പ്രണയപൂർവം ഗൗരിസാവിത്രി...
Mail This Article
ഇത് ഗൗരിയുടെ കഥയാണ്, ഗൗരിസാവിത്രിയുടെ... അവനെന്നോ അവളെന്നോ ഗൗരിയെ വിളിക്കേണ്ടത്? സംശയിക്കേണ്ട. അവൾ തന്നെ. ഒരിക്കൽ അവനായിരുന്നവൾ... അവനിൽനിന്ന് അവളിലേക്കുള്ള മാറ്റം എത്ര ഉന്മാദത്തോടെയായിരിക്കണം അവൾ ഉൾക്കൊണ്ടിട്ടുണ്ടാകുക! ‘സ്നേഹപൂർവം ഗൗരിസാവിത്രി’ എന്ന മനോരമ മ്യൂസിക്കിന്റെ പുതിയ ആൽബം അവളുടെ കഥയാണ്. അവനവളുടെ ജീവിതവും പ്രണയവുമാണ് ഓരോ വരിയിലും നിറഞ്ഞുനിൽക്കുന്നത്. എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്നു കരുതിയ പ്രണയം ആകസ്മികമായി ഏറ്റവും മധുരതരമായി വീണ്ടും തന്നെ തേടി വരുമ്പോൾ അവൾ വീണ്ടും പൂത്തുലയുകയാണ്. കണ്ടിരിക്കുന്നവരുടെ കണ്ണുകളിലും അന്നേരം ഒരു പുഞ്ചിരിയുടെ നറുവെട്ടം വിടരുകയായി. കേവലം പാട്ടിനപ്പുറം ഒരു കുഞ്ഞു സിനിമ പോലെ കണ്ടിരിക്കാം ഈ മ്യൂസിക്കൽ.
കഥയിലെ നായിക ഗൗരി ഒരു എഴുത്തുകാരി കൂടിയാണ്. അവളുടെ ആൺകുട്ടിക്കാലവും ആശങ്ക നിറഞ്ഞ കൗമാരവും തുടർന്ന് പെൺമയിലേക്കുള്ള കൂടുവിട്ടു കൂടുമാറ്റവുമൊക്കെ പറയുന്ന അവളുടെ തന്നെ ആത്മകഥാപരമായ ഒരു പുസ്തകത്തിൽനിന്നാണ് ഈ ആൽബത്തിന്റെ തുടക്കം. പുസ്തകത്തിന്റെ വായനക്കാരിലൊരാൾ അവൾ തീരെ പ്രതീക്ഷിക്കാത്ത അവളുടെ കളിക്കൂട്ടുകാരൻ തന്നെയാകുമ്പോൾ അത് പ്രണയത്തിന്റെ മനോഹരമായ യാദൃശ്ചികതയാകുന്നു. എഴുത്തുകാരിയും വായനക്കാരനും തമ്മിലുള്ള സൗഹൃദത്തിൽനിന്ന് കളിക്കൂട്ടുകാർക്കിടയിലെ കളഞ്ഞുപോയിട്ടും വീണ്ടെടുത്ത പ്രണയത്തിലേക്ക് കഥ വഴിതിരിയുന്നു. കഥാ പശ്ചാത്തലത്തിലെ സംഗീതം ഓരോ വരികൊണ്ടും ആസ്വാദകനെ ചേർത്തുപിടിക്കുന്നു. എത്ര ഭംഗിയായാണ് സ്നേഹപൂർവം ഗൗരിസാവിത്രി പ്രണയം പാടുന്നത്.
നീ വരും നാളിനായ് കാത്തുകാത്തിരുന്നു
മൗനമായ് പ്രാണനിൽ മാരി പെയ്തിറങ്ങി..
രാവിതിൽ... ഏകയായ്......
വരികളുടെ രചന നിർവഹിച്ചതും സംഗീതം നൽകിയതും സോണി സായ് ആണ്. സോണി സായും ലിജോ ജോസുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
കഥാവിഷ്കാരത്തിനു തിരക്കഥയൊരുക്കിയതും സംവിധാനം ചെയ്തതും ഹരികൃഷ്ണൻ ഷാരു. ഓർക്കസ്ട്രേഷൻ ഒരുക്കിയിരിക്കുന്നത് ശ്യാംലാൽ.
ദേവപ്രസാദ് ആണ് കളിക്കൂട്ടുകാരൻ ജ്യോതിഷിന്റെ വേഷത്തിലെത്തുന്നത്. ഗൗരിസാവിത്രിയായി വരുന്നത് സാക്ഷാൽ ഗൗരി സാവിത്രി തന്നെ എന്ന സവിശേഷതയുമുണ്ട്. കഥാപാത്രവും യഥാർഥ കലാകാരിയും ഒന്നുതന്നെയാകുമ്പോൾ ഈ മ്യൂസിക്കൽ ആൽബം ഗൗരിസാവിത്രിയുടെ ജീവിതത്തുടിപ്പായി മാറുന്നു.