സിനിമാഗാനങ്ങളുടെ വസന്തകാലമെന്ന് പഴയ തലമുറ വിശേഷിപ്പിച്ചിരുന്ന അറുപതുകളിലും എഴുപതുകളിലും പേരിൽത്തന്നെ വസന്തവുമായി മലയാളസിനിമയിൽ നിറഞ്ഞു നിന്ന ഒരു ഗായികയാണ് ബി.വസന്ത. ഒരുപാട് സോളോകൾ പാടിയിട്ടുള്ള വസന്തയുടെ ശ്രദ്ധേയഹിറ്റുകളിലധികവും ഡ്യൂയറ്റ്സ് ആയിരുന്നു. ഉദയഭാനു, കമുകറ എന്നീ ആദ്യകാലഗായകർ മുതൽ ജോളി

സിനിമാഗാനങ്ങളുടെ വസന്തകാലമെന്ന് പഴയ തലമുറ വിശേഷിപ്പിച്ചിരുന്ന അറുപതുകളിലും എഴുപതുകളിലും പേരിൽത്തന്നെ വസന്തവുമായി മലയാളസിനിമയിൽ നിറഞ്ഞു നിന്ന ഒരു ഗായികയാണ് ബി.വസന്ത. ഒരുപാട് സോളോകൾ പാടിയിട്ടുള്ള വസന്തയുടെ ശ്രദ്ധേയഹിറ്റുകളിലധികവും ഡ്യൂയറ്റ്സ് ആയിരുന്നു. ഉദയഭാനു, കമുകറ എന്നീ ആദ്യകാലഗായകർ മുതൽ ജോളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമാഗാനങ്ങളുടെ വസന്തകാലമെന്ന് പഴയ തലമുറ വിശേഷിപ്പിച്ചിരുന്ന അറുപതുകളിലും എഴുപതുകളിലും പേരിൽത്തന്നെ വസന്തവുമായി മലയാളസിനിമയിൽ നിറഞ്ഞു നിന്ന ഒരു ഗായികയാണ് ബി.വസന്ത. ഒരുപാട് സോളോകൾ പാടിയിട്ടുള്ള വസന്തയുടെ ശ്രദ്ധേയഹിറ്റുകളിലധികവും ഡ്യൂയറ്റ്സ് ആയിരുന്നു. ഉദയഭാനു, കമുകറ എന്നീ ആദ്യകാലഗായകർ മുതൽ ജോളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമാഗാനങ്ങളുടെ വസന്തകാലമെന്ന് പഴയ തലമുറ വിശേഷിപ്പിച്ചിരുന്ന അറുപതുകളിലും എഴുപതുകളിലും പേരിൽത്തന്നെ വസന്തവുമായി മലയാളസിനിമയിൽ നിറഞ്ഞു നിന്ന ഒരു ഗായികയാണ് ബി.വസന്ത. ഒരുപാട് സോളോകൾ പാടിയിട്ടുള്ള വസന്തയുടെ ശ്രദ്ധേയഹിറ്റുകളിലധികവും ഡ്യൂയറ്റ്സ് ആയിരുന്നു. ഉദയഭാനു, കമുകറ എന്നീ ആദ്യകാലഗായകർ മുതൽ ജോളി എബ്രഹാം, കൃഷ്ണചന്ദ്രൻ വരെയുള്ള അക്കാലത്തെ യുവഗായകർക്കൊപ്പവും പാടിയിട്ടുള്ള വസന്തയുടെ യേശുദാസിനൊപ്പമുള്ള പാട്ടുകളെ അക്കാലത്തെ യുഗ്മവസന്തമെന്ന് വിശേഷിപ്പിക്കേണ്ടി വരും. കാരണം അത്രമേൽ ഹൃദ്യവും ജനകീയവുമായിരുന്നു ആ പാട്ടുകൾ. 

നവയുവതയുടെ വിരൽത്തുമ്പിൽ വസന്തമെന്നാൽ വാർധക്യമെന്നാണെങ്കിലും കേൾവിയിലും ആസ്വാദനത്തിലും ഇന്നും നിറയൗവ്വനമായി നിറഞ്ഞുനിൽക്കുന്ന ആലാപനമാണ് വസന്തയുടേത്. ആന്ധ്രയിലെ 'മച്ചിലിപ്പട്ടണ'ത്തിൽ ജനിച്ച തെലുങ്ക് മാതൃഭാഷയായ ബി.വസന്ത 1962ൽ 'വാഗ്ദാനം' എന്ന തെലുങ്ക് ചിത്രത്തിൽ പാടിക്കൊണ്ടാണ് സിനിമയിലെത്തിയത്. എസ്.ജാനകിയും പി.ലീലയും പി.സുശീലയും മലയാളത്തിൽ നിറഞ്ഞു നിന്നിരുന്ന 1965ൽ 'മുതലാളി' എന്ന സിനിമയിൽ പുകഴേന്തിയുടെ സംഗീതത്തിൽ എസ്.ജാനകി, ശൂലമംഗലം രാജലക്ഷ്മി എന്നിവർക്കൊപ്പം ഒരു സംഘഗാനം പാടിക്കൊണ്ട് ബി.വസന്ത മലയാളസിനിമയിലേക്ക് അരങ്ങേറി. 'പുന്നാരമുതലാളി'യെന്ന് തുടങുന്ന ആ പാട്ട് എഴുതിയത് പി.ഭാസ്കരനായിരുന്നു. 

ബി.വസന്ത
ADVERTISEMENT

മലയാളത്തിൽ വെറും 28 സിനിമകൾ മാത്രം റിലീസായ തൊട്ടടുത്ത വർഷം, അതായത് 1966ൽ പത്തോളം ചിത്രങ്ങളിൽ വസന്ത പാടിയെന്നത്  ആ ഗായികയ്ക്കു കിട്ടിയ സ്വീകാര്യതയുടെ തെളിവാണ്. എം.എസ്.ബാബുരാജ്, ബി.എ.ചിദംബരനാഥ്, വിജയ ഭാസ്കർ എന്നിവരുടെ ഈണങ്ങളിലായിരുന്നു ആ പാട്ടുകളെല്ലാം. ജയഭാരതി ആദ്യമായി അഭിനയിച്ച 'പെണ്മക്കൾ' എന്ന സിനിമയ്ക്കു വേണ്ടിയാണ്  ബാബുരാജിന്റെ ഈണത്തിൽ വസന്ത ആദ്യം പാടിയത്. ആ ചിത്രത്തിലെ 'ഈ നല്ല രാത്രിയിൽ 'എന്ന പാട്ടിലൂടെയാണ് മലയാളത്തിൽ യേശുദാസ് - ബി.വസന്ത കോംബോ ആരംഭിച്ചതും. 

പക്ഷേ യേശുദാസ് - ബി.വസന്ത കോംബോ 1963ൽ തുടങ്ങിയിരുന്നു. അതുപക്ഷേ തമിഴിലായിരുന്നുവെന്നു മാത്രം. യേശുദാസ് പാടി തമിഴിൽ ആദ്യം തിയേറ്ററിലെത്തിയ ഗാനം ബി.വസന്തയോടൊപ്പമുള്ള ഒരു ഡ്യൂയറ്റ് ആയിരുന്നു. വേദയുടെ സംഗീതത്തിൽ അവരൊരുമിച്ച് പാടിയ 'ആസൈ വന്ത പിന്നേ' എന്ന് തുടങ്ങുന്ന ഈ ഗാനം പ്രശസ്ത തമിഴ്നടിയായ മനോരമ നായികാവേഷത്തിൽ അരങ്ങേറിയ 'കൊഞ്ചും കുമരി'ക്കു വേണ്ടിയായിരുന്നു. 

ഹിന്ദിയിലെയും യേശുദാസിന്റെ ആദ്യയുഗ്മഗാനം തന്നോടൊപ്പമാണെന്ന് ബി.വസന്ത പറയുന്നു. പക്ഷേ പുറത്തിറങ്ങാത്ത 'ജയ് ജവാൻ ജയ് കിസാൻ' എന്ന സിനിമയ്ക്കു വേണ്ടി 1971ൽ പാടിയ ആ പാട്ടിന്റെ റെക്കോർഡ് ഇപ്പോൾ എങ്ങും കിട്ടാനില്ലാത്തതിനാൽ തല്ക്കാലം അതിന്റെ സാധൂകരണം സാധ്യമല്ല. തെലുങ്കിലും അവർ ഒരുമിച്ച് യുഗ്മഗാനങ്ങൾ പാടിയിട്ടുണ്ട്. 

ബി.വസന്ത, യേശുദാസിനൊപ്പം വസന്ത വേദിയിൽ

'പെണ്മക്കൾ'ക്കു തൊട്ടുപിന്നാലെ മലയാളത്തിൽ വന്ന 'അനാർക്കലി'യിൽ ബാബുരാജിന്റെ തന്നെ സംഗീതത്തിൽ യേശുദാസ് -വസന്ത ടീം പാടിയ 'നദികളിൽ സുന്ദരി യമുന' എക്കാലത്തും സംഗീതാസ്വാദകർക്കു പ്രിയപ്പെട്ടൊരു ഗാനമാണ്. വയലാർ എഴുതിയ ആ പാട്ടിന്റെ ആദ്യവരി 2023ൽ ഒരു മലയാളം സിനിമാടൈറ്റിലായിപ്പോലും ഉപയോഗിച്ചിട്ടുണ്ട്. 

ADVERTISEMENT

1966ൽ 'പൂച്ചക്കണ്ണി' എന്ന സിനിമയ്ക്കു വേണ്ടി പി.ബി.ശ്രീനിവാസും ബി.വസന്തയും ചേർന്നു പാടിയ 'കക്ക കൊണ്ട് കടൽമണ്ണ് കൊണ്ട്' എന്ന ഗാനം 2016ൽ രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത 'രക്ഷാധികാരി ബൈജു ഒപ്പ്' എന്ന ചിത്രത്തിന്റെ ക്ലൈമാക്സിലും ഉപയോഗിച്ചിട്ടുണ്ട്. 

അതേ വർഷം വസന്ത 'തറവാട്ടമ്മ'യിൽ ഉദയഭാനുവിനോടൊപ്പം പാടിയ 'ഉടലുകളറിയാതെയിരുകൾ', ജാനകിക്കൊപ്പം 'പണ്ട് നമ്മൾ കണ്ടിട്ടില്ല'എന്നീ പാട്ടുകളും 'കായംകുളം കൊച്ചുണ്ണി'യിലെ 'കാർത്തിക വിളക്ക് കണ്ട്, 'കുസൃതിക്കുട്ടനി'ലെ 'മണിച്ചിലമ്പേ', 'അമ്മയെ കളിപ്പിക്കാൻ', ശ്രീകുമാരന്തമ്പി ആദ്യമായി പാട്ടുകളെഴുതിയ 'കാട്ടുമല്ലിക'യിലെ 'പെണ്ണെ നിൻ കണ്ണിലെ' എന്നീ പാട്ടുകളും ശ്രദ്ധേയങ്ങളായിരുന്നു.

1967ൽ 'അശ്വമേധം' എന്ന ചിത്രത്തിലാണ് ജി.ദേവരാജന്റെ സംഗീതത്തിൽ ബി.വസന്ത ആദ്യമായി പാടിയത്. പുള്ളുവൻപാട്ടിന്റെ ശൈലിയിലുള്ള 'തെക്കുംകൂറടിയാത്തി' അതിഗംഭീരമായി വസന്ത പാടിയിട്ടുണ്ട്. അതിന്റെ റെക്കോർഡിങ് ഓർമകൾ ഇന്നും വസന്തയോടൊപ്പമുണ്ട്. രണ്ടോ മൂന്നോ സംഗീതോപകരണങ്ങളുടെ അകമ്പടി മാത്രമുള്ള പാട്ടിൽ തന്റെ ഉച്ചാരണത്തിനോ ആലാപനത്തിനോ ഒരു കോട്ടവും ഉണ്ടാകരുതെന്നൊരു ചിന്തയോടെയാണ് ആ റെക്കോർഡിങ്ങിനെ സമീപിച്ചതെന്നും പാടിക്കഴിഞ്ഞപ്പോൾ ദേവരാജൻ മാസ്റ്ററിൽ നിന്നും പ്രത്യേകിച്ചൊരു പ്രതികരണവുമുണ്ടായില്ലെന്നും അവർ പറഞ്ഞു. മാസ്റ്റർക്കു വേണ്ടി പാടിയ ആദ്യഗാനമായതിനാൽ അദ്ദേഹം ഒന്നും പറയാതിരുന്നപ്പോൾ താൻ വിഷമിച്ചുവെന്നും പക്ഷേ പിന്നീടുള്ള അദ്ദേഹത്തിന്റെ റെക്കോർഡിങ്ങുകളിൽ വച്ച് മാസ്റ്ററുടെ സ്വഭാവം അങ്ങനെതന്നെയാണെന്ന് താൻ മനസ്സിലാക്കിയതായും വസന്ത കൂട്ടിച്ചേർത്തു. 

ബി.വസന്ത ഇരുപത്താറോളം പാട്ടുകളാണ് 1967ൽ മലയാളത്തിൽ പാടിയത്. അധികവും ബി.എ.ചിദംബരനാഥിന്റെ സംഗീതത്തിലാണെങ്കിലും ബാബുരാജിന്റെ ഈണത്തിൽ പാടിയ 'ഖദീജ'യിലെ 'കസവിന്റെ തട്ടമിട്ട്' എന്ന പാട്ടും ബാബുരാജിന്റെ തന്നെ സംഗീതത്തിൽ എസ്.ജാനകിക്കൊപ്പം 'അന്വേഷിച്ചു കണ്ടെത്തിയില്ല' എന്ന സിനിമയ്ക്കു വേണ്ടി പാടിയ 'പാവനനാം ആട്ടിടയാ' എന്നീ പാട്ടും യേശുദാസിനൊപ്പം വിജയഭാസ്കറിന്റെ സംഗീതത്തിൽ 'പാതിരാപ്പാട്ടി'നു വേണ്ടി പാടിയ 'അനുരാഗക്ഷേത്രത്തിൽ' എന്ന പാട്ടുമാണ് ആ വർഷത്തെ വലിയ ഹിറ്റുകളായി മാറിയത്. 

ADVERTISEMENT

എം.കെ.അർജുനൻ സംഗീതസംവിധായകനായി മലയാളത്തിൽ വന്നത് 1968ൽ 'കറുത്ത പൗർണമി'യിലൂടെയാണ്. ആ സിനിമയിൽ യേശുദാസും ജാനകിയുമാണ് മുഖ്യഗായകരെങ്കിലും വസന്ത പാടിയ 'പൊന്നിലഞ്ഞി ചോട്ടിൽ' എന്ന പാട്ടും ശ്രദ്ധേയമായിരുന്നു. അതുപോലെ 'തുലാഭാര'ത്തിൽ ദേവരാജന്റെ സംഗീതത്തിൽ പി.സുശീലയ്ക്കൊപ്പം പാടിയ 'ഭൂമിദേവി പുഷ്പിണിയായി' (ആ പേരിലും ഒരു സിനിമ വന്നിട്ടുണ്ട്!), 'വിദ്യാർഥി'യിൽ പി.ജയചന്ദ്രനൊപ്പം പാടിയ 'വാർതിങ്കൾ കണി വയ്ക്കും' എന്നീ പാട്ടുകളും 1968ൽ വസന്തയുടെ ഹിറ്റുകളായിരുന്നു. 

വിജയ് യേശുദാസും ബി.വസന്തയും

1969 ആയപ്പോഴേക്കും മലയാളസിനിമയിലെ പ്രധാനപിന്നണിഗായകരിൽ ഒരാളായി ബി.വസന്ത മാറിയിരുന്നു. ജി.ദേവരാജന്റെ സംഗീതത്തിൽ 'സൂസി- ചില ചില ചില തുമ്പികളേ', 'കടൽപ്പാലം- ഇന്നേ പോൽ', 'ജ്വാല- കുടമുല്ലപ്പൂവിനും & വധൂവരന്മാരെ (Sad)', 'കുമാരസംഭവം- ശൈലനന്ദിനി & മല്ലാക്ഷിമാണിമാരിൽ', 'കൂട്ടുകുടുംബം - മേലേ മാനത്തെ നീലിപ്പുലയിക്കു, സ്വപ്നസഞ്ചാരിണീ', 'ഉറങ്ങാത്ത സുന്ദരി- പ്രിയദർശിനി ഞാൻ നിനക്കൊരു', എ.ടി.ഉമ്മറിന്റെ കീഴിൽ 'ആൽമരം- നൂതനഗാനത്തിൻ', 'വിലക്കപ്പെട്ട ബന്ധങ്ങൾ', കെ.രാഘവന്റെ ഈണത്തിൽ 'കള്ളിച്ചെല്ലമ്മ' തുടങ്ങി ആ വർഷത്തെ മിക്ക ഹിറ്റ് സിനിമകളുടെയും ഭാഗമായിരുന്നു ബി.വസന്തയും.

ഉഷ ഖന്ന സംഗീതം നൽകിയ 'മൂടൽമഞ്ഞാ'യിരുന്നു 1970ൽ വസന്ത പാടി റിലീസായ ആദ്യ ചിത്രം. പിന്നാലെ  'പേൾവ്യൂ - യവനസുന്ദരി', 'ഒതേനന്റെ മകൻ- ചന്ദ്രനുദിക്കുന്ന ദിക്കിൽ & ഒന്നാനാം കുളക്കടവിൽ', എഴുതാത്ത കഥ- പ്രാണവീണ തൻ & ഉദയതാരമേ', 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി - കൊതുമ്പുവള്ളം തുഴഞ്ഞുവരും', 'താര- മണ്ണിൽ പെണ്ണായ് പിറന്ന', 'അഭയം' എന്നിങ്ങനെയുള്ള വിജയചിത്രങ്ങളിലെ വിജയഗാനങ്ങളിൽ ബി.വസന്തയുടെയും സാന്നിധ്യമുണ്ടായിരുന്നു. അതിൽ 'ഒതേനന്റെ മകന്' വേണ്ടി യേശുദാസും വസന്തയും ചേർന്ന് പാടിയ 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' എന്ന പാട്ട് മറ്റൊരു സിനിമാപ്പേരിനും കാരണമായി!

'കടൽപ്പാലം' എന്ന ചിത്രത്തിലൂടെ പി.മാധുരിയെന്ന ഗായികയെ ദേവരാജൻ 1969ൽ മലയാളസിനിമയിൽ അവതരിപ്പിച്ചു. പിന്നീടെല്ലാ ചിത്രങ്ങളിലും മാധുരി തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനഗായിക. അതുകൊണ്ട് തന്നെ മലയാളത്തിൽ 1971 ആയപ്പോഴേക്കും ബി.വസന്തയുടെ പാട്ടുകളിൽ ഗണ്യമായ കുറവുണ്ടായി. 'അഗ്നിമൃഗം' എന്ന സിനിമയിൽ 'കാർകുഴലീ' എന്ന ഒരൊറ്റ പാട്ട് മാത്രമാണ് ആ വർഷം ദേവരാജന്റെ മ്യൂസിക്കിൽ വസന്ത പാടിയത്. എങ്കിലും ബാബുരാജിന്റെ സംഗീതത്തിൽ 'ലോറാ നീയെവിടെ - കിഴക്കേ മലയിലെ', ദക്ഷിണാമൂർത്തിയുടെ ഈണത്തിൽ 'വിലയ്ക്കു വാങ്ങിയ വീണ - ഇന്നത്തെ രാത്രി', എ.ടി.ഉമ്മറിന്റെ മ്യൂസിക്കിൽ 'ആഭിജാത്യം - രാസലീലക്ക് വൈകിയതെന്തിന്', 'കെ.രാഘവന്റെ കീഴിൽ 'ഉമ്മാച്ചു - കിളിയെ കിളിയേ' എന്നിങ്ങനെ കുറേ നല്ല പാട്ടുകൾ അവരുടെ ആലാപനത്തിൽ 1971ൽ മലയാളത്തിൽ പുറത്തിറങ്ങി. 

സുഗതകുമാരി എഴുതിയ പാട്ടുകളുമായി വന്ന 'കളിപ്പാവ', ബാബുരാജിന്റെ ഈണത്തിൽ സംഭവാമി യുഗേ യുഗേ, പുകഴേന്തിയുടെ സംഗീതത്തിൽ 'സ്നേഹദീപമേ മിഴി തുറക്കൂ',  എ.ടി. ഉമ്മറിന്റെ ഈണത്തിൽ 'തീർത്ഥയാത്ര' എന്നിങ്ങനെ ചുരുക്കം ചില ചിത്രങ്ങളിലാണ് 1972ൽ ബി.വസന്ത പാടിയത്. ഇതിൽ  'സ്നേഹദീപമേ മിഴി തുറക്കൂ'എന്ന സിനിമയിൽ എസ്.ജാനകി പാടി അനശ്വരമാക്കിയ 'ലോകം മുഴുവൻ സുഖം പകരാനായി' എന്ന പാട്ടിന്റെ മറ്റൊരു വേർഷൻ ബ്രഹ്മാനന്ദനും വസന്തയും കൂടി പാടിയിട്ടുണ്ടെങ്കിലും ആ ഗാനത്തിന്റെ റെക്കോർഡ് റിലീസായില്ല. ചിത്രത്തിന്റെ പ്രിന്റ് കിട്ടാനില്ലാത്തതിനാൽ അന്ന് തിയറ്ററിൽ സിനിമ കണ്ടവർ മാത്രമായിരിക്കും ആ പാട്ട് കേട്ടിട്ടുണ്ടാകുക. 'തീർഥയാത്ര'യ്ക്കു വേണ്ടി കവിയൂർ പൊന്നമ്മ, മാധുരി എന്നിവർക്കൊപ്പം പാടിയ 'അംബികേ ജഗദംബികേ' എന്ന പാട്ട് ആകാശവാണി സന്ധ്യാസമയത്തെ ന്യൂസ് ബുള്ളറ്റിനു ശേഷം മിക്കവാറും എയർ ചെയ്തിരുന്നു.

യേശുദാസ് സംഗീതം നൽകിയ ആദ്യചിത്രം 'അഴകുള്ള സെലീന' റിലീസായത് 1973ലാണ്. തന്റെ സഹഗായകരായ പി.ലീല, പി.സുശീല, എസ്.ജാനകി, ലതാ രാജു എന്നിവർക്കെല്ലാം ഓരോ സോളോകൾ വീതം നൽകിയ യേശുദാസ് ചിത്രത്തിലെ ഒരേയൊരു യുഗ്മഗാനം തന്നോടൊപ്പം പാടുവാനായി തിരഞ്ഞെടുത്തത് ബി.വസന്തയെ ആയിരുന്നു. അവർ ഒരുമിച്ചു പാടിയിട്ടുള്ള ഡ്യൂയറ്റുകളുടെ ജനപ്രിയതയാവാം അതിനു കാരണം. 'അഴകുള്ള സെലീന'യിലെ 'പുഷ്പഗന്ധീ' എന്ന പാട്ടും ഹിറ്റായിരുന്നു.

അതേ വർഷം എം.എസ്.വിശ്വനാഥന്റെ മ്യൂസിക്കിൽ 'ദിവ്യദർശന'ത്തിനു വേണ്ടി പി.ജയചന്ദനോടൊപ്പം വസന്ത പാടിയ 'കർപ്പൂരദീപത്തിൻ കാന്തിയിൽ' ഒരു ജനകീയഹിറ്റായിരുന്നു . 

ബി.വസന്ത, കൃഷ്ണചന്ദ്രനൊപ്പം വസന്ത

'ഉർവശി ഭാരതി', 'ഭദ്രദീപം', 'പച്ചനോട്ടുകൾ', 'കാട്', 'ജീസസ്', 'ആശാചക്രം' എന്നിങ്ങനെ പത്തിലേറെ ചിത്രങ്ങളിൽ വസന്ത 1973ൽ പാടിയിട്ടുണ്ട്. അക്കൂട്ടത്തിൽ 'ഇത് മനുഷ്യനോ' എന്ന സിനിയിൽ യേശുദാസിനോടൊപ്പം പാടിയ 'സുഖമൊരു ബിന്ദു'വെന്ന പാട്ടിൽ (അതും മറ്റൊരു സിനിമാപ്പേരായി) വസന്തയുടെ ഹമ്മിങ് മാത്രമാണുള്ളത്. ഈ പാട്ടിന്റെ പോപ്പുലാരിറ്റി കൊണ്ടാണോയെന്നറിയില്ല, പിന്നീടൊരുപാട് പാട്ടുകളിൽ ഫീമെയിൽ ഹമ്മിങ്ങിനു മാത്രമായി പല സംഗീതസംവിധായകരും വസന്തയുടെ ആലാപനം ഉപയോഗിച്ചിട്ടുണ്ട്.  

എസ്.ജാനകിയും വാണി ജയറാമും പി.സുശീലയും മാധുരിയും ആധിപത്യം തുടർന്ന എഴുപതുകളിൽ അമ്പിളി, ലത, ജെൻസി, സുജാത എന്നിങ്ങനെ മലയാളിഗായികമാർ ധാരാളം രംഗത്ത് വന്നുതുടങ്ങി. അപ്പോഴേക്കും വസന്ത മിക്കവാറും യുഗ്മഗാനഗായികയായി മാത്രം മാറിയിരുന്നു. പി.ലീല ഉൾപ്പെടെ ഈ പറഞ്ഞ എല്ലാ ഗായികമാർക്കെല്ലാമൊപ്പം യുഗ്മഗാനങ്ങൾ പാടിയ ഗായിക ചിലപ്പോൾ ബി.വസന്ത മാത്രമായിരിക്കും. 

ജാനകിയോടൊപ്പം സലിൽ ചൗധരിയുടെ ഈണത്തിൽ 'കണ്ണിൽ മീനാടും - നീലപ്പൊന്മാൻ', പി.സുശീലയോടൊപ്പം 'തിരുവാതിര മനസ്സിൽ - പ്രിയംവദ', പി.ലീലയോടൊപ്പം 'സംഗീതമാത്മാവിൽ സൗഗന്ധികം- ആരാധിക', അമ്പിളിയോടൊപ്പം 'മൈലാഞ്ചിക്കാട്ടില് പാടിപ്പറന്നുവരും  - കായംകുളം കൊച്ചുണ്ണിയുടെ മകൻ', ജെൻസിയോടൊപ്പം 'കണ്ടൂ കണ്ടില്ല - തീരം തേടുന്ന തിര',  സുജാതക്കൊപ്പം 'തരിവള തരിവള - പാവാടക്കാരി', ലതികക്കൊപ്പം 'അയ്യോ എന്റെ സാറേ - ഭാര്യമാർക്ക് മാത്രം', എൽ ആർ ഈശ്വരിക്കൊപ്പം 'ചിരിച്ചത് ചിലങ്കയല്ല',  വാണി ജയറാമിനൊപ്പം 'ഭഗവാൻ അനുരാഗവസന്തം - മോഹവും മുക്തിയും', പി.മധുരിയോടൊപ്പം 'ആനന്ദവാനത്തെൻ  - ആനന്ദം പരമാനന്ദം' എന്നിങ്ങനെ വേറെയും പല ഗായികമാർക്കൊപ്പവും വസന്ത പാടിയ മലയാളഗാനങ്ങളുടെ പട്ടിക നീളും. 

ഇതിൽ ജെൻസിയുടെയും സുജാതയുടെയും ആദ്യറെക്കോർഡിങ്ങും ബി.വസന്തയോടൊപ്പമായിരുന്നു. എച്ച്എംവിക്ക് വേണ്ടി 1972ൽ റെക്കോർഡ് ചെയ്ത ക്രിസ്തീയഭക്തിഗാനങ്ങളായിരുന്നു അത്. 

ആദ്യകാല സംഗീതസംവിധായകർ മുതൽ സലിൽ ചൗധരി, ആർ.കെ.ശേഖർ, കെ.ജെ.ജോയ്, ശങ്കർ ഗണേഷ്, ശ്യാം, ജോസഫ് കൃഷ്ണ എന്നിങ്ങനെ അവർ സജീവമായിരുന്ന കാലഘട്ടത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകർക്കു വേണ്ടിയും ബി.വസന്ത പാടിയിട്ടുണ്ട്. സിനിമാഗാനങ്ങൾ കൂടാതെ അവർ പാടിയ ആകാശവാണി ലളിതഗാനങ്ങളും ഓണപ്പാട്ടുകളും ഭക്തിഗാനങ്ങളുമൊക്കെ ആസ്വാദകമനസ്സിൽ സ്ഥാനം നേടിയിട്ടുള്ളവയാണ്. 

1988ൽ എസ്.പി.വെങ്കിടേഷിന്റെ സംഗീതത്തിൽ കൃഷ്ണചന്ദ്രനോടൊപ്പം പാടിയ 'പനിനീർപ്പൂവിൻ' എന്ന പാട്ടാണ് അവർ ഒടുവിൽ പാടിയ മലയാളഗാനം. 'ഘോഷയാത്ര' എന്ന് പേരിട്ടിരുന്ന ആ ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും പാട്ടുകൾ റിലീസായിരുന്നു.

ബി.വസന്തയുടെ സഹോദരിമാരിൽ ഒരാളായ ബി.സാവിത്രിയും ഏതാനും മലയാളചിത്രങ്ങളിൽ പാടിയിട്ടുണ്ട്. അവരുടെ മകനാണ് തെലുങ്കിലെ ഇപ്പോഴത്തെ പ്രധാനസംഗീതസംവിധായകനായ എസ്.തമൻ. തമന്റെ സംഗീതത്തിൽ 2010ൽ തിയറ്ററിലെത്തിയ 'ബൃന്ദാവനം' എന്ന തെലുങ്ക് സിനിമയിൽ സാവിത്രിക്കൊപ്പം ചെറിയൊരു പാട്ട് പാടിക്കൊണ്ടാണ് ബി.വസന്ത ചലച്ചിത്രപിന്നണിഗാനരംഗത്തു നിന്നും മടങ്ങിയത്. 

കന്നഡത്തിലും തെലുങ്കിലും സിനിമകൾക്കു സംഗീതം നൽകിയിട്ടുള്ള ബി.വസന്ത ധാരാളം ചലച്ചിത്രേതരഗാനങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്. മാതൃഭാഷയായ തെലുങ്ക് കൂടാതെ, മലയാളം, കന്നഡ, തമിഴ്, തുളു, ഹിന്ദി എന്നീ ഭാഷകളിൽ പാടിയിട്ടുള്ള ബി.വസന്ത ഇപ്പോൾ ഭർത്താവ് സുധാകറിനൊപ്പം ചെന്നൈയിൽ സുഖമായി വിശ്രമജീവിതം നയിക്കുന്നു. തനിക്ക് സിനിമയിൽ പാട്ടുകൾ കുറയാനുള്ള പ്രധാനകാരണം കുഞ്ഞുങ്ങൾക്ക് പ്രാധാന്യം കൊടുത്തതുകൊണ്ടുകൂടിയാണെന്ന് പറയുന്ന ബി.വസന്തയ്ക്ക് ചെന്നൈയിൽ തന്നെയുള്ള സുരേഖ എന്ന മകളെക്കൂടാതെ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സുചിത്ര എന്നൊരു മകളും ശരത് എന്നൊരു മകനുമുണ്ട്. 

ഇപ്പോഴും മലയാളം പാട്ടുകൾ കേൾക്കാറും മൂളാറുമുണ്ടെന്ന് പറയുന്ന ആ ഗായികയോട് അവർ പാടിയ ഏറ്റവും പ്രിയപ്പെട്ട മലയാളഗാനം ഏതെന്നു ചോദിച്ചപ്പോൾ 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' എന്നായിരുന്നു മറുപടി.

English Summary:

Musical journey of singer B. Vasantha