കോടികൾക്കൊന്നുമൊരു കണക്കില്ലല്ലോ! കാഴ്ചക്കാരെ വാരിക്കൂട്ടി ‘ഓളുളേരു’; റെക്കോര്‍ഡിട്ട് അജഗജാന്തരം

Mail This Article
പത്ത് കോടി (100 മില്യൻ) കാഴ്ചക്കാരെ സ്വന്തമാക്കി ‘അജഗജാന്തരം’ ചിത്രത്തിലെ ‘ഓളുളേരു’ ഗാനം. ഇതോടെ യൂട്യൂബിൽ ഏറ്റവും വേഗത്തിൽ 100 മില്യൻ കടക്കുന്ന മലയാള ഗാനം എന്ന ഖ്യാതിയും ഈ പാട്ട് സ്വന്തമാക്കിയിരിക്കുകയാണ്. നാടൻപാട്ട് കലാകാരി പ്രസീദ ചാലക്കുടിയുടെ ആലാപനമികവും താളം പിടിപ്പിക്കുന്ന ഈണവും ചടുലമായ നൃത്തച്ചുവടുകളും കൊണ്ട് പ്രേക്ഷകഹൃദയങ്ങളിൽ കയറിക്കൂടിയതാണ് ‘ഓളുളേരു’ ഗാനം. പാട്ട് പുറത്തിറങ്ങി 2 വർഷത്തോടടുക്കുമ്പോഴും ‘ഓളുളേരു’വിന് ഇന്നും ആരാധകർ ഏറെയുണ്ട്.
മാവിലൻ ഗോത്രത്തിന്റെ പരമ്പരാഗത ഗാനമാണ് ‘ഓളുളേരു’. ഒറ്റ തവണ കേട്ടാല്‍ ഹൃദയങ്ങളില്‍ പതിയുന്ന നാടൻ പാട്ട്. ‘ഓളുളേരു’വിന്‍റെ ഉത്ഭവം വടക്കന്‍ ജില്ലകളില്‍, പ്രത്യേകിച്ച് കാസര്‍ഗോഡ് ഭാഗങ്ങളില്‍ നിന്നാണ്. ‘അജഗജാന്തര’ത്തിനു വേണ്ടി ജസ്റ്റിൻ വർഗീസ് ഈ ഗാനം പുതിയ രീതിയിൽ ചിട്ടപ്പെടുത്തുകയായിരുന്നു. അങ്ങേയറ്റം താളത്മകമായ ആലാപനവും സംഗീതവുമാണ് പാട്ടിനെ പെട്ടെന്നു ജനകീയമാക്കിയത്.
ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രമാണ് ‘അജഗജാന്തരം’. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരുകൂട്ടം യുവാക്കളും എത്തുന്നതും തുടർന്ന് അവിടെ നടക്കുന്ന സംഭവവികാസങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. വിവാഹ വീട്ടിലെ ആഘോഷത്തിന്റെ ഭാഗമായാണ് ‘ഓളുളേരു’ സിനിമയിൽ അവതരിപ്പിച്ചത്. ചിത്രത്തിലെ നായകനായ പെപ്പെയും (ആന്റണി വർഗീസ്) കൂട്ടരും ആടിത്തിമിർക്കുന്നതാണ് ഗാനരംഗങ്ങളിൽ കാണാനാകുക. ചെമ്പൻ വിനോദ്, അർജുൻ അശോകൻ, ജാഫർ ഇടുക്കി, രാജേഷ് ശർമ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയവരായിരുന്നു അജഗജാന്തരത്തിലെ മറ്റ് അഭിനേതാക്കൾ.
English Summary: Ollulleru song crosses 100 million views