ന്റമ്മേ!!! പിസ്ത സുമാ കിരാ ഇപ്പോഴും സൂപ്പർ ഹിറ്റ്!

പിസ്ത സുമാ കിരാ സോമാരി ജമാ കിരായാ....ഒരു വീഡിയോയുടെ അവസാനം നിവിൻ പോളി ഈ വാക്യം പറഞ്ഞിട്ട് കാണിക്കുന്നൊരു ആക്ഷനുണ്ട്. വലിയ സംഭവമാണെന്ന മട്ടിൽ വരികൾ പറ​ഞ്ഞു നിർത്തും പിന്നെ നിസംഗമായ മുഖഭാവം പിന്നാലെ ഒന്ന് പോടാപ്പാ...എന്ന മട്ടിലുള്ള ചിരിയും. പ്രത്യേകിച്ചര്‍‌ഥമൊന്നുമില്ലാത്ത വരികൾക്കൊപ്പം നിവിന്‍ പോളിയും നസ്രിയയും സംഘവും ആടിപ്പാടിയ നേരമെന്ന ചിത്രത്തിലെ ആ ഗാനരംഗം ഇതുവരെ കണ്ടത് ഒരു കോടിയിലധികം ജനങ്ങളാണ്.

നിവിൻ പോളി-നസ്രിയ അഭിനയ കൂട്ടുകെട്ടിനെ കുറിച്ചോർക്കുമ്പോൾ ആദ്യമോർമയിലെത്തുന്ന ത് ഈ പിസ്ത തന്നെ. കുഞ്ഞിച്ചുണ്ടുകളുടെ പ്രിയപ്പെട്ട പാട്ടായും അതുവഴി കുട്ടികളുടെ പ്രിയ കഥാപാത്രമായും നിവിൻ പോളി മാറി.ഹാസ്യത്തിൽ നിന്ന് ഹാസ്യം മെനഞ്ഞ് മലയാളത്തെ ചിരിപ്പിച്ച ജഗതി ശ്രീകുമാറിന്റെ കിന്നാരമെന്ന ചിത്രത്തിലെ ചിലവരികളും പിന്നെ ശബരീഷ് വർമ എഴുതിചേർത്ത കുറേ വാക്കുകളും കൂട്ടിച്ചേർത്ത് തയ്യാറാക്കിയ പാട്ടാണ് പിസ്ത. ആ വരികൾക്കൊപ്പം നൃത്തം ചെയ്യിപ്പിക്കുന്ന ഈണം രാജേഷ് മുരുകേശൻ കൂട്ടിച്ചേർന്നപ്പോൾ പാട്ട് ആസ്വാദക പക്ഷത്തെ കൊണ്ടു പറയിച്ചു....തകർത്തു. ചിത്രത്തിലെ ഈ പാട്ട് കണ്ടും കേട്ടും ഇനിയും മതിയായിട്ടില്ല. യുട്യൂബിലെ കണക്കുകൾ പ്രകാരം ഒരു കോടിയിലധികം ജനങ്ങളാണ് പിസ്ത കണ്ടത്...ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

എന്താണ് ഈ പാട്ടിന്റെ പ്രത്യേകതയെന്നു ചോദിച്ചാൽ കുറ്റം പറയുന്നവരുടെ വലിയ നിരയുണ്ടാകാം. വെറും രണ്ടു മിനുട്ട് 44 സെക്കൻഡിൽ വലിയ സാഹസികതയൊന്നും കാണിക്കാതെ ചിത്രീകരിച്ച രസകരമായ ദൃശ്യങ്ങളും ചില ആക്ഷനുകളും മാത്രമുള്ള പാട്ടാണ് പിസ്ത. തീർത്തും ലളിതമായ വരികളേയും ഈണങ്ങളേയും സാങ്കേതിക ഉപയോഗിച്ച് അരോചകമില്ലാതെ തയ്യാറാക്കിയയിടത്താണ് പിസ്ത വിജയിച്ചത്. മനുഷ്യനെ രസിപ്പിക്കുന്നിടത്താണ് ഒരു കലയുടെ വിജയമെന്ന വാദം പിസ്തയുടെ കാര്യത്തിൽ ശരിയാകുന്നു.