ജീവിതം കൈവിട്ടു പോകുമെന്നു കരുതിയിടത്തുനിന്ന് ഈണങ്ങളുടെ ചക്രവർത്തിയിലേക്കുള്ള വളർച്ച; മലയാളിയായിട്ടും തമിഴനായ എംഎസ്‌വി
അപാരമായ ദാർശനികത, അർഥം തുളുമ്പുന്ന ആഖ്യാനഭംഗി, ഒപ്പം ആരെയും ഒന്നിരുത്തി ചിന്തിപ്പിക്കാൻ പോന്ന വിഷയപരതയും.. ‘ഉദിച്ചാൽ അസ്തമിക്കും, മണ്ണിൽ ജനിച്ചാൽ അന്തരിക്കും...’ താരസ്ഥായിയിൽ മലയാളത്തിന്റെ ഹൃദയവാഹിനിയായ എംഎസ്‌വിയുടെ സ്വരം ഹൃദയഭിത്തിയിലേക്കു തുളഞ്ഞു കയറുകയാണ്. സങ്കീർണതകളില്ലാത്ത ക്ലാസിക്കൽ
അപാരമായ ദാർശനികത, അർഥം തുളുമ്പുന്ന ആഖ്യാനഭംഗി, ഒപ്പം ആരെയും ഒന്നിരുത്തി ചിന്തിപ്പിക്കാൻ പോന്ന വിഷയപരതയും.. ‘ഉദിച്ചാൽ അസ്തമിക്കും, മണ്ണിൽ ജനിച്ചാൽ അന്തരിക്കും...’ താരസ്ഥായിയിൽ മലയാളത്തിന്റെ ഹൃദയവാഹിനിയായ എംഎസ്‌വിയുടെ സ്വരം ഹൃദയഭിത്തിയിലേക്കു തുളഞ്ഞു കയറുകയാണ്. സങ്കീർണതകളില്ലാത്ത ക്ലാസിക്കൽ
അപാരമായ ദാർശനികത, അർഥം തുളുമ്പുന്ന ആഖ്യാനഭംഗി, ഒപ്പം ആരെയും ഒന്നിരുത്തി ചിന്തിപ്പിക്കാൻ പോന്ന വിഷയപരതയും.. ‘ഉദിച്ചാൽ അസ്തമിക്കും, മണ്ണിൽ ജനിച്ചാൽ അന്തരിക്കും...’ താരസ്ഥായിയിൽ മലയാളത്തിന്റെ ഹൃദയവാഹിനിയായ എംഎസ്‌വിയുടെ സ്വരം ഹൃദയഭിത്തിയിലേക്കു തുളഞ്ഞു കയറുകയാണ്. സങ്കീർണതകളില്ലാത്ത ക്ലാസിക്കൽ
അപാരമായ ദാർശനികത, അർഥം തുളുമ്പുന്ന ആഖ്യാനഭംഗി, ഒപ്പം ആരെയും ഒന്നിരുത്തി ചിന്തിപ്പിക്കാൻ പോന്ന വിഷയപരതയും.. ‘ഉദിച്ചാൽ അസ്തമിക്കും, മണ്ണിൽ ജനിച്ചാൽ അന്തരിക്കും...’ താരസ്ഥായിയിൽ മലയാളത്തിന്റെ ഹൃദയവാഹിനിയായ എംഎസ്‌വിയുടെ സ്വരം ഹൃദയഭിത്തിയിലേക്കു തുളഞ്ഞു കയറുകയാണ്. സങ്കീർണതകളില്ലാത്ത ക്ലാസിക്കൽ ഫിലോസഫിയുടെ ഗംഭീരമായൊരു നേർപെയ്ത്ത്. കാലമെത്ര കുതറിയോടിയാലും കുതറി മാറാൻ കൂട്ടാക്കാത്ത വരികൾ. ഹൃദയഗീതങ്ങളുടെ കവി ശ്രീകുമാരൻ തമ്പി, പാട്ടെഴുത്തുവഴിയിൽ തുടക്കത്തിലേ ‘നിഷേധിപ്പട്ടം’ കിട്ടിയിട്ടും നിഷേധിക്കപ്പെടാനാവാത്തവിധം ചലച്ചിത്ര ഗാനലോകത്ത് ആരൂഢമുറപ്പിച്ചത് എങ്ങനെ എന്നതിന്റെ മറ്റൊരു നിദാനം.
സംഗീതത്തിന്റെ ചേരുവകൾ അനായാസം ഒഴുക്കപ്പെടുന്ന ഒരു ഗാനമാണിതെന്ന് എനിക്കു തോന്നിയിട്ടില്ല. എങ്കിലും, കേൾവികൾക്ക് ഇത് പകർന്നേകുന്ന ഒരു ഫീലുണ്ടല്ലോ. ഇല്ല, പറയാനാവുന്നില്ല. നെഞ്ചുപൊട്ടിയുള്ള ആലാപനം എംഎസ്‌വി എന്ന സംഗീതകാരനെ കേൾവിയിടങ്ങളിൽ കുടിയിരുത്തുന്ന അടയാളമായെങ്കിൽ ‘ദിവ്യദർശനം’ (1973) ആ പ്രതിഭയിലെ മാറ്റ് എത്രത്തോളമാണെന്ന വെളിപ്പെടുത്തലായിരുന്നു. വെള്ളിത്തിരയിൽ അശരീരിയാണ് പാടുന്നതെങ്കിൽ എംഎസ്‌വി വേണമെന്നത് ഒരു കാലഘട്ടത്തിന്റെ ട്രെൻഡായതും അത് ക്ലിക്കായതുമൊക്കെ ചരിത്രത്തിലെ മായ്ക്കപ്പെട്ടിട്ടില്ലാത്ത ചില കുറിച്ചിടലുകൾ തന്നെ.
കാലം എപ്പോഴും അങ്ങനെയാണ് - ഒന്നും പിന്നത്തേക്കു മാറ്റിവയ്ക്കാത്ത ഒരൊഴുക്ക്. വിധിനിയോഗത്തെ തടുക്കാനോ തിരുത്താനോ കൂട്ടാക്കാത്ത അനുസ്യൂതമായ ഒഴുക്ക്. യാഥാർഥ്യങ്ങളോടു മുഖം തിരിക്കാൻ കഴിയാത്ത കാവ്യനീതിക്ക്, കാലത്തിന്റെ മുറതെറ്റാത്ത ഈ നിയോഗത്തെ കുറിക്കണമെന്നാണ് അന്ന് തോന്നിയത്. ജഗതി എൻ.കെ.ആചാരി വരച്ചിട്ട കഥാവഴിയിൽ ഇങ്ങനൊരെണ്ണം ഒരനിവാര്യതയുമായിരുന്നല്ലോ. കാവ്യവഴിയിലെ നിത്യകൗതുകം അന്ന് വരികൾ കുറിക്കുമ്പോഴേ കാലം കേൾക്കാൻ കൊതിച്ച ഹൈ പിച്ചിലെ ആ സ്വരഭംഗിയെ മനസ്സിൽ കണ്ടിട്ടായിരുന്നിരിക്കണം. എന്തായാലും അസാമാന്യ വലുപ്പത്തിൽ വാക്കുകളെ കടലാസിൽ പകർത്തി മുമ്പേ അമരമേറിക്കഴിഞ്ഞ സംഗീത ചക്രവർത്തിയുടെ കയ്യിൽക്കൊടുക്കുമ്പോൾ ‘‘എന്ന തമ്പി, ഇതുക്ക് എന്ന മീനിങ്? പഠിച്ച് ശൊല്ലുങ്കോ...’’ എന്നു പറഞ്ഞ് കടലാസ് തിരികെ നീട്ടി! സിനിമാ മോഹം തലയ്ക്കു പിടിച്ച് പതിനാലാം വയസ്സിൽ തമിഴകത്തു ചേക്കേറി അവിടുത്തുകാരനായി മാറിക്കഴിഞ്ഞ ആ പാലക്കാടൻ പിറവിക്ക് മലയാളം അത്ര പുരിയാത്, കണ്ണും അത്ര പിടിക്കാത്. പക്ഷേ പ്രതിഭാസമായിത്തീർന്ന സർഗധനന് അതൊന്നും ഒരു കുറവേ ആയിരുന്നില്ല! തമ്പി ഓരോ വാക്കും കഥയുടെ പശ്ചാത്തലത്തിന്റെ മേമ്പൊടിയിൽ, പൂർണ തമിഴനായിമാറിക്കഴിഞ്ഞ ആ മഹാസംഗീതകാരനു കൃത്യമായി മനസ്സിലാക്കിക്കൊടുത്തു.
ജീവിതത്തിന്റെ തത്വമാണ് കേൾവിക്കാരനിലേക്കു പകർന്നേകുന്നത് എന്നത് എംഎസ്‌വിയെ അൽപം ആവേശം കൊള്ളിച്ചു. ‘‘തമ്പീ ഇതുക്ക് ഹൈ പിച്ച് താൻ സ്യൂട്ടായിരിക്കും.’’ ഈണം മനസ്സിലേക്കു വന്നപാടേ ഹാർമോണിയത്തിൽ ശ്രുതി വീണു, കൂടെ താരസ്ഥായിയിൽ ആലാപനവും. ഭാവത്തിന്റെ തീവ്രത അസാമാന്യമാം വണ്ണം ഏറുന്നതുകണ്ട തമ്പിക്ക് താൻ കുറിച്ചതിനും അപ്പുറത്തേക്ക് അർഥം നീളുന്നത് വല്ലാത്ത അദ്ഭുതമായി. അതുകൊണ്ടാണല്ലോ ‘Definitely MSV is incomparable’ എന്ന് കാലത്തിനിപ്പുറവും ആ സമ്രാട്ടിനെ സാക്ഷ്യപ്പെടുത്താൻ എഴുത്തുവഴിയിലെ സഹൃദയത്വത്തിനു മടിയില്ലാത്തത്.
വിടർന്നാൽ കൊഴിയുന്നതും നിറഞ്ഞാൽ ഒഴിയുന്നതുമൊക്കെ ഈ പ്രപഞ്ചത്തിലെ നിത്യ സത്യങ്ങളാണെന്നതിൽ തർക്കമില്ല. തന്റെ നിയോഗത്തിന്റെ പൂർത്തീകരണത്തിൽ വിധി ചിരിക്കുമെന്നും ഒരു വിഘ്നങ്ങളുമില്ലാതെ കാലം ഒഴുക്കു തുടരുമെന്നും പറയുമ്പോൾ, അറിയില്ല, കോറിയിട്ട വാക്കുകൾക്കോ നെഞ്ചു കിടുങ്ങുന്ന ആലാപനത്തിനോ കൂടുതൽ കരുത്ത്? ‘വാനവും ഭൂമിയും മാറാതെ നിൽക്കും മനസ്സിന്റെ കോട്ടകൾ വളരും..’ - കാലം എത്ര കുത്തിയൊഴുകിയാലും കാലഹരണപ്പെടാത്ത യാഥാർഥ്യം. പ്രകൃതിസത്യങ്ങൾക്ക് ഒരു ഘട്ടത്തിലും മാറാനാവില്ലെങ്കിലും മനുഷ്യമനസ്സിന്റെ വ്യതിയാനങ്ങളെ കുറിച്ച ആ ദാർശനികതയോട് കാലത്തിനും കലഹിക്കാനാവില്ല! ആറ്റിക്കുറുക്കിയ സ്വാർഥതയിലേക്ക് ആണ്ടുപോയ മനസ്സുകൾ കോട്ട കെട്ടിപ്പൊക്കുകയാണല്ലോ ചുറ്റും. സ്വയമുയർത്തിയ കോട്ടയ്ക്കുള്ളിൽ സുരക്ഷിതരെന്ന് നൂറുവട്ടം പറഞ്ഞുറപ്പിച്ചാലും ഒക്കെയും വെറുതെയായിരുന്നുവെന്ന് ഒരുപാട് ഉദയാസ്തമയങ്ങളെ കണ്ട കാലം തെളിയിക്കും.
‘എത്ര നാൾ തുറക്കാതെ കാത്തിരുന്നാലും മൃത്യു വന്നൊരു നാളിൽ തുറക്കും..’ ഭീതിയുടെ കൂടാരത്തിൽ മരണം വിതയ്ക്കാനെത്തിയ ഒരു കൊള്ളിയാൻ കണക്കെ കേൾവിയിടത്തിലേക്കു വന്നുപതിക്കുന്ന വാക്കുകൾ. ഉണ്ടായിരുന്നതും ഉണ്ടാക്കിയെടുത്തതും വെട്ടിപ്പിടിച്ചതുമൊക്കെ വെറും തൃണമാകുന്ന ആത്യന്തികസത്യത്തിന്റെ പേരുപോലും കൂർത്തസൂചിയായി കുത്തിനോവിക്കുന്നു. വൈകാരികമായ ആലാപനത്തിന്റെ ഇരുത്തിച്ചിന്തിപ്പിക്കാൻ പോന്ന കരുത്തിൽ ആശ്ചര്യം തോന്നുകയാണ്. ‘മുട്ടിയാൽ തുറക്കാത്ത വാതിൽ’ - കൊള്ളാം. മനുഷ്യമനസ്സിനു മാത്രം യോജിച്ച വിശേഷണം! തുറക്കാൻ മനസ്സില്ലാതെ എത്ര കെട്ടിപ്പൂട്ടി വച്ചാലും ഒടുവിൽ, ഒടുവിലത്തെ വിളിക്കു തുറന്നല്ലേ പറ്റൂ. വെറുപ്പും എതിർപ്പും ശൗര്യവും ശാഠ്യവും എല്ലാം പത്തിമടക്കി ഒടുങ്ങുന്ന അവസാന വിളിക്ക് കവി നൽകുന്ന ഊന്നൽ ആ മനസ്സിലെ അതിഭാവുകത്വത്തെയല്ല, ദാർശനിക ഭാവത്തെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. എന്തായാലും വല്ലാത്തൊരു പാട്ടനുഭവം തന്നെയാണ് സ്വയം ചിട്ടപ്പെടുത്തിയ ഈണത്തിലൂടെ ഇസൈ കടവുൾ പകർന്നുനൽകിയിരിക്കുന്നത്.
അതിദാരിദ്ര്യത്തിനിടയിലും സംഗീതത്തോടുണ്ടായിരുന്ന ഒടുങ്ങാത്ത അഭിനിവേശമാണ് ദക്ഷിണേന്ത്യൻ നൗഷാദ് എന്ന എംഎസ്‌വിയെ സംഗീത സാമ്രാജ്യത്തിന്റെ സിംഹാസനമേറ്റിയത്. തമിഴ്നാടിന്റെ മൂന്നു മുഖ്യമന്ത്രിമാർക്കു വേണ്ടിയും അവർ അഭിനയിച്ച സിനിമകളിൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ സമ്മാനിക്കാനായത് എം.എസ്.വിശ്വനാഥൻ എന്ന പേരിനെ ചരിത്രത്തോടു ചേർത്തു വയ്ക്കുന്നു. ‘ലങ്കാദഹന’ത്തിലൂടെ മലയാളത്തിലേക്കു വന്ന ഇതിഹാസം ഒട്ടും വൈകാതെ പി.ജയചന്ദ്രന് ആദ്യ ദേശീയ പുരസ്കാരം നേടിക്കൊടുത്തു! പാട്ടൊരുക്കുന്നത് എംഎസ്‌വി ആണെങ്കിലേ അഭിനയിക്കൂ എന്ന് സൂപ്പർ താരങ്ങൾ പോലും പറയുന്ന തിരൈ ഇസൈ ചക്രവർത്തിയായി വളർന്നുകഴിഞ്ഞ സംഗീതകാരൻ ജയചന്ദ്രനേയും ചിത്രയേയും തമിഴകത്ത് അവതരിപ്പിച്ച് ജനപ്രീതിയുള്ളവരാക്കി. ഓർക്കസ്ട്ര ടീമിനെ ഒന്നാകെ പൊതുജനമധ്യത്തിലേക്ക് എത്തിച്ച് പാട്ടുണരുന്നതെങ്ങനെയെന്ന് ജനത്തിനു കാണിച്ചു കൊടുക്കാൻ ഗാനമേളയെന്ന ആശയം പോലും ആവിഷ്കരിക്കപ്പെട്ടത് ആ മഹാപ്രതിഭയിലൂടെയായിരുന്നു! അതെ, എംഎസ്‌വി കേവലം ഒരു സംഗീതകാരനല്ല, സംഗീതമായിരുന്നു! ജീവിതംപോലും കൈവിട്ടു പോകുമെന്നു കരുതിയിടത്തുനിന്ന് ഒരു ചക്രവർത്തിയായവരോധിക്കപ്പെട്ടപ്പോൾ പുത്തൻ തലമുറയ്ക്കു നൽകിയ സന്ദേശമാവാം– ‘പോനാൽ പോകട്ടും പോടാ...’
‘‘എത്ര പ്രഭാതങ്ങള്‍ കണ്ടൂ വാനം
എത്ര പ്രദോഷങ്ങള്‍ കണ്ടൂ.
ഉദിച്ചാൽ അസ്തമിക്കും
മണ്ണിൽ ജനിച്ചാൽ അന്തരിക്കും.. ’’
ക്ഷീണിതമെങ്കിലും മാറ്റുകുറഞ്ഞിട്ടില്ലാത്ത ശ്രുതിഭംഗിയുമായി എംഎസ്‌വിയെ ഓർത്തെടുക്കുകയാണ് പത്തനംതിട്ടയുടെ പാവം പാട്ടുകാരൻ - പ്രമാടം രാജു. മനയങ്കത്ത് സുബ്രഹ്മണ്യൻ വിശ്വനാഥൻ എന്ന എംഎസ്‌വിയെപ്പറ്റി ആയിരം നാവോടെയാണ് ആരാധകൻ കൂടിയായ ഗായകൻ വാചാലനാവുന്നത്. ‘‘പാടാൻ എനിക്ക് ഏറ്റവും ഇഷ്ടം എംഎസ്‌വി യുടെ പാട്ടുകളാണ്.’’ - ഗാനമേളകൾ പ്രതാപമുണർത്തിയ തന്റെ നല്ലകാലത്തിലേക്ക് ഒന്നു തിരിഞ്ഞു നടക്കുകയാണ് ഗായകൻ. വിധിനിയോഗത്തോട് പൊരുതി ജയിക്കാനാവാതെ ഉത്സവവേദികളിൽ മാത്രം ഒതുങ്ങിപ്പോയ കലാകാരനെ മലയാളത്തിന്റെ ആകമാന സഹൃദയ ലോകത്തിന് അത്ര പരിചയമുണ്ടാവില്ല. കൊല്ലം പ്രവീണ മ്യൂസിക് ക്ലബ്, മൂവാറ്റുപുഴ ഏഞ്ചൽ വോയ്സ്, പത്തനംതിട്ട സാരംഗ് ട്രൂപ്പുകളിലെ നിറസാന്നിധ്യവും എംഎസ്‌വിയെ അനുസ്മരിപ്പിക്കുന്ന ശബ്ദസൗന്ദര്യവുമായിരുന്നു രാജു. ‘‘ആകെ ഒരു സംഗീതമാണ് എംഎസ്‌വി.’’ - തുന്നലിട്ട ഹൃദയത്തിൽ അപ്പോഴും താളമിട്ടുകൊണ്ടിരുന്ന കിതപ്പുകളെ അവഗണിച്ച് ആ വാക്കുകൾക്ക് ആവേശമുയരുന്നു.
ഹൃദയം പണിമുടക്കിയതോടെ വേദികളോടു വിട പറയേണ്ടിവന്ന കലാകാരന് എംഎസ്‌വി പകരുന്ന ഊർജം അത്ര ചെറുതല്ല. വേദിക്കുപുറത്ത് ദുരിതങ്ങൾ മാത്രം ആരവമുണർത്തിയിരുന്ന ആ ജീവിതത്തിന്റെ അവസാന നാളുകളിൽ അയൽവാസി കൂടിയായ പ്രിയഗായകനെ കാണാൻ വെറുതെ ഒന്നുപോയതാണ്. ഗാനമേളയും എംഎസ്‌വിയുമായുള്ള അഭേദ്യമായ ബന്ധത്തിലേക്ക് ഗാനമേളകൾ താളം പകർന്ന ‘പത്തനംതിട്ടയുടെ എംഎസ്‌വി’യും കണ്ണി ചേർക്കപ്പെട്ടത് വിധി നിയോഗമാവാം. ഇസൈ സമ്രാട്ടിന്റെ അനശ്വരതയിലേക്കു നടന്നടുക്കുമ്പോൾ ആ മുഖത്ത് ശ്രുതിയിടുന്ന വേദനകളെ ഞാൻ കണ്ടില്ലെന്നു നടിച്ചു. കാലങ്ങളോളം വേദികളിൽ നിന്ന് വേദികളിലേക്ക് പാട്ടു ദൈവത്തെ ഏറ്റു പാടിയതിന്റെ തഴമ്പ് ആ വിവരണങ്ങളിൽ വല്ലാതെ നിഴലിച്ചിരുന്നു. ‘‘എംഎസ്‌വി പാടിയത് മറ്റാർക്കും പാടാനാവില്ല.’’- പ്രിയഗായിക പി.സുശീല ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പക്ഷേ, പ്രമാടം രാജുവിനെ ഒരിക്കലെങ്കിലും കേട്ടിട്ടുള്ളവർക്ക് അത് നിഷേധിക്കാതെ തരമില്ല.
പ്രമാടം രാജുവിന്റെ പ്രതിഭയ്ക്ക് കാലം തിരശീല വീഴ്ത്തി. അരങ്ങൊഴിഞ്ഞ നിസ്വാർഥനായ കലാകാരന്റെ ഓർമകൾ വല്ലപ്പോഴും വിരുന്നിനെത്തുമ്പോൾ ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയിലേയ്ക്കും എംഎസ്‌വി എന്ന അദ്ഭുതത്തിലേക്കുമാണ് ഞാൻ എത്തിപ്പെടുക; മുറിവുണങ്ങിയിട്ടില്ലാതിരുന്ന ആ ഹൃദയത്തിൽ അപ്പോഴും മിടിച്ചുകൊണ്ടിരുന്ന എംഎസ്‌വി - തമ്പി കൂട്ടുകെട്ടിന്റെ അന്നുപറഞ്ഞു നിർത്തിയ ഒരായിരം വിശേഷങ്ങളിലേക്കും...