മണവാട്ടിയായി അമ്മ, കൂളായി ചുവടുവച്ച് മക്കൾ; ഇത് ആയിഷുമ്മയുടെ ഒപ്പന കുടുംബം

Mail This Article
മലപ്പുറത്ത് സ്കൂൾ വാർഷികത്തോടനുബന്ധിച്ച് ഒപ്പന അവതരിപ്പിച്ച് താരങ്ങളായിരിക്കുകയാണ് ഒരു ഉമ്മയും എട്ട് മക്കളും. കരിപ്പൂർ കാരയ്ക്കാട്ടുപറമ്പ് എഎംഎൽപി സ്കൂൾ വാർഷികത്തിനാണ് ആയിഷുമ്മയും മക്കളും ചേർന്ന് ഒപ്പന അവതരിപ്പിച്ചത്. ഈ സ്കൂളിലെ പൂർവവിദ്യാർഥികളാണ് ഇവരെല്ലാവരും.
സ്കൂൾ വാർഷികം നടക്കുന്നുവെന്ന് അറിഞ്ഞപ്പോൾ ഒപ്പന കളിക്കണമെന്ന് ആഗ്രഹം തോന്നുകയും അത് നടത്തിയെടുക്കുകയുമായിരുന്നുവെന്ന് ആയിഷുമ്മയും മക്കളും പറയുന്നു. ആയിഷുമ്മ മണവാട്ടിയായപ്പോൾ ‘കൂൾ’ ലുക്കിൽ മക്കൾ ചടുലമായ ചുവടുകളോടെ വേദി നിറഞ്ഞു. കുടുംബത്തിൽ വിവാഹാഘോഷങ്ങൾ നടക്കുമ്പോൾ തങ്ങൾ പതിവായി ഒപ്പന നടത്താറുണ്ടെന്ന് ഇവർ പറയുന്നു.
ഒപ്പന കളിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും മറ്റുള്ളവർ എന്തു പറയുമെന്നോർത്ത് പലരും പിന്നോട്ടു വലിയാറുണ്ടെന്നും എന്നാൽ തങ്ങൾ ഒപ്പന തുടരുമെന്നും അവർക്കൊരു മാതൃകയാകുമെന്നും ആയിഷുമ്മയും മക്കളും പറയുന്നു. അമ്മയുടെയും മക്കളുടെയും ഒപ്പന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.