ഭാരതത്തിന്റെ ദേശീയഗീതം വന്ദേമാതരത്തിന്റെ അക്കാപ്പെല്ലയുമായി എത്തിയിരിക്കുകയാണ് ബിജിബാലിന്റെ മ്യൂസിക്ക് ലേബലായ ബോധിസൈലന്റ് എസ്‌കേപ്പ്. വന്ദേമാതരത്തിന്റെ അക്കാപ്പെല്ല ഒരുക്കിയിരിക്കുന്നതും അഭി സാൽവിൻ തോമസാണ്. ബിജിബാലും വിപിൻ ലാലും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സൗമ്യ, ശാന്തി, ശ്വേത, വിജയ് പി ജേക്കബ്, മധു പോൾ, ജിബിൻ ഗോപാൽ, ജസ്റ്റിൻ വർഗീസ്, വൈശാഖ് ബിജോയ്, ശരത്ത് ചന്ദ്രൻ, ബിബിൻ അശോക്, നന്ദു കർത്ത, അഭി സാൽവിന് തോമസ് തുടങ്ങിയവർ ചേർന്നാണ് ബിജിബാലിന്റേയും വിപിൻ ലാലിന്റേയും ആലാപനത്തിന് പിന്തുണ നൽകിയിരിക്കുന്നത്. 1882 ൽ പ്രസിദ്ധീകരിച്ച ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആനന്ദമഠ് എന്ന പുസ്തകത്തിലെ ഗീതമായ വന്ദേമാതരത്തിന് സംഗീതം പകർന്നിരിക്കുന്നത് ജദുനാഥ് ഭട്ടാചാര്യയാണ്.
സംഗീത ലോകത്ത് സ്വന്തമായൊരു സ്വരം കണ്ടെത്തിയ സംഗീതമാണ് അക്കാപ്പെല്ലാ സംഗീതം. ഗോസ്പൽ സംഗീതത്തിലൂടെ നിലവിൽ വന്ന അക്കാപ്പെല്ല ശൈലിക്ക് പാശ്ചാത്യ രാജ്യങ്ങളിലെല്ലാം മികച്ച പ്രചാരമാണുള്ളത്. എന്നാൽ അക്കാപ്പെല്ലയ്ക്ക് ഇന്ത്യയിൽ അധികം പ്രചാരം ലഭിച്ചിട്ടില്ല. മലയാളത്തിൽ അത്ര പ്രചാരമില്ലാത്ത അക്കപ്പെല്ലാ ശൈലിയുമായി എത്തിയ ചുരുക്കം ചില ഗാനങ്ങളിൽ ഒന്നാണിത്.