‘അടുത്ത വർഷം 30 കിലോ കുറയ്ക്കും’; പിസ കഴിച്ചുകൊണ്ട് ശ്രേയയുടെ പ്രഖ്യാപനം; ചിരി പടർത്തി വിഡിയോ
Mail This Article
പുതുവർഷത്തിൽ നടപ്പിലാക്കാൻ പോകുന്ന കടുത്ത തീരുമാനം വെളിപ്പെടുത്തി ഗായിക ശ്രേയ ഘോഷാൽ. 2025ൽ കടുത്ത ഡയറ്റെടുത്ത് 30 കിലോ ശരീരഭാരം കുറയ്ക്കുമെന്നാണ് ഗായികയുടെ പുതുവർഷ പ്രതിജ്ഞ. ഗായകൻ വിശാൽ ദദ്‌ലാനിക്കൊപ്പമുള്ള രസകരമായി വിഡിയോയിലാണ് ഗായികയുടെ വെളിപ്പെടുത്തൽ. പിസ കഴിച്ചുകൊണ്ട് നടത്തിയ ഗായികയുടെ പ്രഖ്യാനം ആരാധകരിലും ചിരി പടർത്തി.
വിശാൽ ദദ്‌ലാനിയാണ് ശ്രേയയുടെ രസകരമായ വിഡിയോ പങ്കുവച്ചത്. ഒരു റിയാലിറ്റി ഷോയിലെ ഫ്ലോറിൽ നിന്നാണ് ഗായകരുടെ വിഡിയോ. ആരാധകർക്ക് ക്രിസ്മസ് പുതുവത്സരാശംസകൾ നേർന്ന ശ്രേയ തന്റെ പുതുവർഷ പ്രതിജ്ഞ വിശാലിനോടു വെളിപ്പെടുത്തുകയായിരുന്നു. പുതുവർഷത്തിൽ താൻ കടുത്ത ഡയറ്റിലായിരിക്കുമെന്നും 30 കിലോഗ്രാം ശരീരഭാരം കുറയ്ക്കുമെന്നും ശ്രേയ പറയുന്നു. അടുത്ത വർഷം ഇഷ്ടമുള്ള ഭക്ഷണമൊന്നും കഴിക്കാൻ സാധിക്കാത്തതിനാൽ ഡയറ്റ് തുടങ്ങുന്നതിനു മുൻപ് എല്ലാ ഭക്ഷണവും കഴിച്ചു തീർക്കുകയാണെന്നും ശ്രേയ പറഞ്ഞു. പിസ കഴിച്ചുകൊണ്ടായിരുന്നു ഗായികയുടെ പ്രഖ്യാപനം.
എന്നാൽ, 30 കിലോഗ്രാം ശരീരഭാരം കുറയ്ക്കുകയെന്നാൽ അൽപം കൂടുതലായിപ്പോയില്ലേ എന്നായിരുന്നു വിശാലിന്റെ പ്രതികരണം. വിശ്വാസം വരാത്തതിനാൽ താരം ഇക്കാര്യം ആവർത്തിച്ച് ശ്രേയയോടു ചോദിച്ചുറപ്പിക്കുന്നുണ്ട്. 30 കിലോഗ്രാം കുറയ്ക്കണ്ടെന്നും അഞ്ചു കിലോഗ്രാം കുറച്ചാൽ മതിയെന്നുമായിരുന്നു വിശാൽ ദദ്‌ലാനി നൽകിയ ഉപദേശം. എന്തായാലും ശ്രേയയുടെ പുതുവർഷ പ്രതിജ്ഞ ആരാധകരിലും കൗതുകമുണർത്തി.
ശ്രേയ മാറേണ്ട കാര്യമില്ലെന്നും ഇപ്പോഴും തന്റേതായ രീതിയിൽ ശ്രേയ ‘പെർഫെക്ട്’ ആണെന്നും കുറിച്ചു കൊണ്ടാണ് വിശാൽ ദദ്‌ലാനി ഗായികയുടെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. തടി കുറയ്ക്കുക എന്നത് ഭൂരിപക്ഷം പേരും പുതുവർഷത്തിൽ എടുക്കുന്ന തീരുമാനമാണെന്നും എന്നാൽ പലരും അതൊന്നും പാലിക്കാറില്ലെന്നും നിരവധി പേർ സ്വന്തം അനുഭവം പങ്കുവച്ച് കമന്റ് ചെയ്തു. ശരീരഭാരത്തെക്കുറിച്ചുള്ള ആശങ്കകളുടെ ആവശ്യമില്ലെന്നും ഏതു രൂപത്തിൽ ആയാലും ശ്രേയ തങ്ങളുടെ പ്രിയഗായിക തന്നെയാണെന്നും ആരാധകർ കുറിച്ചു.