ആര്യ ദയാലിന്റെ പാട്ട് വീണ്ടും സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയാണ്. സഖാവ് എന്ന കവിത പാടി ശ്രദ്ധേയായ ഗായികയാണ് ആര്യ. ഇത്തവണ, ഒരു ചെമ്പനീർ പൂവിറിത്തു...എന്ന പാട്ടാണ് ആര്യ പാടിയത്. ആര്യ തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോ നാലായിരത്തോളം പ്രാവശ്യമാണു ഷെയര്‍ ചെയ്യപ്പെട്ടത്. രണ്ടര ലക്ഷത്തോളം പേർ ആ വിഡിയോ കാണുകയും ചെയ്തു.
മൊബൈൽ കാമറയ്ക്കു മുൻപിൽ നിന്ന് ഓർക്കസ്ട്രയുടെ അകമ്പടിയൊന്നുമില്ലാതെയാണ് ആലാപനം. ആ സ്വരവും ഭാവഭംഗിയുമാണ് പാട്ടിനെ ഇത്രയധികം ശ്രദ്ധേയമാക്കിയത്. പാട്ടിന്റെ ചരണത്തിൽ നിന്നാണ് പാടിത്തുടങ്ങുന്നത്. ഉണ്ണി മേനോന്‍ സ്ഥിതി എന്ന ചിത്രത്തിൽ പാടി അഭിനയിച്ച ഗാനമാണിത്. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ മലയാളം ഗാനവും ഇതുതന്നെ.
സാം മാത്യു കുറിച്ച ക്യാംപസ് കവിതയായ സഖാവ് ഇതുപോലെയാണ് ആര്യ പാടിയതും. അന്നും ഇതുപോലെ മനോഹരമായ ആലാപനമായിരുന്നു ആര്യയുടേതാണ്. സഖാവ് കവിത എഴുതിയത് ആര് എന്നതിനെ സംബന്ധിച്ച ചില തർക്കങ്ങൾ പിന്നീട് ഉണ്ടായെങ്കിലും ആര്യയുടെ ആലാപന രീതി എല്ലാവർക്കും പ്രിയപ്പെട്ടതായി. ആലാപനവും അതേ തുടർന്നുണ്ടായ വിവാദങ്ങളും ദൃശ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. തലശേരി ബ്രണ്ണൻ കോളിലെ ബിരുദ വിദ്യാർഥിനിയാണ് ആര്യ.