ഏഴു നിറങ്ങളിൽ ഏതു നിറം.... ഉണ്ണി ആറന്മുളയുടെ ഓർമയിൽ ഗോപൻ! രവി മേനോൻ എഴുതുന്നു
നാടും വീടും ജോലിയുമെല്ലാം ഉപേക്ഷിച്ച് സിനിമ എന്ന മായികസ്വപ്നത്തിനു പിറകെ വർഷങ്ങളോളം അലഞ്ഞു; ഒടുവിൽ രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. എന്നാൽ ആറന്മുളക്കാരൻ ഉണ്ണി എന്ന കെ.ആർ.ഉണ്ണികൃഷ്ണൻ നായരെ പലരുമോർക്കുക സംവിധായകനായിട്ടല്ല, പാട്ടെഴുത്തുകാരനായിട്ടാവും. മെലഡിയുടെ മുഗ്ദ്ധലാവണ്യം തുളുമ്പുന്ന
നാടും വീടും ജോലിയുമെല്ലാം ഉപേക്ഷിച്ച് സിനിമ എന്ന മായികസ്വപ്നത്തിനു പിറകെ വർഷങ്ങളോളം അലഞ്ഞു; ഒടുവിൽ രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. എന്നാൽ ആറന്മുളക്കാരൻ ഉണ്ണി എന്ന കെ.ആർ.ഉണ്ണികൃഷ്ണൻ നായരെ പലരുമോർക്കുക സംവിധായകനായിട്ടല്ല, പാട്ടെഴുത്തുകാരനായിട്ടാവും. മെലഡിയുടെ മുഗ്ദ്ധലാവണ്യം തുളുമ്പുന്ന
നാടും വീടും ജോലിയുമെല്ലാം ഉപേക്ഷിച്ച് സിനിമ എന്ന മായികസ്വപ്നത്തിനു പിറകെ വർഷങ്ങളോളം അലഞ്ഞു; ഒടുവിൽ രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. എന്നാൽ ആറന്മുളക്കാരൻ ഉണ്ണി എന്ന കെ.ആർ.ഉണ്ണികൃഷ്ണൻ നായരെ പലരുമോർക്കുക സംവിധായകനായിട്ടല്ല, പാട്ടെഴുത്തുകാരനായിട്ടാവും. മെലഡിയുടെ മുഗ്ദ്ധലാവണ്യം തുളുമ്പുന്ന
നാടും വീടും ജോലിയുമെല്ലാം ഉപേക്ഷിച്ച് സിനിമ എന്ന മായികസ്വപ്നത്തിനു പിറകെ വർഷങ്ങളോളം അലഞ്ഞു; ഒടുവിൽ രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. എന്നാൽ ആറന്മുളക്കാരൻ ഉണ്ണി എന്ന കെ.ആർ.ഉണ്ണികൃഷ്ണൻ നായരെ പലരുമോർക്കുക സംവിധായകനായിട്ടല്ല, പാട്ടെഴുത്തുകാരനായിട്ടാവും. മെലഡിയുടെ മുഗ്ദ്ധലാവണ്യം തുളുമ്പുന്ന രണ്ടു മനോഹര ഗാനങ്ങളുടെ ശില്പി.
"സ്വർഗ്ഗ" (1987) ത്തിലെ "ഏഴു നിറങ്ങളിൽ ഏതു നിറം" ആണ് അവയിലൊന്ന്. മറ്റൊന്ന് "എതിർപ്പുക"ളിലെ (1984) "മനസ്സൊരു മായാപ്രപഞ്ചം." ഇറങ്ങിയ കാലത്ത് മലയാളികൾ മൂളിനടന്ന ഭാവഗീതങ്ങളാണ് രണ്ടും. ഇന്ന് കേൾക്കുമ്പോഴും പുതുമ തോന്നിക്കുന്ന ശ്രവ്യാനുഭവങ്ങൾ. ഉണ്ണി ആറന്മുളയുടെ വിയോഗവാർത്തയറിഞ്ഞപ്പോൾ കാതിലും മനസ്സിലും ആദ്യം ഒഴുകിയെത്തിയത് യേശുദാസ് പാടിയ ആ പാട്ടുകൾ തന്നെ.
രണ്ടു പാട്ടിന്റെയും സംഗീതസംവിധായകർ പിന്നീട് സിനിമയിൽ സജീവമായില്ല എന്നൊരു കൗതുകം കൂടിയുണ്ട്. "സ്വർഗ്ഗ"ത്തിൽ പാട്ടുകളൊരുക്കിയ ഗായകൻ കൂടിയായ എറണാകുളം ഗോപൻ ബിസിനസ്സിൽ സജീവമായതോടെ സിനിമയിൽ നിന്നകന്നു. "എതിർപ്പുക"ളുടെ സംഗീതസംവിധായകൻ ടി.എസ്.രാധാകൃഷ്ണനാകട്ടെ കൂടുതൽ പ്രശസ്തനായത് ഭക്തിഗാന ലോകത്താണ്. "ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം" ഉൾപ്പെടെ നൂറുകണക്കിന് വിഖ്യാത ഗാനങ്ങളുടെ സംഗീതശില്പി.
വനിതാ പോലീസ് (1984) എന്ന ചിത്രത്തിലൂടെ എറണാകുളം ഗോപനെ സംഗീതസംവിധായകനാക്കിയത് ആലപ്പി അഷ്റഫാണ്. മധു ആലപ്പുഴ എഴുതിയ രണ്ടു പാട്ടുകൾ യേശുദാസും ചിത്രയും പാടിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. അതിനും നാല് വർഷം മുൻപാണ് "ശക്തി" എന്ന സിനിമയിൽ എസ്.ജാനകിക്കൊപ്പം "മിഴിയിലെന്നും നീ ചൂടും നാണം" എന്ന ഹിറ്റ് ഗാനം പാടി വൈറ്റില സ്വദേശി ഗോപൻ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. "സിനിമയിൽ ഭാഗ്യം പരീക്ഷിച്ചെത്തുന്ന എല്ലാവരുടെയും താവളമായിരുന്ന ചെന്നൈയിലെ ആർകെ ലോഡ്ജിലായിരുന്നു ഞാൻ അന്ന് താമസം. ഉണ്ണി ആറന്മുള, മങ്കൊമ്പ്, രഘുകുമാർ, ലാലു അലക്സ്, ആലപ്പി അഷ്‌റഫ്, ഭദ്രൻ... അങ്ങനെ പലരുമുണ്ട് അവിടെ." -ഗോപൻ ഓർക്കുന്നു. അതേ ലോഡ്ജിൽ അന്നൊരു സുന്ദരനായ തെലുങ്കൻ കൂടിയുണ്ട് താമസക്കാരനായി. ആന്ധ്രയിലെ പശ്ചിമ ഗോദാവരിയിൽ നിന്ന് സിനിമയിൽ അവസരം തേടിവന്ന ചിരഞ്ജീവി. പിൽക്കാലത്ത് തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ ആയി മാറിയ അതേ ചിരഞ്ജീവി തന്നെ.
ആർകെ ലോഡ്ജിൽ നിന്നു തുടങ്ങുന്നു ഉണ്ണി ആറന്മുളയുമായുള്ള ഗോപന്റെ സൗഹൃദം. സോമനേയും മുകേഷിനെയും ഉർവ്വശിയെയും അണിനിരത്തി "സ്വർഗ്ഗം" സംവിധാനം ചെയ്യുമ്പോൾ സുഹൃത്ത് ഗോപനെ സംഗീതസംവിധായകനായി ക്ഷണിക്കാൻ മറന്നില്ല നല്ലൊരു സംഗീതാസ്വാദകനായ ഉണ്ണി. രണ്ടു പാട്ടുകളാണ് "സ്വർഗ്ഗ"ത്തിന് വേണ്ടി ചെയ്തത്. രണ്ടും എഴുതിയത് സംവിധായകൻ തന്നെ. പാടിയത് യേശുദാസും. ഇറങ്ങിയയുടൻ ഹിറ്റായത് "ഏഴു നിറങ്ങളിൽ ഏതു നിറം" ആണെങ്കിലും "ഈരേഴു പതിനാല് ലോകങ്ങളിൽ" എന്ന അർധശാസ്ത്രീയത്തിനുമുണ്ടായി ആരാധകർ. ഉർവശിയും ശിവജിയുമാണ് ആദ്യ പാട്ടിന്റെ രംഗത്ത് അഭിനയിച്ചത്. രണ്ടാമത്തെ പാട്ടിൽ ഉർവശിയും. ആകാശവാണിയുടെ ചലച്ചിത്ര ഗാന പരിപാടികളിൽ പതിവായി പ്രക്ഷേപണം ചെയ്യപ്പെട്ടിരുന്ന പാട്ടുകളാണ് രണ്ടും.
"ഒരൊറ്റ ദിവസം കൊണ്ട് എഴുതി ചിട്ടപ്പെടുത്തി റെക്കോർഡ് ചെയ്ത പാട്ടാണ് ഈരേഴു പതിനാല് ലോകങ്ങളിൽ." -ഗോപൻ ഓർക്കുന്നു. സത്യ സ്റ്റുഡിയോയിൽ ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയാണ് ആ സമയത്ത്. കൂറ്റൻ സെറ്റിട്ടാണ് ചിത്രീകരണം. ഷൂട്ടിങ് കഴിഞ്ഞെങ്കിലും രണ്ടു ദിവസം കൂടി കഴിഞ്ഞേ സെറ്റ് പൊളിച്ചുമാറ്റൂ. അത്രയും ദിവസത്തേക്ക് വേണമെങ്കിൽ അവിടെ മറ്റാർക്കെങ്കിലും ചുരുങ്ങിയ ചെലവിൽ ഷൂട്ട് ചെയ്യാം എന്നറിഞ്ഞപ്പോൾ ഉണ്ണി ആ അവസരം പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു. ആർഭാടപൂർണ്ണമായ ആ സെറ്റിൽ ചിത്രീകരിക്കാനായി ഉടനടി ഉർവശിയുടെ ഒരു നൃത്ത രംഗം പ്ലാൻ ചെയ്യുന്നു. "പിറ്റേന്ന് ഷൂട്ട് ചെയ്യേണ്ടതായതുകൊണ്ട് ഒരു ദിവസം കൊണ്ട് ഉണ്ണിയും ഞാനും ചേർന്നുണ്ടാക്കിയ പാട്ടാണ് ഈരേഴു പതിനാല് ലോകങ്ങളിൽ. യേശുദാസിന്റെ ശബ്ദത്തിൽ അത് അന്നുതന്നെ ചെന്നൈ തരംഗിണി സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു."
പടം ബോക്‌സാഫീസിൽ രക്ഷപ്പെട്ടില്ലെങ്കിലും പാട്ടുകൾ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. സംഗീതസംവിധായകന് അതുകൊണ്ട് കാര്യമായ ഗുണമൊന്നും ഉണ്ടായില്ലെന്നു മാത്രം. ഒരു പടം കൂടിയേ ഗോപന്റെ ഗാനങ്ങളുമായി വെളിച്ചം കണ്ടുള്ളൂ പിന്നീട്– ആലപ്പി അഷ്‌റഫിന്റെ "എന്നും സംഭവാമി യുഗേ യുഗേ". ഉണ്ണി ആറന്മുള തന്നെ സംവിധാനം ചെയ്യാനിരുന്ന "വണ്ടിച്ചക്രം" എന്നൊരു പടത്തിനു വേണ്ടി ബിച്ചു തിരുമലയുടെ രചനയിൽ രണ്ടു പാട്ടുകൾ ചിട്ടപ്പെടുത്തിയെങ്കിലും, പടം ഇറങ്ങിയില്ല. യേശുദാസിന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്ത ആ പാട്ടുകളുടെ മാസ്റ്റർ കാസറ്റ് ഇപ്പോഴും ഭദ്രമായി സൂക്ഷിക്കുന്നു ഗോപൻ; സിനിമാജീവിതത്തിന്റെ ഓർമയ്ക്കായി.
സിനിമയുടെ നിത്യകാമുകനായിരുന്ന ഉണ്ണിക്ക് സിനിമാലോകം തിരികെ നൽകിയത് നഷ്ടങ്ങളുടെ ഓർമകൾ മാത്രം. "കമ്പ്യൂട്ടർ കല്യാണം" എന്നൊരു ചിത്രം കൂടി കോവിഡ് കാലത്ത് സംവിധാനം ചെയ്തുവെങ്കിലും ആ പടവും വെളിച്ചം കണ്ടില്ല. പതുക്കെ സിനിമയിൽ നിന്നകന്നു അദ്ദേഹം. കിടങ്ങന്നൂരിലെ കരുണാലയം എന്ന അനാഥാലയത്തിലായിരുന്നു അവസാനകാലത്ത് ജീവിതം. അതുകഴിഞ്ഞു ചെങ്ങന്നൂരിലെ ഒരു ലോഡ്ജിലും. മമ്മൂട്ടി ഉൾപ്പെടെ അപൂർവം പേരേ സിനിമാലോകത്തു നിന്ന് സഹായഹസ്തവുമായി എത്തിയുള്ളൂ. എങ്കിലും പരിഭവമൊന്നുമില്ലായിരുന്നു ഉണ്ണിക്ക്. "അവസാനമായി തമ്മിൽ കണ്ടത് ഒരു വർഷം മുൻപാണ്." - ഗോപൻ ഓർക്കുന്നു. "സിനിമാലോകത്ത് കണ്ടുമുട്ടിയ നന്മ നിറഞ്ഞ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ഉണ്ണി. എന്റെ പാട്ടുകൾ ഇന്ന് നിങ്ങൾ ഓർക്കുന്നുവെങ്കിൽ അതിന് പിന്നിൽ ഉണ്ണിയുടെ മനോഹരമായ വരികൾ കൂടിയുണ്ട്. പിന്നെ ദാസേട്ടന്റെ ഭാവമധുരമായ ആലാപനവും."