അമ്മയുടെ ആരാധനാപാത്രം ലതാജീ, മകൾക്ക് നൽകിയ പേരും ലത; ‘പിഞ്ചുഹൃദയ’വുമായി മലയാളത്തിലെത്തിയ ബേബി ഗായിക!
'ഒന്നാംതരം ബലൂണും ഒരു നല്ല പീപ്പിയുമായി' മലയാളത്തിലെത്തിയ ഒരു 'കൊച്ചു'വലിയ ഗായികയുണ്ട് മലയാളത്തിൽ. അമ്മയുടെ ആരാധനാപാത്രമായ ലത മങ്കേഷ്കറുടെ പേര് സ്വന്തമായി ചാർത്തിക്കിട്ടിയ 'ബേബി ലത'യെന്ന ലത രാജു. വെള്ളിത്തിരയിൽ സിനിമ മലയാളം സംസാരിച്ചുതുടങ്ങി അധികം വൈകാതെ തന്നെ സിനിമയുടെ ഭാഗമായി മാറിയ കലാകുടുംബത്തിലെ രണ്ടാം തലമുറക്കാരിയാണ് ലത രാജു.
'ഒന്നാംതരം ബലൂണും ഒരു നല്ല പീപ്പിയുമായി' മലയാളത്തിലെത്തിയ ഒരു 'കൊച്ചു'വലിയ ഗായികയുണ്ട് മലയാളത്തിൽ. അമ്മയുടെ ആരാധനാപാത്രമായ ലത മങ്കേഷ്കറുടെ പേര് സ്വന്തമായി ചാർത്തിക്കിട്ടിയ 'ബേബി ലത'യെന്ന ലത രാജു. വെള്ളിത്തിരയിൽ സിനിമ മലയാളം സംസാരിച്ചുതുടങ്ങി അധികം വൈകാതെ തന്നെ സിനിമയുടെ ഭാഗമായി മാറിയ കലാകുടുംബത്തിലെ രണ്ടാം തലമുറക്കാരിയാണ് ലത രാജു.
'ഒന്നാംതരം ബലൂണും ഒരു നല്ല പീപ്പിയുമായി' മലയാളത്തിലെത്തിയ ഒരു 'കൊച്ചു'വലിയ ഗായികയുണ്ട് മലയാളത്തിൽ. അമ്മയുടെ ആരാധനാപാത്രമായ ലത മങ്കേഷ്കറുടെ പേര് സ്വന്തമായി ചാർത്തിക്കിട്ടിയ 'ബേബി ലത'യെന്ന ലത രാജു. വെള്ളിത്തിരയിൽ സിനിമ മലയാളം സംസാരിച്ചുതുടങ്ങി അധികം വൈകാതെ തന്നെ സിനിമയുടെ ഭാഗമായി മാറിയ കലാകുടുംബത്തിലെ രണ്ടാം തലമുറക്കാരിയാണ് ലത രാജു.
'ഒന്നാംതരം ബലൂണും ഒരു നല്ല പീപ്പിയുമായി' മലയാളത്തിലെത്തിയ ഒരു 'കൊച്ചു'വലിയ ഗായികയുണ്ട് മലയാളത്തിൽ. അമ്മയുടെ ആരാധനാപാത്രമായ ലത മങ്കേഷ്കറുടെ പേര് സ്വന്തമായി ചാർത്തിക്കിട്ടിയ 'ബേബി ലത'യെന്ന ലത രാജു.
വെള്ളിത്തിരയിൽ സിനിമ മലയാളം സംസാരിച്ചുതുടങ്ങി അധികം വൈകാതെ തന്നെ സിനിമയുടെ ഭാഗമായി മാറിയ കലാകുടുംബത്തിലെ രണ്ടാം തലമുറക്കാരിയാണ് ലത രാജു.
വയലാറിന്റെ ആദ്യവരികൾ പാടിയ, ബാബുരാജിന്റെയും ദേവരാജന്റെയും കെ.രാഘവന്റെയും സലിൽ ചൗധരിയുടെയും ആദ്യചിത്രങ്ങളിൽ സ്വരം കൊടുത്ത, യേശുദാസിന്റെ ആദ്യയുഗ്മഗാനത്തിൽ പങ്കാളിയായ ശാന്ത.പി.നായരുടെയും പത്തോളം സിനിമകളുടെ പിന്നണിയിലെ ബഹുമുഖപ്രതിഭയായ കെ.പദ്മനാഭൻ നായരുടെയും ഏകമകളാണ് ലത. ആകാശവാണിയുടെ ആദ്യകാലപ്രവർത്തകരായിരുന്ന അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ച് തീരെ ചെറിയ പ്രായത്തിൽ തന്നെ 'ബാലലോക'ത്തിൽ പാടിക്കൊണ്ടാണ് ലത സംഗീതയാത്ര തുടങ്ങിയത്.
പത്താമത്തെ വയസ്സിൽ എം.ബി.ശ്രീനിവാസന്റെ ഒരു റെക്കോർഡിങ്ങിന് അമ്മയോടൊപ്പം പോയ ലതയുടെ പാട്ട് യാദൃച്‌ഛികമായി കേട്ട എം.ബി.ശ്രീനിവാസൻ തന്നെയാണ് 1962ൽ റിലീസായ 'സ്നേഹദീപ'ത്തിലൂടെ ലതയെ പിന്നണിഗായികയാക്കിയത്. ബേബി ലതയെന്ന് പാട്ടുപുസ്തകത്തിലും റെക്കോർഡിലും ഗായികയുടെ പേര് വന്ന 'ഒന്നാംതരം ബലൂൺ തരാം' എന്ന് തുടങ്ങുന്ന പാട്ട് പാടിയഭിനയിച്ചത് ബേബി വിനോദിനിയായിരുന്നു.
1962ൽ ബാലതാരമായി കമലഹാസൻ മലയാളത്തിൽ അരങ്ങേറിയ 'കണ്ണും കരളും' എന്ന ചിത്രത്തിൽ കമലഹാസനു വേണ്ടി 'താത്തെയ്യം കാട്ടില്' എന്ന് തുടങ്ങുന്ന മലയാളത്തിലെ ആദ്യപിന്നണിഗാനം ബേബി ലത പാടി. അതും എം.ബി.ശ്രീനിവാസന്റെ തന്നെ സംഗീതത്തിലായിരുന്നു.
തൊട്ടടുത്ത വർഷം, അതായത് 1963ൽ അച്ഛൻ കെ.പദ്മനാഭൻ നായരും കെ.ടി.മുഹമ്മദും ചേർന്ന് സംഭാഷണമെഴുതി രാമു കാര്യാട്ട് സംവിധാനം ചെയ്ത 'മൂടുപട'ത്തിലൂടെ ലത അഭിനയരംഗത്തുമെത്തി. ആ ചിത്രത്തിൽ ബാബുരാജിന്റെ സംഗീതത്തിൽ ലത പാടിയ 'മാനത്തുള്ളൊരു വല്യമ്മാവന്' എന്ന പാട്ട് വലിയ ഹിറ്റായിരുന്നു. റെക്കോർഡുകളിൽ ലത പാടിയ പതിപ്പാണ് വന്നതെങ്കിലും ചിത്രത്തിൽ ആ ഗാനം പാടിയിരിക്കുന്നത് എസ്.ജാനകിയാണ്. പിൽക്കാലത്ത് ഒത്തിരി കുട്ടികൾക്ക് വേണ്ടി പിന്നണി പാടിയ ലത ആദ്യം വെള്ളിത്തിരയിലെത്തിയപ്പോൾ ലതയ്ക്കു വേണ്ടി പാടിയത് എസ്.ജാനകിയാണെന്ന കൗതുകം ഈ അടുത്തകാലത്ത് ഞാൻ ശ്രദ്ധിച്ചത്!
'മൂടുപടം' കൂടാതെ രാമു കാര്യാട്ടിന്റെ തന്നെ സംവിധാനത്തിൽ മറ്റ് രണ്ടു ചിത്രങ്ങളിൽക്കൂടി ലതയെ നമുക്ക് വെള്ളിത്തിരയിൽ കാണാം. അവ രണ്ടും മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളാണ്. വിഖ്യാതമായ 'ചെമ്മീനി'ൽ കറുത്തമ്മയുടെ അനിയത്തിയായ 'പഞ്ചമി'യെ അവതരിപ്പിച്ച ലത 'ഏഴു രാത്രികളി'ൽ 'സീത'യെന്ന കഥാപാത്രമായിട്ടാണ് വേഷമിട്ടത്.
'ഏഴു രാത്രികളി'ൽ സലിൽ ചൗധരിയുടെ സംഗീതത്തിൽ 'കാക്കക്കറുമ്പികളേ' എന്ന പാട്ടിൽ സ്വരം കൊടുത്ത ലത അതേ ചിത്രത്തിൽ അമ്മ ശാന്ത.പി.നായർ സംഗീതം നൽകിയ ഏകസിനിമാഗാനമായ 'മക്കത്തു പോയ് വരും' എന്ന പാട്ടും പാടി.
ജി.ദേവരാജനു വേണ്ടി 1970ൽ 'ത്രിവേണി'യിലെ 'കിഴക്ക് കിഴക്കൊരാന' എന്ന പാട്ട് പി.ബി.ശ്രീനിവാസിനൊപ്പം പാടുമ്പോഴേക്കും വി.ദക്ഷിണാമൂർത്തി, ബി.എ.ചിദംബരനാഥ്, ജി.കെ.വെങ്കിടേഷ്, പി.എസ്.ദിവാകർ എന്നിങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായരുടെയും പാട്ടുകൾ ലത പാടിയിരുന്നു. ഏറെയും കുട്ടികൾക്ക് വേണ്ടിയുള്ള പാട്ടുകളാണെങ്കിലും അവയൊക്കെയും ഗായികയെന്ന നിലയിൽ മലയാളസിനിമയിൽ ലതയെ അടയാളപ്പെടുത്തിയവയാണ്.
ദേവരാജന്റെ സംഗീതത്തിൽ പാടിയ ഇരുപതിലേറെ പാട്ടുകളിൽ മിക്കവയും ഹിറ്റുകൾ ആണ്. 'സേതുബന്ധനത്തി'ലെ 'പിഞ്ചുഹൃദയം ദേവാലയം', 'മഞ്ഞക്കിളീ സ്വർണ്ണക്കിളീ', 'മയിലാടുംകുന്നി'ൽ സി. ഓ. ആന്റോക്കൊപ്പം പാടിയ 'പാപ്പീ അപ്പച്ചാ', 'ആലിബാബയും നാല്പത്തൊന്നു കള്ളന്മാരും' എന്ന സിനിമയിൽ പി.ജയചന്ദ്രനോടൊപ്പം പാടിയ 'മാപ്പിളപ്പാട്ടിന്റെ മാതളക്കനി', 'അയോധ്യ'യിലെ 'അമ്മേ വല്ലാതെ വിശക്കുന്നു' എന്നീ പാട്ടുകളൊക്കെ ജി.ദേവരാജൻ - ലത കോംബോയിലെ ശ്രദ്ധേയഗാനങ്ങളാണ്.
കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത 'പണി തീരാത്ത വീട്ടി'ൽ എം.എസ്.വിശ്വനാഥന്റെ ഈണത്തിൽ 'വാ മമ്മി വാ മമ്മി വാ', ജയചന്ദ്രന്റെയൊപ്പം 'കാറ്റുമൊഴുക്കും കിഴക്കോട്ട് ' എന്നിങ്ങനെ രണ്ട് സൂപ്പർ ഹിറ്റ് പാട്ടുകളാണ് ലത പാടിയത്.
'പ്രിയ' എന്ന ചിത്രത്തിൽ ബാബുരാജിന്റെ ഈണത്തിൽ 'കണ്ണിനു കണ്ണായ കണ്ണാ', സലിൽ ചൗധരിയുടെ സംഗീതത്തിൽ 'അപരാധി'യിൽ എസ്.ജാനകി, അനിത റെഡ്‌ഡി എന്നിവർക്കൊപ്പം 'മുരളീധര മുകുന്ദാ തൊഴുന്നേൻ', എം.കെ.അർജുനന്റെ കീഴിൽ 'ആദ്യത്തെ കഥ'യിലെ 'ആലുവാപ്പുഴക്കക്കരെയുണ്ടൊരു പൊന്നമ്പലം', യേശുദാസ് സംഗീതം നൽകിയ 'അഴകുള്ള സെലീന'യിലെ 'ഇവിടത്തെ ചേച്ചിക്കിന്നലെ മുതലൊരു',
ശങ്കർ ഗണേഷിന്റെ ഈണത്തിൽ 'ചക്രവാക'ത്തിൽ യേശുദാസിനൊപ്പം പാടിയ 'പടിഞ്ഞാറൊരു പാലാഴി', എം.ബി.ശ്രീനിവാസന്റെ സംഗീതത്തിൽ 'പ്രയാണത്തി'ലെ 'പോ ലല്ലീ', ജെ.എം.രാജുവിന്റെ കീഴിൽ 'ഷെവലിയർ മിഖായേലി'ലെ 'വാനിൽ വിഭാതം', രവീന്ദ്രന്റെ സംഗീതത്തിൽ യേശുദാസിനൊപ്പം 'മഴനിലാവി'ലെ 'ഋതുമതിയായ് തെളിമാനം' എന്നിങ്ങനെ നൂറിനടുത്ത് പാട്ടുകളാണ് ലത മലയാളത്തിൽ പാടിയത്.
എണ്ണത്തിൽ അധികമില്ലെങ്കിലും തമിഴ്, കന്നഡ, തുളു, കൊങ്കണി ഭാഷകളിലെ സിനിമകളിലും ലത പാടിയിട്ടുണ്ട്. ലത പാടാത്ത ചില പാട്ടുകളും ലതയുടെ പേരിൽ പല ഡാറ്റാബേസുകളിലും കാണാറുണ്ട്. അത്തരത്തിലൊന്നാണ് 'കമലദള'ത്തിലെ 'ആനന്ദനടനം ആടിനാർ'. അതേത് ലതയാണ് പാടിയിരിക്കുന്നതെന്ന് ഈ ലതയ്ക്കറിയുകയുമില്ല!
ചെറിയ തോതിലുള്ള അഭിനയവും വലിയ തോതിലുള്ള ആലാപനവും കൂടാതെ ലത മലയാളസിനിമയിൽ പയറ്റിത്തെളിഞ്ഞ മറ്റൊരു തട്ടകമാണ് ഡബ്ബിങ് എന്ന 'ശബ്ദദാനം'. പിന്നണിഗാനവും അത്തരത്തിലൊരേർപ്പാടാണെങ്കിലും 'പിന്നണിസംസാര'ത്തിന് അടുത്ത കാലം വരേയ്ക്കും വലിയ പ്രാധാന്യം കിട്ടിയിരുന്നില്ല. അതുകൊണ്ടു തന്നെ ലതയെ ഒരു ഡബ്ബിങ് ആർട്ടിസ്‌റ്റായി മിക്കവർക്കും അറിയില്ല.
1967ൽ ഹിന്ദിയിൽ പുറത്തിറങ്ങിയ 'തഖ്ദീർ' എന്ന ചിത്രം 'വിധി' എന്ന പേരിൽ മലയാളത്തിലേക്ക് മൊഴി മാറ്റിയപ്പോൾ ലതയുടെ അച്ഛനായ കെ.പദ്മനാഭൻ നായറായിരുന്നു സംഭാഷണം എഴുതിയത്. ആ സിനിമയിലെ ചില കുട്ടിത്താരങ്ങൾക്ക് വേണ്ടിയാണ് ആദ്യമായി ലത ശബ്ദം നൽകിയത്. തൊട്ടുപിന്നാലെ 'കാർത്തിക'യിലെ ഉപനായികയായ S. മല്ലികാദേവിക്കു വേണ്ടി പിന്നണി പറഞ്ഞു. പിന്നെ 'പൂമ്പാറ്റ'യിലെ കേന്ദ്രകഥാപാത്രമായ ശ്രീദേവി, 'അനുഭവങ്ങൾ പാളിച്ചകളി'ൽ ബേബി സുമതി, 'രാഗ'ത്തിൽ മാസ്റ്റർ നടരാജൻ, ഓപ്പോളിൽ മാസ്റ്റർ അരവിന്ദ് (അരവിന്ദിന് ഈ ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരം കിട്ടിയിരുന്നു) എന്നിങ്ങനെ അനവധി ബാലതാരങ്ങൾക്ക് ലത പിന്നണിസ്വരമായി.
നായികമാർക്ക് വേണ്ടി ലത ശബ്ദം നൽകിയ കഥാപാത്രങ്ങളെല്ലാം ഇന്നും ഓർമിക്കപ്പെടുന്നവയാണ്. 'ശാലിനി എന്റെ കൂട്ടുകാരി'യിൽ ശോഭ, 'നിർമാല്യ'ത്തിൽ സുമിത്ര, 'രണ്ടു പെൺകുട്ടികൾ' എന്ന ചിത്രത്തിൽ അനുപമ, യൂസഫലി കേച്ചേരി സംവിധാനം ചെയ്ത 'നീലത്താമര'യിൽ അംബിക, 'കൂടെവിടെ', 'രാക്കുയിലിൻ രാഗസദസ്സിൽ', 'ആദാമിന്റെ വാരിയെല്ല്' എന്നീ സിനിമകളിൽ സുഹാസിനി, 'കാണാമറയത്ത്', 'രാരീരം', 'അപരൻ' ഈ ചിത്രങ്ങളിൽ ശോഭന, 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളി'ൽ ശാരി, 'തൂവാനത്തുമ്പികളി'ൽ പാർവതി, 'മൂന്നാംപക്കത്തി'ൽ നായികയായ കീർത്തി സിംഗ്, 'പരിണയ'ത്തിൽ ശാന്തികൃഷ്ണ എന്നിവരൊക്കെയും സംസാരിച്ചത് ലതയുടെ ശബ്ദത്തിലാണ്. (ശാന്തികൃഷ്ണയുടെ ആദ്യചിത്രമായ 'പന്നീർപൂക്കൾ' തമിഴിൽ നിന്നും മലയാളത്തിലേക്ക് 'പനിനീർപ്പൂക്കൾ' എന്ന പേരിൽ ഡബ്ബ് ചെയ്തപ്പോൾ ശബ്ദം നൽകിയതും ലതയായിരുന്നു) വേറെയും ചിത്രങ്ങൾ ഉണ്ടാകാമെങ്കിലും ഓർമ്മയിൽ വന്നതുമാത്രമാണ് ഇവിടെപ്പറയുന്നത്. ഈ ലിസ്റ്റിലുള്ള മിക്ക കഥാപാത്രങ്ങൾക്കും പദ്മരാജന്റെ ഭാഷയും ലതയുടെ സ്വരവും അതിസുന്ദരമായ അലങ്കാരങ്ങളായിരുന്നു.
ഗായകനും സംഗീതസംവിധായകനുമായ ജെ.എം.രാജുവും ലതയുമായുള്ള വിവാഹം 1974 ജനുവരി 24നായിരുന്നു. ജെ.എം.രാജുവിനെ മലയാളസംഗീതസ്നേഹികൾക്കു പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. പല ഭാഷകളിലുള്ള അദ്ദേഹത്തിന്റെ സംഗീതസംഭാവനകളെക്കുറിച്ച് പിന്നീട് വിശദമായെഴുതാം.
ലത മങ്കേഷ്‌കറോടുള്ള ഇഷ്ടം കൊണ്ടാണ് ശാന്ത.പി.നായർ മകൾക്കു 'ലത'യെന്നു പേര് നല്കിയതെങ്കിൽ, ബോളിവുഡ് സംവിധായകനായ ഋഷികേശ് മുഖർജിയുടെ സിനിമകളുടെ പേരുകളാണ് കടുത്ത സംഗീത-സിനിമാപ്രേമികളായ ലതയും രാജുവും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് നൽകിയത് - ആലാപ്, അനുപമ. അവരിരുവരിലും സംഗീതമുണ്ടെങ്കിലും പാട്ടിന്റെ മൂന്നാം തലമുറയെ തൽക്കാലം പ്രതിനിധീകരിക്കുന്നത് ആലാപാണ്.
'നെഞ്ചോട് ചേർത്ത് പാട്ടൊന്ന് പാടാം' എന്ന ഒരൊറ്റ പാട്ട് മതി, മലയാളികൾക്ക് ആലാപിനെ തിരിച്ചറിയാൻ. 'പ്രേമം', 'സഖറിയയുടെ ഗർഭിണികൾ', '101 വെഡ്‌ഡിങ്‌സ്' എന്നിങ്ങനെ ഏതാനും മലയാള ചിത്രങ്ങളിൽക്കൂടി ആലാപ് പാടിയിട്ടുണ്ട്.
അറിയപ്പെടുന്ന ബേസ് ഗിറ്റാറിസ്റ്റായ ആലാപ് രാജു, തമിഴിൽ മികച്ച ഗായകനുള്ള ഫിലിം ഫെയർ അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്. 'എന്നമോ ഏതോ" (കോ) , 'എങ്കേയും കാതൽ' (എങ്കേയും കാതൽ), 'വായ മൂടി സുമ്മാ ഇര്ഡാ' (മുഗംമൂടി) 'തീയേ തീയേ' (മാട്രാൻ) എന്നിങ്ങനെ അനവധി ഹിറ്റുകളാണ് തമിഴിൽ ആലാപ് പാടിയിരിക്കുന്നത്.
അനുപമക്ക് സംഗീതം ഇഷ്ടമാണെങ്കിലും ഇപ്പോൾ സാഹിത്യവഴിയെയാണ് സഞ്ചാരം. രണ്ട് കവിതാസമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുള്ള അനുപമ ഒരു കോളമിസ്റ്റ് കൂടിയാണ്. ഇപ്പോൾ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുന്നു.
പല തസ്തികകളിലായി ആകാശവാണിയിലെ മുപ്പത്തിനാല് വർഷത്തെ സേവനത്തിന് ശേഷം 2011ൽ വിരമിക്കുമ്പോൾ ലത, ചെന്നൈ ആകാശവാണിയിലെ മാർക്കറ്റിങ് വിഭാഗം മേധാവിയായിരുന്നു.
പടങ്ങൾ കണ്ടും പാട്ടുകൾ കേട്ടും ഭർത്താവിനോടൊപ്പം കുട്ടികളും പേരക്കുട്ടിയുമായി ചെന്നൈയിൽ വിശ്രമജീവിതം നയിക്കുന്ന ലത സമയം കിട്ടുമ്പോഴൊക്കെ പാടാറുണ്ട്. തനിക്ക് പ്രിയങ്കരങ്ങളായ പാട്ടുകൾ പാടി നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനും ഇടയ്ക്കൊക്കെ സമയം കണ്ടെത്താറുമുണ്ട്.
പഴയ ചരിത്രത്തിൽ വേര് പടർത്തി പുതിയ ഭാവിയിലേക്കുള്ള മുകുളങ്ങൾ വിടർത്തി മലയാളസിനിമയിൽ സ്വന്തം പേരിനെയും വളർത്തി തികഞ്ഞ സംതൃപ്തിയും നിറഞ്ഞ ചിരിയുമായി ലത പറയുന്നു - കലയ്ക്ക് കാലങ്ങളില്ല, കലാകാരന്മാർക്കും!