എ.ആർ.റഹ്മാൻ പിന്മാറി, ‘സൂര്യ 45’ന് ഈണമൊരുക്കുന്നത് ഈ യുവസംഗീതസംവിധായകൻ
Mail This Article
‘സൂര്യ 45’ എന്ന ചിത്രത്തിനു സംഗീതമൊരുക്കുന്നതിൽ നിന്നു പിന്മാറി എ.ആർ.റഹ്മാൻ. ഗായകരായ ടിപ്പുവിന്റെയും ഹരിണിയുടെയും മകനും സംഗീതസംവിധായകനുമായ സായ് അഭ്യങ്കർ, റഹ്മാനു പകരമായി എത്തുമെന്നാണു വിവരം. ‘കാട്ച്ചി സേര’, ‘ആസ കൂടാ’ തുടങ്ങിയ പാട്ടുകളിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ സംഗീതസംവിധായകനാണ് സായ് അഭ്യങ്കർ.
‘സൂര്യ 45’ നു വേണ്ടി സായ് ഈണമൊരുക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. ചിത്രത്തിൽ നിന്നും എ.ആർ.റഹ്മാൻ പിന്മാറിയതിന്റെ കാരണം വ്യക്തമല്ല. അതേസമയം വിവാഹമോചനത്തെ തുടര്‍ന്ന് എ.ആര്‍.റഹ്മാന്‍ സംഗീതമേഖലയില്‍ നിന്നും ഇടവേള എടുക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് ‘സൂര്യ 45’ സംബന്ധിച്ച പുതിയ സ്ഥിരീകരണവും എത്തിയത്.
റഹ്മാന്റെ ഇടവേള സംബന്ധിച്ച വാർത്തകളെ തള്ളി മക്കളായ ഖദീജയും അമീനും രംഗത്തു വന്നിരുന്നു. പ്രചരിക്കുന്നതെല്ലാം വ്യാജവാർത്തകളാണെന്നും റഹ്മാൻ പാട്ടിൽ നിന്ന് ഇടവേളയെടുത്ത് എങ്ങും പോകുന്നില്ലെന്നും ഇരുവരും സമൂഹമാധ്യമങ്ങളിൽ കുറിച്ചു. റഹ്മാൻ പാട്ടിൽ നിന്നും വിട്ടു നിൽക്കുന്നുവെന്ന തരത്തിൽ പ്രചരിച്ച ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കിട്ടുകൊണ്ടായിരുന്നു പ്രതികരണം.
‘കങ്കുവ’ക്കു ശേഷം സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സൂര്യ 45’. ആർ.ജെ.ബാലാജി ചിത്രം സംവിധാനം ചെയ്യുന്നു. സായ് അഭ്യങ്കർ സംഗീതം നൽകുന്ന രണ്ടാമത്തെ സിനിമയാണ് ‘സൂര്യ 45’.