ്മയ്ക്ക് അന്ത്യോപചാരം നൽകാൻ മിനിച്ചേച്ചിയോടൊപ്പം പോയാലോയെന്ന് ഒരു തോന്നൽ കലശലായി. മരണപ്പെട്ടുപോയവരെ അവസാനമായി കാണാൻ ഞാൻ തീരെ പോകാറില്ല. എനിക്കത് വളരെ വിഷമകരമായ കാര്യമാണ്. പക്ഷേ വാണി ജയറാമിനെ ഒരിക്കൽക്കൂടി കാണണമെന്ന് മനസ്സ് ആവർത്തിച്ചുകൊണ്ടിരുന്നു. പോകാമെന്നു തന്നെ തീരുമാനിച്ചു.
ആഗ്രഹം ആത്മാർഥമാകുമ്പോഴുള്ള പല നന്മകളും ജീവിതത്തിൽ പലപ്പോഴും അറിഞ്ഞിട്ടുണ്ടെങ്കിലും ഇത് മറ്റൊരു അനുഭവമായിരുന്നു.
സംസ്കാരത്തിനായി ഫ്ലാറ്റിൽനിന്നു പുറത്തേക്കെടുക്കുന്നതിനു തൊട്ടുമുമ്പാണ് ഞങ്ങൾക്കവിടെ എത്തിച്ചേരാനായത്. മന്ത്രോച്ചാരണങ്ങൾ നിറഞ്ഞ ആ ചെറിയ ഹാളിൽ അന്ത്യകർമങ്ങൾ നടക്കുകയായിരുന്നു. ബന്ധുക്കൾ മാത്രമുണ്ടായിരുന്ന അവിടെ ഞങ്ങളും സംഗീതബന്ധുക്കളായി നിന്നു. കർമങ്ങൾക്കൊടുവിൽ പാദനമസ്ക്കാരവേളയിൽ ഒരു നിയോഗം പോലെ ഞാനും അവരുടെ കാലുകളിൽ തൊട്ടു. മനസ്സിൽ സൂക്ഷിച്ചിരുന്ന എല്ലാ അറിവില്ലായ്മകൾക്കും ഞാൻ മൗനമായി മാപ്പ് ചോദിച്ചു.
വൈകാതെ അവരുടെ ഭൗതികദേഹം പുറത്തേക്കെടുത്തു. പുറത്ത് സർക്കാരിന്റെ ഉപചാരക്രിയകൾ നടക്കുമ്പോൾ ആ വീട്ടിനുള്ളിൽ ഞങ്ങൾ മൂന്നു പേർ മാത്രം അവശേഷിച്ചു. വാണി ജയറാമിന്റെ ചിത്രങ്ങളും അവർക്ക് ലഭിച്ച പുരസ്കാരങ്ങളും പ്രദർശിപ്പിച്ചിട്ടുള്ള ആ കൊച്ചുഹാളിലെ ശൂന്യതയിലും നിശ്ശബ്ദതയിലും എന്തുകൊണ്ടോ എന്റെ മനസ്സ് ശാന്തമായിരുന്നു. അവർ അവസാനമായിക്കിടന്നിരുന്ന ആ നിലത്ത് ചിതറിക്കിടന്നിരുന്ന പൂവിതളുകളിലൊന്ന് അറിയാത്തൊരു ഉൾപ്രേരണയാൽ ഞാൻ കുനിഞ്ഞെടുത്തു - ആ നിമിഷത്തിന്റെ ഓർമയ്ക്കായി!
പുറത്തിറങ്ങി തിരിഞ്ഞുനോക്കിയപ്പോൾ ആ ഹാളിൽ ആരുമുണ്ടായിരുന്നില്ല..
സംഗീതത്തെ പ്രാണനോളം ഉപാസിച്ച വാണി ജയറാം വിട പറഞ്ഞ ആ വീട്ടിലേക്ക് ഇനിയൊരിക്കലും ഞാനും വരേണ്ടിവരില്ല എന്ന തിരിച്ചറിവിൽ, അവരുണ്ടായിരുന്നെങ്കിൽ ഞാൻ ചെയ്യുമായിരുന്ന ഒരു കാര്യം, ഒരു ചിത്രം മാത്രമെടുത്ത് തിരികെ മടങ്ങി.
തോപ്രാൻകുടിയിലെ ചെറിയ കുന്നിൻചെരുവുകളിൽ ചിതറിക്കേട്ട് എന്റെ മനസിലേക്കെത്തിയ ആ മഹാഗായികയ്ക്ക് അന്ത്യപ്രണാമം നൽകുവാനായി ഞാൻ ചെന്നൈയിലെത്തിയെന്നത് ഒരു നിയോഗമോ നിമിത്തമോ എന്നൊന്നുമറിയില്ല..
കാലം കരുതുന്നതുപോലെ കഴിയാമെന്നു മാത്രം ഞാനും കരുതുന്നു.
ചിത്രങ്ങൾ: ഷിജോ മാനുവൽ