തകർപ്പൻ താളത്തിൽ ബാന്ദ്രയിലെ ഐറ്റം സോങ്; കത്തിക്കയറി ‘മുഝേ പാലേ’
Mail This Article
ദിലീപ് ചിത്രം ‘ബാന്ദ്ര’യിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. സാം സി.എസ് ഈണമൊരുക്കിയ ‘മുഝേ പാലേ’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. സായ് ആനന്ദ് വരികള്‍ കുറിച്ച ഗാനം പവിത്ര ചാരി, സർഥക് കല്യാണി എന്നിവർ ചേര്‍ന്ന് ആലപിച്ചു.
പാട്ട് ഇതിനകം ലക്ഷത്തിലധികം പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളോടെ ‘മുഝേ പാലേ’ ട്രെൻഡിങ്ങിലും മുൻനിരയിലെത്തി. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘റക്കാ റക്കാ’ എന്ന പാട്ടും മികച്ച പ്രേക്ഷകസ്വീകാര്യതയാണു നേടിയത്.
‘രാമലീല’യ്ക്കു ശേഷം ദിലീപ്-അരുൺ ഗോപി കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് ‘ബാന്ദ്ര’. ചിത്രത്തിൽ തമന്ന നായികയായും ബോളിവുഡ് നടൻ ഡിനോ മോറിയ വില്ലനായും വേഷമിടുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിച്ച ചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
തമന്നയുടെ ആദ്യ മലയാള സിനിമയാണ് ‘ബാന്ദ്ര’. ശരത് കുമാർ, രാധിക ശരത് കുമാർ, ഈശ്വരി റാവു, മംമ്ത മോഹൻദാസ്, സിദ്ദീഖ്, കലാഭവൻ ഷാജോണ്‍, ഗണേഷ് കുമാർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.