ADVERTISEMENT

മദ്രാസിലെ രേവതി സ്റ്റുഡിയോയില്‍ അതൊരു മോശം ദിവസമായിരുന്നു. രാവിലെ തുടങ്ങിയ റെക്കോര്‍ഡിങ്ങാണ്. എത്ര പാടിയിട്ടും ശരിയാകുന്നില്ല. ഒന്നുകില്‍ ഗായകന്‍, അല്ലെങ്കില്‍ ഗായിക തെറ്റിക്കുമെന്ന അവസ്ഥ. സംഗീതസംവിധായകന്‍ ബി.എ.ചിദംബരനാഥ് അസ്വസ്ഥനാണെങ്കിലും അത് മറച്ചുവച്ചു. കോള്‍ ഷീറ്റ് കയറുന്നതിന്റെ ആവലാതി പല മുഖങ്ങളിലും തെളിഞ്ഞു തുടങ്ങി. തല്‍ക്കാലം റെക്കോര്‍ഡിങ് നിര്‍ത്താം, ബാക്കിയൊക്കെ നാളെയെന്ന് ചിദംബരനാഥ് പറഞ്ഞതോടെ റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നിന്ന് ആ ഗായകര്‍ പുറത്തേക്കിറങ്ങി. യേശുദാസിനൊപ്പം നേരത്തെ ചില പാട്ടുകള്‍ പാടിയ പ്രേമയാണ് ഗായിക. ഗായകന്‍ പുതിയൊരാളാണ്, പി.ജയചന്ദ്രന്‍. നാളെ നമുക്ക് ഗംഭീരമാക്കണം, പോകും മുന്‍പ് ജയചന്ദ്രനെന്ന ചെറുപ്പക്കാരന്‍ പ്രേമയോട് പറഞ്ഞു.

Read Also: അന്ന് ജയചന്ദ്രൻ ചോദിച്ചു, ‘എന്നെക്കൂടി കൂട്ടുമോ നിങ്ങളുടെ കൂടെ...?’

എന്തായാലും അടുത്ത ദിവസം ആദ്യ ടേക്കില്‍ തന്നെ പാട്ട് ശരിയാക്കി അവര്‍ പടി ഇറങ്ങി. അതൊരു തുടക്കമായിരുന്നു. പി.ജയചന്ദ്രനു മുന്നില്‍ മലയാള സിനിമ സംഗീതം വാതില്‍ തുറന്നു. പില്‍ക്കാലത്ത് അത്ര സജീവമാകാതെ പോയ പ്രേമയ്ക്കാകട്ടെ സംഗീതജ്ഞയെ തന്നെ അടയാളപ്പെടുത്തുന്ന പാട്ടായും അത് മാറി. പി.ജയചന്ദ്രനൊപ്പം ആദ്യമായി യുഗ്മഗാനം പാടിയ ഗായിക എന്ന് പ്രേമയേയും കാലം ഓര്‍ത്തിരുന്നു. 1967ല്‍ പി.ഭാസ്‌ക്കരന്റെ രചനയില്‍ ബി.എ.ചിദംബരനാഥിന്റെ സംഗീതത്തില്‍ പിറന്ന കുഞ്ഞാലിമരയ്ക്കാറിലെ ഒരു മുല്ലപ്പൂമാലയുമായ് നീന്തി നീന്തി നീന്തി വന്നേ എന്ന പാട്ടിന് ഇങ്ങനെ പറയാന്‍ കഥകളേറെയുണ്ട്. പി.ജയചന്ദ്രന്‍ ആദ്യമായി പാടിയത് കുഞ്ഞാലിമരയ്ക്കാറില്‍ ആയിരുന്നെങ്കിലും ആദ്യം റിലീസ് ചെയ്തത് 1967ല്‍ പുറത്തിറങ്ങിയ കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായത് തീര്‍ത്തും യാദൃച്ഛികമായി.

വയലാര്‍ ബാബുരാജ് കൂട്ടുകെട്ടില്‍ ചേട്ടത്തിയിലെ പതിനാറു വയസ്സുകഴിഞ്ഞാല്‍, ഇതേകൂട്ടുകെട്ടില്‍ പിറന്ന പൂച്ചക്കണ്ണിയിലെ മരമായ മരമൊക്കെ തളിരിട്ടും പൂവിട്ടും തുടങ്ങിയ ഗാനങ്ങള്‍ പാടി പ്രേമ തന്റെ സംഗീത ജീവിതം ആഘോഷമാക്കിയ കാലം. ആയിടയ്ക്കാണ് കുഞ്ഞാലിമരയ്ക്കാറിലെ പാട്ട് തേടിയെത്തുന്നത്. കോഴിക്കോട്ടു നിന്നും മദ്രാസിലേക്കു വണ്ടി കയറി. 

രേവതി സ്റ്റുഡിയോയില്‍ തനിക്കൊപ്പം അന്ന് പാടിയ സുന്ദരനായ ചെറുപ്പക്കാരനെ പ്രേമയ്ക്ക് ഇന്നും ഓര്‍മയുണ്ട്, ഭാവഗായകന്റെ ആദ്യകാലത്തെ പാട്ടിന്റെ വാതില്‍ പ്രേമ തുറന്നു, ഒപ്പം പാടുന്നത് ഒരു പുതിയ ആളാണെന്ന് മാത്രം അറിയാം. ആരാണെന്ന് അറിയാനുള്ള ആകാംക്ഷ ആദ്യം മുതലേ എനിക്കുണ്ടായിരുന്നു. ഞങ്ങള്‍ രണ്ടാളും രണ്ടിടത്തായി ഇരുന്നായിരുന്നു റിഹേഴ്സലൊക്കെ അതുകൊണ്ട് ആദ്യമേ കാണാന്‍ കഴിഞ്ഞിരുന്നില്ല. റെക്കോര്‍ഡിങ്ങിനായി മൈക്കിനു മുന്നില്‍ ഞാന്‍ നില്‍ക്കുമ്പോഴാണ് വാതില്‍ തുറന്ന് ആ ചെറുപ്പക്കാരന്‍ വരുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ മിടുക്കനായ ഒരാള്‍. എന്നെ നോക്കി ചിരിച്ചു. പേരും സ്ഥലവുമൊക്കെ ചോദിച്ചറിഞ്ഞു. ഒരുപാടൊന്നും ചോദിക്കാന്‍ നേരം കിട്ടിയില്ല. നേരേ റെക്കോര്‍ഡിങ്ങിലേക്കു പോയി. 

അന്നത്തെ റെക്കോര്‍ഡിങ്ങല്ലേ, ഒന്നു തെറ്റിയാല്‍ വീണ്ടും ഒന്നേന്നു തുടങ്ങണം. ആദ്യ ടേക്കില്‍ തന്നെ ശരിയാക്കണമെന്ന ആഗ്രഹമൊക്കെ അത്യാഗ്രഹമായി. തെറ്റുകള്‍ വന്നുകൊണ്ടിരുന്നു. ഒന്നുകില്‍ ഞാന്‍ തെറ്റിക്കും അല്ലെങ്കില്‍ ജയചന്ദ്രന്‍. എനിക്ക് ടെന്‍ഷനൊക്കെ വന്നെങ്കിലും ജയചന്ദ്രന്‍ ഒരു പുഞ്ചിരിയോടെ നിന്നു. ഒടുവില്‍ അന്നത്തെ റെക്കോര്‍ഡിങ് മതിയാക്കി പോകാനിറങ്ങുമ്പോള്‍ നാളെ നമുക്ക് ഗംഭീരമാക്കണമെന്ന് ജയചന്ദ്രന്‍ പറഞ്ഞു. ആരും അന്ന് ഞങ്ങളെ വഴക്കൊന്നും പറഞ്ഞില്ല. അതൊരു വലിയ ആശ്വാസമായിരുന്നു. 

എന്തായാലും അടുത്ത ദിവസം ആദ്യ ടേക്കില്‍ തന്നെ ഞങ്ങള്‍ ശരിയാക്കി. വലിയ സന്തോഷത്തോടെയാണ് അന്ന് സ്റ്റുഡിയോ വിട്ടിറങ്ങുന്നത്. വീണ്ടും കാണാം എന്നു പറഞ്ഞെങ്കിലും അതൊന്നും ഉണ്ടായില്ല. അതിനു ശേഷം എനിക്കും വലിയ ഇടവേളകള്‍ വന്നു. തിരിച്ച് നാട്ടിലേക്ക് എത്തിയതോടെ എനിക്ക് പാട്ടുകളൊക്കെ കുറഞ്ഞു. പിന്നീട് 40 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞങ്ങള്‍ ഒരു പരിപാടിക്കിടയില്‍ കാണുന്നത്. അന്നും കുറേ നേരം സംസാരിച്ചു. എന്തായാലും ഭാവഗായകനൊപ്പം ആദ്യഗാനം പാടാനുള്ള ഭാഗ്യം എനിക്ക് ദൈവം തന്നല്ലോ. സംഗീത ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമല്ലേ അത്, പ്രേമ പാട്ടിന്റെ നല്ല കാലത്തെ ശ്രുതിമീട്ടി.

English Summary:

Singer Prema opens up about P Jayachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com