ആസിഫ് അലി നായകനാകുന്ന ചിത്രം കോഹിനൂരിലെ സംഗീതം പുറത്തിങ്ങി. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചടങ്ങിൽ നടൻ മമ്മൂട്ടിയും സംവിധായകൻ സിബിമലയിലും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറക്കിയത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ കൂടാതെ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ, നടന്മാരായ കുഞ്ചാക്കോ ബോബൻ, സുധീർ കരമന, നീരജ് മാധവ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഹേമന്തമെൻ കൈക്കുമ്പിളിൽ എന്ന തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയിരുന്നു. ബി കെ ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജ് ഈണം നൽകി വിജയ് യേശുദാസ് ആലപിച്ച ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ലൂയിസ് വളരെയധികം പ്രതീക്ഷകളും സ്വപ്‌നങ്ങളുമുള്ള ചെറുപ്പക്കാരനാണ് പെട്ടെന്ന് പണക്കാരനാകണമെന്നാണ് ലൂയിസിന്റെ മോഹം. അതിനായി ഏത് വഴിയും സ്വീകരിക്കാൻ തയ്യാർ. സിനിമയിലെ അധോലോക നായകന്മാരെ മനസിൽ പ്രതിഷ്ഠിച്ച് പൂജിക്കുന്ന ലൂയിസ് തന്റെ ദൗത്യം പൂർത്തീകരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഏതാനും പേർ കൂടി കടന്നു വരുന്നു. മുബൈയിൽ അധോലോകത്ത് പ്രവർത്തിച്ചിരുന്ന ഹൈദർ, കൊച്ചിയിൽ നിന്നെത്തിയ ഫ്രെഡ്ഡി, ഫ്രെഡ്ഡിയുടെ സുഹൃത്ത് നിക്കോളാസ് എന്നിവരുടെ വരവ് ലൂയിസിന്റെയും ആണ്ടിക്കുഞ്ഞിന്റെയും ജീവിതത്തിലും തുടർന്ന് ചെറുപുഴ ഗ്രാമത്തിലും ഉണ്ടാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളാണ് 'കോഹിനൂർ' എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
ആസിഫ് അലിയും അപർണ്ണ വിനോദും മുഖ്യ കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഈ സിനിമയിൽ ഇന്ദ്രജിത്ത് സുകുമാരൻ, അജു വർഗീസ്, സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ചെമ്പൻ വിനോദ് ജോസ്, റിസബാവ, മാമൂക്കോയ, സുധീർ കരമന, ബിജുക്കുട്ടൻ തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. കിളി പോയ് എന്ന് ചിത്രത്തിന്റെ സംവിധായകൻ വിനയ് ഗോവിന്ദ് സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ചിത്രമായ് കോഹിനൂരിന്റെ കഥ, തിരകഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സലിൽ മേനോനും രഞ്ജിത്ത് കമല ശങ്കറുമാണ്. ആസിഫ് അലി സിനിമാ നിർമ്മാണ രംഗത്തേക്ക് ചുവടുവയ്ക്കുന്നു എന്ന പ്രത്യേകതയും കോഹിനൂരിനുണ്ട്.