കൊല്ലപ്പരീക്ഷ എത്താറായി സഖാവെ കൊല്ലം മുഴുക്കെ ജയിലിലാണോ...?

പ്രേമമായിരുന്നു എന്നിൽ സഖാവെ... പേടിയായിരുന്നെന്നും പറഞ്ഞിടാൻ... സഖാവിനോടുള്ള പൂമരത്തിന്റെ പ്രണയം ആര്യ ദയാലിന്റെ ശബ്ദമാധുര്യത്തിൽ പുതിയ മാനം കൈവന്നു. വിപ്ലവവും പ്രണയവും ചാലിച്ച് സഹസംവിധായകനായ സാം മാത്യു രചിച്ച സഖാവ് എന്ന കവിത ആലപിച്ചാണ് ആര്യ ദയാല്‍ ഫെയ്‌സ്ബുക്കിലും യൂട്യൂബിലും ഹിറ്റ് നേടിയത്. ബ്രണ്ണൻ കൊളേജ് വിദ്യാർഥിനിയായ ആര്യയുടെ കവിത സോഷ്യൽമീഡിയയിൽ ഹിറ്റായിരിക്കുകയാണ്.

കലാലയത്തിലെ പൂമരവും സഖാവും തമ്മിലുള്ള പ്രണയവും വിരഹവും പറഞ്ഞ സഖാവ് എന്ന കവിത സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. പലരും പലരീതിയിൽ കവിത പാടിയിരുന്നെങ്കിലും ആര്യയുടെ കവിതയാണ് സോഷ്യൽമീഡിയ നെഞ്ചോടു ചേർത്തിരിക്കുന്നത്. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയായ ആര്യ ദയാല്‍ കോളേജിലെ മൂന്നാം വര്‍ഷ ഗണിതശാസ്ത്ര ബിരുദ വിദ്യാർഥിനിയാണ്. സര്‍വ്വകലാശാല മത്സരങ്ങളിലെ വിജയി കൂടിയാണ് ആര്യ.

കവിതയുടെ പൂർണ്ണരൂപം

സഖാവ്

നാളെയി പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും

പാതയിൽ നിന്നെ തിരഞ്ഞുറങ്ങും

കൊല്ലപ്പരീക്ഷയെത്താറായ് സഖാവീ

കൊല്ലം മുഴുക്കെ ജയിലിലാണോ...?

 

എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ

എന്തുകൊണ്ടോ പൊള്ളിടുന്നിപ്പോൾ

താഴെ നീയുണ്ടായിരുന്നപ്പോൾ

ഞാനറിഞ്ഞില്ല വേനലും വെയിലും

നിന്റെ ചങ്കുപിളർക്കുന്ന മുദ്രാ-

വാക്യമില്ലാത്ത മണ്ണിൽ മടുത്തു ഞാൻ

 

എത്രകാലങ്ങളായ് ഞാനീയിട

ത്തെത്ര പൂക്കാലമെന്നെ തൊടാതെപോയ്

നിന്റെ കൈപ്പട നെഞ്ചിൽ പടർ‌ന്ന നാൾ

എന്റെ വേരിൽ പൊടിഞ്ഞു വസന്തം

നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ 

പീത പുഷ്പങ്ങളാറി കിടക്കുന്നു.

 

കാരിരുമ്പഴിക്കുള്ളിൽ കിടന്നു നീ

എന്റെ പൂവിൻ ഗന്ധം കുടിക്കണം

നിന്റെ ചോരക്കണങ്ങളാണെന്നിൽ

പീതപുഷ്പങ്ങളൊക്കെ തൊടുന്നതും

ആയുധങ്ങളാണല്ലോ സഖാവേ

നിന്റെ ചോരചൂടാൻ കാത്തിരുന്നത്

 

തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു

പൂമരങ്ങൾ പെയ്തു തോരുന്നു

പ്രേമമായിരുന്നെന്നിൽ സഖാവേ

പേടിയായിരുന്നെന്നും പറഞ്ഞിടാന്‍

വരം ജന്മമുണ്ടെങ്കിലീ പൂമരം 

നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും