കബാലിയെന്ന കഥാപാത്രത്തിന്റെ തലപ്പൊക്കവും ഊർജവുമെല്ലാം നിറഞ്ഞു നിന്ന ഗാനം നെരുപ്പ്ഡായുടെ വിഡിയോ സോങ് എത്തി. രജനീകാന്ത് ചിത്രം കബാലി കാണുവാൻ അത്രയേറെ ആകാംഷ നമ്മിലുണ്ടാക്കിയതിൽ ഈ പാട്ടിന്റെ ത്രസിപ്പിക്കുന്ന ഈണത്തിനുള്ള പങ്ക് ചെറുതല്ല. സിനിമ കാണുവാനെത്തിയപ്പോഴും ഗാനരംഗം കാണുവാൻ ആകാംഷ ഏറെയായിരുന്നു. സിനിമയിൽ പാട്ടിന്റെ ക്ലൈമാക്സ് രംഗങ്ങളിലാണു പാട്ട് ഉൾക്കൊള്ളിച്ചിരുന്നത്. പാട്ടിന്റെ ഈണം സിനിമയിൽ ഉടനീളമുണ്ടായിരുന്നു. പക്ഷേ പുതിയ വിഡിയോ അതിൽ നിന്നു വ്യത്യസ്തമാണ്. കബാലിയിലെ മാസ് രംഗങ്ങൾ ചേർത്തുവച്ചാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്.
ഇലക്ട്രോണിക് സംഗീതോപകരണങ്ങളുടെ ആവേശഭരിതമാക്കുന്ന ഈണത്തോടെ തുടങ്ങുന്ന പാട്ടിന്റെ ദൃശ്യങ്ങൾ ആരംഭിക്കുന്നതും അതുപോലെയാണ്. കബാലിയുടെ സംഭവബഹുലമായ ജീവിതത്തിലെ ഏറ്റവും നിർണായകമായ മുഹൂർത്തങ്ങളാണു പാട്ടിലുള്ളത്. തീയറ്ററിൽ സിനിമ കണ്ടപ്പോൾ നിറഞ്ഞ കയ്യടികളോടെ നമ്മളെതിരേറ്റ രംഗങ്ങൾ തന്നെയാണിവയെല്ലാം. അരുൺ രാജ കാമരാജിന്റെ സ്വരത്തിലെ ഊർജ്ജവും മാസ്മരികതയും പാട്ടിൻറെ ദൃശ്യങ്ങളോട് അതിമനോഹരമായി ചേർന്നുനിൽക്കുന്നു. പാട്ടെഴുതിയും അരുൺരാജയാണ്. പാട്ടിനിടയിലെ നെരുപ്പ്ഡാ എന്ന വാക്ക് രജനീകാന്തായിരുന്നു എഴുതിയത്. സന്തോഷ് നാരായണന്റേതായിരുന്നു ഈണം.