എന്നിൽ അസാധാരണത്വം കണ്ടവർ എന്നെ ഭയപ്പെട്ടു, തിരസ്കാരങ്ങളേക്കാൾ അനുഭവിച്ചത് അവഗണന: ശ്രീകുമാരൻ തമ്പി
∙സിനിമയിലും സാഹിത്യത്തിലും ജീവിതത്തിലും പല വഴികളിൽ യാത്ര ചെയ്ത് ശ്രീകുമാരൻ തമ്പി 84 വയസ്സിലെത്തിയിരിക്കുന്നു. തനിച്ചു നിൽക്കുന്നൂ ഞാൻ ദുഃഖത്തിൻ ഘനീഭൂത– വർഷർത്തു വിങ്ങിപ്പൊട്ടി– പ്പിടയും താഴ്‌വാരത്തിൽ... (ശ്രീകുമാരൻ തമ്പിയുടെ ‘തനിച്ച്’ എന്ന കവിതയിൽനിന്ന്) തനിച്ചു നിൽക്കാൻ എന്നും കാണിച്ച
∙സിനിമയിലും സാഹിത്യത്തിലും ജീവിതത്തിലും പല വഴികളിൽ യാത്ര ചെയ്ത് ശ്രീകുമാരൻ തമ്പി 84 വയസ്സിലെത്തിയിരിക്കുന്നു. തനിച്ചു നിൽക്കുന്നൂ ഞാൻ ദുഃഖത്തിൻ ഘനീഭൂത– വർഷർത്തു വിങ്ങിപ്പൊട്ടി– പ്പിടയും താഴ്‌വാരത്തിൽ... (ശ്രീകുമാരൻ തമ്പിയുടെ ‘തനിച്ച്’ എന്ന കവിതയിൽനിന്ന്) തനിച്ചു നിൽക്കാൻ എന്നും കാണിച്ച
∙സിനിമയിലും സാഹിത്യത്തിലും ജീവിതത്തിലും പല വഴികളിൽ യാത്ര ചെയ്ത് ശ്രീകുമാരൻ തമ്പി 84 വയസ്സിലെത്തിയിരിക്കുന്നു. തനിച്ചു നിൽക്കുന്നൂ ഞാൻ ദുഃഖത്തിൻ ഘനീഭൂത– വർഷർത്തു വിങ്ങിപ്പൊട്ടി– പ്പിടയും താഴ്‌വാരത്തിൽ... (ശ്രീകുമാരൻ തമ്പിയുടെ ‘തനിച്ച്’ എന്ന കവിതയിൽനിന്ന്) തനിച്ചു നിൽക്കാൻ എന്നും കാണിച്ച
∙സിനിമയിലും സാഹിത്യത്തിലും ജീവിതത്തിലും പല വഴികളിൽ യാത്ര ചെയ്ത് ശ്രീകുമാരൻ തമ്പി 84 വയസ്സിലെത്തിയിരിക്കുന്നു.
തനിച്ചു നിൽക്കുന്നൂ ഞാൻ
ദുഃഖത്തിൻ ഘനീഭൂത–
വർഷർത്തു വിങ്ങിപ്പൊട്ടി–
പ്പിടയും താഴ്‌വാരത്തിൽ...
(ശ്രീകുമാരൻ തമ്പിയുടെ ‘തനിച്ച്’ എന്ന കവിതയിൽനിന്ന്)
തനിച്ചു നിൽക്കാൻ എന്നും കാണിച്ച തന്റേടത്തിന്റെ പേരാണ് ശ്രീകുമാരൻ തമ്പി. ജീവിതമാകെ ഒറ്റയാനെന്നു പേരു കേട്ടയാൾ, കവിതകൊണ്ടും കദനംകൊണ്ടും ഒറ്റമരമായൊരാൾ, നിലപാടുകളുടെ ഒറ്റയടിപ്പാത വെട്ടിയൊരാൾ... ആ ജീവിതയാത്ര മാർച്ച് 16ന് 84 വർഷമെത്തുന്നു. പാട്ടിൽ പത്മരാഗപ്രഭയും കവിതയിൽ ചന്ദ്രകാന്തശോഭയും നിറച്ച ആയിരം പൂർണചന്ദ്രോദയത്തിളക്കത്തിൽ ശ്രീകുമാരൻ തമ്പി സംസാരിക്കുന്നു.
ചെറുപ്പം മുതലേ അങ്ങയുടെ ജീവിതമൊരു കാവ്യയാത്രയാണ്. 16 വയസ്സിനുള്ളിൽ മുന്നൂറോളം കവിതകൾ എഴുതി. അതൊക്കെയും മൂത്ത ചേട്ടൻ പി.വി.തമ്പി കത്തിച്ചുകളഞ്ഞു. എന്നിട്ടും നിരാശനാകാതെ എഴുതിയെഴുതി വളർന്നു...
ആ കവിതകളെല്ലാം കടലാസിൽ മാത്രമേ നഷ്ടപ്പെട്ടുള്ളൂ. അന്ന് എഴുതിയതെല്ലാം എന്റെ പരിശീലനമായിരുന്നു. ഇത്രയധികം പാട്ടുകളെഴുതാനുള്ള പരിശീലനം. ഒരുതരം Composition Work. തോൽക്കാൻ തയാറാവുകയാണ് എല്ലാവരും ചെയ്യേണ്ടതെന്ന് പിൽക്കാലത്ത് എനിക്കു മനസ്സിലായി. വിജയം മാത്രം സ്വപ്നം കണ്ടു വളർന്നാൽ നിരാശപ്പെടേണ്ടിവരും. ആദ്യമേ ജയിച്ചാൽ തൊടുന്നതെല്ലാം വിജയിക്കുമെന്ന തോന്നലുണ്ടാവും.
നേട്ടങ്ങളേക്കാൾ നഷ്ടങ്ങൾ കണ്ടു വളർന്നതിന്റെ നൊമ്പരം കവിതകളിൽ മാത്രമല്ല, പാട്ടിലും ധാരാളം കാണാം...
കുട്ടിക്കാലത്തു കണ്ടതെല്ലാം നഷ്ടവും തോൽവിയും മാത്രമാണ്. അച്ഛന്റെ ജീവിതമാകെ കബളിപ്പിക്കലുകളിൽപ്പെട്ടു. ആരൊക്കെയോ അച്ഛന്റെ വസ്തുക്കൾ എഴുതിവാങ്ങി. അമ്മയ്ക്കും നഷ്ടങ്ങൾ മാത്രമേ കണ്ടിട്ടുള്ളൂ. അതുകൊണ്ട് സ്വത്തിനോട് എനിക്കന്നേ ആവേശമില്ലാതായി. സ്വത്തല്ല, സ്വത്വവും ആത്മധൈര്യവും അഭിമാനവുമാണു വലുതെന്ന് പഠിച്ചു. യാചിച്ചു മേടിക്കുന്നതിനേക്കാൾ നല്ലത് മത്സരിച്ചു ജയിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞു.
ഈ ജീവിതാനുഭവങ്ങളുടെ നേർരേഖയാണു കവിതകളിൽ പലതും. പ്രശസ്തമായ അമ്മയ്ക്കൊരു താരാട്ട്, അച്ഛന്റെ ചുംബനം, പുത്രലാഭം, മകൾ എവിടെ തുടങ്ങിയ കവിതകളിലെല്ലാം കുടുംബബന്ധങ്ങൾ നിറഞ്ഞുനിൽക്കുന്നു...
ജീവിതാനുഭവങ്ങൾ നിശ്ചയമായും എഴുത്തിനെ സ്വാധീനിക്കുമല്ലോ. കവിതകളിൽ കുടുംബബന്ധങ്ങൾ ഇത്രയേറെ കൊണ്ടുവന്ന വേറൊരാൾ ഉണ്ടെന്നു തോന്നുന്നില്ല. എൻ മകൻ കരയുമ്പോൾ, ഓമന ഉറങ്ങുന്നു, നീ എവിടെയായിരുന്നു തുടങ്ങിയ കവിതകളിലുമുണ്ട് ബന്ധങ്ങളുടെ നിഴൽ.
കവിതയോ പാട്ടോ, ഏത് എഴുതിത്തീരുമ്പോഴാണു വലിയ സന്തോഷം?
രണ്ടും സന്തോഷമാണ്. കവിത ഞാൻ എനിക്കുവേണ്ടി എഴുതുന്നതാണ്. പാട്ട് മറ്റുള്ളവർക്കുവേണ്ടി എഴുതുന്നതാണ്. പാട്ടിനുവേണ്ടി ഞാനൊരു സന്ദർഭത്തിലേക്കു കടന്നുകയറുകയാണ്. പക്ഷേ, കവിത എന്നിൽത്തന്നെയുണ്ട്.
വളരെ നേരത്തേ ഗാനരചനയിൽ ശ്രദ്ധ നേടിയതുകൊണ്ട് ശ്രീകുമാരൻ തമ്പി എന്ന കവി സ്ഥിരപ്രതിഷ്ഠനായില്ല എന്നു പറഞ്ഞാൽ...
കവിത എഴുതി അംഗീകാരം നേടുംമുൻപേ ഞാൻ ഗാനരചനയിലേക്കു വന്നു. മൂന്നു നോവലുകളും കുറേ കഥകളും അപ്പോഴേക്ക് എഴുതിയിരുന്നു. സിനിമാത്തിരക്കിനിടയിൽ എനിക്ക് എന്റെ കവിതകളെ ജനകീയമാക്കാൻ സാധിച്ചില്ല എന്നതു സത്യമാണ്. തന്റെ ഗാനങ്ങളുടെയത്ര കവിതകൾ ശ്രദ്ധിക്കപ്പെട്ടില്ലെന്ന നിരാശ ഈയിടെ ജ്ഞാനപീഠം ലഭിച്ച ഗുൽസാറും പങ്കുവച്ചതായി കണ്ടു. പി.ഭാസ്കരനും വയലാറും ഒഎൻവിയുമൊക്കെ കവിതയിൽ ശ്രദ്ധ നേടിയശേഷം ഗാനരചനയിൽ ഇരിപ്പിടമുറപ്പിച്ചവരായിരുന്നു. അതുകൊണ്ട് അവർക്കു കവിതയിലെ സ്ഥിരമായ സ്ഥാനം നഷ്ടപ്പെട്ടില്ല. സിനിമാനിർമാതാവ് കൂടിയായപ്പോൾ ആ വ്യാകുലതകൾ എന്നിലെ കവിയെ പ്രതിസന്ധിയിലാക്കി.
കുട്ടികൾ പഠിക്കുമ്പോഴേ കവിത ജനകീയമാകൂ. എന്റെ ഒരു കവിത മാത്രമേ പാഠപുസ്തകങ്ങളിൽ വന്നുള്ളൂ. എന്റെ കവിതകൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്താതിരിക്കാൻ പ്രവർത്തിച്ചവരുമുണ്ട്.
കവിതയേക്കാൾ ജനകീയം ഗാനങ്ങളല്ലേ? അതിൽ സ്ഥിരപ്രതിഷ്ഠ നേടിയയാൾക്ക് ഇത്രയേറെ നിരാശ ആവശ്യമുണ്ടോ?
സംഗീതത്തിന്റെ ചിറകിൽ പറക്കുമ്പോഴാണു കവിത ജനകീയമാവുന്നത് എന്നതു സത്യം. കൃഷ്ണഗാഥയും കിളിപ്പാട്ടുമൊക്കെ പാട്ടുകൾകൂടിയാണല്ലോ. കടമ്മനിട്ടയും വിനയചന്ദ്രനും ചുള്ളിക്കാടുമൊക്കെ കവിതകൾ ആലപിച്ചു ജനകീയമാക്കിയ കാലത്ത് ഞാൻ സിനിമയുടെ ലോകത്തായിപ്പോയി.
എന്റെ കവിതകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നത് വലിയ വിഷമംതന്നെയാണ്. എന്റെ അറുപതു ശതമാനം പാട്ടുകളും കവിതകളാണ്. ഇത് വൈലോപ്പിള്ളി അംഗീകരിച്ചിട്ടുണ്ട്. പക്ഷേ, ഗാനരചയിതാവ് എന്നു മാത്രമാണ് എന്നെ മിക്കപ്പോഴും വിളിക്കുന്നത്. കവി എന്നു പറയുന്നില്ല. കവിതകളായി വന്ന പാട്ടിനെ ഗദ്യമാക്കി മാറ്റിയവരാണ് എന്നെ വെറും പാട്ടെഴുത്തുകാരനെന്നു വിളിക്കുന്നത്.
‘മരണത്തെ നോക്കിയുള്ള മന്ദഹാസമാണ് കവിത, മരണത്തെച്ചൊല്ലിയുള്ള പൊട്ടിച്ചിരിയാണ് പ്രണയം’ എന്ന മനോഹരമായ വരികൾ (ശീർഷകമില്ലാത്ത കവിത) അങ്ങ് എഴുതിയിട്ടുണ്ടല്ലോ. ഗദ്യകവിത അത്ര മോശമാണോ?
രൂക്ഷമായ രീതിയിൽ ചിലതു പറയാൻ ഗദ്യം വേണ്ടിവരാം. അത്യപൂർവമായേ ഞാൻ ആ ശൈലി സ്വീകരിച്ചിട്ടുള്ളൂ. പക്ഷേ, ഗദ്യത്തിൽ മാത്രം പറഞ്ഞാൽ മതിയെന്ന് ശഠിക്കുന്നതിനോടു യോജിപ്പില്ല. തലമുറകളിലൂടെ കവിത ഒഴുകിയത് വൃത്തത്തിന്റെയും സംഗീതത്തിന്റെയും സഹായംകൊണ്ടാണ്. ലോക സാഹിത്യത്തിലാകെ വൃത്തം അപ്രത്യക്ഷമാവുകയാണ്. മലയാളത്തിലും ഉറുദുവിലുമൊക്കെ മാത്രമേ അൽപമെങ്കിലും അവശേഷിക്കുന്നുള്ളൂ.
കവി പൊതുവേ അന്തർമുഖനാകാറുണ്ട്. പക്ഷേ, എന്തിനോടും പൊടുന്നനെ പ്രതികരിക്കുന്ന ബഹിർമുഖനാണു ശ്രീകുമാരൻ തമ്പി. ഈ ശീലം എങ്ങനെ വന്നു?
അന്തർമുഖനാവുമ്പോഴാണു ഞാൻ കവിതകൾ എഴുതുന്നത്. ബഹിർമുഖത്വമുണ്ടെങ്കിലും ഞാൻ ഒരിക്കലും സംഘങ്ങളിൽപ്പെട്ടില്ല. എപ്പോഴും ഞാൻ ഏകാകിയാണ്. ചേട്ടൻമാർ വള്ളംകളി കാണാൻ പോകുമ്പോൾ ഞാൻ വീട്ടിലിരുന്നു കവിത എഴുതുകയായിരിക്കും. സിനിമയിൽ വന്നപ്പോഴും പാർട്ടികൾക്കൊന്നും ഞാൻ പോകാറില്ല; ഞാൻ നടത്താറുമില്ല. അത്തരം കൂട്ടായ്മകളിൽ പോയി കിട്ടേണ്ടതൊന്നും എനിക്കു കിട്ടിയിട്ടില്ല. മദ്യപാനസദസ്സുകളിൽ പങ്കെടുത്ത് നേട്ടങ്ങൾ ഉണ്ടായിട്ടുമില്ല.
നിലപാടുകളിൽ ഉറച്ച്, പ്രതികരണത്തിൽ കടുപ്പിച്ച്... ഈ പ്രകൃതം എവിടെനിന്നു കിട്ടിയതാണ്?
എന്റെ അമ്മ സാധാരണ വീട്ടമ്മയായിരുന്നെങ്കിലും കുടുംബവൃത്തങ്ങളിൽ നല്ലപോലെ പ്രതികരിച്ചിരുന്നയാളാണ്. കോളജിൽ പഠിക്കുമ്പോൾ വിദ്യാർഥിനേതാവായിരുന്നു ഞാൻ. ഇൻഡിപെൻഡന്റ് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. സോഷ്യലിസ്റ്റ് ചായ്‌വുള്ളവരായിരുന്നു ഞങ്ങൾ. ആലപ്പുഴ ബോട്ട് ജെട്ടിയിൽ രാവിലെ എ.കെ.ആന്റണി പ്രസംഗിച്ചാൽ വൈകുന്നേരം അതിനെതിരെ ഞാൻ പ്രസംഗിക്കും. ഞങ്ങൾ സമപ്രായക്കാരാണ്. ഞാൻ രാഷ്ട്രീയത്തിൽ പോകുമെന്നാണു കൂട്ടുകാരെല്ലാം വിചാരിച്ചത്. അവിടെനിന്നാണ് ഈ ബഹിർമുഖത്വം വന്നത്.
ഭാര്യയും മക്കളുമൊക്കെ ഈ ‘പൊട്ടിത്തെറി’ ശൈലിയോട് യോജിപ്പുള്ളവരാണോ?
ഭാര്യ രാജേശ്വരിക്ക് ആദ്യം മുതലേ ഈ ശൈലിയോടു യോജിപ്പില്ല. ‘എന്തിനാ വെറുതേ...’ എന്നൊക്കെ ചോദിച്ച് എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഞാൻ പറഞ്ഞു: ‘ഞാൻ പ്രതികരിക്കുന്നതുകൊണ്ടു സിനിമയിൽ അവസരം കുറയുമോയെന്ന് ഓർത്ത് നീ ഉൽക്കണ്ഠപ്പെടേണ്ട. കെട്ടിടം കെട്ടി നിന്നെ ഞാൻ നോക്കിക്കൊള്ളാം’.
മകൻ രാജകുമാരൻ തമ്പി എന്നെ വിലക്കുമായിരുന്നു (ചലച്ചിത്ര സംവിധായകനായിരുന്ന രാജകുമാരൻ തമ്പി 2009ൽ ഓർമയായി). ഫോണിലൊക്കെ സംസാരിക്കുമ്പോൾ ദൂരെ മാറിനിന്ന് ‘വേണ്ട വേണ്ട’ എന്ന് അവൻ കൈകൊണ്ടു കാണിക്കും. പക്ഷേ, മകൾ കവിത എന്റെ സ്വഭാവക്കാരിയാണ്. അവൾ പ്രശസ്തയല്ലാത്തതുകൊണ്ട് നിങ്ങളൊന്നും അത് അറിയുന്നില്ലെന്നേയുള്ളൂ.
ഈ ശൈലി ശത്രുത പരത്തില്ലേ?
Creator ആയാൽ Critic ഉണ്ടാകും. Creator ആകാൻ തീരുമാനിച്ചുകഴിഞ്ഞാൽ Criticനെ ഭയപ്പെട്ടിട്ടു കാര്യമില്ല. ചോദ്യങ്ങൾ ചോദിച്ചാൽ ഉത്തരം പറയാനുള്ള കഴിവുണ്ടാകണം, ആത്മവിശ്വാസം വേണം.
ഈ രീതി മാറ്റണമെന്ന് ഒരിക്കലും തോന്നിയിട്ടില്ലേ?
എന്റെ മകൻ ഭാവിയിൽ സംവിധായകനാവും, അവന് അവസരം കുറയും എന്നു വിചാരിച്ച് മമ്മൂട്ടിയോടോ മോഹൻലാലിനോടോ ഉള്ള എതിർപ്പ് ഞാൻ തുറന്നുപറയാതിരുന്നിട്ടില്ല. ഇത് എന്റെ സ്വത്വമായ ശൈലിയാണ്. അതു നഷ്ടപ്പെട്ടാൽ ഞാനില്ല. ഞാൻ ചെയർമാനായ കമ്മിറ്റിയുടെ അവാർഡ് കിട്ടാൻ മദ്യക്കുപ്പിയുമായി എന്റെ വീട്ടിൽ വന്ന എഴുത്തുകാരനെ ‘മേലാൽ എന്റെ വീട്ടിൽ കയറിപ്പോകരുത്’ എന്നു പറഞ്ഞ് ഇറക്കിവിട്ടിട്ടുണ്ട്. അതു ഞാൻ പറയാതിരിക്കുന്നതെങ്ങനെ?
വയലാർ അവാർഡ്, കേരളഗാന വിവാദം... അടുത്ത കാലത്ത് തമ്പി സാറിന്റെ കടുത്ത പ്രതികരണത്താൽ വാർത്തകളിൽ നിറഞ്ഞ സംഭവങ്ങൾ. ഇത്തരം അവസരങ്ങളിൽ പ്രതികരിക്കുംമുൻപ് ചർച്ച ചെയ്യുന്ന ഏതെങ്കിലും വ്യക്തിയുണ്ടോ?
ആരുമില്ല, ഒരിക്കലുമില്ല. എന്റെ മാസ്റ്റർ ഞാൻ തന്നെ.
ഇത്തരം കടുത്ത നിലപാടുകളാണോ പുരസ്കാരങ്ങളേക്കാൾ തിരസ്കാരങ്ങൾക്കു വഴിയൊരുക്കിയത്? ഒരിക്കലും സാഹിത്യ അക്കാദമി അവാർഡ് കിട്ടിയില്ല, പാട്ടെഴുത്തിനു ദേശീയ അവാർഡ് ലഭിച്ചില്ല, പത്മശ്രീ പടികടന്നുവന്നിട്ടില്ല...
കവിതയും പാട്ടുകളും മാത്രമല്ല, തിരക്കഥയും സംഭാഷണവും ഞാൻ എഴുതി. സംവിധാനം ചെയ്തു. സിനിമ നിർമിച്ചു, വിതരണം ചെയ്തു. എന്തോ ഒരു അസാധാരണത്വം എന്നിൽ കണ്ടവർ എന്നെ ഭയപ്പെട്ടു എന്നാണു ഞാൻ മനസ്സിലാക്കുന്നത്. ഇവൻ ഇങ്ങനെ പോയാൽ എവിടെയെത്തുമെന്നു ചിന്തിച്ചവർ എന്നെ എതിർത്തു. തിരസ്കാരങ്ങളേക്കാൾ അവഗണനയാണു കൂടുതൽ അനുഭവിച്ചത്.
സാധാരണ കവികൾ കൈവയ്ക്കാത്ത പലതും അങ്ങ് ചെയ്തു. സിനിമയിൽ വന്നശേഷവും ഏറെക്കാലം എൻജിനീയറുടെ ജോലി തുടർന്നു. സിനിമയിലും പുറത്തും പല മേഖലകളിൽ കൈവയ്ക്കാൻ പോയത് ഗുണമായോ ദോഷമായോ?
തിരിഞ്ഞുനോക്കുമ്പോൾ, ഇത്രയും കാര്യങ്ങൾ ഞാൻ എങ്ങനെ ചെയ്തു എന്ന് എനിക്കുതന്നെ വിശ്വസിക്കാൻ പ്രയാസമാണ്. പാട്ട് റിക്കോർഡിങ് ഉള്ള ദിവസം കെട്ടിടത്തിന്റെ കോൺക്രീറ്റിങ് ഉണ്ടാകും. ട്രാക്ക് എടുക്കാൻ തുടങ്ങുമ്പോൾ സൈറ്റിലേക്കു പായും. അവിടെ ഒരുവിധം കാര്യങ്ങൾ നോക്കി മടങ്ങിയെത്തുമ്പോൾ പാട്ട് ഏറെക്കുറെ ഓകെ ആയിട്ടുണ്ടാവും. മിക്കപ്പോഴും ആർ.കെ.ശേഖറാണു സംഗീത ഏകോപനം. ഇത്തരം സന്ദർഭങ്ങളിൽ ശേഖർ നന്നായി സഹായിച്ചിരുന്നു.
പി.ഭാസ്കരന്റെയും മധുവിന്റെയും കെ.പി.കൊട്ടാരക്കരയുടെയുമൊക്കെ വീടുകൾ ഞാനാണു നിർമിച്ചത്. ജി.ദേവരാജന്റെ വീടിന്റെ പണി പൂർത്തിയാക്കുകയും ചെയ്തു. ഞാൻ കെട്ടിയ എത്രയോ വാട്ടർ ടാങ്കുകൾ ഇപ്പോഴും തമിഴ്നാട്ടിലുണ്ട്.
കവിതയെഴുതാൻ ദുഃഖം സഹായകമാണ്. പക്ഷേ, വ്യവസായത്തിലെ കടം കവിക്കു പറ്റുന്നതല്ല. കവിക്ക് ഒരിക്കലും നല്ല വ്യവസായിയാവാൻ പറ്റില്ല. കവി സങ്കൽപലോകത്തും വ്യവസായി പ്രായോഗികലോകത്തുമാണ്. സിനിമാനിർമാണവും കാവ്യലോകവും സമാന്തരരേഖകളാണ്. ഇവ കൂട്ടിമുട്ടിക്കാൻ ശ്രമിച്ചതിന്റെ ആശങ്ക ജീവിതം മുഴുവൻ ഞാൻ അനുഭവിച്ചു.
കവിതയോ പാട്ടോ തരുന്നതിന്റെ എത്രയോ അധികം വരുമാനമുണ്ടാക്കിയ കെട്ടിടനിർമാണക്കമ്പനി നിർത്തലാക്കാനാണ് അങ്ങ് അന്നു തീരുമാനിച്ചത്...
കൺസ്ട്രക്‌ഷൻ കമ്പനി നിർത്തിയത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി ഇപ്പോൾ തിരിച്ചറിയുന്നു. ജീവിതത്തിൽ ഞാൻ ചെയ്ത എന്തെങ്കിലുമൊന്നിൽ പശ്ചാത്തപിക്കുന്നെങ്കിൽ അതിലാണ്. ധനവാനായ നിർമാതാവായിരുന്നില്ല ഞാൻ. കമ്പനി നിലനിർത്തിയിരുന്നെങ്കിൽ ആ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല.
നിലപാടുകളിലെ കണിശത തീരുമാനങ്ങൾക്ക് ഗുണമോ ദോഷമോ?
ഞാൻ രണ്ട് ഉദാഹരണങ്ങൾ പറയാം.
ഞാൻ സംവിധാനം ചെയ്ത ‘മോഹിനിയാട്ടം’ പുറത്തുവന്ന കാലം. ജോൺ പോളും കലൂർ ഡെന്നിസും ഒന്നിച്ച് വീട്ടിൽ വന്നു. ഡെന്നിസിന്റെ കഥയും ജോണിന്റെ തിരക്കഥയും എന്റെ സംവിധാനവുമായി ഒരു സിനിമ ചർച്ച ചെയ്യാനാണു വന്നത്. നിർമാതാക്കളെയും അവർ കൊണ്ടുവരും. ഞാൻ സംവിധാനം ചെയ്യുന്ന സിനിമ ഞാൻ തന്നെ നിർമിക്കുമെന്നും തിരക്കഥയെഴുതുമെന്നും ഞാൻ ഉറച്ചുനിന്നു. തിരിഞ്ഞുനോക്കുമ്പോൾ, സാമ്പത്തികമായും കലാപരമായും അതൊരു നല്ല നിർദേശമായിരുന്നു. അത്തരം അവസരങ്ങളിലേക്കു ഞാൻ പോയില്ല.
മറ്റൊരു സംഭവം. ജി.ദേവരാജനും ഞാനുമായുള്ള പിണക്കം മാറിയ കാലത്ത് ഐ.വി.ശശിയെ കൂട്ടി അദ്ദേഹം എന്റെ വീട്ടിൽ വന്നു. ശശിയും അദ്ദേഹത്തിന്റെ സ്ഥിരം തിരക്കഥാകൃത്ത് ആലപ്പി ഷെരീഫുമായി ബന്ധം മോശമായ കാലമാണ്. ‘ശശിയുടെ കുറച്ചു പടങ്ങൾക്ക് തമ്പി തിരക്കഥയെഴുതണം’ എന്ന് ദേവരാജൻ മാസ്റ്റർ പറഞ്ഞു. ‘ഷെരീഫിന്റെയും ശശിയുടെയും സൗഹൃദം തകർക്കാൻ ഞാൻ കാരണക്കാരനായെന്ന് പറയിപ്പിക്കാൻ എനിക്കു താൽപര്യമില്ല. ശശി ഷെരീഫിനെക്കൊണ്ടുതന്നെ തുടർന്നും എഴുതിക്കണം’ എന്നായിരുന്നു എന്റെ മറുപടി. തന്റെ സിനിമയ്ക്ക് ഇനി ഷെരീഫിനെക്കൊണ്ടു തിരക്കഥ എഴുതിക്കില്ലെന്ന ശാഠ്യത്തിലായിരുന്നു ശശി. പണമുണ്ടാക്കാവുന്ന അത്തരം അവസരങ്ങളും ഞാൻ നഷ്ടപ്പെടുത്തി; എന്റെ നൻമ തന്നെയാണ് അതിനു കാരണമെങ്കിലും.
സാഹിത്യത്തിലും സിനിമയിലുമായി ആറു പതിറ്റാണ്ട് പിന്നിട്ടു. ഇതിനിടയിൽ, കുടുംബത്തിനുവേണ്ടി കരുതിവച്ച സമയം...?
വേണ്ടത്ര സമയം എന്നെ കിട്ടിയിട്ടില്ലെന്ന് ഭാര്യ പരാതി പറയാറുണ്ട്. പക്ഷേ, എത്ര തിരക്കുള്ളപ്പോഴും കുടുംബത്തിനുവേണ്ടി സമയം മാറ്റിവച്ചിട്ടുണ്ട് എന്നുതന്നെയാണ് എന്റെ വിശ്വാസം. എങ്കിലും, സാധാരണ സിനിമക്കാരൊക്കെ ചെയ്യുംപോലെ കുടുംബവുമായി ഒരു വിദേശയാത്രപോലും ഇതുവരെ പോകാൻ പറ്റിയിട്ടില്ല. എപ്പോഴും അടുത്തതായി ചെയ്യാൻ പോകുന്ന കാര്യമായിരുന്നു എന്റെ മനസ്സിൽ. ഇപ്പോഴും പുതിയത് എന്തു ചെയ്യാമെന്ന് എന്റെ മനസ്സ് ആലോചിച്ചുകൊണ്ടേയിരിക്കുന്നു.