സൈഗാളിലെ പാട്ട് അവിസ്മരണീയമാക്കി അജൽ

ഷൈൻ ടോം ചാക്കോ, രമ്യാ നമ്പീശൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി സിബി മലയിൽ ഒരുക്കുന്ന ചിത്രം സൈഗാൾ പാടുകയാണിലെ എന്റെ ചുണ്ടിലെ എന്ന ഗാനത്തിന്റെ മെയ്ക്കിംഗ് വിഡിയോ പുറത്തിറങ്ങി. പ്ലസ് വൺ വിദ്യാർഥിയായ അജൽ ഉദയൻ ആലപിച്ചിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് എം ജയചന്ദ്രനാണ്. റഫീഖ് അഹമ്മദ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

നേരത്തെ ചിത്രത്തിന് വേണ്ടി കുട്ടിപാട്ടുകാരുടെ ഓഡിഷൻ നടത്തിയിരുന്നു, അതിൽ നിന്ന് തിരഞ്ഞെടുത്ത പാട്ടുകാരനാണ് അജൽ ഉദയ്. കൊല്ലം സ്വദേശിയായ അജൽ ഇതിന് മുമ്പ് വല്ലാത്തൊരു പഹയൻ എന്ന ചിത്രത്തിന് വേണ്ടി കോറസ് പാടിയിട്ടുണ്ട്. മലയാള സിനിമയെ മെലഡിയുടെ ഈണത്താൽ മനോഹരമാക്കുന്ന എം ജയചന്ദ്രന്റെ ഈണത്തിൽ അജൽ ഗാനം മനോഹരമായി പാടി. പാട്ട് പൂര്‍ണമാകുമ്പോള്‍ എം ജയചന്ദ്രന്‍ അജലിന്‌ ഒരു ചുംബനവും സമ്മാനിക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി മറ്റൊരു ഗാനവും അജൽ പാടിയിട്ടുണ്ട്.

അന്യദേശത്ത് പോയി സംഗീതം പഠിച്ചുവന്ന ആളിന്റെ വിളിപ്പേരാണ് സൈഗാൾ. സൈഗാൾ യൂസഫ് ഭായി സംഗീതത്തെ ഉപാസിച്ച കലാകാരൻ. തന്റെ പിൻതലമുറക്കാരനെയും സംഗീതലോകത്ത് വളർത്തണമെന്നതായിരുന്നു ആഗ്രഹം. മകൻ ചന്ദ്രബാബുവിനെ ആ പരിഗണനയിൽതന്നെയാണ് വളർത്തിയതും വലിയ പ്രതീക്ഷകളും സ്വപ്‌നങ്ങളും അവനിൽ അർപ്പിച്ചു. എന്നാൽ അവരുടെ സ്വപ്‌നങ്ങളെ പൂവണിയിക്കാൻ അവർക്കു കഴിഞ്ഞില്ല.

മധുപാലാണ് സൈഗാൾ യൂസഫ് ഭായിയെ അവതരിപ്പിക്കുന്നത്. മുൻകാല നായിക സുജാത സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, ഹരീഷ് പെരടിയിൽ, മാസ്റ്റർ ഗൗരീശങ്കർ, സന്തോഷ് കീഴാറ്റൂർ, മുരുകേഷ്, മീനാ ഗണേഷ്, രാജേഷ് ശർമ്മ, ബാസിദ്, നൈഷ് എന്നിവരും പ്രധാന താരങ്ങളാണ്.ഷൈൻ ടോം ചാക്കോയേയും രമ്യാ നമ്പീശനേയും കൂടാതെ മധുപാൽ, സിദ്ദീഖ്, സുധീർ കരമന, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ടി.എ റസാഖാണ് തിരക്കഥ. അനിൽ ഈശ്വർ ചായഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം ഉടൻ പുറത്തിറങ്ങും.