വേദികളെ തീ പിടിപ്പിക്കുന്നവൾ, റഹ്മാൻ ഷോകളിലെ സ്ഥിരസാന്നിധ്യം, ഇൻസ്റ്റയിലെ ഗ്ലാമർ ഗേൾ; ആരാണ് മോഹിനി ഡേ?
ഇപ്പോൾ എ.ആർ.റഹ്മാൻ–സൈറ ഭാനു വിവാഹമോചന വാർത്തകളോടു ചേർത്തു വായിക്കുന്ന മറ്റൊരു പേരുണ്ട്, റഹ്മാന്റെ ബാൻഡ് അംഗം മോഹിനി ഡേ. റഹ്മാനും സൈറയും ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്നു സ്ഥിരീകരിച്ച് മണിക്കൂറുകൾ മാത്രം പിന്നിട്ടപ്പോൾ മോഹിനിയും താൻ വിവാഹമോചിതയായെന്ന വിവരം ലോകത്തെ അറിയിച്ചു. ആ ഒറ്റക്കാരണത്താല്‍
ഇപ്പോൾ എ.ആർ.റഹ്മാൻ–സൈറ ഭാനു വിവാഹമോചന വാർത്തകളോടു ചേർത്തു വായിക്കുന്ന മറ്റൊരു പേരുണ്ട്, റഹ്മാന്റെ ബാൻഡ് അംഗം മോഹിനി ഡേ. റഹ്മാനും സൈറയും ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്നു സ്ഥിരീകരിച്ച് മണിക്കൂറുകൾ മാത്രം പിന്നിട്ടപ്പോൾ മോഹിനിയും താൻ വിവാഹമോചിതയായെന്ന വിവരം ലോകത്തെ അറിയിച്ചു. ആ ഒറ്റക്കാരണത്താല്‍
ഇപ്പോൾ എ.ആർ.റഹ്മാൻ–സൈറ ഭാനു വിവാഹമോചന വാർത്തകളോടു ചേർത്തു വായിക്കുന്ന മറ്റൊരു പേരുണ്ട്, റഹ്മാന്റെ ബാൻഡ് അംഗം മോഹിനി ഡേ. റഹ്മാനും സൈറയും ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്നു സ്ഥിരീകരിച്ച് മണിക്കൂറുകൾ മാത്രം പിന്നിട്ടപ്പോൾ മോഹിനിയും താൻ വിവാഹമോചിതയായെന്ന വിവരം ലോകത്തെ അറിയിച്ചു. ആ ഒറ്റക്കാരണത്താല്‍
ഇപ്പോൾ എ.ആർ.റഹ്മാൻ–സൈറ ഭാനു വിവാഹമോചന വാർത്തകളോടു ചേർത്തു വായിക്കുന്ന മറ്റൊരു പേരുണ്ട്, റഹ്മാന്റെ ബാൻഡ് അംഗം മോഹിനി ഡേ. റഹ്മാനും സൈറയും ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്നു സ്ഥിരീകരിച്ച് മണിക്കൂറുകൾ മാത്രം പിന്നിട്ടപ്പോൾ മോഹിനിയും താൻ വിവാഹമോചിതയായെന്ന വിവരം ലോകത്തെ അറിയിച്ചു. ആ ഒറ്റക്കാരണത്താല്‍ ഇരുകൂട്ടരുടെയും വേർപിരിയലുകൾ തമ്മിൽ ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി വിവിധങ്ങളായ ചർച്ചകളും ഉടലെടുത്തു. അനാവശ്യ അനുമാനങ്ങളിലേക്കും വിമർശനങ്ങളിലേക്കും കൂടി എത്തുകയാണ് ആ ചർച്ചകൾ. അക്കൂട്ടത്തിൽ മോഹിനി ആരാണെന്നു കൂടി തിരയുന്നുണ്ട് പലരും. 28 വയസ്സിനുള്ളിൽ അനേകം ബഹുമതികൾ വാരിക്കൂട്ടിയ അസാമാന്യ പ്രതിഭയാണ് മോഹിനി ഡേ. ബേസ് ഗിറ്റാറുമായെത്തി വേദികളിൽ തീപിടിപ്പിക്കുന്ന അതുല്യ കലാകാരി. മോഹിനി ഡേ എന്ന 28കാരിയെക്കുറിച്ച് ഇനിയുമുണ്ട് അറിയാൻ ഏറെ!
വേദികളിലെ ‘പവർഫുൾ ഗേൾ’
1996 ജൂലൈയിൽ മുംബൈയിൽ ജനനം. വളർന്നതൊക്കെ മുംബൈയിലാണെങ്കിലും കുടുംബവേരുകൾ കൊൽക്കത്തയിൽ. ഒരു ഇടത്തരം കുടുംബത്തിലെ അംഗമാണ് മോഹിനി. പിതാവ്: ജാസ് ഫ്യൂഷന്‍- സെഷന്‍ ബേസിസ്റ്റ് സുജോയ് ഡേ. മാതാവ്: റോമിയ ഡേ. മൂന്നാം വയസ്സിൽ മോഹിനിക്ക് സംഗീത്തോടുള്ള ഇഷ്ടം മനസ്സിലാക്കിയ പിതാവ്, അവളിലെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു തുടങ്ങി. 9ാം വയസ്സിൽ ആദ്യ ബേസ് ഗിറ്റാർ മകളുടെ കയ്യിലേക്ക് അദ്ദേഹം സമ്മാനിച്ചു. ഗിറ്റാർ തന്ത്രികളുടെ താളത്തിൽ അവൾ കൗമാരത്തിലേക്കും യൗവനത്തിലേക്കും കുതിച്ചു. 28 വയസ്സിനുള്ളിൽ എത്തിപ്പിടിക്കാൻ പറ്റുന്നതിലുമേറെ ഉയരങ്ങള്‍ മോഹിനി കീഴടക്കി. ലോകപ്രശസ്ത വേദികളിൽ ഗിറ്റാർ തന്ത്രികൾ മീട്ടി അവളെത്തുമ്പോഴൊക്കെ ആവേശത്താൽ ആയിരങ്ങൾ കയ്യടിച്ചു.
ചിട്ടയായ പരിശീലനം, അസാമാന്യ പ്രകടനം
ഗിറ്റാറുമായുള്ള ബന്ധത്തെക്കുറിച്ചു ചോദിച്ചാൽ അത് തന്റെ കളിപ്പാട്ടമാണെന്നു പറയും മോഹിനി. ഗിറ്റാറിനോടുള്ള ഇഷ്ടം ഓരോ നിമിഷവും കൂടിവരുന്നു മോഹിനിക്ക്. കുട്ടിയായിരുന്നപ്പോൾ പിതാവ് നിർബന്ധിച്ച് പ്രാക്ടീസ് ചെയ്യിക്കുമായിരുന്നു. മുതിർന്നപ്പോൾ അത് തന്റെ ഉത്തരവാദിത്തമാണെന്ന് മോഹിനി തിരിച്ചറിഞ്ഞു. പിന്നെ മുടങ്ങാതെ പരിശീലനം. മണിക്കൂറുകൾ നീണ്ട പരിശീലനത്തിലും ഒരിക്കൽ പോലും മടുപ്പ് തോന്നിയിട്ടില്ല മോഹിനിക്ക്. ഏറെ ആസ്വദിച്ചാണ് ഗിറ്റാറിനൊപ്പമുള്ള ഓരോ നിമിഷവും അവൾ ചെലവഴിക്കുന്നത്. ചിട്ടയായ പരിശീലനത്തിലൂടെ ഓരോ വേദിയെയും തീ പിടിപ്പിക്കാനുള്ളത്ര ഊർജം മോഹിനി നേടിയെടുക്കുന്നു.
റഹ്മാനൊപ്പം
എ.ആർ.റഹ്മാനൊപ്പം പ്രവർത്തിച്ച അനുഭവത്തെക്കുറിച്ച് മോഹിനി പലപ്പോഴായി അഭിമുഖങ്ങളിൽ ഉൾപ്പെടെ മനസ്സു തുറന്നിട്ടുണ്ട്. മുംബൈയിലെ നിര്‍വാണ സ്റ്റുഡിയോയിലെ റെക്കോര്‍ഡിങ്ങിനിടെയാണ് മോഹിനി റഹ്‌മാനുമായി പരിചയത്തിലാകുന്നത്. എ.ആർ.റഹ്മാന്റെ പേരും പ്രശസ്തിയും സംബന്ധിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല അന്ന് മോഹിനിക്ക്. ഒരു സാധാരണ സംഗീതജ്ഞന്റെ കൂടെ പ്രവർത്തിച്ച അനുഭവം മാത്രമേ തോന്നിയുള്ളു. വീട്ടിലെത്തി വിശേഷങ്ങൾ പങ്കുവച്ചപ്പോൾ പിതാവ് സുജോയ് ഡേയാണ് റഹ്മാൻ എന്ന അദ്ഭുതപ്രതിഭയെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ മോഹിനിക്കു വിവരിച്ചു കൊടുത്തത്. പിന്നീട് ഇന്റർനെറ്റിന്റെ സഹായത്തോടെ റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച പല പാട്ടുകളെയും മോഹിനി പരിചയപ്പെട്ടു.
ഒരു ദിവസം റഹ്‌മാന്‍ അടുത്തുവിളിച്ച് തന്റെ ബാന്‍ഡിന്റെ ഭാഗമാകാമോയെന്ന് മോഹിനിയോടു ചോദിച്ചു. സമ്മതം പറഞ്ഞ മോഹിനി പിന്നീട് റഹ്മാന്റെ ട്രൂപ്പിലെ വിലപിടിപ്പുള്ള ഗിറ്റാറിസ്റ്റായി വളർന്നു. റഹ്മാന്റെ ഷോകളിലെല്ലാം സ്ഥിരം സാന്നിധ്യമാണ് മോഹിനി. കൂടാതെ, അദ്ദേഹം സംഗീതമൊരുക്കിയ സിനിമകളുടെ റെക്കോർഡിങ്ങുകളുടെയും ഭാഗമായി. റഹ്മാനൊപ്പം പ്രവർത്തിക്കാൻ വളരെ എളുപ്പമാണെന്നും പൊരുത്തക്കേടുകൾ തോന്നിയിട്ടില്ലെന്നും മോഹിനി പറയുന്നു. തങ്ങൾക്ക് പരസ്പരം മനസ്സു വായിക്കാൻ എളുപ്പത്തിൽ സാധിച്ചുവെന്നും ഒരു സംഗീതസംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന് എന്താണോ വേണ്ടത് അത് ഗിറ്റാർ തന്ത്രികൾ മീട്ടി തനിക്കു കൊടുക്കാൻ സാധിക്കുമെന്ന് അതിയായ ആത്മവിശ്വാസമുണ്ട് മോഹിനിക്ക്. മോഹിനിയുടെ ജോലികൾ എല്ലായ്പ്പോഴും റഹ്മാനെ പ്രീതിപ്പെടുത്തി. ഇരുവരുടെയും സംഗീതശൈലികൾ തമ്മിലും വലിയ പൊരുത്തമുണ്ട്. തങ്ങൾ ഒരു കുടുംബം പോലെ പരസ്പരം ബന്ധപ്പെട്ടിരിക്കുകയാണെന്ന് മുൻപ് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മോഹിനി പറഞ്ഞിരുന്നു. 15ാം വയസ്സിലാണ് മോഹിനി റഹ്മാന്റെ സംഗീതബാൻഡിൽ ചേരുന്നത്. അന്നു തുടങ്ങി ഇന്നുവരെ ബാൻഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവം.
മോഹിനി ഡേ അഥവാ, അതുല്യ പ്രതിഭ
28 വയസ്സുകൊണ്ട് മോഹിനി നേടിയെടുത്തത് ചെറിയ കാര്യങ്ങളല്ല. ബാസിസ്റ്റ്, അറേഞ്ചർ, പ്രൊഡ്യൂസർ, വോക്കലിസ്റ്റ് തുടങ്ങി അവളുടെ സമാനതകളില്ലാത്ത പ്രതിഭ ആരാധകരെ അതിശയിപ്പിക്കുന്നു. വൈവിധ്യങ്ങൾ നിറഞ്ഞ കലാകാരി എന്നാണ് മോഹിനിയെ പ്രമുഖർ ഉൾപ്പെടെയുള്ളവർ വാഴ്ത്തുന്നത്. ഫോബ്സ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം 30 വയസ്സിൽ താഴെയുള്ള ഏറ്റവും ‘സക്സസ്ഫുൾ മ്യുസിഷൻ’ എന്ന ഖ്യാതിയും മോഹിനി സ്വന്തമാക്കി. എ.ആർ.റഹ്മാനെക്കൂടാതെ വില്ലോ സ്മിത്ത്, സാക്കിർ ഹുസൈൻ, ഈ വർഷം അന്തരിച്ച ക്വിൻസി ജോൺസ് തുടങ്ങി പല പ്രമുഖർക്കുമൊപ്പം മോഹിനി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ മോഹിനി ഡേ സ്വതന്ത്രസംഗീത ആൽബവും പുറത്തിറക്കിയിരുന്നു. അത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ഫാഷനിലും മിടുമിടുക്കി
സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ മോഹിനിക്ക് നിരവധി ആരാധകരുമുണ്ട്. സംഗീതത്തിനു പുറമേ ഫാഷനിലും തിളങ്ങുന്ന മോഹിനിയുടെ ഗ്ലാമർ ചിത്രങ്ങളും വിഡിയോയും ചുരുങ്ങിയ സമയത്തിനകം ആരാധകശ്രദ്ധ നേടുന്നതും പതിവ്. മുടിയിലും വസ്ത്രധാരണത്തിലും പുത്തൻ പരീക്ഷണങ്ങൾ നടത്താറുണ്ട് മോഹിനി ഡേ. വിവിധങ്ങളായ ഹെയർ കളറുകളും പരീക്ഷിക്കുന്നു. ആഭരണങ്ങളുടെ തിരഞ്ഞെടുപ്പിലും വ്യത്യസ്തത പുലർത്തുന്നു. മിക്കവാറും ഹെവി മേക്കപ് ചെയ്ത്, ഷോർട് ഡ്രെസ്സിലാണ് മോഹിനി വേദിയിലെത്താറുള്ളത്. പങ്കുവയ്ക്കുന്ന ഓരോ ചിത്രത്തിലും മോഹിനി ഗിറ്റാറും ചേർത്തുപിടിച്ചിട്ടുണ്ടാകും, ശരീരത്തിലെ ഒരു അവയവം പോലെ. മോഹിനി ഡേ എത്രത്തേളം അർപ്പണബോധമുള്ള കലാകാരിയാണെന്ന് ഓരോ പോസ്റ്റിലൂടെയും മനസ്സിലാക്കാൻ സാധിക്കുമെന്നാണ് ചിത്രങ്ങൾ കണ്ട് ആരാധകർ അഭിപ്രായപ്പെടുന്നത്.
വിവാഹം, വേർപിരിയൽ
സംഗീതജ്ഞൻ മാര്‍ക്ക് ഹാര്‍സച്ചുമായി ഏതാനും വർഷങ്ങൾക്കു മുൻപാണ് മോഹിനി വിവാഹിതയായത്. ഇരുവരും ഒരുമിച്ച് വിവിധങ്ങളായ പ്രോജക്ടുകളിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ താനും മാര്‍ക്ക് ഹാര്‍സച്ചും തമ്മിൽ വേർപിരിഞ്ഞുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മോഹിനി. സമൂഹമാധ്യമങ്ങളിലൂടെ സംയുക്തമായാണ് ഇരുവരും തീരുമാനം അറിയിച്ചത്. പരസ്പരധാരണയോടെയാണ് ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നതെന്നും തങ്ങളുടെ തീരുമാനത്തെ പോസിറ്റീവായി കണ്ട് അംഗീകരിക്കണമെന്നും സ്വകാര്യത മാനിക്കണമെന്നും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ജീവിതത്തിൽ വ്യത്യസ്തമായ കാര്യങ്ങൾ വേണമെന്നുള്ളതുകൊണ്ടാണ് പിരിയുന്നതെന്നും നല്ല സുഹൃത്തുക്കളായി തുടരുമെന്നും ഇരുവരും ആരാധകരെ അറിയിച്ചു. വിവാഹമോചിതരായെങ്കിലും പ്രോജക്ടുകൾക്കായി മോഹിനിയും മാർക്കും ഇനിയും ഒരുമിക്കും.
റഹ്മാൻ–സൈറ വേർപിരിയലിന് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമുണ്ടോ?
മോഹിനിയുടെ വിവാഹമോചനവാർത്തയും എ.ആർ.റഹ്മാൻ–സൈറ വേർപിരിയലും കൂട്ടിച്ചേർത്തു വായിക്കുകയാണ് പലരും. റഹ്മാൻ വേർപിരിയൽ പ്രഖ്യാപനം നടത്തി മണിക്കൂറുകൾ പിന്നിടുമ്പോഴാണ് മോഹിനിയും ബന്ധം വേർപെടുത്തിയ കാര്യം അറിയിച്ചത്. ഇവ രണ്ടും സമൂഹമാധ്യമ ലോകത്ത് ചർച്ചയായി. ഈ രണ്ട് വിവാഹമോചനങ്ങളും തമ്മിൽ ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി പലരും വിമർശനങ്ങളുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ അതിരുവിട്ടതോടെ വിഷയത്തിൽ പ്രതികരണവുമായി സൈറയുടെ അഭിഭാഷക വന്ദന ഷാ എത്തി. റഹ്‌മാന്‍- സൈറാ വേര്‍പിരിയലിന് ബേസിസ്റ്റ് മോഹിനി ഡേയുടെ വിവാഹമോചനവുമായി യാതൊരു ബന്ധമില്ലെന്ന് വന്ദന വ്യക്തമാക്കി. സൈറയുടേയും റഹ്‌മാന്റേയും വേർപിരിയൽ ഇരുവരുടെയും സ്വതന്ത്ര തീരുമാനത്താലാണെന്ന് അവർ കൂട്ടിച്ചേർത്തു.