പഠിക്കാം, പാടാം രാജലക്ഷ്മിക്കൊപ്പം; വിജയദശമി നാളിൽ പുതിയ ബാച്ചുകൾക്ക് തുടക്കം
Mail This Article
ഗായിക രാജലക്ഷ്മി തുടങ്ങിയ ഓൺലൈൻ സംഗീത ക്ലാസുകൾ കൂടുതൽ വിപുലമാകുന്നു. വിജയദശമി നാളിൽ പുതിയ ബാച്ചിന് തുടക്കമാകും. സംഗീതാഭിരുചിയുള്ള ആർക്കും എവിടെ നിന്നും പ്രായഭേദമില്ലാതെ രാജലക്ഷ്മിയുടെ സംഗീതപഠന ക്ലാസിൽ പങ്കുചേരാം. 2020 ലാണ് ‘ലളിതസംഗീതപാഠം’ എന്ന േപരിൽ ഗായിക ഓൺലൈൻ സംഗീതക്ലാസുകൾ ആരംഭിച്ചത്. അന്യം നിന്നു പോകുന്ന ലളിതഗാനങ്ങളെ തിരികെ കൊണ്ടുവരാനും രാജലക്ഷ്മി ഈ പരിശീല ക്ലാസിലുടെ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ നാല് വർഷങ്ങളായി ഗായികയുടെ ഓൺലൈൻ ക്ലാസുകൾ വിജയകരമായി മുന്നോട്ടു നീങ്ങുന്നു. ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നും നിരവധി പേർ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ട്. പുതിയ ബാച്ചിനെ സ്വാഗതം ചെയ്തുകൊണ്ട് സംഗീതവിശേഷം രാജലക്ഷ്മി മനോരമ ഓൺലൈനിനോടു പങ്കുവച്ചത് ഇങ്ങനെ:
‘ഈ മ്യൂസിക് അക്കാദമി തുടങ്ങിയിട്ട് ഇത് നാലാം വർഷമാണ്. വളരെ നല്ല രീതിയിൽ അത് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നതിൽ സന്തോഷം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലധികം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ആറു വയസ്സു മുതൽ എൺപതിനോടടുത്ത് പ്രായമുള്ളവർ വരെ എന്റെ ലളിത സംഗീതക്ലാസുകളിൽ വിദ്യാർഥികളായി എത്തുന്നു. മുതിർന്നവർ പഠനത്തിൽ പ്രത്യേക താൽപര്യം കാണിക്കുന്നതിൽ ഏറെ സന്തോഷം.
ഏത് മേഖലയില്‍ ജോലി ചെയ്യുന്നവരായാലും സംഗീതത്തിനോട് ഒരടുപ്പം കാണിക്കുന്നവരാണ് ഈ കാലഘട്ടത്തിലുളളവർ. ഓൺലൈനായി പഠിക്കാനുള്ള സൗകര്യമുള്ളതുകൊണ്ട് പ്രായമായവരും കുട്ടികളും കൂടുതൽ താൽപര്യത്തോടെ മുന്നോട്ടു വരുന്നു. കൂടാതെ, കേരളത്തിനു പുറത്തുള്ള കുട്ടികൾ ഭാഷ പരിചയത്തിനു വേണ്ടി കൂടിയാണ് സംഗീതം പഠിക്കുന്നത്. എന്റെ യാത്രകളുംെടയും പ്രോഗ്രാമുകളുടെയും റെക്കോർഡിങ്ങുകളുടെയും തിരക്കുകൾക്കിടയിലും എന്നോടൊപ്പം എന്റെ ശിഷ്യരും കൂടിയുണ്ട് എന്നുള്ളത് ഏറ്റവും അഭിമാനം തോന്നുന്ന കാര്യമാണ്.
കോവിഡ് സമയത്താണ് ഞാൻ ഓൺലൈനായി സംഗീത ക്ലാസുകൾ തുടങ്ങിയത്. വളരെ ഗൗരവത്തോടെ തന്നെ ഇപ്പോഴും അത് മുന്നോട്ടു കൊണ്ടുപോകുന്നു. ഓരോ വർഷവും നിരവധി പേർ സംഗീതപഠനത്തിനു പുതുതായി ചേരുന്നുണ്ട്. കലോത്സവങ്ങളിലൊക്കെ അവർ വിജയിക്കുന്നതു കാണുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്.
ചിത്രചേച്ചിയുടെ അനുഗ്രഹത്തോടു കൂടിയാണ് ഞാൻ ക്ലാസുകൾ തുടങ്ങിയത്. ‘പകർന്നു കൊടുക്കുന്തോറും വർധിക്കുന്നത് വിദ്യ മാത്രമേയുള്ളൂ, അതുകൊണ്ട് രാജി ധൈര്യമായിട്ട് മുന്നോട്ടു പോകൂ’ എന്നു പറഞ്ഞ് ചിത്ര ചേച്ചി പൂർണമായും പിന്തുണച്ചു. എനിക്ക് വളരെ വലിയൊരു പരിശീലനം കൂടിയാണ് ഈ ക്ലാസുകൾ. പഠിപ്പിക്കുന്നതിലൂടെ ഞാനും കൂടുതൽ അപ്ഡേറ്റഡ് ആവുകയാണ്. ഞാൻ ഏറ്റവും ആസ്വദിച്ചാണ് ഈ സംഗീതക്ലാസുകൾ മുന്നോട്ടു കൊണ്ടുപോകുന്നത്. ഈ വർഷത്തെ വിജയദശമിക്ക് കൂടുതൽ ബാച്ചുകള്‍ക്കു തുടക്കമാകും. അഡ്മിഷനുകള്‍ തുടങ്ങിക്കഴിഞ്ഞു. ക്ലാസുകളുടെ ഭാഗമാകാൻ താൽപര്യമുള്ളവർക്ക് എന്നെ ബന്ധപ്പെടാവുന്നതാണ്’, രാജലക്ഷ്മി പറഞ്ഞു
ക്ലാസുകളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക: +918921828174, rajalakshmyofficial@gmail.com