പ്രണയ സുരഭിലമായ വരികളും എൺപതുകളിലെ ഈണവുമായി പ്രേക്ഷക ഹൃദയത്തിൽ ചേക്കേറിയ ഗാനം ഹേമന്തമെൻ കൈക്കുമ്പിളിൽ മൂന്നു ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്. സെപ്റ്റംബർ ആദ്യം പുറത്തിറങ്ങിയ ഗാനം ഇതുവരെ യുട്യൂബിലൂടെ 3.10 ലക്ഷം ആളുകളാണ് കണ്ടത്. ചിത്രത്തിലെ നായികാനായകന്മാരുടെ പ്രണയം ഇതിവൃത്തമാകുന്ന ഗാനം പ്രേക്ഷകരുടേയും നിരൂപകരുടേയും ശ്രദ്ധ ഒരുപോലെ നേടിയിരുന്നു. വിജയ് യേശുദാസാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. വരികൾ ബി കെ ഹരിനാരായണന്റേതാണ്. സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രാഹുൽ രാജാണ്.
ചിത്രത്തിലെ ഡും ഡും എന്ന ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം ഇതുവരെ 1.7 ലക്ഷം ആളുകളാണ് യൂട്യൂബിലൂടെ കണ്ടത്. എൺപതുകളിലെ കഥ പറയുന്ന ചിത്രം ലൂയിസ് എന്ന ചെറുപ്പക്കാരെ ആധാരമാക്കിയുള്ളതാണ്. ആസിഫ് അലിയും അപർണ്ണ വിനോദും മുഖ്യ കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഈ സിനിമയിൽ ഇന്ദ്രജിത്ത് സുകുമാരൻ, അജു വർഗീസ്, സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ചെമ്പൻ വിനോദ് ജോസ്, റിസബാവ, മാമൂക്കോയ, സുധീർ കരമന, ബിജുക്കുട്ടൻ തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്.
കിളി പോയ് എന്ന് ചിത്രത്തിന്റെ സംവിധായകൻ വിനയ് ഗോവിന്ദ് സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ചിത്രമായ് കോഹിനൂരിന്റെ കഥ, തിരകഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സലിൽ മേനോനും രഞ്ജിത്ത് കമല ശങ്കറുമാണ്. ആസിഫ് അലി സിനിമാ നിർമ്മാണ രംഗത്തേക്ക് ചുവടുവയ്ക്കുന്നു എന്ന പ്രത്യേകതയും കോഹിനൂരിനുണ്ട്.