മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ കെജി സത്താര്‍ (87) അന്തരിച്ചു. അറുനൂറില്‍പരം മാപ്പിളപ്പാട്ടുകളും ലളിതഗാനങ്ങളും നാടകഗാനങ്ങളും അദ്ദേഹം എഴുതുകയും സംഗീതം നല്‍കുകയും പാടുകയും ചെയ്‌തിട്ടുണ്ട്. മലയാളത്തിലെ ആദ്യ ഗ്രാമഫോണ്‍ ഗായകനായ കെ. ഗുല്‍മുഹമ്മദ് ബാവയുടെ മകനാണ് സത്താര്‍. മാപ്പിളപ്പാട്ട് സംഗീതശാഖയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള സത്താറിന്റെ കാലഘട്ടം മാപ്പിളപ്പാട്ടുകളുടെ സുവര്‍ണകാലമായിരുന്നു. അതിനാല്‍ തന്നെയാണ് അദ്ദേഹത്തിന് മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എന്ന വിശേഷണവും ലഭിച്ചത്. ഇദ്ദേഹത്തിന്റെ മകന്‍ സലീം സത്താര്‍ മലയാള സിനിമാ നിര്‍മാതാവാണ്.
മട്ടാഞ്ചരേിയിലെ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ പക്കല്‍നിന്നും ശാസ്ത്രീയസംഗീതം പഠിച്ച സത്താർ, എം.എസ്. ബാബുരാജ്, രാമുകാര്യാട്ട്, ടി.കെ. പരീക്കുട്ടി തുടങ്ങിയവരുമായി മികച്ച ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഈ അടുപ്പം അദ്ദേഹത്തെ മലയാള സംഗീതമേഖലയിലേക്ക് കൂടുതല്‍ അടുപ്പിക്കുകയായിരുന്നു. ആകാശവാണിയില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹാര്‍മോണിയം സ്വയം അഭ്യസിക്കാവുന്ന 'ഹാര്‍മോണിയ അധ്യാപകന്‍' എന്ന കൃതി രചിച്ചിട്ടുണ്ട്.