അച്ഛന്റെ ചിത്രം, ചേട്ടന്റെ നിർമാണം; നടിയായി തിളങ്ങാനൊരുങ്ങിയ വാണി വിശ്വനാഥ്! പക്ഷേ ഓർമയിൽ ആ പാട്ടുകൾ മാത്രം
പാട്ടുകൾ ഡിജിറ്റൈസ് ചെയ്യുമ്പോഴെല്ലാം അവ കേട്ടിരുന്ന്, അവയുടെ പിന്നാമ്പുറകഥകളെക്കുറിച്ചെല്ലാം ആലോചിച്ചിരിക്കുന്നത് ഒരു രസമാണ്. ഏറെയും അറിയാക്കഥകളായിരിക്കും. അങ്ങനെ വരുമ്പോൾ ആ പാട്ടുകൾ വന്നിരിക്കാനിടയുള്ള വഴികളും അവയുടെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ള അറിയാവുന്ന വ്യക്തികളെക്കുറിച്ചൊക്കെയായിരിക്കും
പാട്ടുകൾ ഡിജിറ്റൈസ് ചെയ്യുമ്പോഴെല്ലാം അവ കേട്ടിരുന്ന്, അവയുടെ പിന്നാമ്പുറകഥകളെക്കുറിച്ചെല്ലാം ആലോചിച്ചിരിക്കുന്നത് ഒരു രസമാണ്. ഏറെയും അറിയാക്കഥകളായിരിക്കും. അങ്ങനെ വരുമ്പോൾ ആ പാട്ടുകൾ വന്നിരിക്കാനിടയുള്ള വഴികളും അവയുടെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ള അറിയാവുന്ന വ്യക്തികളെക്കുറിച്ചൊക്കെയായിരിക്കും
പാട്ടുകൾ ഡിജിറ്റൈസ് ചെയ്യുമ്പോഴെല്ലാം അവ കേട്ടിരുന്ന്, അവയുടെ പിന്നാമ്പുറകഥകളെക്കുറിച്ചെല്ലാം ആലോചിച്ചിരിക്കുന്നത് ഒരു രസമാണ്. ഏറെയും അറിയാക്കഥകളായിരിക്കും. അങ്ങനെ വരുമ്പോൾ ആ പാട്ടുകൾ വന്നിരിക്കാനിടയുള്ള വഴികളും അവയുടെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ള അറിയാവുന്ന വ്യക്തികളെക്കുറിച്ചൊക്കെയായിരിക്കും
പാട്ടുകൾ ഡിജിറ്റൈസ് ചെയ്യുമ്പോഴെല്ലാം അവ കേട്ടിരുന്ന്, അവയുടെ പിന്നാമ്പുറകഥകളെക്കുറിച്ചെല്ലാം ആലോചിച്ചിരിക്കുന്നത് ഒരു രസമാണ്.
ഏറെയും അറിയാക്കഥകളായിരിക്കും. അങ്ങനെ വരുമ്പോൾ ആ പാട്ടുകൾ വന്നിരിക്കാനിടയുള്ള വഴികളും അവയുടെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ള അറിയാവുന്ന വ്യക്തികളെക്കുറിച്ചൊക്കെയായിരിക്കും ചിന്തകൾ.
അതുവരെ കേട്ടിട്ടില്ലാത്ത പാട്ടുകളിൽ ചിലതു മാത്രമാണ് അത്തരം കേൾവികളിൽ അതിശയങ്ങൾ സമ്മാനിക്കാറുള്ളത്. അതിലൊന്നാണ് 'തരംഗിണി കസെറ്റ്സ്' 1990 ൽ പുറത്തിറക്കിയ 'വിശ്വനാഥന്റെ പ്രവേശനം' എന്ന സിനിമയിലെ ഗാനങ്ങള്‍.
കവറിലുണ്ടായിരുന്ന വാണി വിശ്വനാഥിന്റെ ചിത്രമാണ് ആദ്യമൊരു കൗതുകമുണ്ടാക്കിയത്. 1995 ൽ പുറത്തു വന്ന 'മാന്നാർ മത്തായി സ്പീക്കിങ്' എന്ന സിനിമയിലാണ് വാണി വിശ്വനാഥിനെ ആദ്യമായി കാണുന്നത്. 1990 ൽ ഇങ്ങനെയൊരു ചിത്രം പുറത്തിറങ്ങിയിട്ടുണ്ടാകുമോ എന്നൊരു സംശയം സ്വാഭാവികമായുണ്ടായി. 'മാന്നാർ മത്തായി'ക്ക് മുൻപ് അവർ തെലുങ്കിലൊക്കെ അഭിനയിച്ചിരുന്നതായറിയാം. കൂടാതെ 'ഇളയഗംഗൈ' എന്ന സംഗീതസംവിധായകനാണ് പാട്ടുകൾ ചെയ്തിരിക്കുന്നതെന്നും നിർമാതാക്കളിലൊരാൾ എ.മൂവേന്തൻ എന്നയാളാണെന്നും കൂടി കണ്ടപ്പോൾ 'വിശ്വനാഥന്റെ പ്രവേശനം' ഒരു തമിഴ് മൊഴിമാറ്റച്ചിത്രമാണെന്നുറപ്പിച്ചു. പക്ഷേ, സിനിമ റിലീസായതായി എവിടെയും കാണുന്നുമില്ല.
മെഷീനിൽ ലോഡ് ചെയ്തിരുന്ന സ്പൂൾ പാടിത്തുടങ്ങിയപ്പോഴാണ് അദ്ഭുതപ്പെട്ടുപോയത്. ഗംഭീരശബ്ദലേഖനവും യേശുദാസ്, ജയചന്ദ്രൻ, മലേഷ്യാ വാസുദേവൻ, അമ്പിളി, ചിത്ര എന്നിവർ പാടിയ വളരെ നല്ല പാട്ടുകളും! സ്റ്റീരിയോ നിലവാരത്തിലുള്ള പാട്ടുകൾ ഇതൊരു മൊഴിമാറ്റച്ചിത്രമല്ല എന്നുറപ്പിക്കാൻ കാരണമായി. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങൾ, സംവിധാനം എന്നീ കാര്യങ്ങൾ ഒറ്റയ്ക്കു ചെയ്തിരിക്കുന്ന ടി.ഐ.വിശ്വനാഥൻ നല്ല ഗാനങ്ങളാണെഴുതിയിരിക്കുന്നതും! അങ്ങനെയൊരു പ്രതിഭയെക്കുറിച്ച് എവിടെയും കേട്ടതായി ഓർമ്മ വന്നില്ല.
വിജയകാന്ത് നായകനായ 'മൂൻട്രെഴുത്തിൽ എൻ മൂച്ചിരുക്കും' എന്ന തമിഴ് ചിത്രത്തിന്റെ സംഗീതസംവിധായകനായി 'ഇളയഗംഗൈ'യെ അറിയാം. ആ ചിത്രത്തിലാണ് മിൻമിനിയുടെ ആദ്യ തമിഴ് സോളോ. ഇളയരാജയുടെ ഒരു ബന്ധുവാണ് ഇളയഗംഗൈ എന്നും ഇളയരാജാ, ഗംഗൈ അമരൻ എന്നിവരുടെ പേരുകളിൽ നിന്ന് അദ്ദേഹം സ്വയം സ്വീകരിച്ച പേരാണ് 'ഇളയഗംഗൈ' എന്ന വിവരവും മിൻമിനി പറഞ്ഞ് പിൽക്കാലത്തറിഞ്ഞിരുന്നു.
'മൂൻട്രെഴുത്തിൽ എൻ മൂച്ചിരുക്കും' വളരെ നല്ല മെലഡികൾ നിറഞ്ഞൊരു ചിത്രമായിരുന്നു. യേശുദാസ് പാടി പ്രശസ്തമായ 'സംകൃത പമഗരി'യുടെ (മാപ്പിളപ്പാട്ട് - മൈലാഞ്ചിപ്പാട്ടുകൾ Vol 1) ഈണം കടമെടുത്ത് 'സന്തനക്കിളി രെണ്ട്' എന്നൊരു യുഗ്മഗാനം യേശുദാസും ചിത്രയും അതിൽ പാടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മറ്റുള്ളവരുടെ പേരും ഈണവും കടമെടുത്ത സംഗീതസംവിധായകൻ എന്നൊരു ധാരണയോടെ ഇളയഗംഗൈയെ അക്കാലത്ത് ഞാൻ അവഗണിച്ചു.
കലാഭവൻ മണി 'കലാമണി'യായി 'മറുമലർച്ചി'യിലൂടെ തമിഴിൽ അരങ്ങേറിയ സമയത്ത് ഒരഭിമുഖത്തിൽ അതിരപ്പിള്ളിയിൽ ഏതോ തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനു വന്ന വിജയകാന്തിനെ നേരിൽ കണ്ട കഥ പറയുന്നുണ്ട്. വിജയകാന്തിന്റെ മുൻപിൽ മിമിക്രി അവതരിപ്പിക്കുന്നതിനിടയിൽ 'സംകൃത പമഗരി' എന്ന മാപ്പിളപ്പാട്ട് ശ്വാസം വിടാതെ പാടി അദ്ദേഹത്തെ അതിശയിപ്പിച്ചുവെന്നും, വിജയകാന്ത് ആ പാട്ട് കസെറ്റിൽ റെക്കോർഡ് ചെയ്തു കൊണ്ടുപോയി ആ ട്യൂൺ അദ്ദേഹത്തിന്റെ അടുത്ത സിനിമയിൽ ഉപയോഗിച്ചുവെന്നും മണി ആ അഭിമുഖത്തിൽ പറയുന്നതു ഞാൻ അക്കാലത്ത് വായിച്ചിരുന്നു. വിജയകാന്തിന്റെ നിർബന്ധത്തിനു വഴങ്ങി ഇളയഗംഗൈ ആ ട്യൂൺ ഉപയോഗിച്ചതാണെന്ന് എനിക്കപ്പോൾ മനസ്സിലായി.
'വിശ്വനാഥന്റെ പ്രവേശന'ത്തിലെ പാട്ടുകളുടെ നിലവാരവും അവയുടെ വൈവിധ്യവും ഇളയഗംഗൈയെക്കുറിച്ചുള്ള ധാരണകളെ പൂർണ്ണമായും തിരുത്തി. ആ സിനിമയ്ക്കെന്തു പറ്റി എന്നറിയുവാനായി ഇളയഗംഗൈയെത്തന്നെ വിളിക്കാമെന്നു തീരുമാനിച്ചു. മാത്രമല്ല, ടി.ഐ.വിശ്വനാഥൻ ആരാണെന്നും അദ്ദേഹത്തോടു ചോദിച്ചറിയാമെന്നു കരുതി.
അദ്ദേഹത്തിന്റെ നമ്പറിനു വേണ്ടി അന്വേഷിച്ചപ്പോൾ മിൻമിനിയാണ് ഗംഗൈ അമരന്റെ കോ-ഓർഡിനേറ്ററായ അജ്ജുവിന്റെ നമ്പർ തന്നത്. അജ്ജുവിൽ നിന്നുമാണ് അമ്പരപ്പിക്കുന്ന വിവരങ്ങൾ അറിയുന്നത്.
'പാവലർ ബ്രദേഴ്സ്' എന്ന പേരിൽ കേരളത്തിൽ ഇടതുപക്ഷ പാർട്ടിയുടെ സമ്മേളനങ്ങൾക്കു പാടാനെത്തിയിരുന്ന ഗായകസഹോദരങ്ങളെക്കുറിച്ച് സംഗീതസ്നേഹികൾക്ക് അറിയാമായിരിക്കും. പാവലർ വരദരാജൻ, ഭാസ്കർ, ഇളയരാജാ, ഗംഗൈ അമരൻ എന്നീ സഹോദരങ്ങളായിരുന്നു അവർ. ഏറ്റവും മുതിർന്നയാളായ പാവലർ വരദരാജന്റെ നാലു മക്കളിലൊരാളായ സ്റ്റാലിൻ വരദരാജനാണ് തന്റെ ചിറ്റപ്പൻമാരുടെ പേരുകളിൽ നിന്ന് ഇളയഗംഗൈ എന്ന പേര് കടം കൊണ്ടത്. ('മണ്ണിൽ ഇന്ത കാദലൻട്രി', 'വാനുയർന്ത സോലയിലേ' തുടങ്ങിയ പ്രശസ്‌തഗാനങ്ങൾ പാവലർ വരദരാജൻ എഴുതിയ പാട്ടുകളാണ്)
തമിഴിൽ വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രം ചെയ്ത ഇളയഗംഗൈ (ആ സിനിമകൾ മിക്കതിലും അദ്ദേഹം പാട്ടുകൾ എഴുതിയിട്ടുമുണ്ട്) മഞ്ഞപ്പിത്തബാധയെത്തുടർന്ന് 2006 ഒക്ടോബർ 16 ന് മരണമടഞ്ഞു എന്ന വിഷമിപ്പിക്കുന്ന വിവരത്തോടൊപ്പം അദ്ദേഹത്തിന്റെ ഏകമകനായ അഹമ്മദ് അബ്ദുള്ള (വെങ്കി)യുടെ ഫോൺ നമ്പറും അജ്ജു തന്നു. അപ്പാ ഒരു മലയാളപടത്തിലെ പാട്ടുകൾക്ക് ഈണം നല്കിയിട്ടുണ്ടെന്ന വിവരം ഞാൻ പറയുമ്പോൾ മാത്രമാണ് വെങ്കി അറിയുന്നതു പോലും!
ഈ വിവരങ്ങളെല്ലാം സ്നേഹിതനായ മുകേഷ് കുമാറിനോട് ഞാൻ പറയുകയുണ്ടായി. 'വിശ്വനാഥന്റെ പ്രവേശന'ത്തെക്കുറിച്ച് കേട്ടറിവ് പോലുമില്ലാതിരുന്ന മുകേഷിന്റെ അന്വേഷണത്തിലാണ് ടി.ഐ.വിശ്വനാഥൻ എന്ന വ്യക്തി നടി വാണി വിശ്വനാഥിന്റെ അച്ഛനാണെന്ന തിരിച്ചറിവിലെത്തുന്നത്. ചിത്രത്തിന്റെ നിർമാതാക്കളിലൊരുവനായ ടി.വി.ശ്രീകാന്തൻ വാണിയുടെ സഹോദരനാണെന്നും തീർച്ചയാക്കി. വാണി വിശ്വനാഥുമായി സംസാരിച്ചപ്പോൾ എല്ലാ കാര്യങ്ങൾക്കും ഒരു വ്യക്തതയുണ്ടായി.
"ജാതിവെറികളെ അടിസ്ഥാനമാക്കിയുള്ള ഒരു പീരിയഡ് സിനിമയായിരുന്നു 'വിശ്വനാഥന്റെ പ്രവേശനം'. അക്കാലത്തെ തെലുങ്ക് ഹീറോ മോഹൻ ബാബു, കന്നഡ ഹീറോ പ്രഭാകർ, തമിഴിലെ അരുൺ പാണ്ഡ്യൻ എന്നിവരോടൊപ്പം നായികയായി ഞാനും. ചേട്ടനായ ശ്രീകാന്തനും ചിത്രത്തിന്റെ ക്യാമറാമാൻ കൂടിയായ മൂവേന്തനുമായിരുന്നു നിർമാണം.
ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോയിൽ വച്ചു നടന്ന ഗംഭീരമായ പൂജയിൽ സംവിധായകരായ ദാസരി നാരായണറാവു, ഭാരതിരാജാ, നിർമാതാവായ രമേഷ് പ്രസാദ്, ള്ളയരാജ, ഗംഗൈ അമരൻ എന്നിങ്ങനെ ധാരാളം പ്രമുഖർ പങ്കെടുത്തിരുന്നു. സംഗീതസംവിധായകനായി ഇളയഗംഗൈയെ അവതരിപ്പിക്കാനുള്ള തീരുമാനവും അച്ഛന്റേതായിരുന്നു.
ഗംഭീരമായി നടന്ന പൂജാ-റെക്കോർഡിങ്ങിനു ശേഷം പാട്ടുകളുടെ വിതരണാവകാശം തരംഗിണി വാങ്ങി. പക്ഷേ, ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപേ സഹനിർമാതാവായ മൂവേന്തൻ മറ്റെന്തോ സാമ്പത്തികപ്രതിസന്ധിയിലാകുകയും നിർമാണത്തിൽ നിന്നും പിൻമാറുകയും ചെയ്തു. സ്വയം നിർമിച്ചാലോ എന്നൊരഭിപ്രായം ഞാൻ ചോദിച്ചെങ്കിലും തല്ക്കാലം ഷൂട്ടിങ് തുടങ്ങേണ്ട എന്ന തീരുമാനത്തിലേയ്ക്ക് അച്ഛൻ എത്തുകയും ചിത്രം ഉപേക്ഷിക്കപ്പെടുകയുമാണുണ്ടായത്. എങ്കിലും തരംഗിണി ഓഡിയോ കസെറ്റ് റിലീസ് ചെയ്തതുകൊണ്ട് ആ നല്ല പാട്ടുകളെങ്കിലും അവശേഷിച്ചുവെന്നൊരു സന്തോഷമുണ്ട്".
ടി.ഐ.വിശ്വനാഥൻ 1984 ൽ റിലീസായ 'ചില്ലുകൊട്ടാരം' സിനിമയിൽ എ.ടി.ഉമ്മറിന്റെ സംഗീതത്തിൽ എസ്.ജാനകി പാടിയ 'ഞാൻ ചൂടിലാടയുരിയും' എന്നൊരു പാട്ടുകൂടി എഴുതിയതായി വാണി വിശ്വനാഥ് ഓർമിക്കുന്നു. നടക്കാതെ പോയ 'വിശ്വനാഥന്റെ പ്രവേശന'ത്തോടൊപ്പം മുടങ്ങിയത് ഒരുപാട് പ്രതിഭകളുടെ മലയാളസിനിമയിലേയ്ക്കുള്ള പ്രവേശനം കൂടിയായിരുന്നു. അറിവുകൾക്കുപരിയായി വരുന്ന തിരിച്ചറിവുകളോടെ ടി.ഐ.വിശ്വനാഥനും ഇളയഗംഗൈയ്ക്കും ആസ്വാദകപ്രണാമം.