വൈറലായി പാക്കിസ്ഥാൻ പാട്ടുകാരി പാടിയ 'മലരേ' ഗാനം

ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ അസ്വസ്ഥത ഏറെയാണ്. പാകിസ്ഥാനിൽ നിന്നുള്ള കലാകാരൻമാർക്ക് ഇന്ത്യയിൽ ഇടമൊരുക്കുന്നതിനെതിരെ പ്രതിഷേധവും ശക്തവും. അതെന്തായാലും ഒരു പാകിസ്ഥാനി പെൺകുട്ടി പാടിയ പാട്ട് മലയാളികളുടെ ശ്രദ്ധ നേടുകയാണ്. കറാച്ചി സ്വദേശിയായ ഈ പാട്ടുകാരിക്കുട്ടിയെ കുറിച്ചാണ് സമൂഹമാധ്യമങ്ങളിലെ ഇടനാഴികളിൽ മലയാളി സംസാരിക്കുന്നതും എഴുതുന്നതുമെല്ലാം. നസിയ അമിൻ ആണു പാട്ടുകാരി. സാധാരണ കടല്‍ ദൂരത്തിനപ്പുറമുള്ളവർ നമ്മൾ മല്ലൂസിന്റെ ഇഷ്ടങ്ങളെ കുറിച്ചെഴുതുന്നതും പാടുന്നതും പറയുന്നതുമെല്ലാം ഏറെ ഇഷ്ടത്തോടെയും കൗതുകത്തോടെയും ചേർത്തുവയ്ക്കാറുണ്ട്  നമ്മൾ. പക്ഷേ ഈ പാട്ടിന് അതിനെല്ലാത്തിനുമപ്പുറം ഒരു പ്രത്യേകതയുണ്ട്. അടുത്ത കുറച്ചു വർഷങ്ങൾക്കിടയിൽ നമ്മൾ ഏറ്റവും അധികം ആഘോഷിച്ച ഒരു സിനിമയിലെ, പ്രിയപ്പെട്ട ഗാനത്തെയാണിവൾ പാടിയത്. 

മലരേ നിന്നെ കാണാതിരുന്നാല്‍

മിഴിവേകിയ നിറമെല്ലാം മായുന്ന പോലെ...

ഈ പാട്ടിനോടും അതില്‍ അഭിനയിച്ച നായികയോടും നമ്മുടെ ഇഷ്ടത്തെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. നസിയയ്ക്കും ഇതു മനസിലായിട്ടുണ്ടാക്കും. അതുകൊണ്ടാകാം തന്റെ  മലയാളി കൂട്ടുകാര്‍ക്കായി മലർ പോലെ സുന്ദരമായ പാട്ട് നസിയ പാടിയത്. ഉച്ഛാരണ പിഴവിന് ആദ്യമേ ക്ഷമ ചോദിച്ചാണ് നസിയ പാടിത്തുടങ്ങുന്നതെങ്കിലും, അതിശയിപ്പിക്കുന്ന രീതിയിലാണിവൾ ഈ പാട്ടു പാടിയത്. ഉച്ഛാരണവും ഈണവും ശ്രുതി സുന്ദരമായി ചേർന്നുനിന്നു. കറാച്ചി സ്വദേശിയായ ഗായിക ദുബായിലാണു സ്ഥിരതാമസം. പ്രവാസ ലോകത്ത് അറിയപ്പെടുന്ന ഗായിക കൂടിയാണു നസിയ. ഫെയ്സ്ബുക്കിൽ പ്രസിദ്ധീകരിച്ച വിഡിയോ ഒരു കോടിയോളം പ്രാവശ്യമാണു ആളുകൾ കണ്ടത്. 2000ൽ അധികം പേർ വിഡിയോ ഷെയർ ചെയ്യുകയുമുണ്ടായി.

നിവിൻ പോളിയും തമിഴ് സുന്ദരി സായ് പല്ലവിയും അഭിനയിച്ച പ്രേമം എന്ന ചിത്രത്തിലെ പാട്ടാണിത്. മുഖവുരകൾ ആവശ്യമില്ല മലയാളിയോട് ഈ പാട്ടിനെ കുറിച്ചു പറഞ്ഞു തുടങ്ങാൻ. പ്രേമം എന്ന പേരു പോലെ എല്ലാ തലത്തിലും മധുരതരമായിരുന്നു സിനിമ. മലരേ...എന്ന പാട്ട് ഒന്നര കോടിയോളം പ്രാവശ്യമാണു യുട്യൂബ് വഴി ആളുകൾ കണ്ടത്. ശബരീഷ് വർമ എഴുതി രാഗേഷ് മുരുഗേശൻ ഈണമിട്ട് വിജയ് യേശുദാസ് പാടിയ പാട്ടാണിത്. നസിയയുടേതടക്കം ഈ പാട്ടിന്റെ എണ്ണിയാലൊടുങ്ങാത്ത പ്രശസ്തമായ വിഡിയോകൾ യുട്യൂബിലുണ്ട്.