നവകാല സിനിമയ്ക്കൊപ്പം തീർത്തും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തു ചങ്കൂറ്റത്തോടെ നടക്കുന്ന നടിയാണു രാധികാ ആപ്തേ. തന്റെ വ്യക്തിപരമായ കാര്യങ്ങളിലും പ്രൊഫഷണൽ ജീവിതത്തിലും ഏറ്റവും വേറിട്ട നിലപാടുകൾ സ്വീകരിച്ചയാൾ. ഗായിക ആശാ ഭോസ്‍ലേയുടെ പിറന്നാൾ ദിനമായ ഇന്നും രാധികയുടെ പേര് ചർച്ച ചെയ്യപ്പെടുകയാണ്. രാധിക ആശാ ഭോസ്‍ലേയ്ക്കു നൽകുന്ന സമ്മാനമാണു ചർച്ചാവിഷയം. ആശാ ഭോസ്‍ലേയുടെ മനോഹരമായ ഗാനങ്ങൾക്കൊപ്പം നൃത്തംവയ്ക്കുകയാണു രാധിക.
ഇതിഹാസങ്ങൾക്കു മറ്റു പ്രതിഭകൾ ഇത്തരം കാര്യങ്ങൾ സമർപ്പിക്കുന്നതു പുതിയ കാര്യമൊന്നുമല്ല. രാധികാ ആപ്തേയുടെ തീരുമാനം അവിടെയും വ്യത്യസ്തമാണ്. കാരണം മിക്കപ്പോഴും വൻകിട താരങ്ങളുടെ ഇത്തരം പരിപാടികൾ അവാർഡ് ഷോകളിലോ പകിട്ടേറിയ മറ്റു വേദികളിലോ സംഘടിപ്പിക്കപ്പെടുമ്പോൾ രാധികാ ആപ്തേ നൃത്തംവയ്ക്കുന്നത് പൊതുവേദിയിലാണ്.
ലണ്ടനിൽ നിന്നു കണ്ടംപററി ഡാൻസിൽ പരിശീലനം നേടിയിട്ടുണ്ട് രാധിക. കൊറിയോഗ്രാഫർ ടെറന്‍സ് ലെവിസിനൊപ്പം ലാറ്റിൻ നൃത്തംരൂപം കൂടി ചേർത്തുള്ള പരിപാടിയാണ് രാധിക അവതരിപ്പിക്കുക. ആദ് റപത് ജയേ തോ, ജാനേ ദോ നാ തുടങ്ങിയ എക്കാലത്തേയും മികച്ച ആശാ ഭോസ്‍ലേ ഹിറ്റുകൾ കൂട്ടിയിണക്കിയാണ് രാധിക നൃത്തമാടുന്നത്.