സംഗീത നാടക അക്കാദമി പ്രഫഷനൽ നാടക പുരസ്കാരം രാജലക്ഷ്മിയ്ക്ക്. മികച്ച ഗായികയ്ക്കുള്ള പുരസ്കാരമാണ് രാജലക്ഷ്മിയെ തേടിയെത്തിയത്. പ്രണയസാഗരം എന്ന നാടകത്തിലെ ഗാനത്തിനാണ് അവാർഡ്.
ഒന്നരപതിറ്റാണ്ടിലേറെയായി സംഗീതരംഗത്തു തുടരുന്ന രാജലക്ഷ്മി മലയാളത്തിന്റെ യുവഗായികമാരിൽ ഏറെ ശ്രദ്ധേയയയാണ്. മലയാളത്തിലെ ആദ്യ സംഗീതറിയാലിറ്റി ഷോയിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവിൽനിന്ന് സംസ്ഥാന അവാർഡുവരെ എത്തി നിൽക്കുന്നു രാജലക്ഷ്മിയുടെ സംഗീതയാത്ര.
ജനകൻ എന്ന ചിത്രത്തിലെ എം. ജയചന്ദ്രന്റെ തന്നെ സംഗീതത്തിൽ ’ഒളിച്ചിരുന്നെ... എന്ന ഗാനത്തിന് സംസ്ഥാന സർക്കാരിന്റെ അവാർഡിന്റെ തിളക്കം രാജലക്ഷ്മിയെ തേടിയെത്തി. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം പാടിക്കഴിഞ്ഞ രാജലക്ഷ്മിയുടെ സ്വരമാധുരി ദേശീയ അവാർഡിനുവരെ പരിഗണിക്കപ്പെട്ടു.
ഷാജി. എൻ. കരുൺ സംവിധാനം ചെയ്ത ’കുട്ടിസ്രാങ്ക് എന്ന ചിത്രത്തിൽ ചവിട്ടുനാടകത്തിന്റെ പദങ്ങൾ പോലെ ചിട്ടപ്പെടുത്തിയ ഗാനം പാടാൻ രാജലക്ഷ്മിക്ക് അവസരം ലഭിച്ചു. മികച്ച ഗാനത്തിനുള്ള ദേശീയ അവാർഡിന്റെ അവസാന റൗണ്ട് വരെ ആ ഗാനം പരിഗണിക്കപ്പെട്ടു.