ADVERTISEMENT

വർഷങ്ങൾക്കു മുൻപ് ഗൾഫിൽ പി.ജയചന്ദ്രന്റെ ഗാനമേള. ഒട്ടുമിക്ക പാട്ടുകളുടെയും വരികളെല്ലാം മനഃപാഠമായ അദ്ദേഹം തന്റെ സമൃദ്ധമായ ഓർമയിൽനിന്നാണു പാടുക. സദസ്സെല്ലാം നല്ല സംഗീതലഹരിയിലാണ്. മുൻപിലിരിക്കുന്ന ഒരാൾ അല്പം കൂടുതൽ ‘ലഹരി’യിലാണെന്നു തോന്നുന്നു. പാട്ടിലെ ചില ക്ലിഷ്ടപ്രദേശങ്ങളിലൂടെ ജയചന്ദ്രൻ കടന്നുപോകുമ്പോൾ അദ്ദേഹമാത്രം എഴുന്നേറ്റു നിന്നു കയ്യടിക്കും. 

Read Also: ജയേട്ടൻ പറഞ്ഞു; നീട്ടിപ്പാടാം, ഫുൾ കോഴി വാങ്ങിത്തന്നാൽ‌; രവി മേനോൻ എഴുതുന്നു

അടുത്തതായി ജയചന്ദ്രന് ആദ്യ സംസ്ഥാന പുരസ്കാരം കിട്ടിയ ഗാനം– ‘പണിതീരാത്ത വീട്’ (1973) സിനിമയിൽ വയലാറിന്റെ വരികൾക്ക് എം.എസ്.വിശ്വനാഥന്റെ സംഗീതത്തിൽ പിറന്ന ‘നീലഗിരിയുടെ സഖികളേ...’. എത്രയോ സ്റ്റേജുകളിൽ അദ്ദേഹം പാടി അനശ്വരമാക്കിയ ഗാനം. പാട്ട് തുടങ്ങി. പല്ലവി, അനുപല്ലവി, ആദ്യചരണം, ഹമ്മിങ്.... ആളുകളെല്ലാം രസംപിടിച്ചിരിക്കുന്നു. രണ്ടാമത്തെ ചരണം കഴിഞ്ഞു ഹമ്മിങ്ങിലേക്കു കടന്നു ഗായകൻ. മുൻനിരയിലെ ആ ആസ്വാദകൻ എഴുന്നേറ്റ് ഒരു ചോദ്യം. ‘അതേയ്, മുടിയുടെ അറ്റത്ത് എങ്ങനാ സാറേ മുറി പണിയുക?’. ജയചന്ദ്രൻ ഞെട്ടിപ്പോയി. അപ്പോഴാണ് അബദ്ധം പറ്റിയകാര്യം തിരിച്ചറിഞ്ഞത്. 

‘നിന്റെ നീല വാർമുടിച്ചുരുളിന്റെയറ്റത്ത് 

ഞാനെന്റെ പൂകൂടി ചൂടിച്ചോട്ടെ?’ 

എന്നാണ് വരി. ജയചന്ദ്രൻ പാടിയതാകട്ടെ

‘നിന്റെ നീലവാർമുടിച്ചുരുളിന്റെയറ്റത്ത്

ഞാനെന്റെ മുറികൂടി പണിയിച്ചോട്ടെ’ എന്ന്. കഴിഞ്ഞ ചരണത്തിലെ അവസാന വരി ആവർത്തിച്ചിരിക്കുന്നു. അർഥം മഹാഅബദ്ധം. എല്ലാവരും തലയാട്ടി രസിച്ചിരുന്നപ്പോൾ മുൻ‌നിരയിലെ ‘ശല്യക്കാരനായ ആസ്വാദകൻ’ തെറ്റ് പിടിച്ചെടുത്തു. 

Read Also: എല്ലാവരും പറഞ്ഞു, ജയചന്ദ്രൻ മികച്ച ഗായകൻ; പക്ഷേ അവസരത്തിന്റെ കാര്യത്തിൽ തഴഞ്ഞു!

ജയചന്ദ്രൻ പറയുന്നു. ‘ആയിരം തവണയെങ്കിലും ഞാൻ പാടിയിട്ടുള്ള പാട്ടാണത്. എന്നിട്ടും തെറ്റി. അതോടെ ഞാൻ എന്റെ ഓർമയെ ആശ്രയിക്കുന്നതു നിർത്തി. പിന്നീട്, എത്ര നന്നായി അറിയാവുന്ന പാട്ടാണെങ്കിലും ബുക്ക് നോക്കി മാത്രമേ ഞാൻ പാടാറുള്ളൂ. ബുക്കിലില്ലെങ്കിൽ, തിരുവനന്തപുരത്തെ എന്റെ സുഹൃത്ത് മനോഹരനെ വിളിച്ച് വരികൾ എഴുതിയെടുക്കും. അതുനോക്കിയേ പാടൂ. മനസ്സിൽനിന്നു പാടുന്ന പരിപാടിയില്ല.’ ഗാനമേളകളിൽ ജയചന്ദ്രന്റെ കയ്യിലിരിക്കുന്ന ചെറിയ ബുക്ക് ശ്രദ്ധിച്ചിട്ടില്ലേ. അത്തരം നാലഞ്ച് ബുക്ക് അദ്ദേഹത്തിനുണ്ട്. സ്വന്തം കൈപ്പടയിൽ ഗാനത്തിലെ വരികൾ, സിനിമ, സംഗീതം, രചന തുടങ്ങിയ വിവരങ്ങളെല്ലാം അതിലദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

English Summary:

Unforgettable music show experience of P Jayachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com