‘അഹങ്കാരി ആണല്ലേ എന്ന് പ്രഗത്ഭനായ ഒരാൾ മുഖത്ത് നോക്കി ചോദിച്ചു, ആ ലേബൽ എന്റെ അവസരങ്ങൾ ഇല്ലാതാക്കി’
Mail This Article
സിനിമാ–സംഗീതരംഗത്തു നിന്നുണ്ടായ തിക്താനുഭവങ്ങളെക്കുറിച്ചു മനസ്സു തുറന്ന് ഗായിക മഞ്ജരി. അഹങ്കാരി എന്ന പേരിലാണ് പലരും തന്നെ വിലയിരുത്തുന്നതെന്നും തെറ്റിദ്ധാരണയുടെ പേരിൽ തനിക്ക് ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഗായിക പറഞ്ഞു. മനോരമ ന്യൂസിലെ ‘നേരെ ചൊവ്വെ’ എന്ന അഭിമുഖ പരിപാടിയിൽ അതിഥിയായെത്തിയതായിരുന്നു മഞ്ജരി.
‘എങ്ങനെയാണ് ഒരാളെ അഹങ്കാരിയെന്നു വിളിക്കുകയെന്ന് എനിക്കറിയില്ല. ഓരോരുത്തരും അവരവരുടെ രീതിയിലാണല്ലോ സംസാരിക്കുന്നത്. ചിലപ്പോള്‍ ചിരിക്കാൻ മറന്നതോ ഗൗരവത്തോടെ സംസാരിച്ചതോ ഒക്കെ ആവാം അഹങ്കാരി എന്നു വ്യാഖ്യാനിക്കപ്പെട്ടത്. ആ ലേബലിനു പിന്നിലെ കാരണങ്ങൾ എനിക്കറിയില്ല. അതെങ്ങനെയൊക്കെയോ എന്നിലേക്കു വന്നു ചേർന്നതാണ്. ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടയാളാണ് ഞാൻ.
ചെയ്യാത്ത തെറ്റ് ചെയ്തെന്നു മറ്റുള്ളവർ പറയുന്നതു കേൾക്കുമ്പോൾ മനസ്സ് ഒരുപാട് വിഷമിക്കും. അതുപോലെതന്നെയാണ് അഹങ്കാരം എന്നു പറയുന്ന സംഭവവും. ഞാൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ എന്നെക്കുറിച്ചു പറയുമ്പോൾ അത് എന്നെ വല്ലാതെ അലട്ടിയിരുന്നു. ഈ സങ്കടം അച്ഛനോടും അമ്മയോടും പറയുമ്പോൾ അവർ പറയും, എന്നെ അറിയാത്തതുകൊണ്ടാണ് പലരും ഇങ്ങനെ പറയുന്നത്. അടുത്തറിയാവുന്നവർ ഒരിക്കലും പറയില്ലെന്ന്. എന്നാലും എന്റെ മനസ്സിൽ അതെപ്പോഴും ഒരു വിഷമം തന്നെയാണ്.
അഹങ്കാരി എന്ന വിളിപ്പേര് എന്റെ ഒരുപാട് അവസരങ്ങൾ നഷ്ടപ്പെടുത്തി. ഇരുപത്തിയഞ്ചോളം ചിത്രങ്ങളിലാണ് എനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടത്. കരിയറിൽ തിരക്കിലായ സമയത്താണത്. വളരെ പ്രഗത്ഭനായ ഒരു വ്യക്തി എന്നോടു മുഖത്തു നോക്കി ചോദിച്ചു, വളരെ അഹങ്കാരി ആണല്ലേ എന്ന്. ഇരുപത്തിയഞ്ചോളം പ്രോജക്ടുകൾ ഞാൻ ഇല്ലാതാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് കേട്ടപ്പോൾ അക്ഷരാർഥത്തിൽ ഞാൻ ഞെട്ടി. അപ്പോൾ അത് കാര്യമായെടുത്തില്ലെങ്കിലും പിന്നീടെപ്പോഴും അതോർത്തു വിഷമമായിരുന്നു. കാരണം, ഞാൻ അങ്ങനെയുള്ള ഒരാളല്ല. എന്നിട്ടും അഹങ്കാരി എന്നു ചിത്രീകരിച്ച് പാട്ടുകൾ ഇല്ലാതാക്കി കളഞ്ഞല്ലോ എന്നതായിരുന്നു എന്റെ ദുഃഖം. മനപ്പൂർവം ഒരാളുടെ കരിയർ ഇല്ലാതാക്കാൻ ശ്രമിക്കുകയെന്നത് അംഗീകരിക്കാൻ കഴിയില്ല’, മഞ്ജരി പറഞ്ഞു.