നമ്മുടെ സ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും തീർത്തും വികലമായി ഭരണകൂടം ചോദ്യം ചെയ്യുന്ന ഏറെ സാഹചര്യങ്ങൾക്കു നമ്മൾ അടുത്തിടെ സാക്ഷികളായി. അങ്ങനെയുള്ള സന്ദർഭങ്ങളിൽ പൊതുജനം പറയാൻ ആഗ്രഹിക്കുന്ന കുറേ മറുപടികളുണ്ടാകും. ആ മറുപടിയാണ് ഈ പാട്ടിലുള്ളത്. അതുകൊണ്ടാണ് ഈ പാട്ട് ജനം ഏറ്റെടുത്തത്. യുട്യൂബിലെ പ്രേക്ഷകര്‍ പിന്നെയും പിന്നെയും തേടിയെത്തുന്നതിനപ്പുറം ജനമനസുകൾ ഉറക്കെ അത് ഏറ്റുപാടുന്നത്. സമരമുഖങ്ങളിലും കലാലയങ്ങളിലും പിന്നെ സൗഹൃദങ്ങൾ ഒത്തുകൂടുന്ന പൊതു ഇടങ്ങളിലും ഈ പാട്ടുകൾ അലയടിക്കുന്നത്. മെക്സിക്കൻ അപാരത എന്ന ചിത്രത്തിലെ ഗാനം ഏഴു ലക്ഷത്തോളം പ്രാവശ്യമാണ് ഒരാഴ്ച കൊണ്ട് ഈ ഗാനം ആളുകൾ കണ്ടത്.
ഏമാൻമാരെ ഏമാൻമാരെ
ഞങ്ങളുമുണ്ടേ ഇവന്റെ കൂടെ...എന്നു തുടങ്ങുന്ന പാട്ട് യുക്തിയില്ലാത്ത പൊലീസ് ചിന്തകൾക്കുള്ള കുറിക്കു കൊള്ളുന്ന മറുപടിയാണ്.
ഞങ്ങൾടെ മേലിലെ രോമം നിങ്ങൾക്ക് തീറെഴുതി തരണോ ഏമാൻമാരെ...എന്നു തുടങ്ങി ശക്തവും ലളിതവുമായ വരികളാണ് പാട്ടിലുളളത്. ഫാസിസ മനോഭാവത്തോടെ മനുഷ്യ സ്വാതന്ത്ര്യത്തിൽ കൈ കടത്തേണ്ടെന്ന് വെല്ലുവിളിയോടെ പറഞ്ഞിരിക്കുന്നു പാട്ടിൽ. വെള്ള വസ്ത്രമണിഞ്ഞ് അഴിമതി നടത്തുന്ന രാഷ്ട്രീയക്കാർക്കെതിരെ പ്രവർത്തിക്കാതെ സാധാരണക്കാരന്റെ തലയ്ക്കിട്ടു തട്ടാനുള്ള ശക്തിയേ പൊലീസിനുള്ളോ എന്നും പാട്ട് ചോദിക്കുന്നു. നിലവിലെ സാമൂഹിക സാഹചര്യങ്ങൾ വച്ചു നോക്കുമ്പോൾ ഈ ഗാനം വൈറലായില്ലെങ്കിലേ അത്ഭുതമുള്ളൂ.
വലിയ താരനിരയൊന്നുമില്ലാത്ത രാഷ്ട്രീയ ചിത്രമാണ് ഒരു മെക്സിക്കൻ അപാരത. ടൊവീനോ തോമസ്, ശ്രീനാഥ് ഭാസി, രൂപേഷ് പീതാംബരൻ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. സിനിമയിൽ നിന്നു പുറത്തുവന്ന ആദ്യ ഗാനമായ കട്ട കലിപ്പും ഇതുപോലെ ജനപക്ഷം ഏറ്റെടുത്തിരുന്നു. അവരുടെ, പ്രത്യേകിച്ച് യുവ രാഷ്ട്രീയക്കാരുടെ മുദ്രാവാക്യമായി മാറിയിരുന്നു.