മരണവീടു പോലും പ്രണയത്തിന്റെ രസകരമായ നിമിഷങ്ങളാകുക. ഫോട്ടോഗ്രാഫർ കാമുകനായി ഫഹദ് രസിപ്പിക്കുന്നു. മരണാനന്തര ചടങ്ങുകളുടെ ഫോട്ടോയെടുക്കാൻ വന്ന അവന്‍ കാമറയിലൂടെ തന്റെ ചിത്രം പകർത്തുന്നത് കണ്ട് വിഷമത്തിനിടയിലും ചിരിക്കുന്ന അനുശ്രീ. മഹേഷിന്റെ പ്രതികാരമെന്ന ചിത്രത്തിലെ തെളിവെയിലഴകുമെന്ന പാട്ട് ഇത്തരമൊരു പ്രണയത്തിന്റെയും പിന്നെ മലനാടിന്റെ വ്യത്യസ്തമായൊരു ആചാരത്തെയും കുറിച്ചുള്ള പാട്ടാണ്. ദൃശ്യഭംഗിയോടെ. തെളിവെയിലഴകുമെന്ന പാട്ട്. തെളിവെയിലഴകു പോലുള്ള പ്രണയ ദൃശ്യങ്ങളുമായി. മലനാടിന്റെ സംസ്കാരത്തെയും വ്യത്യസ്തമായ ആചാരത്തെയും കുറിച്ചു പറഞ്ഞു തരുന്ന മറ്റൊരു ഗാനം. നായകന്റെയും നായികയുടെയും പ്രണയത്തെ കുറിച്ചുള്ള പാട്ട്. സ്കൂൾ കാലംതൊട്ടുള്ള ഇഷ്ടം പ്രണയമായി വളരുന്നതിനെ കുറിച്ചുളള ഗാനം.
വേറിട്ട അവതരണ ശൈലിയോടെയാണ് മഹേഷിന്റെ പ്രതികാരമെന്ന ചിത്രത്തിലെ ആദ്യ പാട്ടെത്തിയത്. വരികളും ഈണവും ആലാപനവും പാട്ടിന്റെ ദൃശ്യങ്ങളും ഒന്നിനോടൊന്നു ഹൃദ്യമായ പാട്ട്. ഇടുക്കിയുടെ പാട്ടായി അത് മാറിക്കഴിഞ്ഞു. ജീവിതഗന്ധിയായ ആ ഗാനത്തിനു ശേഷം രണ്ടാം ഗാനവും പ്രേക്ഷക പക്ഷത്തിന് ഇഷ്ടമാകും.സുദീപും സംഗീതാ ശ്രീകാന്തും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം ബിജിബാലും എഴുതിയത് റഫീഖ് അഹമ്മദും. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് ആഷിഖ് അബു നിർമ്മിക്കുന്ന ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഷാജു ഖാലിദിന്റെ ഛായാഗ്രഹണ മികവ് ഒന്നുകൂടി തെളിയുന്ന പാട്ട്. എഡിറ്റിങ് മികവിനെ കുറിച്ച് പറയാതെ വയ്യ. സൈജു ശ്രീധരനാണ് എഡിറ്റിങ്.