രസിച്ചു പാടി റിമിയും വിജയലക്ഷ്മിയും; കാണാം മേക്കിങ് വിഡിയോ

കലക്കനൊരു കല്യാണപ്പാട്ടുമായിട്ടാണ് കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രമെത്തിയത്. പാരുടയാ മറിയമേ...മിശിഹായേ തുണയ്ക്കണേ എന്ന ഗാനം താളഭംഗികൊണ്ടു നമ്മുടെ പ്രിയം നേടി. പാട്ടിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. പരമ്പരാഗത ക്രിസ്ത്യൻ കല്യാണ രീതികളിലൂടെ കടന്നുപോയ ദൃശ്യങ്ങളാണു ഗാനത്തിന്. വർണാഭമായിരുന്നു പാട്ടിന്റെ വിഡിയോയെങ്കില്‍ മേക്കിങ് വിഡിയോയിൽ നിറയെ ചിരിപ്പിക്കുന്ന ദൃശ്യങ്ങളാണുള്ളത്. 

റിമി ടോമിയും വൈക്കം വിജയലക്ഷ്മിയുമാണ് ഗാനം ആലപിച്ചത്. ഇരുവരും പാട്ടു പാടിയിരിക്കുന്ന രീതിയാണ് അതിനെ രസകരമാക്കുന്ന ഘടകങ്ങളിലൊന്ന്. ഇരുവരും സ്റ്റുഡിയോയിൽ നിന്നു പാടുന്ന രംഗവും അതുപോലെ നമ്മെ ചിരിപ്പിക്കും. പാട്ടിന്റെ ഷൂട്ടിങിനിടയിൽ സംഭവിച്ച നർമത്തിൽ ചാലിച്ച കാര്യങ്ങളെല്ലാം മേക്കിങ് വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നല്ലൊരു പാട്ടിനൊപ്പം ഈ വിശേഷങ്ങളും കൂടിയായപ്പോൾ ഈ വിഡ‍ിയോയും തകർത്തുവെന്നു പറയാം. 

സന്തോഷ് വർമയാണ് പാട്ടെഴുതിയത്. ഈണമിട്ടത് നാദിർഷയും. ആറു ലക്ഷത്തോളം പ്രാവശ്യമാണ് ഈ ഗാനം യുട്യൂബ് വഴി ആളുകൾ കണ്ടത്.