ADVERTISEMENT

ഒരു ഗാനം ആലപിക്കുന്നതിന് എ.ആർ.റഹ്മാൻ വാങ്ങുന്ന പ്രതിഫലത്തുക കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. 3 കോടി രൂപയാണ് റഹ്മാന്റെ പ്രതിഫലമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകൻ എന്ന ഖ്യാതി എ.ആർ.റഹ്മാന് സ്വന്തം. സാധാരണ ഗായകര്‍ 5 മുതല്‍ 10 ലക്ഷം രൂപ വരെയാണ് പാട്ടൊന്നിന് ഈടാക്കുന്നതെന്നും ചുരുക്കം ചിലര്‍ മാത്രമാണ് 20 ലക്ഷം രൂപയെങ്കിലും വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.

 

എ.ആർ.റഹ്മാൻ കഴിഞ്ഞാൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് ശ്രേയ ഘോഷാൽ ആണെന്നാണു വിവരം. 25 ലക്ഷമാണ് ഗായിക വാങ്ങുന്നത്. സുനിധി ചൗഹാനും അർജിത് സിങ്ങും 20 മുതൽ 22 ലക്ഷം വരെ വാങ്ങാറുണ്ടെന്നും സോനു നിഗം, ബാദ്ഷ എന്നീ ഗായകർ 20 ലക്ഷത്തിൽ കുറവ് പ്രതിഫലമേ വാങ്ങാറുള്ളുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഷാന്‍, നേഹ കക്കര്‍, മിക, ഹണി സിങ് എന്നിവരാണ് ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന മറ്റ് ഇന്ത്യൻ ഗായകർ. 

 

‌ഒരു പാട്ടിന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായിക അഥവാ ഗായകൻ ആരാണെന്നത് പല കാലങ്ങളിലായി ചർച്ച ചെയ്യപ്പെട്ടിട്ടുള്ള കാര്യമാണ്. സുനിധി ചൗഹാൻ, സോനു നിഗം, അർജിത് സിങ്, ശ്രേയ ഘോഷാൽ എന്നിവരായിരുന്നു സാധ്യതാ പട്ടികയിലെ പ്രമുഖർ. എന്നാൽ ഈ മുൻനിരാ ഗായകരെയൊക്കെ പിൻതള്ളിയാണ് എ.ആർ.റഹ്മാൻ ഒന്നാമതെത്തിയിരിക്കുന്നത്. ലൈവ് സംഗീതനിശകള്‍ക്കും സ്റ്റേജ് പരിപാടികള്‍ക്കും ഒരു കോടിയിലേറെയാണ് റഹ്മാന്‍ ഈടാക്കുന്നത്.

 

സംഗീതസംവിധാനത്തിലൂടെ ലോകത്തിന്റെ നെറുകയിലെത്തിയ എ.ആര്‍.റഹ്മാൻ, ആലാപനശൈലിയിലൂടെയും ദശലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. റഹ്മാൻ തന്നെ സംഗീതം നിർവഹിക്കുന്ന ചിത്രങ്ങളിലാണ് അദ്ദേഹം കൂടുതലായും ഗാനങ്ങൾ ആലപിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com