അദ്ദേഹത്തിന്റെ ഓർമകൾ എന്റെ മനസ്സിൽ പതിഞ്ഞിരിക്കുന്നു, പക്ഷേ ഇപ്പോൾ കുറ്റബോധം തോന്നുന്നു: അഭയ
Mail This Article
അകാലത്തിൽ വിടപറഞ്ഞ അച്ഛനെക്കുറിച്ചോർത്തു വേദനയോടെ ഗായിക അഭയ ഹിരൺമയി. അച്ഛന്റെ ഓർമച്ചിത്രങ്ങൾ കോർത്തിണക്കി വിഡിയോ പങ്കുവച്ചിരിക്കുകയാണ് ഗായിക. അച്ഛന്റെ കൂടുതൽ ചിത്രങ്ങൾ തന്റെ കൈവശമില്ലെന്നും അദ്ദേഹത്തിന്റെ മുഖം ക്ലിക്ക് ചെയ്യാത്തതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്നും അഭയ വേദനയോടെ പറയുന്നു.
‘അച്ഛന്റെ ചിത്രങ്ങൾ പകർത്താത്തതിൽ എനിക്കിന്ന് കുറ്റബോധം തോന്നുന്നു. അദ്ദേഹത്തിന്റെ ഓർമകൾ എന്റെ മനസ്സിൽ അഗാധമായി പതിഞ്ഞിട്ടുണ്ടാകും. എന്നും എപ്പോഴും ഞങ്ങൾ അച്ഛനെ സ്നേഹിക്കുന്നു’, വിഡിയോ പങ്കുവച്ച് അഭയ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മുൻപും അച്ഛന്റെ ഓർമ ചിത്രങ്ങൾ ഗായിക പങ്കുവച്ചിട്ടുണ്ട്.
2021 മെയ് 15 നാണ് അഭയയുടെ അച്ഛൻ ജി.മോഹൻ കോവിഡ് ബാധിച്ചു മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേ ആയിരുന്നു അന്ത്യം. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ദീർഘ കാലം ജോലി നോക്കിയിരുന്നു. നാടകരംഗത്തും സജീവസാന്നിധ്യമായിരുന്നു മോഹൻ.