രാത്രി വരെ പാടിയിട്ടും തൃപ്തിയില്ല, പാതിരായ്ക്ക് വീണ്ടുമെത്തി പുലരും വരെ പാടിയ യേശുദാസ്, ബോംബെ രവി മാജിക്കിലെ സര്ഗം!
‘വേദനയെപ്പോലും വേദാന്തമാക്കുന്ന അമര സല്ലാപം’. യൂസഫലി - രവി ബോംബെ കൂട്ടുകെട്ട് സംഗീതമെന്ന ദേവകലയുടെ ആ വിശേഷണത്തെ ആവോളം അന്വർഥമാക്കി. ‘സർഗം’ - സംഗീതത്തിന്റെ മാസ്മരിക ഭാവത്തെ മലയാളത്തിനു മറക്കാനാവാത്ത അനുഭൂതിയാക്കി മാറ്റിയ ഹരിഹരൻ ചിത്രം. മലയാള സിനിമാചരിത്രത്തിന്റെ തലവര മാറ്റിക്കുറിച്ചത് എന്നതാവും
‘വേദനയെപ്പോലും വേദാന്തമാക്കുന്ന അമര സല്ലാപം’. യൂസഫലി - രവി ബോംബെ കൂട്ടുകെട്ട് സംഗീതമെന്ന ദേവകലയുടെ ആ വിശേഷണത്തെ ആവോളം അന്വർഥമാക്കി. ‘സർഗം’ - സംഗീതത്തിന്റെ മാസ്മരിക ഭാവത്തെ മലയാളത്തിനു മറക്കാനാവാത്ത അനുഭൂതിയാക്കി മാറ്റിയ ഹരിഹരൻ ചിത്രം. മലയാള സിനിമാചരിത്രത്തിന്റെ തലവര മാറ്റിക്കുറിച്ചത് എന്നതാവും
‘വേദനയെപ്പോലും വേദാന്തമാക്കുന്ന അമര സല്ലാപം’. യൂസഫലി - രവി ബോംബെ കൂട്ടുകെട്ട് സംഗീതമെന്ന ദേവകലയുടെ ആ വിശേഷണത്തെ ആവോളം അന്വർഥമാക്കി. ‘സർഗം’ - സംഗീതത്തിന്റെ മാസ്മരിക ഭാവത്തെ മലയാളത്തിനു മറക്കാനാവാത്ത അനുഭൂതിയാക്കി മാറ്റിയ ഹരിഹരൻ ചിത്രം. മലയാള സിനിമാചരിത്രത്തിന്റെ തലവര മാറ്റിക്കുറിച്ചത് എന്നതാവും
‘വേദനയെപ്പോലും വേദാന്തമാക്കുന്ന അമര സല്ലാപം’. യൂസഫലി - രവി ബോംബെ കൂട്ടുകെട്ട് സംഗീതമെന്ന ദേവകലയുടെ ആ വിശേഷണത്തെ ആവോളം അന്വർഥമാക്കി. ‘സർഗം’ - സംഗീതത്തിന്റെ മാസ്മരിക ഭാവത്തെ മലയാളത്തിനു മറക്കാനാവാത്ത അനുഭൂതിയാക്കി മാറ്റിയ ഹരിഹരൻ ചിത്രം. മലയാള സിനിമാചരിത്രത്തിന്റെ തലവര മാറ്റിക്കുറിച്ചത് എന്നതാവും സിനിമയ്ക്ക് കൂടുതൽ ചേരുന്ന വിശേഷണം. മൂന്നു പതിറ്റാണ്ടിനിപ്പുറവും, ഹരിയും തങ്കമണിയും കുട്ടൻ തമ്പുരാനുമൊക്കെ പകർന്നാടിയ കഥയിലെ ക്ലാസിക്കൽ മെലഡികളുടെ സ്വരരാഗ ഗംഗാപ്രവാഹത്തിൽ മുങ്ങി നിവരാത്ത ഒരു പാട്ടുനേരം മലയാളത്തിനുണ്ടാവുമോ?
നഖക്ഷതങ്ങൾ, വൈശാലി, ഒരു വടക്കൻ വീരഗാഥ..... തൊട്ടതെല്ലാം പൊന്നാക്കിയ ഉത്തരേന്ത്യൻ പാട്ടു ശിൽപിയെ സിനിമയുടെ മർമമറിഞ്ഞ ഹരിഹരന് തുടക്കം മുതലേ നന്നേ ബോധിച്ചിരുന്നു. സംഗീത പ്രധാനമായ ഒരു സിനിമയ്ക്ക്, ഉള്ളിൽ മുള പൊട്ടിയപ്പോൾത്തന്നെ രവിശങ്കർ ശർമയെന്ന ലെജൻഡറി ഹിറ്റ്മേക്കറെ അതിന്റെ ചുക്കാൻ ഏൽപിക്കണം എന്നതിൽ മറുത്തൊരു ചിന്തയേ ഹരിഹരനില്ലായിരുന്നു. തന്റെ ആത്മാംശമുള്ള കഥയായതുകൊണ്ടോ സംഗീതമെന്ന കലയോടുള്ള അഭിനിവേശം കൊണ്ടോ, ശർമാജിയെ വിളിച്ച് കാര്യം പറഞ്ഞു. ആവശ്യം കേട്ടപ്പോൾ ശർമാജി പക്ഷേ നിസ്സഹായനായി. ‘‘അരേ മുഝേ ഹിന്ദുസ്താനി കി തരഹ് കർണാടിക് മേം കുഛ് ഭീ ന കർ സകേം....’’ ശുദ്ധ സംഗീതത്തിന് ദേശ-കാല ഭേദമില്ലെന്ന് ദീർഘകാലം സംഗീതാഭ്യസനം നടത്തിയിട്ടുള്ള ഹരിഹരനു നല്ല നിശ്ചയമുള്ളതുകൊണ്ട്, തനിക്ക് ഹിന്ദുസ്ഥാനിയേ വഴങ്ങൂ എന്ന രവിജീയുടെ വാദത്തെ മുഖവിലയ്ക്കെടുക്കാനായില്ല. ബോംബെ രവിയിലെ അസാമാന്യ പ്രതിഭയുടെ മാറ്റളക്കേണ്ടതില്ലാത്തതിനാൽ, തന്റെ സിനിമയ്ക്കു പാട്ടൊരുക്കാൻ അദ്ദേഹം തന്നെ വന്നേ മതിയാകൂ എന്ന് പ്രിയചങ്ങാതി ശഠിച്ചു. ഒടുവിൽ ശർമാജി വഴങ്ങി. ‘‘ബട്ട് ഓൺ വൺ കണ്ടീഷൻ, ഐ മസ്റ്റ് നീഡ് ദ് ഹെൽപ് ഓഫ് മിസ്റ്റർ ദാസ്.’’ ഇത്തവണ ഞെട്ടിയത് സിനിമാരംഗത്ത് ഒരുപാടുപേരുടെ ഉദയത്തിനു നിമിത്തമായ ഹരിഹരനാണ്! ഹിറ്റുകളുടെ തോഴനു പാട്ടൊരുക്കാൻ യേശുദാസിന്റെ സഹായം വേണമെന്നോ!! വിശ്വാസം വന്നില്ലെങ്കിലും ആവശ്യം അംഗീകരിക്കാമെന്നുറപ്പു കൊടുത്ത് ഹരിഹരൻ തിരികെപ്പോന്നു.
‘‘ആ മഹാ സംഗീതകാരന് ഉപദേശം നൽകാൻ ഞാൻ ആര്?’’ ആവശ്യം കേട്ട യേശുദാസിൽ എളിമയുടെ വിമുഖത. ഹരിഹരൻ ധർമസങ്കടത്തിലായി. ഒടുവിൽ ഈണങ്ങളുടെ ചക്രവർത്തി നേരിട്ടു വിളിച്ചപ്പോൾ ഗാനഗന്ധർവന് അതൊരു വലിയ അംഗീകാരമെന്നു തോന്നി. പിന്നെങ്ങനെ നിഷേധിക്കാൻ! മാത്രമല്ല, എന്തു സഹായത്തിനും ആദ്യാവസാനം താനുണ്ടാവുമെന്ന ഉറപ്പ് ശർമാജിക്കു നൽകാനും ആ നാദോപാസകനിലെ വിധേയത്വത്തിന് അന്ന് പൂർണ മനസ്സായിരുന്നു.
മദ്രാസിലെ താജിൽ പാട്ടൊരുക്കാനിരിക്കെ യൂസഫലിക്ക് അദ്ഭുതമൊടുങ്ങിയിരുന്നില്ല. രവിജീയെപ്പറ്റി കേട്ടിട്ടുള്ളതല്ലാതെ കൂട്ടുകൂടുന്നത് നടാടെയാണല്ലോ. എങ്കിലും പകരക്കാരില്ലാത്ത ആ മഹാപ്രതിഭ കവിഹൃദയത്തിൽ കൂടുകൂട്ടിയിട്ട് കാലങ്ങളായി. ‘‘അദ്ദേഹത്തിന്റെ ചൗധവിം കാ ചാന്ദ് എന്റെ ഉള്ളിൽ ഒരു സ്പാർക്കായി, അഗ്നിയായി, അതുപിന്നെ കാട്ടുതീയായി...’’ നൂറുനാവായിരുന്നു അടുത്തിരുന്ന് ആളിക്കത്താനൊരുങ്ങുന്ന എവർഗ്രീൻ റൊമാന്റിക് മെലഡിയുടെ ശിൽപിയെപ്പറ്റി പറയാൻ കവിക്ക്. ‘‘അങ്ങേയ്ക്ക് മലയാളമറിയാത്തതുകൊണ്ട് ട്യൂൺ തന്നാൽ മതി, പാട്ട് ഞാൻ തരാം ...’’ - ആരാധ്യനായ മഹാസംഗീതകാരനോട് ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ, ആരാധകനായ കവി വല്ലാതെ വിനയാന്വിതനായി. ‘‘വേണ്ട. മാതൃഭാഷയിൽ സ്വാതന്ത്ര്യത്തോടെ എഴുതിയാലേ കവിതയുടെ ഒഴുക്കിന് ശക്തിയുണ്ടാകൂ.” ട്യൂൺ കൊടുത്ത് പാട്ടെഴുതിക്കുന്ന പതിവില്ലാത്ത, ഭാഷാ സ്നേഹികൂടിയായ രവീസാബിന് കവിയുടെ സ്വാതന്ത്ര്യത്തിനുമേൽ കൈകടത്താനേ മനസ്സില്ല.
‘‘സ്വരരാഗ ഗംഗാ പ്രവാഹമേ, സ്വർഗീയ സായൂജ്യ സാരമേ.....’’ ആദ്യഗാനത്തിന്റെ പല്ലവി തയാറാക്കി ആ കൈകളിൽ ഏൽപിക്കുമ്പോൾ യേശുദാസും ഹരിഹരനും സന്നിഹിതരാണ്. സന്ദർഭവും ആശയവുമൊക്കെ വിവരിച്ചു കൊടുക്കുമ്പോൾ ഓരോരുത്തരുടെയും മുഖത്തേക്കു നോക്കി കാതുകൂർപ്പിച്ചു ആ ഉത്തരേന്ത്യൻ കൗതുകം. ഹാർമോണിയത്തിൽ വിരലുകളോടിച്ച്, എങ്ങോട്ടോ ദൃഷ്ടിയൂന്നി, ചേർത്തുവച്ച ചുണ്ടുകൾക്കു പിന്നിൽനിന്നും ഉയർന്നു പൊന്തിയ മൂളൽ പെട്ടെന്നാണ് ശുദ്ധധന്യാസിക്കു വഴിമാറിയത്. പാട്ടു പിറക്കാൻ പിന്നെ വൈകുമോ! കേട്ടിരുന്നവരുടെ മുഖത്തെ തൃപ്തിയിൽ രവിജീയുടെ ആവേശം ഇരട്ടിയ്ക്കുകയായിരുന്നു. ബംഗാൾ ഉൾക്കടലിനുമീതെ വീശിയടിച്ച കിഴക്കൻ കാറ്റിന് അന്ന് പതിവില്ലാത്ത ഒരു കുളിരുണ്ടായിരുന്നു. എക്കാലത്തേയും മികച്ച ഈണങ്ങളുമായി പിറന്നുവീഴുന്ന പാട്ടുകളുടെ ഗംഗാ പ്രവാഹത്തിൽ ആ കടൽക്കാറ്റിനും കൈവരുകയായിരുന്നു താളലയബദ്ധമായ ഒരു ശ്രുതിഭംഗി....
സ്വരരാഗങ്ങളുടെ ഒരു ഗംഗാപ്രവാഹമായിരുന്നു സിനിമയ്ക്കായി രവീ സാബ് ഒരുക്കിയത്. സംഗീതത്തിലെ മഹാരഥൻമാരായ ത്യാഗരാജ സ്വാമികളെയും പുരന്ദരദാസനെയും മുത്തുസ്വാമി ദീക്ഷിതരേയുമൊക്കെ ഓർമപ്പെടുത്തിക്കൊണ്ടുള്ള കീർത്തനങ്ങളും അതിന്റെ സ്വരസ്ഥാനങ്ങളും സംഗീതരുചിക്ക് കൊതിപൂണ്ട കാതുകൾക്ക് വച്ചു നീട്ടാൻ അവർ മറന്നില്ല. കല്യാണിയും നടഭൈരവിയും കേദാരഗൗളയും ചാരുകേശിയും ആരഭിയുമൊക്കെ പതിറ്റാണ്ടുകൾക്കു മൂളി നടക്കാൻ പോന്ന രാഗമാലികയായി ആ കൂട്ടുകെട്ടിൽ അവിടെപ്പിറന്നു.
നിരവധി പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പിറന്നവയായിരുന്നു സർഗത്തിലെ പാട്ടുകൾ. കർണാടിക് സ്റ്റൈലിന് അപവാദമുണ്ടാക്കാൻ ഒരുക്കമില്ലാത്തതു കൊണ്ട് അതുവരെ ഉപയോഗിച്ചിരുന്ന പല ഉപകരണങ്ങളെയും മാറ്റി നിർത്തിക്കൊണ്ടായിരുന്നു രവി സാബിന്റെ ഇത്തവണത്തെ പാട്ടൊരുക്കൽ.
സംഗീതത്തിന്റെ അഭൗമമായ ഗുണവിശേഷങ്ങളിലേക്ക് സിനിമാപ്രേമികളെ വലിച്ചടുപ്പിക്കുന്ന സിനിമയുടെ ക്ലൈമാക്സും ഒരു ഗാനമാണ്. കഥയെ പൂർണതയോടെ സ്ക്രീനിലെത്തിക്കാൻ ഹരിഹരനിലെ ക്ലാസിക്കൽ സംവിധാന മികവിന് കഴിഞ്ഞു. ഒപ്പം, ആന്ദോളികയിലെ ത്യാഗരാജകൃതിയെ യേശുദാസിന്റെ സമാനതകളില്ലാത്ത ഭാവാത്മക ശബ്ദവിന്യാസത്തിലൂടെ സംഗീതപ്രേമികൾക്ക് കേട്ടാസ്വദിക്കുവാനുമായി. ‘രാഗ സുധാരസ പാനമുഝേസി........’ എല്ലാ ഗാനങ്ങൾക്കു പിന്നിലും പതിവിലുമേറെ പ്രയത്നിക്കേണ്ടിവന്നിരുന്നുവെങ്കിലും ഈ ഗാനത്തിനായി അവർ ചെലവഴിച്ച സമയം 20 മണിക്കൂറിലധികമാണത്രേ! അസാധാരണ സ്വരസഞ്ചാരത്തിലൂടെ ഒഴുകി നീങ്ങുന്ന ഗാനത്തിനെ എത്ര ആവർത്തി ശ്രമിച്ചിട്ടും, പാടിയ യേശുദാസിന് തൃപ്തിയാകുന്നില്ല. ചെന്നൈയിലെ സ്‌റ്റുഡിയോയിൽ രാവിലെ 10 നു തുടങ്ങിയ റെക്കോർഡിങ് പൂർത്തിയായത് രാത്രി 10 ന്!! എന്നിട്ടും പൂർണ മനസ്സോടെയായിരുന്നില്ല ഗായകൻ റെക്കോർഡിങ് പൂർത്തിയാക്കിയത്. വീട്ടിലെത്തിയ അദ്ദേഹത്തിന് ഒരു പകൽ മുഴുവൻ ചെലവഴിച്ച് ഒരുക്കിയെടുത്ത പാട്ടിൽ എവിടെയോ ഒരു പോരായ്മയുണ്ടെന്ന തോന്നൽ കലശലായി. മറ്റാരേയും ബുദ്ധിമുട്ടിക്കാൻ മനസ്സില്ലാതെ സൗണ്ട് എൻജിനീയറെയും വിളിച്ച് യേശുദാസ് എന്ന മഹാഗായകൻ ആ രാത്രിതന്നെ വീണ്ടും സ്റ്റുഡിയോയിലെത്തി. നേരം പുലരും വരെ അതിസൂക്ഷ്മ പോരായ്മകളെപ്പോലും ചികഞ്ഞു തിരുത്തിയ ശേഷമാണ് അർപ്പണ മനോഭാവത്തിന്റെ അപ്പോസ്തലൻ അന്ന് സ്റ്റുഡിയോ വിട്ടത്!
‘‘ഞാൻ സംവിധാനം ചെയ്തതിൽ ഹൃദയത്തോടു ചേർത്തു വച്ച സിനിമയാണ് സർഗം.’’ - മികച്ച സംവിധായകനെന്ന പട്ടം പലതവണ തേടിയെത്തിയ ഹരിഹരന്റെ വാക്കുകളിൽ ഒട്ടും അതിശയോക്തിയില്ല. മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ സിനിമയുടെ നിർമാതാവാകേണ്ടിയിരുന്ന ആൾക്ക് പക്ഷേ തിരക്കഥ കണ്ടപ്പോൾ തൃപ്തി പോരാ. ആക്‌ഷൻ രംഗങ്ങൾക്കു സാധ്യതയില്ലാത്ത സിനിമയുടെ കഥ മാറ്റിയേ പറ്റൂ - ലാഭനഷ്ടങ്ങളുടെ കൂട്ടിക്കിഴിക്കലുകൾ നിർമാതാവിന്റെ പിടിവാശിയേറ്റി. തന്റെ കൂടി ആത്മാംശമുള്ള കഥയെ ഒരു വാണിജ്യ സിനിമയാക്കാൻ ഹരിഹരനിലെ കറയറ്റ കലാകാരന് ചിന്തിക്കാനാവുമായിരുന്നില്ല. ‘‘നിർമാതാവ് മാറിയാലും കഥ മാറില്ല.....’’ സ്വത്വം അടിയറ വയ്ക്കാൻ ഒരുക്കമില്ലാത്ത ഹരിഹരന്റെ പ്രഖ്യാപനം ഉറച്ചതായിരുന്നു! നിർമാണം സ്വയമേറ്റെടുക്കാൻ പിന്നെ വൈകിയില്ല.
സിനിമ ചരിത്രമായതോടെ ‘സരിഗമലു’ എന്ന പേരിൽ തെലുങ്കിൽ റീമേക്ക് ചെയ്യപ്പെട്ടപ്പോഴും സംഗീതമേകാനുള്ള നിയോഗം ബോംബെ രവിയ്ക്കു തന്നെയായിരുന്നു. ഇന്ത്യൻ സംഗീതത്തിന്റെ മുഖശ്രീയായ ശർമാജിയുടെ പാട്ടൊരുക്കൽ സപര്യയിലെ ഏക തെലുങ്കുദൗത്യം! ‘നിന്നെയുമെന്നെയും ഒന്നിച്ചിണക്കിയ നിരുപമ നാദത്തിൻ ലോല തന്തു...... ’ അതെ, സംഗീതം ദേശ- കാല - ഭാഷാ ഭേദമന്യേ ആരെയും ആരോടും ചേർത്തുബന്ധിപ്പിക്കാൻ പോന്ന ദൈവികതയുടെ ഒരു ലോലതന്തു തന്നെ, തീർച്ച!