ഇടുക്കിയെ മിടുക്കിയാക്കിയ സംഗീതം

മഹേഷിന്റെ പ്രതികാരമെന്ന ചിത്രത്തിലെ ഇടുക്കിയെ കുറിച്ചുള്ള പാട്ടിൽ നിന്നൊരു രംഗം

വള്ളുവനാടിന്റെയും കടത്തനാടിന്റെയും മടിയിലിരുന്നാണ് സാഹിത്യലോകം ഒരുപാടെഴുതിയത്. ചലച്ചിത്രവും ഒട്ടും പിന്നിലല്ല. ഇക്കാരണം കൊണ്ടൊന്നുമല്ല, ആദ്യമായി ഇടുക്കിയെന്ന കറുമ്പി നാടിനെ കുറിച്ചൊരു പാട്ടുവന്നപ്പോൾ അതിനെ ദേശഭേദമില്ലാതെ ചുണ്ടോടുപ്പിച്ചത്. മനസിലിട്ട് വീണ്ടുമങ്ങനെ പാടുന്നത്. ആ വരികൾ‌ക്കിടയിലൂടെ മനസ് പായിച്ച് കണ്ണിനുള്ളിൽ ഇടുക്കിയിലെ മഞ്ഞിനെ ചുംബിക്കുന്നതും മണ്ണിനെ കൈക്കുമ്പിളിലെടുക്കുന്നതും പെരിയാറിനെ നോക്കി മലമുകളിൽ നിന്ന് താഴേക്ക് പായുന്നതും. ഇടുക്കിയുടെ കാറ്റിനെ മണ്ണിനെ മഴയെ മഞ്ഞിനെ കപ്പയെ അവിടത്തെ പെൺമയെ ഡാമുകളെ എല്ലാത്തിനേയും കുറിച്ചുള്ള പാട്ട് അത്രയേറെ മനോഹരമാണ്. ദൃശ്യങ്ങളും അങ്ങനെ തന്നെ.

ഒരു നാടിനെ കുറിച്ചൊരു പാട്ടെഴുതുമ്പോൾ, കഥയെഴുതുമ്പോൾ ഓരോ വാക്കും അത്രയേറെ സൂക്ഷിച്ചു വേണം. പ്രത്യേകിച്ച് ഒരുപാട് കഥ പറയാനുള്ളൊരു നാടിനെ കുറിച്ച്. കാവ്യാത്മകമായ പാട്ടെഴുത്തെന്താണെന്ന് പുതിയ തലമുറക്ക് പറഞ്ഞുകൊടുത്ത, റഫീഖ് അഹമ്മദിന്റെ മനസിൽ പെരിയാറ് നൽകിയ ചിലമ്പണിഞ്ഞ് ചിരി തൂകി ഇടുക്കി നിന്നപ്പോൾ ആ നാടിന്റെ ഓരോ സ്പന്ദനവും ഇണചേർന്നൊരു പാട്ടു പിറന്നു. പെരിയാറിന്റെ ഓളം പോലുള്ള ഈണമായും പിന്നീട് ശബ്ദമായും ബിജിപാൽ ഒപ്പം നിന്നപ്പോൾ ഒരുപാട് കാലത്തിനു ശേഷം മലയാളത്തിന്റെ പ്രേക്ഷകമനസ് പാട്ടിന്റെ എല്ലാ തലത്തേയും നോക്കി നിറകൺചിരിയോടെ കേട്ടാസ്വദിച്ചു. ഇടുക്കിക്കാർ പ്രത്യേകിച്ചും. ഇരുപത്തിയാറ് വരികളിൽ‌ റഫീഖ് എഴുതി ബിജിബാൽ ഈണമിട്ട് നാലു മിനുട്ട് നാല് സെക്കൻഡ് ദൈർഘ്യമുള്ള പാട്ടാണ് ഇടുക്കിയുടെ മലമുകൾ പാടുന്നത്, കാറ്റു മൂളുന്നത്.

ഒറ്റ രാത്രികൊണ്ടാണ് റഫീഖ് പാട്ടെഴുതിയത്. കവിത കിട്ടിയതിനു ശേഷമായിരുന്നു സംഗീത സംവിധാനം ചെയ്തത്. അത്രയും പ്രചോദനാത്മകമായ വരികളായതുകൊണ്ടു തന്നെ സംഗീതം എളുപ്പമായിരുന്നു. പെട്ടെന്നു തന്നെ ചെയ്യാനായി. ബിജിബാൽ പറഞ്ഞു. പാട്ട് ഞാൻ തന്നെ പാടി വച്ചു. ഒരുപാട് ഇമോഷണൽ ആയ പാട്ടാണ് ഇതെന്നായിരുന്നു പാട്ടിന്റെ ഷൂട്ടിങ് ഒക്കെ ഭംഗിയായി പൂർത്തിയായി കഴിഞ്ഞപ്പോൾ സംവിധായകൻ ദിലീഷിന്റെ അഭിപ്രായം. മിനിമം ഓർക്കസ്ട്ര വച്ചാണ് ആദ്യം പാട്ട് പൂർത്തിയാക്കിയത്. പിന്നീട് സാധാരണ പാട്ടിനൊക്കെ ചെയ്യുന്ന പോലെ റിച്ച് ഓർക്കസ്ട്ര ചെയ്തു. പക്ഷേ ഓർക്കസ്ട്ര കൂടിയപ്പോൾ ആദ്യം കേട്ട സുഖം പോയെന്ന് ദിലീഷ് പറഞ്ഞതോടെ അതൊഴിവാക്കി. പ്രൊഡക്ഷനൊക്കെ കഴിഞ്ഞപ്പോൾ ദിലീഷ് തന്നെയാണ് പറഞ്ഞത് ഞാൻ പാടിയതു മതിയെന്ന്. പിന്നെ അതുതന്നെ ചിത്രത്തിലുപയോഗിച്ചു. പാട്ട് ഷൂട്ടിങ് സമയത്തു തന്നെ എല്ലാവർക്കും ഇഷ്ടമായിരുന്നു. റഫീഖിന്റെ പാട്ടെഴുത്ത് അതിലൊരു പ്രധാന ഘടകമാണ്. കേവലം ഒരു സ്ഥലത്തെ കുറിച്ചുള്ള പാട്ടായാൽ പോലും അദ്ദേഹം അത്രയ്ക്ക് കാവ്യാത്മകമായാണ് എഴുതുന്നത്. ഇടുക്കിക്കാരെ വികാരത്തെ തൊട്ട പാട്ടാണിത്. ഒരുപാട് ഇടുക്കിക്കാർ നമ്പറൊക്കെ കണ്ടുപിടിച്ച് വിളിച്ചിരുന്നു. സംഗീതസംവിധായകൻ പാട്ടിന്റെ വഴികളെ ഓർത്തെടുത്തു.

ഇടുക്കിയെ കുറിച്ചുള്ള പാട്ടിന്റെ ദൃശ്യങ്ങളിൽ നിന്ന്

പ്രകൃതിയെ പെണ്ണായി സങ്കൽപിക്കുവാനേ സാധിക്കൂവെന്ന് ഒന്നുകൂടി തെളിയിക്കുന്നു റഫീഖിന്റെ കവിതയെഴുത്ത്. നെഞ്ചിൽ അലിവുള്ള മലനാടൻ പെണ്ണ് എന്നാണ് ഇടുക്കിയെ റഫീഖ് അഹമ്മദ് വിശേഷിപ്പിക്കുന്നത്. ചിരികൊണ്ട് പുതപ്പണിഞ്ഞ് മിഴിനീരു മറച്ചിട്ട് കരിമ്പിന്റെ തൈ കണ്ടുണരുന്ന പെണ്ണ്...എന്ന്. ഇടുക്കിയെ കുറിച്ച് എല്ലാമുള്ള കവിത. ഇടുക്കിയുടെ മണ്ണിന് മഴക്ക് കാറ്റിന് എല്ലാത്തിനും അതിന്റേതായ പ്രത്യേകതയുണ്ടെന്ന് കവി പാടുന്നു. മലമേലെ തിരിവച്ചു പെരിയാറിന് തളയിട്ട് ചിരിതൂകുന്ന പെണ്ണ്, കനകപ്പൂങ്കൊളുന്തൊത്ത പെണ്ണ് അങ്ങനെ ഇടുക്കിക്ക് വിശേഷണങ്ങളേറെ. കുറുനിരയിൽ ചുരുൾ മുടിയിൽ പുതുകുറിഞ്ഞപ്പൂ തിരുക‌ും മൂന്നാറിൻ മണമുള്ളതെന്നാണ് കാറ്റിനെ കുറിച്ച് പറയുന്നത്. എന്തിന് മലയാളക്കരയുടെ മടിശീല നിറയ്ക്കണ നലമേറം നാടാണ് ഇടുക്കിയെന്ന് പറഞ്ഞ് സാമ്പത്തിക ശാസ്ത്രത്തിലേക്കും കടന്നിരിക്കുന്നു. കതിർ കനിവേകുന്ന മണ്ണാണ് ഇടുക്കിയിലേത്. മണ്ണിനോടും കാടിനോടും പടവെട്ടിയാണ് ഇടുക്കിയില്‍ മനുഷ്യൻ വാസമുറപ്പിച്ചത്. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ അധ്വാനിക്കുന്ന വർഗം. കവിമനസിലെ ഏറ്റവും ഹൃദ്യമായ വിശേഷണം പുറത്തുവന്നത് കവിതയുടെ ഏറ്റവുമൊടുവിലാണ്. അവിടെയിങ്ങനെയാണ് എഴുതിയിടുന്നത്,

അവൾ തൊടിയെല്ലാം നനച്ചിട്ട്

തുടുവേർപ്പും തുടച്ചിട്ട്

അരയിൽ ൈകകുത്തി നിൽക്കും പെണ്ണ്

നല്ല മലയാളിച്ചുണയുള്ള പെണ്ണ്

ഇടുക്കിയെന്ന നാടിനെയാണ് പാടുന്നതെങ്കിലും ഈ വരികൾ ആ നാടിന്റെ പെൺമയിലേക്കാണ് ചെന്നെത്തുന്നത്. വിയർത്തു കുളിച്ച് മണ്ണിൽ പൊരുതുന്ന മലനാടിന്റെ നല്ല ചുണയുള്ള പെൺവർഗത്തെ കുറിച്ച്. നഗര വത്ക്കരണം കേരളത്തിന്റെ ഗ്രാമഭംഗിയെ വകഞ്ഞ് മാറ്റുമ്പോഴും ഇപ്പോഴും മനുഷ്യനും മണ്ണും അത്രയേറെ ചങ്ങാത്തം പുലർത്തുന്നൊരു നാടാണ് ഇടുക്കി. ആ ഇടുക്കിയെ കുറിച്ച് ആറ്റിക്കുറുക്കിയ കവിതയാണ് റഫീഖ് എഴുതിയത്. പൈനാവില്ലാതെ മൂന്നാറില്ലാതെ കുറിഞ്ഞ് പൂവില്ലാതെ പെരിയാറും ഇടുക്കി ഡാമില്ലാതെ കപ്പയില്ലാതെ ഒരു ഇടുക്കിയുണ്ടോ. ഇവയെല്ലാം പാട്ടിലുമുണ്ട്. എല്ലാം തൊട്ട കവിത. ഒരുപക്ഷേ ഏറെക്കാലത്തിനു ശേഷമാകാം ഒരു ചലച്ചിത്ര ഗീതം ഇത്രയധികം ചർച്ച ചെയ്യപ്പെടുന്നത്.

മലനാട്ടിലെ ഒരു അങ്ങാടി കാഴ്ച...ഇടുക്കിയെ കുറിച്ചുള്ള പാട്ടിന്റെ ദൃശ്യങ്ങളിൽ നിന്ന്

കവിയേയും സംഗീത സംവിധായകനേയും കുറിച്ച് മാത്രം പറഞ്ഞാൽ പോര. ഇടുക്കിയിലേക്ക് കാമറ തിരിച്ചുവച്ച ഷൈജു ഖാലിദും കവിതയെഴുത്താണ് നടത്തിയത്. ഈണത്തിനും വരികൾക്കും പ്രകൃതിയിൽ നിന്ന് അദ്ദേഹം ചിത്രം പകർത്തി. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഫഹദും അനുശ്രീയുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് അബുവാണ് നിർമാണം.

മഹേഷിന്റെ പ്രതികാരമെന്ന ചിത്രത്തിന്റെ പോസ്റ്ററിൽ അനുശ്രീയും ഫഹദ് ഫാസിലും

മല മേലെ തിരിവച്ച്

പെരിയാറിൻ തളയിട്ട്

ചിരിതൂകും പെണ്ണല്ലേ ഇടുക്കി

ഇവളാണ് ഇവളാണിവൾ മിടുമിടുക്കി

മലയാളക്കരയുടെ മടിശീല നിറയ്ക്കണ

നലമേറും നാടല്ലോ ഇടുക്കി

ഇവളാണ് ഇവളാണിവളാണ് മിടുമിടുക്കി

ഇവിടുത്തെ കാറ്റാണ് കാറ്റ്

മലമൂടും മഞ്ഞാണു മഞ്ഞ്

കതിർ കനവേകും മണ്ണാണു മണ്ണ്

കുയിലുമല ചരിവുകളിൽ

കിളിയാറിൻ പടവുകളിൽ

കുതിരക്കല്ലങ്ങാടിമുക്കിൽ

ഉദയഗിരി തിരിമുടിയിൽ

പൈനാവിൻ വെൺമണിയിൽ

കല്ലാറിൻ നനവോലും കടവിൽ

കാണാമവളെ കേൾക്കാമവളെ...

കനകപ്പൂങ്കൊളുന്തൊത്ത പെണ്ണ്

നറു ചിരികൊണ്ടു പുതച്ചിട്ടു

മിഴിനീരും മറച്ചിട്ടു

കനവിൻതൈ നട്ടുണരും നാട്

നെഞ്ചിലലിവുള്ള മലനാടൻ പെണ്ണ്

(മലമേലേ...മിടുമിടുക്കി)

കുറുനിരയിൽ ചുരുൾമുടിയിൽ

പുതുകുറുഞ്ഞിപ്പൂ തിരുകും

മൂന്നാറിൻ മണമുള്ള കാറ്റ്

പാമ്പാടും പാറകളിൽകുളിരുടുമ്പൻ ചോലകളിൽ

കാട്ടാറിൽ പോയിവരും കാറ്റ്

പോരുന്നിവിടെ ചായുന്നിവിടെ

വെടിവെട്ടം പറയുന്നുണ്ടിവിടെ

അവൾ തൊടിയെല്ലാം നനച്ചിട്ട്

തുടുവേർപ്പും തുടച്ചിട്ട്

അരയിൽ ൈകകുത്തി നിൽക്കും പെണ്ണ്

നല്ല മലയാളിച്ചുണയുള്ള പെണ്ണ്

(മലമേലെ...കനവേകും മണ്ണാണ് മണ്ണ്)