പേരു കടുപ്പമെങ്കിലും, പാട്ടുകൾ സിമ്പിളാ...

കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‍ലോ എന്ന സിനിമയുടെ ജ്യൂക് ബോക്സ് പുറത്തിറങ്ങി.. സിനിമയുടെ പേര് അൽപം കുഴപ്പിക്കുന്നതാണെങ്കിലും പാട്ടുകൾ‌ക്കെല്ലാം ഇമ്പമേറെ. ലളിതവും വ്യത്യസ്തവുമായ ഒരു കൂട്ടം പാട്ടുകളാണു ഈ കുഞ്ചാക്കോ ബോബൻ സിനിമയിലുള്ളത്. ഷാൻ റഹ്മാനും സൂരജ് എസ് കുറുപ്പും ഈണമിട്ട ഗാനങ്ങളാണു സിനിമയിലുള്ളത്. സൂരജ് ചെയ്ത പാട്ട് ആലപിച്ചിരിക്കുന്നത് ശങ്കർ മഹാദേവനാണ് എന്ന പ്രത്യേകതയുമുണ്ട്. സൂരജും ഒപ്പം പാടിയിട്ടുണ്ട്. വരികളും ഇദ്ദേഹത്തിന്റേതു തന്നെ.

മെലഡികൾക്കു പ്രാധാന്യമുള്ള ചിത്രത്തിലെ പാട്ടുകളെല്ലാം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞവയാണ്.  നീലക്കണ്ണുള്ള മാനേ, വാനം മേലെ എന്നീ പാട്ടുകളുടെ വിഡിയോകൾ ഒരു ലക്ഷത്തിലധികം പ്രാവശ്യമാണു യുട്യൂബ് വഴി ആളുകൾ വീക്ഷിച്ചത്. മൊത്തം ആറു പാട്ടുകളാണു സിനിമയിലുള്ളത്. വയലാർ ശരത് ചന്ദ്ര വർമ്മ, മനു മഞ്ജിത്, വിശാൽ ജോൺസൺ, ഹരിനാരായണൻ ബി.െക എന്നിവർ ചേർന്നാണു പാട്ടുകളെഴുതിയത്. 

സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുകേഷ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, മണിയൻ പിള്ള രാജു എന്നിവരാണു പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രശസ്ത സിനിമാ നിർമ്മാണ കമ്പനിയായ ഉദയ 30 വർഷങ്ങൾക്കു ശേഷം നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.