പോയവർഷം പിന്നണിയിൽ സംഗീതം തീർത്തവർ

പാട്ടിനെന്ന പോലെ പശ്ചാത്തല സംഗീതത്തിനും സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്കുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ് ജാക്കിയേയും സിബിഐ ഡയറിക്കുറിപ്പിലെ സേതുരാമയ്യരെയും കമ്മീഷണറിലെ ഭരത് ചന്ദ്രനെയും പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നത് അവരുടെ പഞ്ച് ഡയലോഗുകള്‍ക്കൊപ്പം പശ്ചാത്തലത്തില്‍ മുഴങ്ങി കേട്ട സംഗീതത്തിന്‍റെ കൂടി പിന്‍ബലത്തിലാണ്. ശ്യാമും ജോണ്‍സണും രാജാമണിയുമൊക്കെ പശ്ചാത്തല സംഗീതത്തില്‍ വ്യക്തിമുദ്രപതിപ്പിച്ച പ്രതിഭകളാണ്. പശ്ചാത്തല സംഗീതത്തിനു രണ്ടു തവണ ദേശീയ പുരസ്കാരം (പൊന്തന്‍മാട, സുകൃതം) നേടിയ വ്യക്തിയാണ് ജോണ്‍സൺ. ഇവരുടെ പിന്‍ഗാമികളായ പുതുതലമുറ സംഗീത സംവിധായകരും പ്രതിഭയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ബിജിപാലിലൂടെയും ഗോപിസുന്ദറിലൂടെയും പുതുതലമുറ ദേശീയ പുരസ്കാര നേട്ടം ആവര്‍ത്തിച്ചു.  സിനിമക്കു പൂര്‍ണത നല്‍കുന്ന റീ-റെക്കോര്‍ഡിങിനെക്കുറിച്ചു പലപ്പോഴും ക്രിയാത്മകമായ ചര്‍ച്ചകള്‍ ഉണ്ടാവാറില്ല എന്നതാണ് സത്യം. പോയ വര്‍ഷത്തെ മികച്ച പശ്ചാത്തല സംഗീതജ്ഞരെ അടയാളപ്പെടുത്താന്‍ ശ്രമിക്കുകയാണ് ഇവിടെ. 

എന്ന് നിന്‍റെ മൊയ്തീന്‍

1983യിലൂടെ പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരം നേടിയ വ്യക്തിയാണ് ഗോപിസുന്ദര്‍. ഇതിനോടകം ഒട്ടേറെ ചിത്രങ്ങളില്‍ പശ്ചാത്തല സംഗീതജ്‍ഞന്‍ എന്ന നിലയില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. ഗോപിസുന്ദറിന്‍റെ ഏറ്റവും മികച്ച പശ്ചാത്തല സംഗീതം പിറവിയെടുത്തത് ഉസ്താദ് ഹോട്ടലിലും എന്ന് നിന്‍റെ മൊയ്തീനിലുമാണ്. ഈ രണ്ടു ചിത്രങ്ങളോടും അദ്ദേഹത്തിനു വൈകാരികമായ ഒരു അടുപ്പവും ഉണ്ട്. കാഞ്ചനമാലയുടെയും മൊയ്തീന്‍റെ പ്രണയത്തിന്‍റെ തീവ്രത പ്രേക്ഷകരിലേക്ക് പകരുന്നതില്‍ ഗോപി സുന്ദറിന്‍റെ സംഗീതം വഹിച്ച പങ്ക് ചെറുതല്ല. എന്നിലെ എല്ലിനാല്‍ പടച്ച പെണ്ണേ എന്ന ഗാനം റീ-റെക്കോര്‍ഡിങില്‍ ഹൃദ്യമായി ഇഴചേര്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. പ്രണയം, കാത്തിരിപ്പ്, വിരഹം അങ്ങനെ ചിത്രത്തില്‍ മിന്നിമറയുന്ന എല്ലാ വിചാര വികാരങ്ങള്‍ക്കും ഗോപി മനോഹരമായി സംഗീതഭാഷ ചമക്കുന്നു. റീറെക്കോര്‍ഡിങിന്‍റെ പല ഘട്ടത്തിലും മൊയ്തീന്‍റെ അദൃശ്യ സാന്നിധ്യം അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നു സംഗീത സംവിധായകന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. 

പ്രേമം

ജോര്‍ജ്ജിന്‍റെ മൂന്നു കാലഘട്ടത്തിലെ പ്രണയം രാജേഷ് മുരുകേശന്‍റെ പശ്ചാത്തല സംഗീതം ഒഴിച്ചു നിര്‍ത്തി ചിന്തിച്ചാല്‍ അപൂര്‍ണമായിരിക്കും. നേരത്തില്‍ നിന്ന് പ്രേമത്തിലേക്ക് എത്തുമ്പോള്‍ ഈ യുവ സംഗീത സംവിധായകന്‍റെ കരിയര്‍ഗ്രാഫ് കുത്തനെ ഉയരുന്നത് കാണാം. അടുത്തകാലത്ത് ഇത്രയെറെ ഡൗണ്‍ലോഡ് ചെയ്യപ്പെടുകയും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്ത മറ്റൊരു ബിജിഎം ഉണ്ടാവില്ല. നിവിന്‍ പോളിയുടെ കോളജ് കാലഘട്ടത്തിലേക്കുള്ള എന്‍ട്രി സീനും മലരിനെ കാണാനായി ജോര്‍ജിന്‍റെ കൂട്ടുകാരുടെയും യാത്രയും തുടങ്ങി മനസ്സില്‍ തങ്ങിനില്‍ക്കുന്ന പല രംഗങ്ങളുടെയും പൂര്‍ണതയില്‍ ഈ പശ്ചാത്തല സംഗീതജ്ഞന്‍റെ കയ്യൊപ്പുണ്ട്. നാലു ലക്ഷത്തിനടുത്ത് ഹിറ്റുകളാണ് പ്രേമത്തിന്‍റെ ഒറിജിനല്‍ സ്കോര്‍ ഓഡിയോ ജൂക്ബോക്സിനു ഇതിനോടകം യൂട്യൂബില്‍ കിട്ടിയത്. മലരിന്‍റെ വിവാഹ സത്ക്കര ചടങ്ങിനെത്തി ജോര്‍ജ് മടങ്ങുമ്പോള്‍ പശ്ചാത്തലത്തില്‍ മലരേ എന്ന ഗാനം മനോഹരമായി ഇഴചേര്‍ത്തിരിക്കുന്നു. മുന്നു കാലഘട്ടത്തിനും മുന്നു വ്യത്യസ്ത രീതിയുള്ള പശ്ചാത്തല സംഗീതം അനുഭവഭേദ്യമാക്കാന്‍ രാജേഷിനു കഴിഞ്ഞിട്ടുണ്ട്. 

യൂ ടു ബ്രൂട്ടസ് 

‘തീവ്രം’ എന്ന ചിത്രത്തിലൂടെ പാട്ടില്‍ മാത്രമല്ല പശ്ചാത്തല സംഗീതത്തിലും പ്രതിഭ തെളിയിച്ച വ്യക്തിയാണ് റോബി എബ്രഹാം. 2015ല്‍ റോബി പശ്ചാത്തല സംഗീത സംവിധാനം നിര്‍വ്വഹിച്ച ഏക ചിത്രമാണ് യൂ ടു ബ്രൂട്ടസ്. ചതിയുടെയും അല്‍പായുസുള്ള ബന്ധങ്ങളുടെയും കഥ പറയുന്ന ചിത്രത്തില്‍   പ്രണയരംഗങ്ങള്‍ക്കും സൗഹൃദത്തിനും വേര്‍പാടിനുമൊന്നും സ്ഥാനം ഇല്ലെന്ന് തന്നെ പറയാം. ഈ പരിമിതിക്ക് ഉള്ളില്‍ നിന്നുകൊണ്ട് മനോഹരമായി പശ്ചാത്തലമൊരുക്കാന്‍ റോബിക്കു കഴിഞ്ഞിട്ടുണ്ട്. ചതിയാണ് ചിത്രത്തിന്‍റെ സെന്‍ട്രല്‍ തീം. ഇതിനു അനുഗുണമായിട്ടാണ് റോബി സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രേമം ഫെയിം മഡോണ സെബാസ്റ്റ്യന്‍ ഗായികയായി അരങ്ങേറിയ ചിത്രം കൂടിയാണിത്. മഡോണയുടെ വേറിട്ട ശബ്ദത്തെ റീ-റെക്കോര്‍ഡിങിലും അനുഗുണമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പുള്ളുവന്‍ പാട്ടിന്‍റെയും ഫോക്ക് മ്യൂസിക്കിന്‍റെയും സാധ്യതകളും സംഗീതത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 

റാണിയും പത്മിനിയും 100 ദിവസത്തെ പ്രണയവും

പശ്ചാത്തല സംഗീതത്തിനു ഇനി അവാര്‍ഡ് കിട്ടിയാല്‍ ബിജിപാലിന്‍റെ വീട്ടില്‍വെക്കാന്‍ സ്ഥലം ഉണ്ടാകുമോ എന്നു സംശയമാണ്. അത്രയെറെ അംഗീകാരങ്ങള്‍ ഈ ചുരുങ്ങിയ കലയളവില്‍ ഈ കലാകാരനെ തേടിയെത്തിയിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും തിരക്കേറിയ പശ്ചത്താല സംഗീത സംവിധായകനാണ് അദ്ദേഹം. ഒരു ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിഭയെ തളച്ചിടാന്‍ പ്രയാസമാണ്. 100 ഡേയ്സ് ഓഫ് ലൗവ്, റാണി പത്മിനി എന്നീ ചിത്രങ്ങളില്‍ ഒതുക്കാനാവില്ല ബിജിപാലിനെ, എങ്കിലും ഒരു തിര‍ഞ്ഞെടുപ്പിനു വേണ്ടി ഈ രണ്ടു ചിത്രങ്ങളെ ഉള്‍പ്പെടുത്തുന്നു. ജനൂസ് മുഹമ്മദ് എന്ന നവാഗത സംവിധായകന്‍റെ മനസ്സറിഞ്ഞ് ബിജിപാല്‍ ഈണമൊരുക്കിയ ചിത്രമാണ് 100 ഡേയ്സ് ഓഫ് ലൗവ്. വളരെ ഫ്രഷ്നസ് ഉള്ള ഈണങ്ങളാണ് ഷീലയുടെയും ബാലന്‍ കെ നായരുടെയും പ്രണയദിനങ്ങള്‍ക്കായി ബിജി ഒരുക്കിയിരിക്കുന്നത്. 100 ഡേയ്സ് ഓഫ് ലൗവിനു വേണ്ടി ഗോവിന്ദ് മേനോന്‍ ചെയ്ത ലൗവ് തീം ഏറെ ഹൃദ്യായിരുന്നു. റീ-റെക്കോര്‍ഡിങില്‍ പലപ്പോഴായി ഈ ലൗവ് തീം ആവര്‍ത്തിച്ചു വരുന്നുണ്ട്. റാണിയുടെയും പത്മിനിയുടെയും യാത്രക്കൊപ്പം സഞ്ചരിക്കുന്ന സംഗീതമാണ് റാണിപത്മിനിയിലേത്. തന്‍റെ ഓരോ വര്‍ക്കിലും വ്യത്യസ്ത അനുഭവപ്പെടുത്താനും ബിജിപാലിനു സാധിക്കുന്നു. 

ഷാന്‍ ഒരു ഭീകരജീവിയാണ്

തട്ടത്തിന്‍ മറയത്തിലെയും മലര്‍വാടി ആര്‍ട്സ് ക്ലബിലെയും വിജയം വിനീത്-ഷാന്‍ കൂട്ടുകെട്ട് ഒരു വടക്കന്‍ സെല്‍ഫിയിലും ആവര്‍ത്തിക്കുന്നു. പാട്ടിനൊപ്പം ചിത്രത്തിന്‍റെ പശ്ചാത്തലത്തിലും ഷാന്‍ മികവ് പുലര്‍ത്തി. എന്നാല്‍ ഷാനിനു പശ്ചാത്തല സംഗീതജ്ഞന്‍ എന്ന നിലയില്‍ ആരാധകരെ സമ്മാനിച്ചത് ‘ആട് ഒരു ഭീകര ജീവിയാണ്’. ആടിനു വേണ്ടി ഷാന്‍ ഒരുക്കിയ ക്യാരക്ടര്‍ പ്രൊമോ ബിജിഎം വേറിട്ടതായി.