കുറൈ ഒൻട്രുമില്ലൈ മറൈമൂർത്തിക്കണ്ണാ...; എംഎസ്സിന്റെ ആത്മഗീതം, രാജാജിയുടെയും
പാട്ടിൽ അലിയുമ്പോൾ പാതിയടയും എംഎസ്സിന്റെ മിഴികൾ. ഭക്തിയുടെ അഭൗമതലങ്ങളിലൂടെയുള്ള സ്വച്ഛശാന്തമായ യാത്ര. ആ യാത്രയിൽ ചുറ്റുമുള്ളതൊന്നും കാണുന്നും കേൾക്കുന്നുമുണ്ടാവില്ല ഗായിക. സർവചരാചരങ്ങളും നിശ്ചലം, നിശ്ശബ്ദം. ഹൃദയംകൊണ്ടാണ് ആ നിമിഷങ്ങളിൽ എംഎസ് പാടുന്നതെന്നു തോന്നും. കാതുകളിലേക്കല്ല, നമ്മുടെ
പാട്ടിൽ അലിയുമ്പോൾ പാതിയടയും എംഎസ്സിന്റെ മിഴികൾ. ഭക്തിയുടെ അഭൗമതലങ്ങളിലൂടെയുള്ള സ്വച്ഛശാന്തമായ യാത്ര. ആ യാത്രയിൽ ചുറ്റുമുള്ളതൊന്നും കാണുന്നും കേൾക്കുന്നുമുണ്ടാവില്ല ഗായിക. സർവചരാചരങ്ങളും നിശ്ചലം, നിശ്ശബ്ദം. ഹൃദയംകൊണ്ടാണ് ആ നിമിഷങ്ങളിൽ എംഎസ് പാടുന്നതെന്നു തോന്നും. കാതുകളിലേക്കല്ല, നമ്മുടെ
പാട്ടിൽ അലിയുമ്പോൾ പാതിയടയും എംഎസ്സിന്റെ മിഴികൾ. ഭക്തിയുടെ അഭൗമതലങ്ങളിലൂടെയുള്ള സ്വച്ഛശാന്തമായ യാത്ര. ആ യാത്രയിൽ ചുറ്റുമുള്ളതൊന്നും കാണുന്നും കേൾക്കുന്നുമുണ്ടാവില്ല ഗായിക. സർവചരാചരങ്ങളും നിശ്ചലം, നിശ്ശബ്ദം. ഹൃദയംകൊണ്ടാണ് ആ നിമിഷങ്ങളിൽ എംഎസ് പാടുന്നതെന്നു തോന്നും. കാതുകളിലേക്കല്ല, നമ്മുടെ
പാട്ടിൽ അലിയുമ്പോൾ പാതിയടയും എംഎസ്സിന്റെ മിഴികൾ. ഭക്തിയുടെ അഭൗമതലങ്ങളിലൂടെയുള്ള സ്വച്ഛശാന്തമായ യാത്ര. ആ യാത്രയിൽ ചുറ്റുമുള്ളതൊന്നും കാണുന്നും കേൾക്കുന്നുമുണ്ടാവില്ല ഗായിക. സർവചരാചരങ്ങളും നിശ്ചലം, നിശ്ശബ്ദം. ഹൃദയംകൊണ്ടാണ് ആ നിമിഷങ്ങളിൽ എംഎസ് പാടുന്നതെന്നു തോന്നും. കാതുകളിലേക്കല്ല, നമ്മുടെ ഹൃദയത്തിന്റെ ഉള്ളറകളിലേക്കാണ് ആ നാദധാര ഒഴുകിയെത്തുന്നതെന്നും. ഗാനവും ഗായികയും ശ്രോതാവും ഹൃദയം കൊണ്ട് ഒന്നായി ഒഴുകുന്ന നിമിഷങ്ങൾ.
"കുറൈഒൻട്രുമില്ലൈ മറൈമൂർത്തിക്കണ്ണാ" എന്ന ഗാനത്തിലുണ്ട് ആത്മവിസ്മൃതിയുടെ ആ ഇന്ദ്രജാലം. സുബ്ബുലക്ഷ്മിയുടെ ആ ഗാനം ഒരിക്കലെങ്കിലും കേൾക്കാത്ത, മൂളാത്ത ദിനങ്ങൾ അപൂർവമാണ് ജീവിതത്തിൽ. പതിറ്റാണ്ടുകളായി തുടരുന്ന പതിവ്. ചിലപ്പോൾ കാലത്തെഴുന്നേറ്റയുടനാകും. അല്ലെങ്കിൽ അകാരണമായ ഉത്കണ്ഠകളാൽ, ആശങ്കകളാൽ മനസ്സ് വേവലാതിപ്പെടുന്ന ഘട്ടങ്ങളിൽ. സി.രാജഗോപാലാചാരിയുടെ ലളിതസുന്ദരമായ വരികളിലൂടെ, ശിവരഞ്ജനിയും കാപിയും സിന്ധുഭൈരവിയും കോർത്തിണക്കിയ കടയനല്ലൂർ വെങ്കട്ടരാമന്റെ സംഗീതത്തിലൂടെ, എംഎസ്സിന്റെ ഭക്തിനിർഭരമായ ആലാപനത്തിലൂടെ ഒഴുകിപ്പോകവേ മറ്റെല്ലാ വ്യഥകളും മറന്നുപോകാറുണ്ട്, നൈമിഷികമായെങ്കിലും.
സാധാരണഭക്തിഗാനമല്ല അത്. മനഃശാന്തിക്കോ മോഹസാഫല്യങ്ങൾക്കോ സൗഭാഗ്യങ്ങൾക്കോ വേണ്ടിയുള്ള പ്രാർഥനയുമല്ല. അങ്ങേയറ്റം വിനീതമായ ഒരു നന്ദിപ്രകടനം മാത്രം -- ജീവിതത്തിന്റെ പരുക്കൻ പ്രതലങ്ങളിലൂടെ സ്നേഹവാത്സല്യങ്ങളോടെ കൈപിടിച്ചുനടത്തുന്നതിന് ഒരിക്കലും മുന്നിൽ പ്രത്യക്ഷമാകാതെ തന്നെ എന്നും ഒപ്പമുണ്ടെന്ന വിശ്വാസം പകരുന്നതിന്. "പരാതികളൊന്നുമില്ല ഭഗവാൻ" എന്ന തുറന്നുപറച്ചിലിൽ നിന്നാണ് ഗാനത്തിന്റെ തുടക്കം തന്നെ. "കണ്ണുക്ക് തെരിയാമൽനിക്കിൻട്രായ് കണ്ണാ, കണ്ണുക്ക് തെരിയാമൽ നിൻട്രാലും എനക്ക് കുറൈ ഒൻട്രുമില്ലൈ മറൈമൂർത്തിക്കണ്ണാ.." നഗ്നനേത്രങ്ങളാൽ നിന്നെ കാണാൻ കഴിയില്ലെങ്കിലും എനിക്ക് ദുഃഖമില്ല, പരാതിയില്ല...
ഓരോ വരിയിലുമുണ്ട് ഈ ഏറ്റുപറച്ചിൽ. "തിരശ്ശീലയ്ക്കു പിന്നിലാണ് എന്നും നീ. ജ്ഞാനികൾക്കും വിദ്വാന്മാർക്കും മാത്രമേ നിന്നെ കാണാനാകൂ. എങ്കിലും പരാതിയൊന്നുമില്ല. ഈ കലിയുഗത്തിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠയായി മാറിയിരിക്കുന്നുനീ. എങ്കിലെന്ത്? മഹാലക്ഷ്മിയെ ആണല്ലോ നീ മാറിൽ അണിയുന്നത്. പിന്നെന്തിന്വേവലാതിപ്പെടണം ഞങ്ങൾ?" അങ്ങനെ പോകുന്നു രാജാജിയുടെ രചനയുടെ ആശയം. ഇന്നും എത്രയോ സംഗീതജ്ഞർ, തലമുറഭേദമില്ലാതെ കച്ചേരികൾക്ക് വിരാമമിടുക ഹൃദയസ്പർശിയായ ആ നന്ദിപ്രകടനത്തോടെയാണ്.
പാതിമയക്കത്തിൽ കേട്ട് മനസ്സിൽ പതിഞ്ഞതാണ് "കുറൈ ഒൻട്രുമില്ലൈ." സുബ്ബുലക്ഷ്മിയും സുകുമാരി നരേന്ദ്രമേനോനും പുലർച്ചെ മുതൽ പാടിക്കൊണ്ടിരിക്കും അമ്മമ്മയുടെ ടേപ്പ് റെക്കോർഡറിൽ. മിക്ക ദിവസങ്ങളിലും എഴുന്നേൽക്കുക എംഎസ്സിന്റെ ദിവ്യമായ ശബ്ദം കേട്ടാണ്. തമിഴറിയില്ല അന്ന്. എങ്കിലും കുറൈഒൻട്രുമില്ലൈ എന്ന വരിയുടെ അർഥം No Regrets എന്നാണെന്ന തോന്നലുണ്ട് ഉപബോധമനസ്സിൽ. എംഎസ്സിന്റെ ആലാപനത്തിൽ സ്വാഭാവികമായി വന്നു നിറയുന്ന ഭാവം പകർന്നുതന്ന സൂചനയാവാം. പാട്ട് കേട്ടുകൊണ്ട് അലസമായി കിടക്കവേ, പരാതികളും പരിഭവങ്ങളുമില്ലാതെ ജീവിതം ജീവിച്ചുതീർക്കാൻ കഴിയുമോ എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ട് വെറുതെ. പകയും പരിദേവനങ്ങളും കുറ്റബോധവും വേദനകളും ഒന്നും ബാക്കിവെക്കാതെ ഒരു യാത്രാമൊഴി. എത്ര ഉദാത്തമാണ് ആ സങ്കല്പം. സ്വന്തം ജീവിതം കൊണ്ട് അത് യാഥാർഥ്യമാക്കിയ വ്യക്തിയാണ് രാജാജി. എംഎസ്സും അങ്ങനെ തന്നെ. ഇരുവരുടേയും ആത്മഗീതം തന്നെയാണ് ഈ ഗാനം.
സ്വാതന്ത്ര്യ സമരനായകനും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലുമൊക്കെയായ രാജാജി എഴുതിയ ചുരുക്കം ഗാനങ്ങളിലൊന്നാണ് "കുറൈഒൻട്രുമില്ലൈ." അതെഴുതാനിടയായ സാഹചര്യം രാജാജിയുടെ പൗത്രൻ ഗോപാൽ കൃഷ്ണ ഗാന്ധി വിവരിക്കുന്നതിങ്ങനെ: "പിന്നോക്ക ജാതിക്കാർക്ക് ക്ഷേത്ര പ്രവേശനം വിലക്കപ്പെട്ടിരുന്ന കാലത്ത്, 1925 ൽ ഉണ്ടായ ഒരനുഭവമായിരിക്കണം രാജാജിയെ ഈ ഗാനത്തിന്റെ രചനയിലേക്ക് നയിച്ചത്. കീഴ്‌വഴക്കം ലംഘിച്ചുകൊണ്ട് തിരുച്ചെന്തൂർ അമ്പലത്തിൽ കടന്നുചെന്ന് പ്രാർഥിക്കാൻ ശ്രമിച്ച താഴ്‌ന്ന ജാതിയിൽപ്പെട്ട ഒരാളെ തിരുപ്പതി സബ് മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനായി കണ്ട് ശിക്ഷ വിധിക്കുന്നു. ഈ നടപടിക്കെതിരെ കുറ്റാരോപിതനു വേണ്ടി സ്വമേധയാ കോടതിയിൽ ഹാജരായതും അയാൾക്ക് നീതി ഉറപ്പാക്കിയതും രാജാജിയാണ്. അദ്ദേഹത്തിന്റെ മനസ്സിനെ അത്രകണ്ട് ഉലച്ചിരിക്കണം ആ അനുഭവം. ഇഷ്ടദേവനെ ക്ഷേത്രത്തിൽ ചെന്നു കണ്ടു വണങ്ങാനുള്ള ആഗ്രഹം നിഷേധിക്കപ്പെട്ട വ്യക്തിയുടെ വേദന ഉൾക്കൊണ്ട് രാജാജി എഴുതിയ ഗാനമാണിത്." (ദ് ഹിന്ദു)
മരുമകൻ ദേവദാസ് ഗാന്ധിക്ക് (മഹാത്മജിയുടെ മകൻ) അക്കാലത്ത് എഴുതിയ കത്തിൽ ജാതിവിവേചനത്തിനെതിരായ തന്റെ ശക്തമായ നിലപാട് ആവർത്തിച്ചു വ്യക്തമാക്കുന്നു രാജാജി: "സ്വാതന്ത്ര്യസമര ഭടനോ സമൂഹ പരിഷ്കർത്താവോ ജനനായകനോ ഒന്നുമല്ല, പിന്നാക്കസമുദായത്തിൽ ജനിച്ച ഒരു സാധാരണ മനുഷ്യൻ മാത്രം. പത്തു വർഷത്തോളമായി ക്ഷേത്ര കവാടത്തിന് പുറത്ത് നിന്നുകൊണ്ട് മുടങ്ങാതെ നാളികേരമുടയ്ക്കുകയാണ് അയാൾ. ഈ വർഷം മാത്രമാണ് ആ പതിവിന് മാറ്റമുണ്ടായത്. ഗോവിന്ദാ ഗോവിന്ദാ വിളികളുമായി മുന്നിലൂടെ ഒഴുകിപ്പോകുന്നഭക്തജനങ്ങളെ കണ്ട് മതിമറന്ന് അവർക്ക് പിന്നാലെ അമ്പലത്തിനകത്തേക്ക് ചെന്നിരിക്കണം അയാൾ. അതെങ്ങനെ ഒരു കുറ്റമായി കാണാൻ കഴിയും ?"
കൽക്കി മാസികയിൽ 1967 ൽ അച്ചടിച്ചുവന്നതോടെയാണ് "കുറൈ ഒൻട്രുമില്ലൈ" പ്രശസ്തമായത്. എംഎസ്സിന്റെ ആഗ്രഹപ്രകാരം രാഗമാലികയായി കടയനല്ലൂർ വെങ്കട്ടരാമൻ സ്വരപ്പെടുത്തിയ ഗാനംഅധികം വൈകാതെ കച്ചേരികളിലും മുഴങ്ങിത്തുടങ്ങുന്നു. 1979 ൽ പുറത്തിറങ്ങിയ ശ്രീ വെങ്കിടേശ്വര പഞ്ചരത്നമാലയുടെ എൽ പി റെക്കോർഡിൽ ഇടം നേടിയതോടെ എംഎസ്സിന്റെ സംഗീതജീവിതത്തിൽ നിന്ന് അടർത്തിമാറ്റാൻ കഴിയാത്ത ഒന്നായി മാറി അത്.
എംഎസ്സിന് ഏറ്റവും പ്രിയപ്പെട്ട സംഗീതസംവിധായകനായിരുന്നു തിരുവനന്തപുരം സ്വാതി തിരുനാൾ മ്യൂസിക് അക്കാദമിയിലെ പൂർവവിദ്യാർഥിയായ വെങ്കട്ടരാമൻ. യാദൃച്ഛികമായാണ് അദ്ദേഹം എംഎസ്സിന്റെ സംഗീതഭൂമികയിൽ കടന്നുവന്നത്. തിരുപ്പതി ദേവസ്ഥാനത്തിന്റെ നിർദേശപ്രകാരം 1960 കളുടെ തുടക്കത്തിൽ അന്നമാചാര്യയുടെ അപൂർവ കൃതികൾക്ക് സംഗീതാവിഷ്കാരം നൽകാനുള്ള ചുമതല ഏറ്റെടുത്ത എംഎസ്സിനെ ആ ദൗത്യത്തിൽ സഹായിക്കാൻ വേണ്ടിയായിരുന്നു വരവ്. "കുറൈഒൻട്രുമില്ലൈ"യ്ക്ക് പുറമെ "ഭാവയാമി ഗോപാലബാലം" ഉൾപ്പെടെയുള്ള മറ്റ് നിരവധി പ്രശസ്ത കൃതികൾ ഇന്ന് കേൾക്കുന്ന ഈണത്തിൽ ചിട്ടപ്പെടുത്തിയതും വെങ്കട്ടരാമൻ തന്നെ. വെറുമൊരു ശ്രുതിപ്പെട്ടി മീട്ടിക്കൊണ്ട് ഭാവയാമിയുടെ ഈണം മൂളിക്കേൾപ്പിക്കുന്ന വെങ്കട്ടരാമനെ കുറിച്ച് എംഎസ് അഭിമുഖങ്ങളിൽ ആരാധനയോടെ പരാമർശിച്ചു കേട്ടിട്ടുണ്ട്. വിരൽത്തുമ്പിലായിരുന്നു അദ്ദേഹത്തിന് ഈണങ്ങൾ.
എങ്കിലും സംഗീത ജീവിതത്തിൽ നിന്ന് കാര്യമായ അംഗീകാരങ്ങൾ ഒന്നും ലഭിച്ചില്ല വെങ്കട്ടരാമന്. സമ്പാദ്യവും തുച്ഛം. അംഗപരിമിതനായ മകന്റെ പേരിൽ അനുവദിച്ചു കിട്ടിയ ചെന്നൈ സെന്റ് ഇസബെൽ ആശുപത്രിയിലെ ടെലിഫോൺ ബൂത്തിന്റെ നടത്തിപ്പുകാരനായിട്ടാണ് അവസാനനാളുകളിൽ അദ്ദേഹത്തെ കണ്ടതെന്നെഴുതുന്നു സംഗീതജ്ഞയും എഴുത്തുകാരിയുമായ ഗൗരി രാംനാരായണൻ. അതേ ആശുപത്രിയിൽ വച്ച് തന്നെയായിരുന്നു 2004ൽ അസാമാന്യ പ്രതിഭാശാലിയായ ഈ സംഗീതകാരന്റെ അന്ത്യവും. ചിട്ടപ്പെടുത്തി അനശ്വരമാക്കിയ പാട്ടിന്റെ വരികളിൽ പറയും പോലെ പരാതികളില്ലാതെയായിരുന്നുവോ ആ വിയോഗം? അറിയില്ല.
നൂറ് വയസ്സ് തികയുകയാണ് "കുറൈ ഒൻട്രുമില്ലൈ"യുടെ പിറവിയിലേക്ക് നയിച്ച സംഭവത്തിന്. ഇന്നും മുടങ്ങാതെ കേൾക്കുന്നു ആ ഗാനം. ഓരോ കേൾവിയും മനസ്സിൽ നിറയ്ക്കുന്നത് നവ്യമായ അനുഭൂതി. പരാതികളും പരിദേവനങ്ങളുമില്ലാതെ ജീവിച്ചു തീർക്കാനാകും ഈ ജീവിതം എന്ന് കാതിൽ മൊഴിഞ്ഞുകൊണ്ടിരിക്കുന്നു ഇന്നും ആ ഗാനം.