ഓസ്കർ വരെ നീണ്ട റഹ്‌മാൻ ഗാഥയ്ക്ക് ആദ്യമിടമൊരുക്കിയത് തമിഴ് ചലച്ചിത്ര ലോകമാണ്. വശ്യമായ ഒരുപാടീണങ്ങൾ തീർക്കാൻ റഹ്മാന് പാട്ടെഴുതിക്കൊടുത്ത തമിഴിന്റെ കവിമനസാണ് വൈരമുത്തു. റഹ്മാനും വൈരമുത്തുവും ഒന്നിച്ചപ്പോൾ പിറന്നതല്ലാം അനശ്വരമായ പ്രണയ ഗീതങ്ങൾ. റഹ്മാന്റെ പിറന്നാൾ ദിനത്തിൽ അഴകുള്ള ആ വരികൾക്ക് റഹ്മാനിട്ട ചേലുള്ള കുറച്ച് ഗീതങ്ങളെ ആസ്വദിക്കാം.
പുതുവെള്ളൈ മഴൈ
ഉച്ഛസ്ഥായിയിൽ പാടുന്ന ഓർക്കസ്ട്രയുടെ ശ്രുതിഭേദങ്ങളിലൂടെയാണ് റോജയുടെ പാട്ടുകൾ കാതോരമെത്തിയത്. റോജയിലെ ഓരോ പാട്ടുകളേയും ദേശാന്തര ഭേദമില്ലാതെ നെഞ്ചോടു ചേർത്തു. വൈരമുത്തുവിന്റെ വരികൾക്ക് എസ് പി ബാലസുബ്രഹ്മണ്യവും സുജാതയും അന്നോളം മറ്റൊരു പാട്ടിനും നൽകാത്ത പ്രണയഭാവം നൽകിയാണ് പുതുവെള്ളൈ മഴൈ എന്ന പാട്ട് പാടിയത്. മഞ്ഞുമലകൾക്കിടയിലൂടെ ഒഴുകിവരുന്ന അരുവിയിൽ നിന്നൊരു കൈക്കുടന്ന വെള്ളം താഴെ വെയിലേറ്റു തിളങ്ങിക്കിടന്ന മഞ്ഞുകട്ടയില്‍ വീണ് ചിന്നിച്ചിതറുന്ന പോലെ തുടങ്ങുന്ന പാട്ട്.
അഞ്ജലീ അഞ്ജലീ പുഷ്പാഞ്ജലീ
അഞ്ജലീ അഞ്ജലീ പുഷ്പാഞ്ജലീ പ്രണയഗീതങ്ങളില്‍ കേട്ടുമതിവരാത്ത മറ്റൊരു ഗീതം. എസ്പിബിയും കെ എസ് ചിത്രയും പാടിയ പാട്ടിന് വരികൾ വൈരമുത്തുവിന്റേത് തന്നെ. സങ്കീർണമായ ഈണക്കൂട്ടുകളെ അനായാസതയോടെ പാടിത്തീര്‍ക്കുന്ന എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആലാപന ശൈലിയറിയിക്കുന്ന പാട്ടുകളിലൊന്നുകൂടിയാണിത്. എട്ടു മിനുട്ട് ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള പാട്ടിലെ പെൺസ്വരത്തിന്റെ ചെറിയ മൂളലില്‍ പോലും വശ്യമായ സംഗീതമറിയിച്ചു തരുന്ന പാട്ട്. സാക്സോഫോണിന്റെ മനോഹരമായ നാദത്തിലൂടെയാണ് പാട്ട് ആരംഭിക്കുന്നത്. ആ നാദം പിറന്നത് ആ സാക്ഷാൽ കാദ്രി ഗോപിനാഥെന്ന പ്രതിഭയിലൂടെയാണ്.
സ്നേഹിതനേ
സ്നേഹിതനേ രഹസിയ സ്നേഹിതനേയെന്ന് കാമുകന്റെ കാതുകളിൽ പാടാൻ പെൺമനസ് മിടിക്കുന്നുവെങ്കിൽ അതിനു കാരണം ഈ പാട്ടാണ്. അലൈപായുതേ യ്ക്കായി വരികളെഴുതിയത് വൈരമുത്തുവാണ്. വാക്കുകൾക്കപ്പുറമുള്ള പ്രണയ വികാരങ്ങളെ ദൃശ്യവൽക്കരിച്ച പാട്ട്. സാധനാ സര്‍ഗവും ശ്രീനിവാസുമാണ് ഈ പാട്ട് പാടിയത്.
ഉയിരേ
പ്രേക്ഷകന്റെ കാഴ്ചയെ കേൾവിയെ ചിന്തയെ ഒരുപോലെ പിടിച്ചിരുത്തുവാൻ പോന്ന മണിരത്നം പ്രതിഭയാണ് ബോംബെ ചിത്രത്തിലൂടെ നമ്മൾ കണ്ടത്. ഉയര്‍ന്നുപൊങ്ങുന്ന തിരമാലകളെ പ്രണയിച്ച് നിലകൊള്ളുന്ന ബേക്കൽകോട്ടയില്‍ നിന്ന് കാമുകിയെ ഉയിരേ എന്നുവിളിച്ച് പാടിയ ആ ശബ്ദം ചെന്നുതിന്നത് മതം മതിൽകെട്ടിയ ചിന്തകൾക്കു മുന്നിലാണ്. വൈരമുത്തുവിന്റേതാണ് വരികള്‍. ഹരിഹരന്റെ ശബ്ദത്തെ കാലത്തിന്റെ കാമുകനാക്കിയ പാട്ടാണിത്. ബോംബെയെന്ന ചിത്രവും അതിലെ പാട്ടുകളും അസഹിഷ്ണുതയുടെ നിഴൽ വീണ ഇക്കാലത്ത് കൂടുതൽ പ്രസക്തമാകുന്നു.
മലർഗളേ
ചിത്രയും ഹരിഹരനും പാടി അനശ്വരമാക്കിയ റഹ്മാൻ ഗീതമാണ് മലർഗളേ മലർഗളേ. ശ്രുതി താഴ്ത്തിയും ഉയർത്തിയ ഹരിഹരൻ വിസ്മയിപ്പിക്കുന്ന പാട്ട്. ചിത്രഗീതങ്ങളുടെ സ്വരഭംഗിയ ആവോളമുൾക്കൊണ്ട പ്രണയഗീതം ലൗ ബേർഡ്സ് എന്ന ചിത്രത്തിലേതാണ്. വരികള്‍ വൈരമുത്തുവിന്റേതും.