ഒഎൻവിയില്ലാത്ത ഇന്ദീവരത്തിലേക്ക് പുരസ്കാരം

ഒരുപാടൊരുപാട് പുരസ്കാരങ്ങൾ വന്നെത്തിയ വീടാണ് ഇന്ദീവരം. പ്രിയകവി ഓഎൻവിയുടെ വീട്. ഇന്നലെ സംസ്ഥാന സർക്കാരിന്റ പുരസ്കാരം ഓഎൻവിയ്ക്കു ലഭിച്ചപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിനു സങ്കടമാണ്. കാരണം അദ്ദേഹം ഓർമകളിലേക്കു നടന്നിട്ട് ഒരാണ്ട് പിന്നിട്ടിട്ട് അധികമായിട്ടില്ല.

ഒഎൻവി ഇല്ലാത്ത ഇന്ദീവരത്തിലേക്ക് എത്തിയ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരലബ്ധി സന്തോഷമാണോ ദുഃഖമാണോ നൽകുന്നതെന്ന് അറിയില്ലെന്നു കുടുംബം. കാംബോജിയുടെ ഗാനങ്ങളെഴുതാൻ ഒഎൻവി തിടുക്കം കാട്ടിയിരുന്നതായി ഭാര്യ സരോജിനി ഓർക്കുന്നു. അസുഖം ശരീരത്തിൽ തീർത്ത ക്ഷീണാവസ്ഥയ്ക്കിടയിലായിരുന്നു ഇത്. സാവധാനം എഴുതിയാൽ മതിയെന്നു സംവിധായകൻ പറഞ്ഞെങ്കിലും എഴുതിത്തീർക്കാനുള്ള തിടുക്കമായിരുന്നു അദ്ദേഹത്തിന് – സരോജിനി ഓർമിച്ചു.

വിനോദ് മങ്കര സംവിധാനം ചെയ്ത കാംബോജിയിലെ പാട്ടെഴുതിയതിനാണ് ഓഎൻവിയ്ക്കു പുരസ്കാരം ലഭിച്ചത്.