ശ്രീകുമാരൻ തമ്പി പാട്ടെഴുതുമോ? ഒടുവിൽ ഇരട്ടി പ്രതിഫലം നൽകി; നിർമാതാവ് റാവുവിന്റെ സംശയം മാറ്റിയ പാട്ട്!
‘മൗനം പോലും മധുരം!’ എപ്പോൾ? ‘ഈ മധുനിലാവിൻ മഴയിൽ.’ കൊള്ളാം. മലയാളത്തിന്റെ പാട്ടുപെരുമയിലെ തമ്പിമാജിക്കിൽ മൗനം ശരിക്കും മധുരിക്കുകയായിരുന്നു! ‘സാഗര സംഗമ’ത്തിനായി (1983) വിളമ്പിയ ആ മധുരം നാല് ദശാബ്ദത്തിനിപ്പുറവും രുചികേടില്ലാത്ത വിഭവമായി ശേഷിക്കുന്നുവെങ്കിൽ ആ മാന്ത്രികതയ്ക്കു വേറെന്തു പേരു
‘മൗനം പോലും മധുരം!’ എപ്പോൾ? ‘ഈ മധുനിലാവിൻ മഴയിൽ.’ കൊള്ളാം. മലയാളത്തിന്റെ പാട്ടുപെരുമയിലെ തമ്പിമാജിക്കിൽ മൗനം ശരിക്കും മധുരിക്കുകയായിരുന്നു! ‘സാഗര സംഗമ’ത്തിനായി (1983) വിളമ്പിയ ആ മധുരം നാല് ദശാബ്ദത്തിനിപ്പുറവും രുചികേടില്ലാത്ത വിഭവമായി ശേഷിക്കുന്നുവെങ്കിൽ ആ മാന്ത്രികതയ്ക്കു വേറെന്തു പേരു
‘മൗനം പോലും മധുരം!’ എപ്പോൾ? ‘ഈ മധുനിലാവിൻ മഴയിൽ.’ കൊള്ളാം. മലയാളത്തിന്റെ പാട്ടുപെരുമയിലെ തമ്പിമാജിക്കിൽ മൗനം ശരിക്കും മധുരിക്കുകയായിരുന്നു! ‘സാഗര സംഗമ’ത്തിനായി (1983) വിളമ്പിയ ആ മധുരം നാല് ദശാബ്ദത്തിനിപ്പുറവും രുചികേടില്ലാത്ത വിഭവമായി ശേഷിക്കുന്നുവെങ്കിൽ ആ മാന്ത്രികതയ്ക്കു വേറെന്തു പേരു
‘മൗനം പോലും മധുരം!’
എപ്പോൾ?
‘ഈ മധുനിലാവിൻ മഴയിൽ.’
കൊള്ളാം. മലയാളത്തിന്റെ പാട്ടുപെരുമയിലെ തമ്പിമാജിക്കിൽ മൗനം ശരിക്കും മധുരിക്കുകയായിരുന്നു! ‘സാഗര സംഗമ’ത്തിനായി (1983) വിളമ്പിയ ആ മധുരം നാല് ദശാബ്ദത്തിനിപ്പുറവും രുചികേടില്ലാത്ത വിഭവമായി ശേഷിക്കുന്നുവെങ്കിൽ ആ മാന്ത്രികതയ്ക്കു വേറെന്തു പേരു നൽകാൻ!
ഘനീഭവിച്ചു നിൽക്കുന്ന നിശ്ശബ്ദതയെ ഭേദിച്ച് അടർന്നു വീഴുകയാണ് എസ്.ജാനകിയുടെ ആ സ്വരഭംഗി. ഏതു ഭാവത്തെയും ഉൾക്കൊണ്ട് അനായാസം വിന്യസിക്കാൻ പ്രാപ്തമായ സ്വരസഞ്ചയങ്ങളെ ഉള്ളിലൊളിപ്പിച്ച തെന്നിന്ത്യൻ ഇസൈക്കുയിൽ. ആദ്യം ചിറകൊതുക്കി ഒരു പതുങ്ങൽ. പിന്നെ സർവ സന്നാഹങ്ങളെയും സ്വരുക്കൂട്ടി ചിറകുകുടഞ്ഞൊരു കുതറിപ്പായൽ. അവിടെ ചിതറിത്തെറിക്കുന്നതോ, പാട്ടുകോണിലെങ്ങും മാധവം പരത്തുന്ന തേനിമ്പവും! ഇന്ത്യൻ സംഗീതത്തിലെ മുടിചൂടാമന്നൻ, ഇസൈജ്ഞാനി ഇളയരാജ പഹാഡിയിൽ മെനഞ്ഞെടുത്ത ഈണത്തിൽ കരുതിക്കൂട്ടി ഒളിപ്പിച്ച സൂത്രവിദ്യ. അരങ്ങിൽ ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യധാമം ജയപ്രദയും യുവത്വത്തിന്റെ ഹരം കമലഹാസനും. പ്രണയത്തിന്റെ മൗനചേതനയേയും പേറി ആരിലും അസൂയ പടർത്തി ബാലുവും മാധവിയും അങ്ങനെ ആടിത്തിമിർക്കുമ്പോൾ സ്വരം പകരാൻ എസ്.ജാനകിയും ഭാവഗായകനും ചേർന്ന കോംബോ. ഹൊ! മൗനത്തിന്റെ അനന്തവാചാലതയിൽ ലയിച്ചുനിന്നു പോവാൻ പിന്നെന്തു വേണം വേറെ!
‘‘പാട്ട് ഡബ്ബിങ്ങിനോട് എനിക്കത്ര താൽപര്യമില്ലായിരുന്നു. പക്ഷേ, നിർമാതാവ് നേരിട്ടു വീട്ടിലെത്തിപ്പറഞ്ഞപ്പോൾ ഏൽക്കാതിരിക്കാനായില്ല’’ ഹിറ്റ് പിറവിക്കു പിന്നിലെ അത്ര ‘ഹിറ്റാ’കാതെ പോയ പിന്നാമ്പുറം ശ്രീകുമാരൻ തമ്പിയുടെ ഉള്ളിൽ തെളിയുന്നു! ഇളയരാജയുടെ ഈണത്തിനു പറ്റിയ പാട്ട് മതിയെന്ന് അറിയിച്ചിരുന്നെങ്കിലും വെട്ടൂരി സുന്ദരരാമമൂർത്തിയെ വിസ്മരിച്ച് ആ തൂലികയിൽ എങ്ങനെ വാക്കുകൾ പിറക്കാൻ! പ്രണയവീഥിയിൽ കടന്നുവരുന്ന മൗനത്തിന്റെ അപാര സൗന്ദര്യത്തെ ഉന്മാദത്തിന്റെ ഉത്തുംഗത്തിലേക്ക് ഉണർത്തിവിട്ട മൂർത്തിയുടെ ആശയത്തിനോടു പുറംതിരിഞ്ഞുനിന്ന് പാട്ടെഴുതാൻ തമ്പിയിലെ പതിരറ്റ തൂലികയ്ക്കാവുമോ! ‘മൗനമേലനോയി ഈ മരപൂരാനി രേയി....’ മൗനത്തിന്റെ നിഴലുറഞ്ഞ പ്രണയത്തിന്റെ അലസഭംഗി തെലുങ്കിന്റെ പൂമുഖത്തിണ്ണയിൽ മാത്രമങ്ങനെ പൂത്തുലഞ്ഞാൽ പോരല്ലോ! ഭാഷ കൈപ്പിടിയിലൊതുങ്ങുന്നതല്ലെങ്കിലും പഠിച്ചറിഞ്ഞ അർഥങ്ങളെ സ്വരുക്കൂട്ടി, ആശയം വേറിട്ടു പോകാതെ ഈണത്തെ പുണർന്നൊട്ടി, തമ്പിയുടെ കൈപ്പാകത്തിൽ വരികൾ വരഞ്ഞുവീണു. അതോടെ മലയാളത്തിന്റെ പ്രണയ വഴികളിൽ മൗനത്തിന്റെ സൗന്ദര്യത്തിന് അങ്ങനെ പത്തരമാറ്റായി!
ഇണക്ക പിണക്കങ്ങളുടെ പ്രണയപ്പകലുകളിൽ ചേർത്തുപിടിക്കാനെത്തുന്ന മൗനത്തിന് പലപ്പോഴും പറഞ്ഞറിഞ്ഞതിലും വലിയ സൗന്ദര്യം തന്നെയാണ്. ഇരിപ്പിടം അടുത്തു പോയാൽ വാക്കുകൾ അകലുന്ന പ്രതിഭാസം. പിന്നെയോ, വാചാലമാകുന്ന മൗനത്തിന്റെ നേരംതെറ്റിയ പെരുങ്കളിയാട്ടം.
‘വിടരും അധരം വിറകൊള്‍വതെന്തിനോ,
തിളങ്ങും നയനം നനയുന്നതെന്തിനോ’
ആലാപനത്തെ പിൻപറ്റി ഓടക്കുഴലിൽ ഒഴുകി വരുന്ന ശ്രുതിഭംഗി പാട്ടുപശ്ചാത്തലത്തെ എത്ര ഓർമകൾക്കൊപ്പം കൈ പിടിച്ചു നടത്തിക്കുന്നു! എന്തായാലും വാക്കുകളിൽ വിടരുന്ന ആ സംഗമത്തിന് നാലു പതിറ്റാണ്ടിനിപ്പുറവും പറഞ്ഞറിയിക്കാനാകാത്ത ഭംഗി തന്നെ. പ്രണയത്തിന്റെ ആ രാസപ്രക്രിയ തമ്പിയുടെ തൂലികയാൽ സാകൂതം കുറിക്കപ്പെടുമ്പോൾ കേൾവികളിൽ മധുരം കിനിയുക സ്വാഭാവികം.
നിഴൽ വീണ ഏകാന്തതകളിലെ ചേർന്നിരിക്കലുകളിൽ കടന്നെത്തുന്ന മൂകത ഒരു കവിത പോലെ നീളുകയാണത്രേ! ആ നിശ്ശബ്ദ ഈണങ്ങളുടെ വാചാലതകളിലേക്ക് കാതുനട്ട കാലത്തിന്റെ കുസൃതികളെ ഓർമപ്പെടുത്തുക കൂടിയാണല്ലോ ദശാബ്ദങ്ങൾ നീണ്ട തമ്പിയെന്ന എഴുത്തുപെരുമ!
പാട്ടിന്റെ ആസ്വാദനത്തിലേക്ക് ദാർശനികതയുടെ സൗന്ദര്യവും ചിലപ്പോഴൊക്കെ ഒരനിവാര്യതയാണെന്ന് കവിക്കു തോന്നും. അത്തരമൊരു തോന്നലാണ് ചരണത്തെ ഇത്ര മധുരിതമാക്കിയത് - സംശയമില്ല. നഷ്ടപ്പെട്ടതും കൈവിട്ടുപോയതുമൊന്നും തിരികെക്കിട്ടുന്നതല്ല എന്ന ഓർമപ്പെടുത്തലിൽ കുറിച്ചതാവണം
‘അടരും നിമിഷം തുടരില്ല വീണ്ടുമേ,
കൊഴിയും സുമങ്ങള്‍ വിടരില്ല വീണ്ടുമേ...’
മൗനത്തിന്റെ വാചാലതയിലേക്ക് കാതുകളെ വലിച്ചടുപ്പിച്ച കവിക്ക് നഷ്ടപ്പെടലുകളെ അത്ര നിസ്സാരമായി കാണാനാവുന്നില്ല. ഉപവനത്തിന്റെ ഉലച്ചിലിനെ ആസ്വാദക മനസിലേക്കു കൊണ്ടുവന്നതുപോലും ആ നഷ്ടബോധത്തെ ഒന്നോർമപ്പെടുത്താൻ തന്നെയാവണം.
അഭിനേതാക്കളുടെയും പാട്ട് ഒരുക്കിയവരുടേയും മറ്റ് അണിയറക്കാരുടേയുമെല്ലാം കാര്യത്തിൽ പ്രതിഭകളെത്തന്നെ അണിനിരത്തണം എന്നതിൽ ഒരു ലുബ്ധിനും കൂട്ടാക്കാതിരുന്ന എഡിദ നാഗേശ്വര റാവു പടം ഹിറ്റാകണമെന്നതിൽ ഉറച്ചു തന്നെയായിരുന്നു. നിർമാതാവിന്റെറെ പ്രതീക്ഷകൾ തെറ്റിയില്ല, പടം വമ്പൻ ഹിറ്റ്. അതോടെ മറ്റ് ഭാഷകളിലേക്കും മൊഴി മാറ്റണമെന്ന് ആ മനസ്സിൽ തോന്നി. മലയാളത്തിലേക്കു വരുമ്പോൾ പാട്ടെഴുത്ത് ആരാവണമെന്നതിൽ റാവുവിന് സംശയമില്ലായിരുന്നു.
അക്കാലത്ത് മൊഴിമാറ്റത്തിലൂടെ വന്ന് തെലുങ്കിലും ചർച്ചയാകപ്പെട്ട മലയാള സിനിമ ‘ഗാന’ത്തിലെ പാട്ടെഴുത്തുകാരൻ ആ മനസ്സിൽ എപ്പോഴേ കുടിയേറിക്കഴിഞ്ഞിരുന്നു. അപ്പോഴും തെന്നിന്ത്യൻ സിനിമാ വ്യവസായത്തിലെ കിരീടം വയ്ക്കാത്ത രാജാവുണ്ടോ പാട്ടെഴുത്തുകാരൻ ശ്രീകുമാരൻ തമ്പിയെ അറിയുന്നു! ‘‘ഇതനു മന മലയാളം പ്രൊഡ്യൂസർ തമ്പി ഗാരു കദാ? ഈയൈന പാടലു കൂട രാസ്താരാ?’’ പാട്ടെഴുത്തുകാരനെ പരിചയപ്പെടുത്തിക്കൊടുത്ത സുഹൃത്തിനോട് മലയാളം സിനിമാ നിർമാതാവായ തമ്പി പാട്ടെഴുതുമോ എന്നായിരുന്നു റാവുവിന്റെ സംശയം! സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്സിലെ സഹഭാരവാഹിയായ തമ്പിയെ റാവുവിന് അങ്ങനെയേ അറിയുമായിരുന്നുള്ളു. എന്നാൽ റഷ്യൻ ഭാഷയിലേക്കുവരെ മൊഴിമാറ്റം ചെയ്ത തന്റെ സിനിമയുടെ മലയാളം പതിപ്പിനായി എഴുതിക്കൊടുത്ത പാട്ടുകൾ കണ്ട് റാവു അന്ന് തമ്പിയെ പൂണ്ടടക്കം പുണർന്നു. ഏതൊരു മലയാളം സിനിമയ്ക്കു കിട്ടിയതിലും ഇരട്ടി പ്രതിഫലം നൽകിയാണ് ആ നിർമാതാവ് തമ്പിയോടുള്ള തന്റെ സന്തോഷം പ്രകടിപ്പിച്ചത്!
മൗനങ്ങളെ പാടിച്ച വയലാർ, മൗനങ്ങളെ ചാഞ്ചാടിച്ച ബിച്ചു തിരുമല... കാറ്റിലും മലരിലും മൗനം നിറയ്ക്കുകയായിരുന്നു പൂവച്ചലെങ്കിൽ മൺവീണയിലേയ്ക്ക് കൂടണയാനായി മൗനത്തെ പറത്തിവിടുകയായിരുന്നു ഒഎൻവി!
മൗനത്തിന്റെ ഇടനാഴി അത്രകണ്ട് ഇരുണ്ടിട്ടായിരുന്നോ എന്തോ? അവിടെ ഒരു ജാലകം തുറപ്പിക്കാനാണ് പഴവിള രമേശൻ ഒരുങ്ങിയത്! മൗനത്തെ സരോവരമാക്കിയ കൈതപ്രം തന്നെ അതേ മൗനത്തെയാവുമോ പൊൻവീണയിലെ സ്വരമാക്കിയതും! എന്തായാലും കാവ്യഭാവനകളുടെ ചിറകുവിടർത്തി മൗനമിങ്ങനെ പറക്കുമ്പോൾ പിറക്കുകയാണ് പാട്ടുകൾ - മധുരം വിതറി, മൗനത്തിന്റെ ഉറവയിൽനിന്നു പാനം ചെയ്തവനു മാത്രമേ ഹൃദയത്തിൽനിന്ന് ഗാനം ആലപിക്കാനാവൂ- ഖലീൽ ജിബ്രാന്റെ വിശ്വഭാഷ്യം ശരിവെച്ചു കൊണ്ട് പിന്നെയും എത്ര ഏറ്റുപാടലുകൾ .....
മികച്ച സംഗീത സംവിധായകനും മികച്ച പിന്നണി ഗായകനുമുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളായിരുന്നു ‘സാഗരസംഗമം’ അത്തവണ നേടിയെടുത്തത്. പ്രതിഭകൾ അരങ്ങു കൊഴുപ്പിച്ച സിനിമയുടെ ആലാപനവഴികളിൽ അന്ന് യേശുദാസിന്റെ ഗന്ധർവനാദം എന്തുകൊണ്ടോ മാറ്റിനിർത്തപ്പെട്ടു! ആദ്യമായി മലയാളത്തിൽ 100 ദിവസം ഓടിയ സിനിമ എന്ന ഖ്യാതിയും ‘സാഗര സംഗമ’ത്തിനു സ്വന്തം. ആ ചരിത്രനേട്ടത്തെ കൈപ്പിടിയിൽ ഒതുക്കിയതിനുപിന്നിലോ, ശ്രീകുമാരൻ തമ്പിയുടെ എഴുത്തുതഴക്കത്തിൽ പിറന്ന പാട്ടുകളും!
ഒരു നേരത്തെ മൗനം ചിലപ്പോൾ ഒരായിരം വാക്കുകളേക്കാൾ ശക്തമാണ് - ആ തത്വം അവിടെ നിൽക്കട്ടെ. മൗനത്തിന്റെ വാൽമീകത്തിൽ അകപ്പെട്ടുപോകുന്ന വിരസ ഏകാന്തതകൾക്ക്, പാട്ടിന്റെ കൂട്ടുതേടുന്ന രാമയക്കങ്ങൾക്ക് ഈയൊരു മധുനിലാപ്പെയ്ത്തു കൂടി ആയാൽ - ‘നീളെ നീളെ ഒഴുകുമീ കാറ്റല തൻ പാട്ടിലെ സന്ദേശം സുന്ദരം ....’