Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വരം നന്നായിരിക്കുമ്പോൾ നല്ല പാട്ടുപാടാം

Harini - Antano ഹരിണി - ആന്റണോ സോളർ ജോൺ

പാട്ടും ന്യൂറോ തെറപ്പിയും തമ്മിലെന്തു ബന്ധം എന്നു ചോദിച്ചേക്കാം. മലയാളത്തിൽ ഉൾപ്പെടെ ദക്ഷിണേന്ത്യൻ പിന്നണിഗാന രംഗത്തു സജീവമായ മേഘയെന്ന ഹരിണി രാമചന്ദ്രന് പാട്ടും ന്യൂറോ തെറപ്പിയും വഴങ്ങും. പാട്ടിന്റെ വരികൾ മറന്നപ്പോഴാണ് ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം എന്ന തെറപ്പി പഠിച്ചത്.

കർണാടക സംഗീതലോകത്തിനു പ്രിയങ്കരനായ പാപനാശം ശിവന്റെ പേരക്കുട്ടിയുടെ മകളാണ് ഹരിണി. മൂന്നാം വയസ്സു മുതൽ പാട്ടിന്റെ ലോകത്തു സജീവം. 2007 മുതൽ പിന്നണി ഗാനരംഗത്തും. മലയാളത്തിലും രണ്ടു പാട്ടുകൾ പാടിയിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ ടൂർണമെന്റ് എന്ന ചിത്രത്തിൽ ദീപക് ദേവിന്റെ സംഗീത സംവിധാനത്തിൽ രണ്ടു പാട്ടുകൾ പാടി.

വേദികളിൽനിന്നു വേദികളിലേക്കു പാടിപ്പറന്നു നടന്നപ്പോഴാണ് ഒരു ദുർവിധി നേരിട്ടത്. നന്നായി പഠിച്ച പാട്ടുകളുടെ വരികൾ വേദിയിലെത്തുമ്പോൾ മറന്നുപോകും. പാട്ടെഴുതിയ ബുക്ക് സ്റ്റാൻഡിൽ ഉറപ്പിച്ചു പാടുമ്പോൾ സദസിനെ നോക്കാൻ കഴിയുന്നില്ല. ആത്മവിശ്വാസം നഷ്ടപ്പെട്ടപ്പോഴാണ് സുഹൃത്ത് ആന്റണോ സോളർ ജോൺ സഹായത്തിനെത്തുന്നത്. എൻഎൽപി എന്നറിയപ്പെടുന്ന ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിന്റെ ദക്ഷിണേന്ത്യയിലെ വക്താവാണ് ജോൺ. അദ്ദേഹവുമായി അരമണിക്കൂർ നേരം സംസാരിച്ചുകഴിഞ്ഞപ്പോൾ മറന്ന പാട്ടുകൾ എല്ലാം മനസ്സിലേക്ക് ഓടിയെത്തിയെന്ന് ഹരിണി പറയുന്നു.

സ്വയം അനുഭവിച്ചറിഞ്ഞപ്പോൾ എൻഎൽപിയെക്കുറിച്ചു കൂടുതൽ പഠിക്കാൻ തീരുമാനിച്ചു. തുടർന്ന് എൻഎൽപിക്ക് ആഗോളതലത്തിൽ പ്രചാരണം നൽകുന്ന ഡോ. ജോൺ ഗ്രൈൻഡറുടെ കീഴിൽ ഹരിണിയും വിദ്യ പരിശീലിച്ചു. തിരിച്ചു ചെന്നൈയിലെത്തിയപ്പോഴാണ് പഠിച്ച വിദ്യ മറ്റുള്ളവർക്കു കൂടി പ്രയോജനപ്പെടുത്താൻ ഒരു സൗകര്യം വേണമെന്നു ചിന്തിച്ചത്. സുഹൃത്ത് ജോണുമായി ചേർന്ന് ‘സ്കൂൾ ഓഫ് എക്സലൻസ്’ 2011ൽ ആരംഭിച്ചു. പിന്നീടിങ്ങോട്ട് അനേകരിൽ ആത്മവിശ്വാസം പുനരുജ്ജീവിപ്പിക്കാൻ ‘സ്കൂൾ ഓഫ് എക്സലൻസി’ലൂടെ കഴിഞ്ഞതായി ഹരിണി പറയുന്നു.

ആറുദിവസത്തെ പരിശീലനമാണ് എൻഎൽപി. ആവശ്യമുള്ള ഘട്ടങ്ങളിൽ സ്കൂൾ ഓഫ് എക്സലൻസ് ടീമിന്റെ സഹായം ലഭിക്കും. മാനസിക പിരിമുറുക്കം, പലതരം ഫോബിയകൾ, അലർജികൾ, മാനസികമായ തളർച്ച, ആത്മവിശ്വാസക്കുറവ് തുടങ്ങി, ആദ്യം മനസ്സിനെയും പിന്നീട് ജീവിതത്തെയും ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾക്ക് എൻഎൽപിയിലൂടെ പരിഹാരം കാണാമെന്ന് ഹരിണി പറയുന്നു. നിശ്ചിത ഫീസ് ഈടാക്കിയാണ് എൻഎൽപി സേവനം ലഭ്യമാക്കുന്നത്. ഒരുവർഷത്തിനുള്ളിൽ ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെങ്കിൽ സ്കൂൾ ഓഫ് എക്സലൻസ് പണം തിരികെ നൽകുമെന്ന് ഉറപ്പും നൽകുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.