വാലന്റൈൻസ് ദിനത്തിൽ ഓർക്കാൻ പ്രണയഭരിതമായ 10 പാട്ടുകൾ
‘മലരൊളി തിരളും മധുചന്ദ്രികയിൽ മഴവിൽക്കൊടിയുടെ മുന മുക്കി എഴുതാനുഴറി കൽപന ദിവ്യമൊ– രഴകിനെ, എന്നെ മറന്നൂ ഞാൻ!’ ‘മനസ്വിനി’ എന്ന കവിതയിൽ ചങ്ങമ്പുഴ കുറിച്ച ഈ വരികൾ തലമുറകളിലൂടെ എത്രയോ വട്ടം സഞ്ചരിച്ചതാണ്. പ്രിയമാനസയെക്കുറിച്ചുള്ള ഈ വരികളെഴുതുമ്പോൾ എഴുതാനുഴറി, സ്വയം മറന്നുനിന്നൂ കവി. ഏതൊരു കവിക്കും
‘മലരൊളി തിരളും മധുചന്ദ്രികയിൽ മഴവിൽക്കൊടിയുടെ മുന മുക്കി എഴുതാനുഴറി കൽപന ദിവ്യമൊ– രഴകിനെ, എന്നെ മറന്നൂ ഞാൻ!’ ‘മനസ്വിനി’ എന്ന കവിതയിൽ ചങ്ങമ്പുഴ കുറിച്ച ഈ വരികൾ തലമുറകളിലൂടെ എത്രയോ വട്ടം സഞ്ചരിച്ചതാണ്. പ്രിയമാനസയെക്കുറിച്ചുള്ള ഈ വരികളെഴുതുമ്പോൾ എഴുതാനുഴറി, സ്വയം മറന്നുനിന്നൂ കവി. ഏതൊരു കവിക്കും
‘മലരൊളി തിരളും മധുചന്ദ്രികയിൽ മഴവിൽക്കൊടിയുടെ മുന മുക്കി എഴുതാനുഴറി കൽപന ദിവ്യമൊ– രഴകിനെ, എന്നെ മറന്നൂ ഞാൻ!’ ‘മനസ്വിനി’ എന്ന കവിതയിൽ ചങ്ങമ്പുഴ കുറിച്ച ഈ വരികൾ തലമുറകളിലൂടെ എത്രയോ വട്ടം സഞ്ചരിച്ചതാണ്. പ്രിയമാനസയെക്കുറിച്ചുള്ള ഈ വരികളെഴുതുമ്പോൾ എഴുതാനുഴറി, സ്വയം മറന്നുനിന്നൂ കവി. ഏതൊരു കവിക്കും
‘മലരൊളി തിരളും മധുചന്ദ്രികയിൽ
മഴവിൽക്കൊടിയുടെ മുന മുക്കി
എഴുതാനുഴറി കൽപന ദിവ്യമൊ–
രഴകിനെ, എന്നെ മറന്നൂ ഞാൻ!’ ‘മനസ്വിനി’ എന്ന കവിതയിൽ ചങ്ങമ്പുഴ കുറിച്ച ഈ വരികൾ തലമുറകളിലൂടെ എത്രയോ വട്ടം സഞ്ചരിച്ചതാണ്.
പ്രിയമാനസയെക്കുറിച്ചുള്ള ഈ വരികളെഴുതുമ്പോൾ എഴുതാനുഴറി, സ്വയം മറന്നുനിന്നൂ കവി. ഏതൊരു കവിക്കും ഇത്തരം ഉഴറലുകൾ ഉണ്ടായേക്കാം, ഏറ്റവും പ്രിയപ്പെട്ട വരികളെഴുതുമ്പോൾ; അതു പ്രണയത്തെക്കുറിച്ചാകുമ്പോൾ വിശേഷിച്ചും. പ്രണയഗാനങ്ങൾ കേട്ടു മനസ്സിൽ അമ്പുകൊണ്ടു മുറിവേറ്റവരുണ്ട്. ചില വരികളുടെ ആഴങ്ങളിൽ മുങ്ങിത്തപ്പി മുത്തുകൾ കണ്ടെടുത്തു നെഞ്ചേറ്റിയവരുമുണ്ട്. വയലാർ രാമവർമ എഴുതിയ ‘സുമംഗലീ നീ ഓർമിക്കുമോ...’, ‘മാനസമൈനേ വരൂ...’, പി.ഭാസ്കരന്റെ ‘പ്രാണസഖീ ഞാൻ...’, ‘താമസമെന്തേ വരുവാൻ...’ എന്നീ ഗാനങ്ങളെല്ലാം മലയാളത്തിന്റെ ഹൃദയസ്പന്ദനങ്ങളായതിനു പിന്നിൽ പ്രണയത്തിന്റെ മഴനൂലക്ഷരങ്ങൾ തീർത്ത ചാരുതയുണ്ട്.
ഈ 14 വാലന്റൈൻസ് ദിനമാണ്. മനസ്സിൽ പ്രണയമുള്ളവരെല്ലാം ഹൃദയം ഒരു ചെമ്പനീർ പൂവാക്കുന്ന ദിനം. മലയാളത്തിലെ ശ്രദ്ധേയരായ 10 ഗാനരചയിതാക്കൾ അവരെഴുതിയ ഏറ്റവും പ്രിയപ്പെട്ട, അത്രമേൽ മനസ്സോടു ചേർന്ന പ്രണയഗാനത്തെക്കുറിച്ച് ഓർത്തെടുക്കുകയാണിവിടെ (അങ്ങനെ ഒരു പാട്ടു മാത്രമായി തിരഞ്ഞെടുക്കാനാകില്ലെന്ന് അവരുടെ മനസ്സു പറയുന്നുണ്ടെങ്കിലും).
വേനൽപുഴയിൽ തെളിനീരിൽ (റഫീക്ക് അഹമ്മദ്)
ആസ്വാദകർ നെഞ്ചോടു ചേർത്ത ഒട്ടേറെ പ്രണയഗാനങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും ‘പ്രണയകാലം’ എന്ന സിനിമയിൽ ഔസേപ്പച്ചൻ സംഗീതം നൽകിയ ‘ഒരു വേനൽപുഴയിൽ തെളിനീരിൽ / പുലരി തിളങ്ങീ മൂകം / ഇലകളിൽ പൂക്കളിലെഴുതീ ഞാൻ / ഇളവെയിലായ് നിന്നെ...’ എന്ന ഗാനമാണ് റഫീക്ക് അഹമ്മദിന്റെ മനസ്സിൽ ഒന്നാംസ്ഥാനത്ത്. ഒരു പ്രണയഗാനമാണു സന്ദർഭത്തിന് ആവശ്യമെന്നറിഞ്ഞപ്പോൾ അതുവരെയുള്ള ഗാനങ്ങളുടെ രീതികളെല്ലാം മാറ്റിവച്ചു പുതിയ കൽപനകൾകൊണ്ട് എഴുതിയതാണ് ഈ പാട്ടെന്നു റഫീക്കിന്റെ സാക്ഷ്യം. വേനൽപുഴയിൽ എന്ന വാക്കിൽ തുടങ്ങിയതുതന്നെ വേറിട്ട ചിന്തയായിരുന്നു. ടീനേജ് പ്രണയികൾ ഇപ്പോഴും ഈ ഗാനത്തെ സ്നേഹാതിരേകത്തോടെ സ്വീകരിക്കുന്നു എന്നതും അതിമധുരം. ‘കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു...’, ‘പറയാൻ മറന്ന പരിഭവങ്ങൾ...’ തുടങ്ങി പ്രണയത്തിന്റെ പല അടരുകളിൽ തൊടുന്ന എത്രയോ പാട്ടുകളുണ്ട് റഫീക്കിന്റേതായി.
നീയെന്നൊരാളിൽ (ജ്യോതിഷ് കാശി)
കൂടെയില്ലാത്ത ഭാര്യയെ ഓർത്തു നായകൻ വിരഹത്തീയിൽ ഉരുകിപ്പാടുന്നൊരു പ്രണയഗാനം. സങ്കടം നിറയണം ഓരോ വാക്കിലും. അത്തരമൊരു വെല്ലുവിളിയെ ജ്യോതിഷ് കാശി എന്ന എഴുത്തുകാരൻ വാക്കുകൾ കൊണ്ടു തോൽപിച്ചതാണ് ‘നീയെന്നൊരാളിൽ ചേരുന്ന നാളെണ്ണി ദൂരെ / ആ നല്ല നാളിൽ നാം തീർത്ത കാൽപാടു കാണെ...’ എന്ന ഗാനം. ജോഷി സംവിധാനം ചെയ്ത ‘പാപ്പൻ’ എന്ന സിനിമയിലെ ഈ സുന്ദരഗാനം ആസ്വാദകർക്കും തീരാവിങ്ങലായി. പാട്ടു ചെയ്ത ശേഷം സംവിധായകനു പിറന്നാൾ ആശംസ അറിയിക്കാൻ വിളിച്ച ജ്യോതിഷിനോട് ഈ പാട്ടിന്റെ പേരിൽ പത്തു മിനിറ്റിലേറെയാണ് ജോഷി സംസാരിച്ചത്. പരിചയമില്ലാത്തവർ പോലും ഈ ഗാനം കേട്ട് ഫോൺ നമ്പർ തപ്പിയെടുത്തു വിളിച്ചു സംസാരിക്കുമ്പോൾ ലക്ഷ്യം സഫലമായെന്ന ആഹ്ലാദമാണുള്ളിൽ.
പ്രാന്തൻ കണ്ടലിൻ കീഴെ വച്ചല്ലേ (അൻവർ അലി)
ഒരു പ്രണയഗാനത്തിൽ കണ്ടൽച്ചെടികൾക്കെന്തു കാര്യം?. പക്ഷേ, കണ്ടലിനെ ഇമ്പമുള്ളൊരു ചക്കരക്കണ്ടലാക്കി മാറ്റിയ കഥയാണ് അൻവർ അലിയുടെ ഈ പാട്ട്. ‘തൊട്ടപ്പൻ’ എന്ന സിനിമയിലെ ‘പ്രാന്തൻ കണ്ടലിൻ കീഴെ വച്ചല്ലേ / പണ്ടു നുമ്മ കണ്ടത് / പൂക്കണ്ടലിന്റെ മോളിലാരുന്നു ഞാൻ / താഴെ നീ നിന്നു മുള്ളണ്...’ കുട്ടിക്കാലത്തു പ്രണയികളായിരുന്ന രണ്ടുപേർ ജീവിത സായാഹ്നത്തിൽ രണ്ടിടങ്ങളിലിരുന്നു ഫോണിലൂടെ പരസ്പരം പാടിക്കൊടുക്കുന്ന പാട്ടായാണ് ഇതിന്റെ ചിത്രീകരണം. കുഞ്ഞുനാളിലേയുള്ള പ്രണയം രഹസ്യമായി ഉള്ളിൽ കൊണ്ടുനടക്കുന്ന അവരുടെ മനസ്സിനെ പ്രേക്ഷകരിലേക്കെത്തിച്ച ഈ ഗാനം ആ സന്ദർഭത്തിന്റെ സൗന്ദര്യം കൊണ്ടു തന്നെ മോഹിപ്പിച്ചെന്ന് അൻവർ അലി. കണ്ടലിനു ചുറ്റുമുള്ള പ്രണയമാണു വരികളിലുടനീളം. പകലിരവുകളാം, മിഴിയിൽനിന്നും, തീരമേ തീരമേ തുടങ്ങി അൻവറിന്റെ തൂലികയിൽ പിന്നെയുമെത്രയോ പ്രണയസഞ്ചാരങ്ങൾ.
എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ (ശ്രീകുമാരൻ തമ്പി)
ആയിരക്കണക്കിനു സിനിമാഗാനങ്ങൾ. അതിലെത്രയോ പ്രണയനിർഭര വരികൾ. എഴുതിയതിലേറ്റവും പ്രിയങ്കരമായ പ്രണയഗാനമേതെന്ന ചോദ്യത്തിന് ശ്രീകുമാരൻ തമ്പിയുടെ മറുപടി ശരവേഗത്തിലാണ്. ‘ഉദയം’ എന്ന ചിത്രത്തിനുവേണ്ടി ദക്ഷിണാമൂർത്തി സംഗീതം നൽകിയ ‘എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ / എന്നും പൗർണമി വിടർന്നേനെ...’ എന്ന ഗാനം. ശരിയായ പ്രണയത്തിന്റെ സമ്പൂർണചിത്രം വരുന്ന ഗാനമാണിതെന്നാണു കവിയുടെ നിരീക്ഷണം. പങ്കുവയ്ക്കലെന്താണെന്ന് ഓരോ വരിയും വിളിച്ചുപറയുന്നൊരു ഗാനം. പി.ഭാസ്കരൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ശ്രീകുമാരൻ തമ്പിയായിരുന്നു. ഈ പാട്ടു വായിച്ച് ‘ഇതിലേറെ എന്തെഴുതാൻ !’ എന്നു ഗുരുതുല്യനായ പി.ഭാസ്കരൻ അദ്ഭുതപ്പെട്ടപ്പോൾ കണ്ണു നിറഞ്ഞതും കവിയുടെ ഓർമ. ‘എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ / എന്നും നവരത്നമണിഞ്ഞേനെ / എൻ അശ്രുബിന്ദുക്കൾ പുഷ്പങ്ങളായെങ്കിൽ / എന്നും മാധവമുണർന്നേനെ...’ എന്നു തുടരുന്ന വരികളിലെല്ലാം പ്രണയം പൂത്തുലഞ്ഞു നിൽക്കുന്നുണ്ട്; കാലമേറ്റുപാടിയ പാട്ടായ്.
ആരാധികേ... (വിനായക് ശശികുമാർ)
വിനായക് ശശികുമാർ എന്ന യുവാവിന്റെ തലവര മാറ്റിയ പാട്ടാണ് ‘അമ്പിളി’ എന്ന ചിത്രത്തിലെ ‘ആരാധികേ, മഞ്ഞുതിരും വഴിയരികെ...’ എന്നത്. ഗാനരചയിതാവ് എന്ന നിലയിൽ വിനായകിനെ എല്ലാവരുടേയും പ്രിയപ്പെട്ടവനാക്കിയത് ഈ വരികളാണെന്നു പറയാം. കട്ടപ്പനയിലെ ഷൂട്ടിങ് ലൊക്കേഷനിൽ പോയിരുന്നാണ് ഇതെഴുതിയത്. ട്യൂൺ കേട്ടതേ മനസ്സിലുറപ്പിച്ചു, നല്ലൊരു പാട്ടാകുമെന്ന്. ‘പിടയുന്നൊരെന്റെ ജീവനിൽ’ എന്നു തുടങ്ങുന്ന അനുപല്ലവിയാണ് ആദ്യമെഴുതിയത്. ‘എന്റെ നെഞ്ചാകെ നീയല്ലേ / എന്റെ ഉന്മാദം നീയല്ലേ...’ തുടങ്ങിയ ലളിതപ്രയോഗങ്ങളാണു പാട്ടിനെ ഇത്രയും ജനകീയമാക്കിയതെന്നാണു വിനായകിന്റെ വിശ്വാസം. ‘അതിരനി’ലെ ‘ദൂരെ ഒരു മഴവില്ലിൻ / ഏഴാംവർണം പോൽ’ എന്ന ഗാനവും ഹിറ്റായതോടെ 2019 വിനായകിനു പ്രണയാർദ്രമായി.
ഒരു വാക്കു മിണ്ടാതെ (ഷിബു ചക്രവർത്തി)
മുഴുവൻ വരികളിലും പ്രണയം തുളുമ്പുന്ന ‘ഒരു വാക്കു മിണ്ടാതെ’ തനിക്കു സമ്മാനിക്കുന്ന സന്തോഷം വലുതാണെന്നു ഷിബു ചക്രവർത്തി. ‘ജൂലൈ 4’ എന്ന സിനിമയിലെ ആസ്വാദകരേറ്റുവാങ്ങിയ ഗാനമാണിത്. ‘ഒരു വാക്കു മിണ്ടാതെ / ഒരു നോക്കു കാണാതെ / കാട്ടുചെമ്പകച്ചോട്ടിൽ നിന്ന / കാറ്റിതെങ്ങു പോയീ / പൂങ്കാറ്റിതെങ്ങു പോയി...’ യുവത്വം ഇപ്പോഴും ആഘോഷമാക്കുന്ന പാട്ടാണിത്. വരികളിലെ മാധുര്യം കൊണ്ടും തനിക്കേറെ ഹൃദ്യമാണീ ഗാനമെന്നു ഷിബു ചക്രവർത്തി. പ്രണയത്തിന്റെ മറ്റൊരു തലം പകർത്തിയ ‘കിനാവിലെ ജനാലകൾ തുറന്നിടുന്നതാരാണോ’ (പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയ്ന്റ്) എന്ന ഗാനത്തോടും വലിയൊരിഷ്ടം വയ്ക്കുന്നുണ്ട് ഇദ്ദേഹം.
തളിരാടും കാവില് (ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ)
നൂൽപാലം എന്ന ചിത്രത്തിലെ ‘തളിരാടും കാവില് / കുതികൊള്ളും മോഹത്താൽ’ എന്ന പാട്ടാണു തന്റെ മികച്ച പ്രണയഗാനമായി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ കരുതുന്നത്. വിദ്യാധരൻ സംഗീതം നൽകി സുദീപ് പാടിയ ഈ പാട്ടിന്, വാക്കോരോന്നിലും നിറയുന്ന ലാളിത്യമാണു സവിശേഷത. ആൽബങ്ങൾക്കായും മറ്റും ഒട്ടേറെ എഴുതിയിട്ടുണ്ടെങ്കിലും സിനിമയിൽ തനിക്കു കുറച്ചു പ്രണയഗാനങ്ങളേ എഴുതാൻ അവസരം കിട്ടിയിട്ടുള്ളൂ എന്നും അദ്ദേഹം പറയുന്നു. ‘സപ്തമ ശ്രീ തസ്കരഃ’യിലെ ‘താനേ പൂക്കും നാണപ്പൂവേ’യും സെല്ലുലോയ്ഡിലെ ‘യേനുണ്ടോടീ അമ്പിളിച്ചന്ത’വും ഏങ്ങണ്ടിയൂരിന്റെ എഴുത്തിനെ വേറൊരു തലത്തിലെത്തിക്കുന്നു.
നീയും നിനക്കുള്ളൊരീ ഞാനും (വയലാർ ശരച്ചന്ദ്രവർമ)
താനെഴുതിയ എല്ലാ പാട്ടുകളോടും പ്രണയമുണ്ട് വയലാർ ശരച്ചന്ദ്രവർമയ്ക്ക്. അതിലേതാണ് ഏറ്റവും പ്രിയമെന്നു ചോദിച്ചാൽ തിരയെണ്ണുന്ന കുട്ടിയോട് ഏതു തിരയോടാണു കൂടുതൽ ഇഷ്ടമെന്ന ചോദ്യം പോലെയാകും. എന്നാലും ആദ്യവരി മുതൽ അവസാനവാക്കു വരെ പ്രണയം നിറയുന്ന ഒരു പാട്ടിനെ ശരത് ഓർത്തെടുക്കുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത ‘വെളിപാടിന്റെ പുസ്തക’ത്തിലെ ‘നീയും നിനക്കുള്ളൊരീ ഞാനും / നിറയെ കുറുമ്പുള്ള കുഞ്ഞോളും / തമ്മിലൊന്നാ,യുരുമ്മിനിന്നൊരാനന്ദമേ / നമ്മളൊന്നു ചേരുമീ വിരുന്ന് സ്വാദേറണേ...’. ഭാര്യയും മകളുമൊക്കെ നിറയുന്ന ഈ പാട്ടിനോടു ജീവിതത്തോടുള്ള തീരാപ്രണയമാണു കവിക്ക്. എന്റെ ഖൽബിലെ വെണ്ണിലാവു നീ, അനുരാഗവിലോചനനായി എന്നിവയടക്കമുള്ള പാട്ടുകൾ ശരത്തിനെ വേറിട്ടുനിർത്തുന്നുണ്ട്.
നീ ഹിമമഴയായ് വരൂ (ഹരിനാരായണൻ)
എടക്കാട് ബറ്റാലിയൻ 06 എന്ന സിനിമയിലെ ‘നീ ഹിമമഴയായ് വരൂ / ഹൃദയം അണിവിരലാൽ തൊടൂ / എൻ മിഴിയിണയിൽ സദാ / പ്രണയം മഷിയെഴുതുന്നിതാ...’ എന്ന മനോഹര ഗാനമാണ് ബി.കെ. ഹരിനാരായണന്റെയുള്ളിൽ പ്രണയത്തിന്റെ മാരിവില്ലിനേഴു വർണമായി നിൽക്കുന്നത്. ഇതിലെ ‘കെടാതെരിയണേ നമ്മളിൽ / നമ്മളെന്നെന്നും...’ എന്ന വരികളാകട്ടെ കവിക്കകമേ എപ്പോഴും വെളിച്ചമായി പടരുന്നുമുണ്ട്. ‘ഹിമമഴ’യോടുള്ള ഇഷ്ടം താനെഴുതിയ എല്ലാ പാട്ടുകളോടും വച്ചുപുലർത്തുന്നുണ്ടു ഹരിനാരായണൻ.
വാതുക്കല് വെള്ളരിപ്രാവ് (സൂഫിയും സുജാതയും), ജീവാംശമായി (തീവണ്ടി) തുടങ്ങി പ്രായഭേദമെന്യേ ആളുകൾ വീണ്ടും വീണ്ടും പാടുന്ന എത്രയോ പാട്ടുകൾ വേറെയുമുണ്ട് ഉള്ളിൽ നിലാവു ചുരത്തുന്നതായി.
പൂനിലാ മഴ നനയും (സന്തോഷ് വർമ)
കാണാമുള്ളാൽ ഉൾനീറും / നോവാണനുരാഗം’ (സോൾട്ട് ആൻഡ് പെപ്പർ) എന്നെഴുതിയിട്ടുണ്ടെങ്കിലും അതിനും നാലു വർഷം മുൻപെഴുതിയ ‘പൂനിലാ മഴ നനയും / പാതിരാക്കുയിലുകളേ / തേനിളം മുരളിയുമായ് / പോരുമോ ഇതുവഴിയേ...’ എന്ന ഗാനത്തോടാണു സന്തോഷ് വർമയ്ക്കു പ്രണയം. ‘ഛോട്ടാ മുംബൈ’ എന്ന ഈ അൻവർ റഷീദ് പടത്തിലായിരുന്നു സന്തോഷിന് ആദ്യമായി ഒരു പ്രണയഗാനമെഴുതാൻ അവസരം കിട്ടിയത്. ഒറ്റക്കേൾവിയിലേ മ്യൂസിക് ഇഷ്ടമായെന്നും വളരെ തൃപ്തിയോടെ എഴുതാനായെന്നും സന്തോഷ്. വളരെ നല്ലൊരു മെലഡിയെന്ന് ആളുകൾ പറയുന്നതു കേൾക്കുമ്പോൾ പേരു പോലെതന്നെ സന്തോഷം നിറയുന്നുണ്ടുള്ളിൽ.